ഹോബിയുണ്ടോ ഹോബി..

Arun Somanathan

നിങ്ങളിൽ ആർക്കൊക്കെ ഇപ്പോൾ ഒരു ഹോബി ഉണ്ട് ?

ഹോബി എന്നാൽ വിശ്രമവേളയിലെ വിനോദമല്ലേ, നമുക്കിപ്പോൾ വിശ്രമവേളയില്ലല്ലോ അമ്മാതിരി പിടിപ്പിനു പണിയല്ലേ എന്നായിരിക്കും പലരുടെയും ചിന്ത.

എന്നാൽ വിശാലാർത്ഥത്തിൽ അങ്ങനെ “വിശ്രമവേളയിലെ വിനോദം” എന്നൊരു നിർവ്വചനം ഹോബിക്ക് നൽകിയിരുന്ന കാലത്ത് ഈ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഇത്രയ്ക്കില്ലായിരുന്നു എന്നുപറയണം. അതുകൊണ്ടുതന്നെ നമ്മിൽ ഭൂരിഭാഗം പേരുടെയും ഹോബിയും അതിലുപരി ഒബ്സഷനും ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന മൊബൈലുകളിലെ ഏതെങ്കിലും ആപ്ലികേഷൻ ആണെന്ന് കാണാം. വായന ഹോബിയായിരുന്ന പലരും ഇന്നാ വായന മൊബൈലിലോ ടാബിലോ ആക്കി മാറ്റിയിരിക്കുന്നു. പത്രവാർത്തകൾക്കു പോലും ആശ്രയം വേറൊന്നല്ല. ജീവിതത്തിലെ പല ഉപകരണങ്ങൾക്കും ഇപ്പോൾ ഒറ്റ സ്മാർട്ട്ഫോൺ പകരം മതി.

My Hobby is Stamp Collecting - Assignment Pointഎന്നിരുന്നാലും സ്മാർട്ട്ഫോൺ യുഗത്തിനു മുമ്പേ ജനിച്ച പലർക്കും ഒരു ഹോബി ഉണ്ടായിരുന്നു എന്നുതന്നെ പറയാം. മാത്രമല്ല സ്കൂളിലെ പാഠപ്പുസ്തകങ്ങൾ വഴി ഒരു ഹോബി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യവും നമ്മൾ പഠിച്ചിരുന്നു. എന്നാൽ വളരെച്ചെറുപ്പത്തിൽ, ഓർമ്മ ശരിയാണേൽ ഒരു ആറാം ക്ലാസ്സിൽ ഇംഗ്ലീഷ് പാഠപ്പുസ്തകത്തിൽ അതുപഠിക്കുമ്പോൾത്തന്നെ സ്റ്റാമ്പിന്റെയും തീപ്പെട്ടിക്കൂടിന്റെയും സിഗററ്റ് കവറിന്റെയും ഒരു അമൂല്യ ശേഖരണത്തിനുടമയായിരുന്നു ഞാൻ..
ഏകദേശം മൂന്നാം ക്ലാസ്സിലാരുന്നു ശേഖരണങ്ങളുടെ തുടക്കം. അന്ന് തീപ്പെട്ടിക്കൂടിന്റെ ലേബലിനും സിഗററ്റ് കവറിനും വേണ്ടി മാടക്കടയുള്ള സുഹൃത്തുമായ് ഡീലിൽ ഏർപ്പെട്ടിരുന്നു. അവന്റപ്പൂപ്പന്റ് കടയിൽ നിന്നും അവൻ വറൈറ്റി കവറുകൾ ഒക്കെ എടുത്തു തരും.

തണൽ : തീപ്പെട്ടിഅന്നൊക്കെ പേപ്പറിന്റ് കൂടല്ല. തടിയുടെയാണ്‌. ഞാനതിന്റെ ലേബൽ പാർട്ട് തടിയോടെ മുറിച്ചെടുത്ത് ചൂടുവെള്ളത്തിലിട്ട് ഈ ലേബൽ ഇളകാറാകുമ്പോൾ പൊളിച്ചെടുത്തുണക്കി ഒരു ബുക്കിൽ ഒട്ടിക്കും. അച്ഛനാണങ്ങനെ കീറാതെടുക്കാനുള്ള വിദ്യ പറഞ്ഞുതന്നത്. വീടൂവും ദി ട്രയിനും ആയിരുന്നു അന്നത്തെ പ്രധാന ലേബലുകൾ. പക്ഷേ വീ ട്വൈസ്, വീ ത്രീ എന്നൊക്കെപ്പറഞ്ഞ് തന്നെ സമാനരൂപത്തിലുള്ള ഡ്യൂപ്പുകളും ഉണ്ടായിരുന്നു. പിന്നീട് പേപ്പർ കവറിൽ പ്ലാസ്റ്റിക്ക് കൊള്ളിയുമായ് പരിഷ്കാരി പെട്ടികൾ ഒക്കെ വന്നു. ഇതിനും മാത്രം തീപ്പെട്ടിക്കമ്പനികൾ ഉണ്ടായിരുന്നോ അതോ ഒരു കമ്പനി തന്നെ പല ലേബലിൽ ഇറക്കുന്നതായിരുന്നോ എന്നൊന്നും അന്നും ഇന്നും അറിയില്ല.

