സെക്‌സും വിവാഹപ്രായവും

94

Arun Somanathan

വിവാഹപ്രായം 21 ആക്കിയത് ആർക്കു കുരുപൊട്ടിയാലും നടപ്പിലാക്കേണ്ട ഒന്നാണ്.
പലവിധ വാദങ്ങളാണ് എതിർക്കുന്നവർ കൊണ്ടുവരുന്നത്. വൈദ്യശാസ്ത്രം മുതൽ മതത്തിൽ കൈകടത്തൽ വാദം വരെയുണ്ട്. ഒന്നും മൈൻഡ് ചെയ്യേണ്ട കാര്യമില്ല. എല്ലാം സ്ത്രീവിരുദ്ധമായ വാദങ്ങളാണ്.

കൂടുതലും ഇസ്ലാമിസ്റ്റുകളാണ് ഈ വാദവുമായ് മുന്നോട്ട് വരുന്നത്. വാദങ്ങളെല്ലാം തന്നെ സ്ത്രീവിരുദ്ധമാണ്. 21 വയസ്സാക്കിയാൽ മുസ്ലിം പെൺകുട്ടികൾ പിഴച്ചുപോകും എന്നൊക്കെ പറഞ്ഞാണ് ഒരു പ്രമുഖ ഇസ്ലാമിസ്റ്റ് ഇതിനെ എതിർത്തത്. ഇവനൊക്കെ ഇപ്പോൾ ശരാശരി 25 വയസ്സിൽ കല്യാണം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ എങ്ങനെയാണു കാണുന്നതെന്നോർക്കുമ്പോൾ കാർക്കിച്ചു തുപ്പാൻ തോന്നുന്നുണ്ട്. അതേപോലെ തന്നെയാണ് വൈദ്യശാസ്ത്രപരമായി പ്രസവിക്കാനുള്ള കഴിവ് 21 വയസ്സാകുമ്പോഴേക്കും കുറഞ്ഞുവരുന്നത് സമൂഹത്തെ ബാധിക്കും എന്നു പറയുന്നതും. ഒരുതരത്തിലും മുസ്ലിം പെൺകുട്ടികളെ സ്വാതന്ത്ര്യത്തോടെ പഠിച്ച് ഒരു ജോലിനേടി മുന്നോട്ട് പോകാൻ സമ്മതിക്കില്ല എന്ന പിടിവാശിയാണ് ഇതിനു പിന്നിൽ.

കേരളത്തിൽത്തന്നെ അനേകം മുസ്ലിം പെൺകുട്ടികൾ പഠിച്ച് മുന്നേറി മുന്നോട്ട് വരുന്നത് ഇവരെ അലോസരപ്പെടുത്തുന്നു. കാരണം അങ്ങനെയുള്ള പെൺകുട്ടികളെ കല്യാണം കഴിക്കാൻ അത്രയും വിദ്യാഭ്യാസവും നല്ല ജോലിയും നേടണം‌. മതം പഠിച്ച് മാത്രം നടന്ന് ചെറുകിട ബിസിനസ്സ് ചെയ്ത് ജീവിച്ചാൽ ഇനിയുള്ള കാലം ആണുങ്ങൾക്ക് പെണ്ണു കിട്ടുകയില്ലെന്നർത്ഥം.
ഏതൊരു സമൂഹവും മുന്നോട്ട് വളരണമെങ്കിൽ ആ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക നിലവാരം ഉയരണം‌. കൗമാരത്തിന്റെ ചാപല്യങ്ങൾ കഴിഞ്ഞുവരുന്ന 21 എന്ന പ്രായത്തിലെ ഒരു പെൺകുട്ടിയുടെ സ്വതന്ത്രചിന്തകളെയാണീ മതമേലദ്ധ്യക്ഷന്മാർ ഭയപ്പെടുന്നത്. ആ പ്രായത്തിൽ ഒരുപക്ഷേ ഒരു പ്രസവയന്ത്രം ആകുവാൻ അവൾ തയ്യാറെടുത്തേക്കില്ല.

