ഹത്രാസ്സിലെ പീഡനക്കൊലയ്ക്കെതിരെ രോഷം വമിപ്പിക്കുന്നവർ വാളയാർ കേസിൽ ഉറക്കമായിരുന്നോ ?

  53

  Arun Somanathan

  പീഢനക്കൊലകൾ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് പാടുണ്ടോ എന്ന് ധാർമ്മികതയുടെ ഭാഗത്തുനിന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നിസ്സഹായനായ ഒരു സാധാരണ വ്യക്തി എന്നനിലയ്ക്ക് ഞാനത്തരം മുതലെടുപ്പുകളെ ആഗ്രഹിക്കാറുണ്ട്. ഹത്രാസ്സിലെ പീഡനക്കൊല നോക്കൂ.. പലരുമത് മുതലെടുക്കാൻ ശ്രമിച്ചതുകൊണ്ടാണ് പല പീഢനങ്ങളും ഒരു വാർത്തയാകാതെ പോകുന്ന യുപി പോലൊരു സംസ്ഥാനത്ത് അതൊരു വാർത്തയായതും ഇപ്പോഴുള്ള ബഹുവിധ അന്വേഷണങ്ങളിലേക്കും കോടതിയുടെ മേൽനോട്ടത്തിലേക്കും അത് എത്തിയത്. അതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിംഗും ഇടത് ലേബലിൽ നടക്കുന്ന പോപ്പുലർ ഫ്രണ്ട് മാദ്ധ്യമപ്രവർത്തകന്റെ അറസ്റ്റും ഉണ്ടായത്. അതുകൊണ്ട് രാഹുൽ ഗാന്ധിയോ കോൺഗ്രസ്സോ ആ വിഷയത്തിൽ മുതലെടുത്തു എങ്കിൽ കുഴപ്പമില്ല എന്ന ഒരു മാനസികാവസ്ഥയിലേക്ക് ഏതൊരു സാധാരണക്കാരനും പോകും.‌ കാരണം അതുകൊണ്ട് സമൂഹത്തിനു ദോഷമൊന്നുമില്ല, എന്നാൽ ഗുണമുണ്ടായി താനും.

  അതുപോലൊരു ദേശീയശ്രദ്ധ ആകർഷിക്കാതെ പോയതാണ് നമ്മുടെ വാളയാർ കേസ്. രണ്ടുപിഞ്ചുകുഞ്ഞുങ്ങളെ കൊന്നു കെട്ടിത്തൂക്കി എന്ന് പൊതുസമൂഹം സംശയിക്കുകയും പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതുകയും പോലീസേമാൻ കുട്ടികളെ ബാലവേശ്യകളെന്ന് വിളിക്കുകയും ചെയ്ത ആ കേസ് കേരളത്തില്പ്പോലും ഒരു വിവാദമായത് ആ കേസിലെ പ്രതികളെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടപ്പോഴാണ്. പ്രതികൾ ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിൽ ഉള്ളവരായിരുന്നു എന്നതാണ് അവർക്കെതിരെ തെളിവുകൾ ഇല്ലാതാകാൻ കാരണം എന്നാണ് നാം സംശയിക്കുന്നത്. പിന്നീട് പ്രതിഭാഗം വക്കീലിന്റെ ഇടതുബന്ധം വച്ച് അയാൾ ബാലാവകാശക്കമ്മീഷന്റ്റ് അധികാരി ആകുകയും പൊതുജനരോഷത്തിൽ ഒഴിവാക്കുകയും ചെയ്തു. ബാലവേശ്യ എന്നുവിളിച്ച പോലീസേമാന് ശിക്ഷയൊന്നും കിട്ടിയില്ലെങ്കിലും പ്രൊമോഷൻ കിട്ടി.‌ പൊതുജനരോഷമുയർന്നതിനാലും കുട്ടികളുടെ മാതാപിതാക്കൾ പോയി മുഖ്യമന്ത്രിയുടെ കാലു പിടിച്ചതിനാലും വളരെ ശ്രമപ്പെട്ട് സർക്കാർ അപ്പീലുകൊടുക്കുകയുണ്ടായി. ആ കാരണം വച്ച് ന്യായീകരണ സഖാക്കൾ ഇപ്പോൾ പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. കേസിന്റെ ഒരു ഭാഗത്തും നമ്മൾ ഗവണ്മെന്റ് ഇടപെടലോ പാർട്ടിയുടെ ഇടപെടലോ സംശയിക്കരുതത്രേ… പൊട്ടന്മാർക്ക് പറ്റുമായിരിക്കും..