തീപ്പെട്ടിലേബൽ ഒരു കളക്ഷൻ ഐറ്റം തന്നെയായിരുന്നെങ്കിൽ സിഗററ്റ് കൂട് ഒരു കളി ഐറ്റം കൂടായിരുന്നു. സിഗററ്റ് കൂട് ഒരു കളത്തിൽ അടുക്കിവച്ച് സ്ലിപ്പർചെരുപ്പിട്ട് ദൂരെനിന്നെറിഞ്ഞ് കളത്തിനു പുറത്താക്കുന്ന ഒരു കളി. അക്കാലത്തൊക്കെ ഒരാൾക്കുപോലും റബ്ബർസ്ലിപ്പറല്ലാതെ വേറൊന്ന് ഞാൻ കണ്ടിട്ടില്ല. അതാണേൽ മഞ്ഞനിറമുള്ള പാരഗണും നീലനിറമുള്ള ലൂണാറും മാത്രം. നിലത്തുരച്ച് നടന്ന് പുറകുവശം ബ്ലേഡ് പോലാക്കാതെ വേറൊന്ന് വാങ്ങുകയുമില്ല. സിഗററ്റു കവറാണേൽ അധികം വൈവിദ്ധ്യങ്ങളൊന്നുമില്ല. വിൽസ്സിന്റെയും സിസ്സറിന്റെയും ചാർമിനാറിന്റെയും പനാമയുടെയും വകഭേദങ്ങൾ മാത്രം. അതിങ്ങനെ രണ്ടുവശവും മുറിച്ച് തരം തിരിച്ച് റബ്ബർബാൻഡിട്ടു കെട്ടിവയ്ക്കും.

ഇപ്പോൾ ഈ ഹോബികളുടെ നൊസ്റ്റാൾജിയ തോന്നാൻ തന്നെ കാരണം മേലുദ്യോഗസ്ഥന്റെ ടേബിളിൽ കണ്ട ഒരു വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സ്റ്റാമ്പാണ്.‌ 2019 ൽ ഞാനിപ്പോൾ ജോലി ചെയ്യുന്ന ഐസിഎഫിന്റെ പേരിൽ ഇന്ത്യാഗവണ്മെന്റ്റ് ഇറക്കിയത്. ഓർമ്മകളെ അതങ്ങ് റിവേഴ്സ് ഗിയറിലാക്കി. കസിൻ ചേച്ചിക്ക് സ്റ്റാമ്പ് കളക്ഷനുണ്ടായിരുന്നതിനാൽ ചേച്ചിയോട് മത്സരിച്ച് ചെറുപ്പത്തിൽത്തന്നെ അത്യാവശ്യം നല്ലൊരു സ്റ്റാമ്പ് കളക്ഷനുണ്ടാക്കിയെടുത്തിരുന്നു. തീപ്പെട്ടിക്കൂടും സിഗററ്റു കവറും നാലാം ക്ലാസ്സോടെ ഏകദേശം ഉപേക്ഷിച്ചു.

