കാർഷികനിയമപരിഷ്കരണം പ്രതിപക്ഷം നമ്മോട് പറയാത്തത്

88

Arun Somanathan

കാർഷികനിയമപരിഷ്കരണം പ്രതിപക്ഷം നമ്മോട് പറയാത്തത്.

Article 301 in The Constitution Of India
Freedom of trade, commerce and intercourse Subject to the other provisions of this Part, trade, commerce and intercourse throughout the territory of India shall be free.
കാർഷികബില്ലുകൾക്കെതിരെ ഭരണഘടന ഉയർത്തിക്കൊണ്ട് ബഹളം വയ്ക്കുന്ന പ്രതിപക്ഷാംഗങ്ങൾ ആ ഭരണഘടന തുറന്ന് ആർട്ടിക്കിൾ 301 വായിച്ചിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നു.

ഗവണ്മെന്റ് അതിന്റ് കൊളോണിയൽ കരിനിയമങ്ങളാൽ ഏതെങ്കിലും വിഭാഗത്തെ തളച്ചിടുന്നെങ്കിൽ അത് പ്രധാനമായും നമ്മുടെ രാജ്യത്തെ കർഷകരെയാണ്. ശരിക്കും കർഷകരെ സ്നേഹിക്കുന്ന ഏവരും പിന്തുണയ്ക്കേണ്ടുന്ന പരിഷ്കാരങ്ങളാണ് ആ മൂന്നു ബില്ലുകൾ മുന്നോട്ട് വയ്ക്കുന്നത്. എല്ലാം ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ വേണമെന്ന് ശഠിക്കുന്ന ഇടതുപക്ഷം ഇതുപറയുന്നതു മനസ്സിലാക്കാം എന്നാൽ 2019 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ നിലവിലെ കാർഷികനിയമങ്ങളുടെ പരിഷ്കാരങ്ങൾ ഇവ്വിധം തന്നെ മുന്നോട്ട് വച്ച കോൺഗ്രസ്സ് ഇതിനെ എതിർക്കുന്നതാണ് അത്ഭുതം.. ക്ഷമിക്കണം, ഇതൊരു അത്ഭുതമാണോ.. സമീപകാലത്തല്ലേ കോൺഗ്രസ്സും ഇടതുപക്ഷവും ഒരിക്കൽ ഉന്നയിച്ച ആവശ്യമായ CAA യ്ക്കെതിരെ ഇന്ത്യയിലെ മുസ്ലിങ്ങളെയെല്ലാം പുറത്താക്കാൻ പോകുന്നു എന്ന നുണ പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കിയത്.. ഇപ്പോൾ MSP (minimum support price) അതായത് താങ്ങുവില എടുത്തുകളയാൻ പോകുന്നു എന്ന നുണപറഞ്ഞ് ജനങ്ങളെ തെരുവിലിറക്കുകയും പാർലമെന്റിനെ സംഘർഷഭരിതമാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്ന് ചോദിച്ചാൽ തങ്ങൾ ചെയ്യേണ്ട സംഗതി ചെയ്യാതെ അത് ബിജെപി ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന മൈലേജ് ഇല്ലാതാക്കാൻ ശ്രമിക്കുക എന്നുത്തരം. അതിനായ് മുൻപ് ഇന്ത്യൻ മുസ്ലിങ്ങളെ ഭയപ്പെടുത്തിയെങ്കിൽ ഇന്ന് ഇന്ത്യൻ കർഷകരെ ഭയപ്പെടുത്തുന്നു.