  ഇപ്പോൾ ഈ കോവിഡ് കാലത്ത് നീതിതേടി ആ മാതാപിതാക്കൾ സെക്രട്ടേറിയേറ്റിനു മുന്നിൽ സത്യാഗ്രഹമിരിക്കുകയാണ്. ഭരിക്കുന്നത് പിണറായി സാറായതുകൊണ്ട് സാംസ്കാരിക കേരളം മയക്കത്തിലാണ്. ഹത്രാസിലെ പ്രതികരണങ്ങളിൽ ക്ഷീണം ഉള്ളതുകൊണ്ടോ അതോ പോപ്പുലർ ഫണ്ടിംഗുകാരനെ പിടിച്ചതിന്റെ ക്ഷീണമോ എന്തോ അവർക്ക് വാളയാർ കുട്ടികൾക്ക് നീതി വേണമെന്ന ചിന്തയൊന്നുമില്ല.

  ഇവിടെയാണ് ഒരു നിസ്സഹായനായ മനുഷ്യനെന്ന നിലയിൽ ആരുടെയെങ്കിലും രാഷ്ട്രീയ മുതലെടുപ്പ് ഞാനാഗ്രഹിക്കുന്നത്.രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വന്ന് ഈ മാതാപിതാക്കളെ കണ്ടിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ദേശീയ ശ്രദ്ധ ആകർഷിക്കാനും അത് ചെലുത്തുന്ന സമ്മർദ്ദം ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാനും സർക്കാരിനെ പ്രേരിപ്പിക്കുമെങ്കിലോ..
  പിണറായിപ്പോലീസ് ഈ കേസ് തലയിൽ കെട്ടിവയ്ക്കാൻ നോക്കി ഭയപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു ദളിത് യുവാവും വാളയാറിലുണ്ട്. വാളയാർ കേസ് ആകെ മൂന്നാത്മഹത്യകളാണ്. ഏതെങ്കിലും ദേശീയ കക്ഷി ഒന്ന് മുതലെടുപ്പ് നടത്തിയിരുന്നെങ്കിൽ സഖാക്കളാർക്കുവേണ്ടി എന്തിനുവേണ്ടി ഈ പാവങ്ങളെ കയ്യൊഴിഞ്ഞു എന്ന് മനസ്സിലായേനേ..

  യുപിയിലെ തെരുവുകളിൽ കലാപം ആഹ്വാനം ചെയ്ത കപടമാനവികർ വാളയാറിൽ കൊല്ലപ്പെട്ട ആ മൂന്നുപേർക്കായ് ശബ്ദിക്കാനെങ്കിലും അവർക്ക് നീതികിട്ടാനെങ്കിലും ആരെങ്കിലുമൊരു ദേശീയ നേതാവ് വന്നെങ്കിൽ.ഇടത്കാല്പനികതയൊക്കെ അവരവരുടെ സ്ഥാപിത താല്പര്യങ്ങൾക്കായുള്ള അധരവ്യായാമങ്ങൾ ആണെന്ന് മനസ്സിലാക്കുന്ന ഈ കാലത്ത് സാധാരണക്കാരന് വേറെ വഴിയില്ല.ഹത്രാസ്സിൽ പോലും യോഗി പിണറായിയിലേക്ക് അധപ്പതിക്കുമോ എന്നതേ നോക്കാനുള്ളൂ.