എണ്ണത്തിലൂടെ ഡെമോഗ്രഫിക്സ് ചെയ്ഞ്ചും അതിലൂടെ അധികാരവും എന്ന സ്വപ്നത്തിനെ ഒരുപക്ഷേ അത് പിന്നോട്ടടിച്ചേക്കാം.
ഇനി ചിലർ പറയുന്ന വാദം ലൈംഗികതയ്ക്കുള്ള സമ്മതത്തിന്റെ പ്രായം 18 ആയിരിക്കുമ്പോൾ കല്യാണപ്രായം 21 ആകുന്നത് ലൈംഗിക അരാജകത്വത്തിന് വഴി വയ്ക്കും എന്നതാണ്. സുഹൃത്തേ ഇത്രയും നാളും ആണുങ്ങളുടെ വിവാഹപ്രായം 21 ആയിരുന്നല്ലോ.. അപ്പോൾ 18 മുതൽ 21 വരെ ആണുങ്ങൾ എങ്ങനെ കഴിഞ്ഞോ അങ്ങനെ തന്നെ പെണ്ണുങ്ങളും ഇനി കഴിഞ്ഞോളും. അല്ലെങ്കിൽ 18 വയസ്സിൽ സ്ത്രീകൾക്ക് വിവാഹം വഴിയുള്ള സെക്സ് നിഷേധിക്കുന്നൂ എന്നുപറഞ്ഞ് അവർ പരാതിയുമായ് വരട്ടെ..‌ 🙂
ഇതിന്റെ മനോഹരമായ വശങ്ങൾ വേറെയാണ്. ഏറ്റവും വലിയ കാര്യം ആണും പെണ്ണും ഒരേ വയസ്സിൽ വിവാഹപ്രായത്തിൽ എത്തുന്നു എന്നതാണ്. ഒരുമിച്ചു പഠിക്കുന്ന രണ്ടുപേർ തമ്മിൽ പ്രണയിച്ചു നീങ്ങുമ്പോൾ 18 വയസ്സായ പെണ്ണിനെ വീട്ടുകാർ കെട്ടിക്കാൻ തീരുമാനിക്കുന്നത് കോമൺ ആയ് നടക്കുന്ന സംഗതിയാണ്. ആണിനു വീണ്ടും മൂന്നുവർഷം വിവാഹപ്രായമാകാൻ കാത്തിരിക്കണം‌. അതുമാത്രം പോരാ, ഒരു ജോലി ആകാനും ഡിഗ്രിക്കുശേഷം മിനിമം ഒരു വർഷം ആകണം. അത്രയും നാളും ഒരു പ്രണയവിരുദ്ധസമൂഹത്തിൽ ഒരു പെൺകുട്ടിക്ക് പലപ്പോഴും പിടിച്ച് നിൽക്കാനാവുന്നില്ല എന്നത് പലപ്പോഴും “കമിതാക്കളുടെ ആത്മഹത്യ” എന്ന തലക്കെട്ടിൽ വാർത്തയായ് നാം കാണാറുണ്ട്. ഇതിനൊരു മാറ്റം വരുന്നെങ്കിൽ അത് ആശ്വാസകരമാണ്.
നോക്കൂ നമ്മുടെ പഠന സിസ്റ്റം ഇപ്പോൾ 10+2+3/4 ആണ്. അതായത് 20 വയസ്സിൽ ആർട്സ് &സയൻസ് ഡിഗ്രിയും 21 വയസ്സിൽ പ്രൊഫഷണൽ ഡിഗ്രിയും നേടുന്നു. ന്യൂ എജ്യുകേഷൻ പോളിസി വരുമ്പോൾ ഇപ്പോഴത്തെപ്പോലെ കോളേജ് ഡ്രോപ്പൗട്ടുകൾ ഉണ്ടാകില്ല. അവിടെ ഓരോ വർഷവും യോഗ്യതാസർട്ടിഫികേറ്റ് ഇഷ്യൂ ചെയ്യും. അതാണെങ്കിൽ ഈ 21 വയസ്സിനു മുന്നേ ഒരു ജോലി നേടുന്നതിനോ ഒരു സംരംഭം തുടങ്ങുന്നതിനോ ഒരാളെ പ്രാപ്തമാക്കും. അതായത് 21 വയസ്സുവരെയുള്ള പഠിക്കുന്ന പ്രായത്തിൽ അവർ പഠിക്കട്ടെ.