ഇത് കർഷകരുടെ മരണവാറണ്ട് ആണെന്നാണ് കോൺഗ്രസ്സ് പറയുന്നത്. എന്ത് അസ്സംബന്ധമാണിത്. കോൺഗ്രസ്സ് അവരുടെ ചരിത്രപരമായ ആവശ്യങ്ങളും വാഗ്ദാനങ്ങളും മറന്ന് കമ്യൂണിസ്റ്റുകളുടെ ഊട്ടോപ്യൻ ചിന്തകളാണിന്ന് മുന്നോട്ട് വയ്ക്കുന്നത്. കമ്യൂണിസ്റ്റുകൾക്ക് നിലപാട് മാറ്റാനും അതിനെ ന്യായീകരിക്കാനും മെഷീനറിയുണ്ട്.അവർക്കത് പുത്തരിയല്ല. എന്നാൽ കോൺഗ്രസ്സ് അത് ചെയ്യുന്നത് അവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുലം കുത്തികളായ്ക്കണ്ട് അപ്രസക്തമാക്കാനേ സഹായിക്കൂ. നിങ്ങൾ കർഷകരെ സ്നേഹിക്കുന്നെങ്കിൽ സോഷ്യലിസ്റ്റ് വ്യവസ്ഥകൾ നിലനിൽക്കുമ്പോൾത്തന്നെ കർഷകർക്ക് ഫ്രീമാർക്കറ്റ് എകോണമിയുടെ സദ്ഫലങ്ങൾ അനുഭവിക്കാനുള്ള അവസരമാണ് ഈ ബില്ലുകളിലൂടെ ഗവണ്മെന്റ് ഒരുക്കുന്നത്.
എന്തൊക്കെയാണീ മൂന്ന് ഓർഡിനൻസുകളിലെ പ്രധാനവിഷയങ്ങൾ?

1.ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ്, 2020, APMC വിപണികളുടെ ഭൗതിക പരിധിക്കപ്പുറത്ത് കർഷകരുടെ ഉൽപാദനങ്ങൾക്ക് സംസ്ഥാനത്തിലുള്ളിലും സംസ്ഥാനങ്ങൾക്കപ്പുറത്തും ഉള്ള വ്യാപാരത്തെ അനുവദിക്കുന്നു. എപി‌എം‌സി പ്രദേശങ്ങൾക്ക് പുറത്ത് മാർക്കറ്റ് ഫീസ്, സെസ് അല്ലെങ്കിൽ ലെവി ഈടാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെ വിലക്കിയിരിക്കുന്നു.
താരതമ്യേന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അന്യമായ സിസ്റ്റമാണ് APMC (Agricultural Produce Market Committee) അഥവാ മണ്ഡി സിസ്റ്റം. ഗവണ്മെന്റിന്റ് നിയന്ത്രണത്തിലുള്ള മാർക്കറ്റിംഗ് യാർഡുകൾ ആണവ. അവിടെ ഗവണ്മെന്റ് ലൈസൻസുള്ള കുറച്ച് വ്യാപാരികൾ കർഷകരുടെ വിളകളുടെ വില നിശ്ചയിച്ച് അവരിൽ നിന്നും അതു വാങ്ങി പുറത്ത് വ്യാപാരം ചെയ്യുന്നു. പലപ്പോഴും ഒരു വിളയ്ക്ക് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന താങ്ങുവില മാക്സിമം വില്പനവില ആകുന്ന അവസ്ഥയാണവിടെ കർഷകൻ നേരിടുന്നത്. ദുരന്തമെന്തെന്നാൽ കർഷകർക്ക് ഈ മണ്ഡികളിൽ അല്ലാതെ വേറെങ്ങും അവരുടെ വിളകൾ വിൽക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല. നിങ്ങളൊന്നാലോചിച്ചു നോക്കൂ, നിങ്ങളുടെ സമയവും അദ്ധ്വാനവും ചിലവാക്കി നിങ്ങളുത്പാദിപ്പിക്കേണ്ടി വരുന്ന ഉല്പന്നങ്ങൾ നാമമാത്ര ലാഭത്തിന് മണ്ഡികളിൽ മാത്രം കൊണ്ടുചെന്ന് വിൽക്കേണ്ട അവസ്ഥ. അവിടെ ചെല്ലുമ്പോൾ, 91 ൽ നരസിംഹറാവു അവസാനിപ്പിച്ച പഴയ ലൈസൻസ് രാജിന്റ് ഇന്നത്തെ പ്രേതമായ ലൈസൻസ്ഡ് വ്യാപാരികൾ ഒന്നുചേർന്ന് തീരുമാനിക്കുന്ന വില വാങ്ങി സാധനം കൊടുത്ത് പോരേണ്ടിവരിക.. എന്നാൽ ഇതേ വ്യാപാരിയിൽ നിന്നും വീണ്ടും പലരിലൂടെ കൈമറിഞ്ഞ് അവസാന ഉപഭോക്താവായ നമ്മളിലെത്തുമ്പോൾ കർഷകർക്ക് ലഭിച്ച വിലയേക്കാൾ അമ്പതോ നൂറോ ശതമാനം അധികവില നമ്മൾ കൊടുക്കേണ്ടി വരിക.. ഈ മദ്ധ്യവർത്തികളുടെ ചൂഷണത്തിനൊരു അറുതി വരുത്തുന്ന ബില്ലാണ് ഇത്. ഇവിടെ APMC യോ താങ്ങുവിലകളോ ഇല്ലാതാക്കുന്നില്ല, പകരം അവരുടെ കുത്തക എടുത്തുകളഞ്ഞു. ഇനി കർഷകർ സ്വതന്ത്രരാണ്.. അവർക്ക് അവരുടെ നാട്ടിലോ അവർക്കിഷ്ടമുള്ളിടത്തോ അവരുടെ ഉത്പന്നങ്ങൾ കൂടുതൽ നല്ലവിലയിൽ വിൽക്കാം. അതിനു സാധിക്കുന്നില്ലെങ്കിൽ മണ്ഡിയിൽ പോയ് പഴയ സിസ്റ്റത്തിൽ വിൽക്കാം.
അതായത് സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായ് കർഷകന്റ് സ്വാതന്ത്ര്യം ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്നു.

