ഒൻപതുമാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് 14 മണിക്കൂർ നേരത്തെ അനാസ്ഥയിൽ പൊലിഞ്ഞുപോയത്

38

Arun Somanathan

ഒരു ഞരമ്പനേയും അയാളെ തല്ലിയ സ്ത്രീകളെയും കുറിച്ച്, അതിന്റെ ന്യായ-അന്യായങ്ങളെക്കുറിച്ച് എത്രദിവസം ഇനിയും നമ്മൾ ചർച്ച ചെയ്യേണ്ടിവരും ? അല്ലെങ്കിൽ ചർച്ച ചെയ്യാൻ നിർബന്ധിതരാകും ? എന്തുകൊണ്ടാണ് ഒരു ഞരമ്പനു നേരെ ദിവസങ്ങളായി പുകയുന്ന ധാർമ്മികരോഷത്തിന്റെ ഒരു ചെറിയശതമാനം പോലും ഈ ലോകം കാണാനാവാതെ അധികൃതരുടെ അനാസ്ഥ കൊണ്ട് മരിച്ച ആ പിഞ്ചുകുഞ്ഞുങ്ങളെ ഓർത്ത് അണ പൊട്ടാത്തത്.. ? പ്രഖ്യാപിത ഇടതുപക്ഷം നമ്മളുടെ ചിന്തകളേയും ചർച്ചകളേയും നയിക്കുന്നത് അപകടകരമാണ്. കാരണം അവർക്ക് രാഷ്ട്രീയം മാത്രമേയുള്ളൂ മനസ്സാക്ഷിക്കുത്ത് ഇല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇടയ്ക്കുണ്ടാകുന്ന ഓരോ ചെറിയ സംഭവങ്ങളേയും ജീവല്പ്രശ്നങ്ങളിൽ നിന്നുള്ള വലിയ ഒരു ഡൈവേർഷൻ തന്ത്രമായ് ഉപയോഗിക്കുന്നത്.

ഒൻപതുമാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് 14 മണിക്കൂർ നേരത്തെ അനാസ്ഥയിൽ പൊലിഞ്ഞുപോയത്. എന്നാലിത് സമാനമായ സംഭവത്തിന്റെ ആവർത്തനമാണ് എന്നോർക്കുമ്പോഴാണ് എങ്ങനെ നമ്മുടെ നിശ്ശബ്ദതകൾ നമ്മുടെ സ്വപ്നങ്ങൾക്ക് കുഴിവെട്ടുന്നു എന്നു മനസ്സിലാകുന്നത്. കുറച്ചുനാൾ മുൻപ് ഇതേപോലെ കോവിഡ് കാലത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥ മൂലം ഇരട്ടക്കുട്ടികളെ അതുങ്ങളുടെ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു. അന്നും കണ്ണുപൊട്ടന്മാർ ആനയെ കണ്ടതുപോലെ കോവിഡ് പ്രോട്ടോക്കോളുകളെ കണ്ട ആരോഗ്യവകുപ്പിലെ ജീവനക്കാരായിരുന്നു വില്ലന്മാർ..ആദ്യസംഭവമായതുകൊണ്ട് ഒറ്റപ്പെട്ട സംഭവമായ്. എന്നാൽ അന്നുയർന്ന പരാതികൾക്കൊക്കെ പുല്ലുവില കൊടുത്തതിന്റെ ബാക്കിപത്രമാണ് ഇന്ന് രണ്ട് ജീവനുകൾ നഷ്ടമായത്.

രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം രണ്ട് മാതാപിതാക്കളുമാണ് മാനസികമായ് മരിച്ചത്..പക്ഷേ നാം ഇടതുപക്ഷം ഭരിക്കുമ്പോൾ ആരോഗ്യവകുപ്പിനെ കുറ്റം പറയാൻ പാടില്ലല്ലോ.. ആദ്യ സംഭവത്തിൽ അന്നാ മാതാപിതാക്കൾക്കൊപ്പം നിന്നിരുന്നെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ മനുഷ്യർക്ക് വേണ്ടി ആയ് മാറിയേനേ.. പക്ഷെ നമ്മൾ നമ്മുടെ വിഷയങ്ങളിൽ പ്രബുദ്ധരല്ലല്ലോ.കുറ്റക്കാർ നമ്മളാണ്. ഈ നാട്ടിലെ ഇടതല്ലാത്തവർ.. ചിലർ സ്വയം ഇടതുപക്ഷമെന്ന് വിശേഷിപ്പിക്കുന്നതുകൊണ്ട് നമ്മളെ വലതുപക്ഷമെന്ന് വിളിക്കുന്നു.. അവർ പുരോഗമനരും നമ്മൾ പിന്തിരിപ്പന്മാരും എന്നുപറയുന്നു. അവരുണ്ടാക്കി വയ്ക്കുന്ന ശ്രേഷ്ഠബോധം കൂടുതൽ ബൗദ്ധിക ഇരട്ടത്താപ്പന്മാരെ സൃഷ്ടിച്ച് ഇടത് മേഖലയെ ശബ്ദമുള്ളതാക്കുന്നു. ഒട്ടും ഓർഗനൈസ്ഡ് അല്ലാത്തതിനാൽ വലതുപക്ഷമെന്ന് വിളിക്കപ്പെടുന്നവർ ഇടതുകളെ പ്രതിരോധിച്ച് കാലം കഴിക്കുന്നു.

ഇടതുകൾ ഭരണത്തിലാകുമ്പോഴാണ് ഇതിന്റെയാ ഒരു ദുരന്തം മുഴുവൻ സമൂഹത്തെയും തേടിയെത്തുന്നത്. അതുവരെ മാനവികതയ്ക്ക് വേണ്ടി ശബ്ദമുണ്ടാക്കിയിരുന്ന ഇടതുപക്ഷം പെട്ടെന്ന് നിശ്ശബ്ദമാകും‌. പിന്നെ വലതുപക്ഷമെന്ന് അവർപറയുന്ന അവരല്ലാത്ത ഏതെങ്കിലും മനുഷ്യരുടെ ഓഡിറ്റിംഗ് ആണ്. ഇതിൽ മറ്റ് ഇടത് വിരുദ്ധർ കൊണ്ട് തലവയ്ക്കുകയും ചെയ്യും. അതാണല്ലോ പരമ്പരാഗത ശീലം. അപ്പോൾ മനുഷ്യന്റ് വിഷയങ്ങൾ ആരും ശബ്ദിക്കാതെയാകും. കുഞ്ഞുങ്ങൾ മരിക്കും. മനുഷ്യൻ ജീവനോടെ ആശുപത്രികളിൽ പുഴുവരിക്കപ്പെടും. ഒറ്റപ്പെട്ട എതിർപ്പുകൾ ചില ഇടതുവിരുദ്ധരിൽ നിന്നു വരും. എന്നാൽ ഇടതുകൾ പറയുന്ന ഒരു വലതുപക്ഷം അല്ലാതെ ഓർഗനൈസ്ഡ് ആയൊരു വലതുപക്ഷം ഇല്ലാത്തതിനാൽ അവരുടെ ശബ്ദങ്ങൾക്ക് പിന്തുണ കിട്ടാതെ പോകും.ഫലത്തിൽ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ നമുക്ക് പ്രശ്നമല്ലാതായ്ത്തീരും. അതിനെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളിൽ നാം ചർച്ച ചെയ്ത് സമയം കളയും.

ഈ അവസ്ഥ മാറാതെ ഇവിടെ മനുഷ്യന് നീതി കിട്ടില്ല. ഇടത് ഗ്യാംഗിന്റെ ഉപഗ്രഹങ്ങളാകാതെ നാം നമ്മുടെ ജീവിതപ്രശ്നങ്ങൾക്കായ് മുന്നോട്ട് വരണം. ഇല്ലെങ്കിൽ നാളെ നഷ്ടപ്പെടുന്നത് എന്റെയോ നിന്റെയോ അച്ഛനോ അമ്മയോ കുഞ്ഞുങ്ങളുടെയോ ഒക്കെ ജീവനാകും. അനാസ്ഥ എന്ന ചെറിയ ഒരു വാക്കുവച്ച് നമ്മുടെ ജീവിതത്തിന്റെ ഫയലു ക്ലോസ്സ് ചെയ്യാൻ ഒരുവനെയും അനുവദിക്കരുത്.