കുറേ ബോധമില്ലാത്തവർ ഗവണ്മെന്റ് നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയതോ അല്ലെങ്കിൽ തെറ്റായ് മനസ്സിലാക്കിയതോ ആണ് നാമിന്ന് നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം

0
101

Arun Somanathan

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ രക്ഷപെട്ട് അമേരിക്കയ്ക്ക് പോയത് കേരളസർക്കാരിന്റ് പിടിപ്പുകേടാണെന്ന് പറഞ്ഞ് ഈയവസരത്തിൽ കുറേപ്പേർ പോസ്റ്റിട്ടാൽ എങ്ങനെയിരിക്കും ?
അല്ലെങ്കിൽ വിദേശത്തുനിന്ന് വന്ന് ഇത്രയേറെപേർ നാട്ടിലുള്ളവർക്കും രോഗം കൊടുത്തത് സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്ന് ട്രോളിട്ടിരുന്നാൽ എങ്ങനെ പ്രതികരിക്കും?
കുറേപ്പേരുടെ വിഡ്ഡിത്തരം കണ്ടാണോ മുഴുവൻപേരെയും വിലയിരുത്തുന്നതെന്ന ചോദ്യമാണ് ആദ്യം ഉയർന്നുവരിക അല്ലെങ്കിൽ അതാണിതുവരെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമായ് കണ്ടതും.
അതുപോലെ അനൗചിത്യമായ ഏർപ്പാടാണ് ആരോഗ്യരക്ഷാപ്രവർത്തകർക്ക് നന്ദിയറിയിക്കാൻ പ്രധാനമന്ത്രി പറഞ്ഞ ഒരു ഏർപ്പാടിനെ കുറേപ്പേർ കൂട്ടം കൂടി ആഘോഷിച്ചത് വച്ച് ഇന്ത്യാ ഗവണ്മെന്റിന്റ് ശ്രമങ്ങളെത്തന്നെ പരിഹസിക്കുന്നത്.

കുറേ ബോധമില്ലാത്തവർ ഗവണ്മെന്റ് നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയതോ അല്ലെങ്കിൽ തെറ്റായ് മനസ്സിലാക്കിയതോ ആണ് നാമിന്ന് നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം.നമ്മൾ മലയാളികൾക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ സാക്ഷരതയുള്ളതുകൊണ്ട് സ്വയം ശ്രേഷ്ഠത്വം കല്പിച്ച് നമ്മൾ മറ്റുള്ളവരെ കളിയാക്കി ആത്മരതിയടയാറുണ്ട്. എന്നാൽ കൊറോണാ വിഷയത്തിൽ നമുക്കെത്ര ബോധം മറ്റ് സംസ്ഥാനക്കാരേക്കാൾ ഉണ്ട് ? അവരിൽ പലരെ സംബന്ധിച്ചും ആദ്യമായ് ആൾക്കൂട്ടം കൂടരുതെന്ന ബോധം വന്നതുതന്നെ ജനതാ കർഫ്യൂവിലായിരിക്കും. അതുതന്നെ ഇതൊക്കെ കേരളത്തിലും പൂനെയിലും മാത്രം സീരിയസ്സായ വിഷയമാണെന്നാണ് കൂടുതൽ പേരും ചിന്തിക്കുന്നത് (ചെന്നൈയിൽ ഞാൻ നേരിട്ട് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം, മലയാളികൾ ഒന്ന് ചുമച്ചാൽ സംശയമാണ് ഓഫീസിൽ) അപ്പോൾ അവരെ സംബന്ധിച്ച് അവരിൽ പടരാത്ത ഒരു സംഗതിയെ അത്ര പേടിക്കേണ്ടതില്ലെന്ന ലാഘവമാണവർക്ക്.

ഇനി നമ്മുടെ കാര്യമോ.. ? ഏറ്റവും ആദ്യം കൊറോണ സ്ഥിരീകരിച്ചതും ഗവണ്മെന്റ് വളരെ എഫിഷ്യന്റായ് പ്രവർത്തിച്ച് നിർദ്ദേശങ്ങൾ കൊടുത്തതുമായ നാടാണ് നമ്മുടേത്. ആൾക്കൂട്ടം കൂടരുതെന്ന ബോധം ജനതാ കർഫ്യൂവിനും വളരെ വളരെ മുൻപേക്ക് തന്നെ സമൂഹത്തിൽ പ്രചരിപ്പിച്ചവർ.എന്നാലാദ്യം നമ്മൾ വലിയ ആൾക്കൂട്ടം മാത്രം പ്രശ്നമായ് കണ്ട് ഇത്തിരി വലിപ്പം കുറഞ്ഞ ആൾക്കൂട്ടങ്ങളിൽ ചേർന്ന് പ്രബുദ്ധത കാണിച്ച അസ്സൽ പൊട്ടന്മാരായിരുന്നു.
രോഗബാധിത പ്രദേശങ്ങളിലെ ആരാധനാലയങ്ങളെല്ലാം അടയ്ക്കണമെന്ന് പറഞ്ഞിട്ട് പിള്ളേരുടെ പരീക്ഷയും യൂണിവേഴ്സിറ്റി പരീക്ഷകളും ഒരു സുരക്ഷയുമില്ലാതെ നടത്തിയവരാരുന്നു.. ഈ സമയം ഇത്ര ഭീഷണി ഇല്ലാതിരുന്ന പല സംസ്ഥാനങ്ങളും എല്ലാ പരീക്ഷകളും മാറ്റി വച്ച് എല്ലാവിധ ആൾക്കൂട്ടങ്ങൾക്കെതിരെയും ബോധവത്കരണം നടത്തിയിരുന്നു.