2.ഏതെങ്കിലും കാർഷിക ഉൽ‌പ്പന്നങ്ങൾ‌ ഉൽ‌പാദിപ്പിക്കുന്നതിനോ വളർത്തുന്നതിനോ മുമ്പായി ഒരു കർഷകനും വാങ്ങുന്നവനും തമ്മിലുള്ള കോണ്ട്രാക്റ്റ് ഫാമിംഗ് കരാറിലൂടെ ഈ ഓർ‌ഡിനൻ‌സ് , കോൺറ്റ്രാക്റ്റ് ഫാമിംഗ് അഥവാ കരാർ‌ കൃഷിക്ക് ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു. ഇത് മൂന്ന് തലത്തിലുള്ള തർക്ക പരിഹാര സംവിധാനവും നൽകുന്നു: അനുരഞ്ജന ബോർഡ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അപ്പലേറ്റ് അതോറിറ്റി.
ഇത് ഇടതുപക്ഷം ബഹളമുണ്ടാക്കുന്നപോലുള്ള ഒരു നിയമം അല്ല. 2003-ൽ കൊണ്ടുവന്ന APMC നിയമത്തിലെ ഭേദഗതി പ്രകാരം ഇന്ന് കോൺട്രാക്റ്റ് ഫാമിംഗ് പലയിടത്തും കർഷകനും ഉപഭോക്താവിനും ലാഭകരമായ രീതിയിൽ നടക്കുന്നു. ഇപ്പോ ഇന്ത്യയിൽ കോൺട്രാക്റ്റ് ഫാമിംഗ് നടത്തണം എങ്കിൽ 2003 ലെ നിയമപ്രകാരം APMC യിൽ റജിസ്റ്റർ ചെയ്യണം. പക്ഷേ അവിടെ തർക്കപരിഹാര മെക്കാനിസം അത്ര ഫലവത്തല്ല. മാത്രമല്ല അഴിമതി‌ നിറഞ്ഞ മണ്ഡി സിസ്റ്റത്തിൽ രജിസ്ട്രേഷനൊക്കെ വീണ്ടും അഴിമതിക്കും ചുവപ്പുനാടകൾക്കും കാരണമാകുന്നു.അതുകൊണ്ടുതന്നെയാണ് കോൺട്രാക്റ്റ് കൃഷി അത്ര കണ്ടു പ്രചാരത്തിൽ വരാത്തത്. 2018 ൽ കേന്ദ്ര സർക്കാർ ഒരു മോഡൽ നിയമം എല്ലാ സംസ്ഥാന സർക്കാരുകൾക്കും കൊടുക്കുക ഉണ്ടായി. അത് പ്രകാരം ചില സംസ്ഥാനങ്ങൾ കോൺട്രാക്റ്റ് കൃഷി നിയമം പാസ്സ് ആക്കി. തമിഴ്നാട്, പഞ്ചാബ് ഒക്കെ ആ കൂട്ടത്തില്പ്പെടും . പക്ഷേ ഈ നിയമങ്ങൾ ഒന്നും യൂണിഫോം അല്ല. അതിനെ ഇപ്പോൾ വൺ നേഷൻ, വൺ മാർക്കറ്റ് എന്നരീതിയിൽ ആക്കിയിരിക്കുന്നു. തീർച്ചയായും ഇതിൽ കർഷകനാണ് ബാർഗെയിനിംഗ് പവർ. താങ്ങുവിലയിൽ കൂടുതൽ നൽകുന്നില്ലെങ്കിൽ അവൻ കരാറിലേർപ്പെടില്ല. അന്ധമായ കോർപ്പറേറ്റ് വിരോധം നമ്മളെ പിന്നോട്ടടിക്കുന്നതല്ലാതെ കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ അതുകൊണ്ട് നമുക്ക് കഴിഞ്ഞിട്ടില്ല. ഫലമോ ഗവണ്മെന്റ് പോളിസികളെ ആശ്രയിച്ചിരിക്കുന്ന ഒരു കർഷക ജനതയും അതിന്റ്റ് പാളിച്ചകളിൽ ആത്മഹത്യ ചെയ്യേണ്ടിവരുന്ന അല്ലെങ്കിൽ രാജ്യത്തെ മുഴുവൻ ഊട്ടിയിട്ടും പട്ടിണിയിൽ കഴിയേണ്ടി വരുന്ന ഹതഭാഗ്യവാന്മാരും.
എന്നാലിനി കർഷകൻ സ്വതന്ത്രനാണ്. ഇടനിലക്കാർ കൂടുതൽ ലാഭം കൊയ്യുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമാകും. താങ്ങുവിലയേക്കാൾ കർഷകനാവശ്യപ്പെടുന്ന നല്ലവില നൽകി സംഭരണവും വിതരണവും ചെയ്യുന്ന ഒറ്റ ഇടനിലക്കാരൻ എന്ന അവസ്ഥ ഉപഭോക്താക്കൾക്ക് എങ്ങിനെ ലാഭം കൊണ്ടുവരുന്നെന്ന് ഓൺലൈൻ മാർക്കറ്റിംഗിന്റ് ഈ കാലത്ത് നമ്മൾ കാണുന്നതാണ്. അത് ട്രഡീഷണൽ മാർക്കറ്റിന്റ് കൊള്ളലാഭം അവസാനിപ്പിച്ചു എന്നല്ലാതെ അതിനെ ഇല്ലാതാക്കിയതുമില്ല. അതായത് എല്ലാവർക്കും ഇതൊരു വിൻ-വിൻ സിറ്റുവേഷൻ ആണ്. അതുപോലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കർഷകരിൽ നിന്നും APMC വഴി ഉല്പാദനങ്ങൾ സംഭരിക്കുന്ന അവസ്ഥയ്ക്ക് മാറ്റവുമില്ല.