സ്വയം പര്യാപ്തരായ ഒരാണും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ട്, ഒരുമിച്ച് ഒരു കുടുംബം സൃഷ്ടിക്കാനായ് ഒന്നുചേരുമ്പോൾ അത് മനോഹരമാകുന്നു. ഒരേ വിവാഹപ്രായം എന്നത് തുല്യപരിഗണനയും വിവാഹത്തിൽ ആണ് പെണ്ണിനേക്കാൾ മൂത്തതാകണം എന്ന പാട്രിയാർക്കൽ ചിന്തയ്ക്ക് വിരുദ്ധവുമാണ്. ടൈം പാസ്സ് പ്രണയങ്ങളായ് കോളേജ് പ്രണയം മാറുന്നതിലെ പ്രധാനവില്ലനും ഈ വ്യത്യസ്ത വിവാഹപ്രായങ്ങളാണ്. ഈപ്പറഞ്ഞത് ഒരാൾ ഒരിക്കലേ പ്രേമിക്കാവൂ എന്നുള്ള ശാഠ്യമാണെന്നൊന്നും കരുതരുത്. കുറച്ചുകൂടി വ്യക്തിപരമായി പക്വതയോടെ ചിന്തിച്ച് വിവാഹബന്ധത്തിലേർപ്പെടാൻ ആണിനും പെണ്ണിനും തുല്യ അവസരം ലഭിക്കുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.

കൂടാതെ ഹിന്ദുക്കളിൽ കാണപ്പെടുന്ന വൃത്തികേടായ ജാതകദോഷങ്ങളും ഒക്കെ നോക്കി 18 വയസ്സിലേ പെണ്ണു കെട്ടിക്കുന്ന അവസ്ഥയ്ക്കും ഒരു മാറ്റമുണ്ടാകും.‌ പഠിക്കുന്ന പ്രായത്തിൽ വിവാഹസമ്മർദ്ദമില്ലാതെ ഒരു പെൺകുട്ടി പഠിക്കട്ടെ. ജാതകങ്ങൾ തുലയട്ടെ.. ഒരു കുടുംബത്തിൽ ആണും പെണ്ണും സമ്പാദിക്കുകയും പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് മനോഹരം. അവിടെ സ്നേഹവും പരസ്പര ബഹുമാനവും നിലനിൽക്കും. ആണുങ്ങൾ മാത്രം ജോലിചെയ്തു കുടുംബം നോക്കുന്ന പരമ്പരാഗത സിസ്റ്റമാണ് പെണ്ണിനെ അടുക്കളയിൽ തളച്ചത്.

ഇതൊക്കെ മാറാൻ 21 വയസ്സ് എന്നത് നല്ലൊരു വിവാഹപ്രായമാണ്. 18 വയസ്സിൽ ലൈംഗികതയ്ക്കുള്ള സമ്മതം ഉണ്ടെന്നു കരുതി ആ പ്രായമാകാൻ നോക്കിയിരിക്കുന്നവരായ് പെണ്ണുങ്ങളെ ആരും മിസ്ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നവരോടെല്ലാം പോയ് വേറെ പണി നോക്കടാ എന്നേ തല്കാലം പറയാനുള്ളൂ..