ബിവറേജുകളും ബാറുകളും തുറന്ന് ബാറിലെ റ്റേബിളുകൾ അകത്തിയിട്ടാൽ കൊറോണയെ പ്രതിരോധിക്കാം എന്ന മണ്ടത്തരം സർക്കാർ തലത്തിൽ നിന്നു പറയുകയും അത് വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്ത പൊട്ടന്മാരണ് നമ്മൾ.CAA വിരുദ്ധറാലിയിൽ പങ്കെടുത്ത് പൊങ്കാലയ്ക്കെതിരെ പറഞ്ഞുകൊണ്ടിരുന്നവർ, പൊങ്കാലച്ചൂടിൽ കൊറോണ നശിക്കുമെന്നോ ബാധിക്കില്ലെന്നോ വിശ്വസിച്ച കുറേ ജന്മങ്ങൾ, ആൾക്കൂട്ടം കൂടരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടും ഉത്സവം നടത്തിയവരും പള്ളിയിൽ കൂട്ടനിസ്കാരം മുടക്കാത്തവരും അങ്ങനെ കേസിലകപ്പെട്ടവരും, ബിവറേജസിൽ ആളുകൂടുന്നതിനെതിരെ കൂട്ടംകൂടി പ്രതിഷേധിച്ച അതിബുദ്ധിമാന്മാർ, വീട്ടിലിരിക്കാൻ പറഞ്ഞിട്ട് വീടുവിട്ട് കറങ്ങിനടന്നവർ, ആരോഗ്യരക്ഷാപ്രവർത്തകരെ ഭീഷണിപ്പെടുത്തിയവർ, വിദേശത്തുനിന്ന് വന്നിട്ടും പനിയുണ്ടായിട്ടും ഒരു ബോധവുമില്ലാതെ സാമൂഹിക സമ്പർക്കം നടത്തിയവർ, റൂട്ട് മാപ്പ് നിർമ്മിക്കാൻ സർക്കാരിനെ സഹായിക്കാതെ ഒളിച്ച് കളിക്കുന്നവർ, ഇങ്ങനെ ജാതിമതപാർട്ടിഭേദമില്ലാതെ പലവിധ പൊട്ടന്മാരാൽ സമൃദ്ധമായ കേരളത്തിലിരുന്നാണ് ഇന്നലെ മാത്രം കർശനനടപടിയല്ലാത്ത ജനതാ കർഫ്യൂവിനിടയ്ക്ക് കാര്യഗൗരവം മനസ്സിലാക്കാതെ കൊട്ടിയവരെ നമ്മൾ പുച്ഛിക്കുന്നത്.. പുച്ഛിക്കുന്നത് കുഴപ്പമില്ല, അവരിലേക്കീ പുച്ഛം എത്തി ഒരുബോധമുണ്ടായാൽ രാജ്യത്തിനു നല്ലതാണ്..‌ അവരുടെ ബോധമില്ലായ്മ അവർക്കും സമൂഹത്തിനും ആപത്താണല്ലോ.

പക്ഷേ ആദ്യം പറഞ്ഞ മാതൃകയിൽ ഇവരെ ചൂണ്ടിക്കാട്ടി ഇന്ത്യാഗവണ്മെന്റിന്റ് ശ്രമങ്ങളെല്ലാം പരാജയമാണെന്ന് പറയുന്നവരുടെ ലക്ഷ്യം എന്താണ് ? വെറും രാഷ്ട്രീയ ലക്ഷ്യമാണ്.. ഈയവസരത്തിൽ രാഷ്ട്രീയം പറയരുതെന്ന് പറയുന്നവർ തന്നെ അവരുടെ രാഷ്ട്രീയ വെറുപ്പിന്റ് വിഴുപ്പലക്കി കയ്യടി വാങ്ങാൻ വേണ്ടി മാത്രമാണ് കുറേപ്പേരെ ചൂണ്ടിക്കാട്ടി ഇതൊരു പരാജയമാണെന്ന് പറയുന്നത്. പ്രൈം മോറോൺ എന്നുതുടങ്ങി പ്രധാനമണ്ടൻ എന്നുവരെ “ഈയൊരു വിഷയത്തിൽ” അഭിസംബോധന ചെയ്ത് വെറുപ്പെടുത്തലക്കുന്നവർ സ്വയം ശ്രേഷ്ഠത കല്പിച്ചവരും യാതൊരു മാനവികതയുമില്ലാതെ രാഷ്ട്രീയം മാത്രം ഛർദ്ദിക്കുന്നവരുമാണ്. അതിനി ആയിരം ലൈക്ക് വാങ്ങുന്ന രശ്മി നായരായാലും അമ്പത് ലൈക്ക് വാങ്ങുന്ന അന്തമായാലും സ്വന്തം നിലവാരം അടയാളപ്പെടുത്തുന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു ധർമ്മവും ഈ കൊറോണാകാലത്ത് നിർവ്വഹിക്കുന്നില്ല.

ഈയൊരു സമയത്ത് ഒരുകാലിലെ മന്ത് മണ്ണിൽ പൂഴ്ത്തി രണ്ട് കാലിൽ മന്തുള്ളവനെ കളിയാക്കുന്നവർക്ക് കിട്ടുന്ന കയ്യടിയിൽ മാത്രം അത്ഭുതപ്പെടുക. ആ സമാനമനസ്കർ മനസ്സിലാക്കാത്തത് മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാക്കന്മാരാണ് നമ്മൾ മലയാളികൾ. അതിലഭിമാനിക്കുന്നതു പോലല്ല അഹങ്കരിക്കുന്നത്.. അഹങ്കരിക്കാനതിൽ ഒരു പുല്ലുമില്ല.