3.അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം (യുദ്ധം, ക്ഷാമം എന്നിവ)
ചില ഭക്ഷ്യവസ്തുക്കളുടെ വിതരണം നിയന്ത്രിക്കാൻ 2020 ലെ എസൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ഓർഡിനൻസ് കേന്ദ്ര സർക്കാരിനെ അനുവദിക്കുന്നു. കുത്തനെയുള്ള വിലക്കയറ്റം ഉണ്ടെങ്കിൽ മാത്രമേ കാർഷിക ഉൽ‌പന്നങ്ങൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കഴിയൂ.
ഇപ്പോഴെന്താണവസ്ഥ? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഈ കൊളോണിയൽ നിയമം ഫുഡ് സർപ്ലസ് ഇല്ലാതിരുന്ന, ഹരിതവിപ്ലവത്തിനു മുന്നെയുള്ള കാലത്ത് അല്പം പ്രസക്തമായിരുന്നു. എന്നാലിന്നോ ? നിയന്ത്രിത സംഭരണത്തിനു മുകളിൽ എത്ര സംഭരിച്ചാലും അപ്പോൾത്തന്നെ ഗവണ്മെന്റിനീ കരിനിയമം ഉപയോഗിച്ച് കേസെടുക്കാനാകും എന്ന അവസ്ഥയാണുള്ളത്. തന്മൂലം അധികസംഭരണത്തിനുള്ള നിക്ഷേപങ്ങൾ കാർഷികമേഖലയിൽ ഉണ്ടാകുന്നില്ല. നിക്ഷേപങ്ങളുടെ അഭാവം കാർഷികമേഖലയിലെ യന്ത്രവൽക്കരണത്തേയും അതുമൂലമുള്ള അധികോത്പാദനത്തെയും തടയുന്നു. ഇത് കയറ്റുമതിയെപ്പോലും ബാധിക്കുന്നു. ആത്യന്തികമായ് ഇതിന്റെയെല്ലാം നഷ്ടം കർഷകജനത അനുഭവിക്കുന്നു. എന്നാലീ ബില്ലിന്റ് ഭേദഗതിയിലൂടെ സർക്കാർ ഇപ്പോൾ കൃത്യമായ വ്യവസ്ഥകൾ വച്ചിരിക്കുന്നു. ഇത് പ്രതിപക്ഷം ആരോപിക്കുന്നതുപോലെ പൂഴ്ത്തിവയ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം എപ്പോഴൊക്കെ മാത്രം ഉപയോഗിക്കാമെന്ന് അതായത് അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന തരത്തിൽ ഇതിനെ വ്യവസ്ഥ ചെയ്തിരിക്കുന്നു.

അതായത് ഈ കർഷക ബില്ലുകൾ ഒരുതരത്തിലും കർഷകനെ ബുദ്ധിമുട്ടിക്കുന്നില്ല. പകരം അവനെ സ്വതന്ത്രനാക്കുന്നു. അവന്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ബാലൻസ് ഓഫ് പേമെന്റ് പ്രതിസന്ധി കാലത്ത് നരസിംഹറാവു സർക്കാർ ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ തരത്തിൽ ലൈസൻസ് ക്വോട്ടാ രാജ് അവസാനിപ്പിച്ച് ഉദാരവത്കരണം കൊണ്ടുവന്നപോലെ വിഷനറിയും റവല്യൂഷനറിയും ആയ ഒരു പരിഷ്കാരമാണ് ഇന്ന് കോവിഡ് പ്രതിസന്ധികാലത്ത് മോദി സർക്കാർ കാർഷിക നിയമ പരിഷ്കരണങ്ങളിലൂടെ കൊണ്ടുവന്നിരിക്കുന്നത്.
അതുതന്നെയാണിതിന്റ് കുഴപ്പവും. കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന സർക്കാരിന്റ് പ്രഖ്യാപനം ഇതിലൂടെ നടപ്പിലായാൽ ഗ്രാമീണ ഇന്ത്യയുടെ വോട്ട് നഷ്ടപ്പെടും എന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷം നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ ബില്ലിനെതിരായ് ഇറക്കുന്നതിനു കാരണം. എന്നാൽ കർഷക ആത്മഹത്യയിൽ വേദനിക്കുന്നവർ, കർഷകർ രക്ഷപെടണമെന്നാഗ്രഹിക്കുന്നവർ, അവരൊക്കെ ഈ ബില്ലിനെ പിന്തുണയ്ക്കേണ്ടതായുണ്ട്. മനസ്സിലാകാത്തവരെ പഠിച്ചിട്ട് പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്..
ഇത് കർഷകരെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുയർത്തുന്ന ബില്ലാണ്. മോദി വിരോധത്തിൽ കീറിക്കളയേണ്ട ഒരു ബില്ലല്ലിത്.. അങ്ങനെ ചെയ്താൽ അത് കർഷകരോട് ചെയ്യുന്ന ദ്രോഹമാണ്. നമ്മുടെ തലമുറകളോട് ചെയ്യുന്ന ദ്രോഹമാണ്.