പിന്നീട് ബാലരമ, ബാലമംഗളം തുടങ്ങി കഥപ്പുസ്തകങ്ങളുടെ കളക്ഷനും സ്റ്റാമ്പ് കളക്ഷനും ആയ്.
സ്റ്റാമ്പ് ശേഖരണം അഥവാ ഫിലാറ്റലി ഒരു പഠനപ്രക്രിയ കൂടെയാണെന്ന് ഇതുള്ളവർക്കെല്ലാം അറിയാമായിരിക്കും. പല രാജ്യങ്ങളുടെയും അപരനാമങ്ങൾ, പഴയപേരുകൾ, സ്റ്റാമ്പിൽ മാത്രം അവർ സ്വീകരിച്ച പേരുകൾ ഇവയൊക്കെ മനസ്സിലാക്കാനും ഓർക്കാനും പല ക്വിസ് മത്സരങ്ങളിലും ആ അറിവ് പ്രയോജനപ്പെടുത്താനും ഇതുമൂലം കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിലെ ഗൾഫുകാരും ബോംബേയിൽ ജോലിചെയ്തിരുന്ന പേരപ്പനും ആയിരുന്നു മെയിൻ സോഴ്സുകൾ. എത്രയൊക്കെ ശ്രമിച്ചിട്ടും ചേച്ചിയുടെ അത്ര ഒരു കളക്ഷൻ എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചേച്ചിയുടെ കല്യാണം കഴിയുകയും ആ സ്റ്റാമ്പ് കളക്ഷനൊക്കെ ചേച്ചി എനിക്ക് തരികയും ചെയ്തു.. അതൊരു ഭയങ്കര സമ്പാദ്യമായിരുന്നു. എട്ടാം ക്ലാസ്സ് ഒക്കെ ആയപ്പോൾ കടകളിൽ പല രാജ്യങ്ങളിലെ സ്റ്റാമ്പുകൾ വിൽക്കുവാൻ തുടങ്ങി. അച്ഛൻ അതൊക്കെ മേടിച്ചു തന്നപ്പോഴും ഇതൊക്കെ ഒറിജിനൽ ആണോ എന്ന ഒരു സംശയം ബാക്കി ആയിരുന്നു. സ്റ്റാമ്പ് ശേഖരണക്കാരായ കുട്ടികളെ പറ്റിച്ച് കാശുണ്ടാക്കാൻ പറ്റിയ പണിയാണതെന്ന് കേട്ടിട്ടുണ്ട്. എന്തായാലും ഓരോ രാജ്യങ്ങളുടെ പേരിലും തരം തിരിച്ച് ഞാനൊരു നല്ല കളക്ഷനുണ്ടാക്കി. കസിൻ ചേട്ടനും അദ്ദേഹത്തിന്റെ കളക്ഷൻ അനിയനായ് സംഭാവന ചെയ്തു വിശാലമാക്കി. പക്ഷേ പത്താം ക്ലാസ്സ് കഴിഞ്ഞതോടെ അതിലൊക്കെയുള്ള ശുഷ്കാന്തി നഷ്ടപ്പെട്ടു.

പിന്നീട് എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ നമ്മുടെ തപാൽ വകുപ്പ് ഒരു എക്സിബിഷൻ നടത്തുകയുണ്ടായി. എനിക്കാണേൽ ഇന്നത്തെപ്പോലെ നൊസ്റ്റാൾജിയ മൂത്തു. ചെന്നപ്പോൾ ഇന്ത്യ ഇറക്കിയ സുഗന്ധം വമിക്കുന്ന പൂക്കളുടെ സ്റ്റാമ്പ് ഒക്കെയുണ്ട്. അതോരോന്നും മേടിച്ചു.‌ അവിടെവച്ച് ഞാൻ അവിചാരിതമായി ഒരു വ്യക്തിയെ പരിചയപ്പെട്ടു.‌ അന്നതെനിക്ക് അത്ര പരിചിതമല്ലാത്ത ഒരു പേരായിരുന്നു എന്നതുമാത്രം ഇന്നോർമ്മയുണ്ട്. പേര് പക്ഷേ മറന്നു. ആശാന്റ് ഹോബി സ്റ്റാമ്പ് കളക്ഷനും ഹാം റേഡിയോയും ആയിരുന്നു.

ആശാനാണ് സ്റ്റാമ്പ് കളക്ഷൻ എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു തന്നത്. അതൊരു തീം ബേസ്ഡ് ആയിരിക്കണമത്രേ.. രാജ്യങ്ങളുടെ പേരിൽ ആർക്കും ശേഖരിക്കാം അതിൽ ഒരു വാല്യൂ ഇല്ല. ഓർമ്മ ശരിയാണെങ്കിൽ അദ്ദേഹം അന്ന് ട്രയിനാണെന്ന് തോന്നുന്നു തീം ആയ് സ്വീകരിച്ചിരുന്നത്. അദ്ദേഹമെന്നോട് ഓട്ടോമൊബൈൽ തീം ആയ് ഒരു കളക്ഷൻ തുടങ്ങാൻ ഉപദേശിച്ചു. ഹാം റേഡിയോയെക്കുറിച്ച് പറഞ്ഞുതന്നു.. ഭയങ്കര എനർജ്ജിയുള്ള ഹെല്പ്ഫുൾ ആയ ഒരു മനുഷ്യൻ.. ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണണമെന്ന് ഇന്നീ ട്രയിനിന്റെ സ്റ്റാമ്പ് കണ്ടപ്പോൾ തോന്നി.

നിങ്ങളുടെ പരിചയത്തിൽ ഹാം റേഡിയോയും ഫിലാറ്റലിയും ഹോബിയായ് കൊണ്ടുനടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. അധികം ദീർഘിപ്പിക്കാതെ ഹോബിപുരാണം നിർത്തുന്നു.‌


ചിത്രത്തിൽ നമ്മുടെ സ്വന്തം വന്ദേഭാരത് എക്സ്പ്രസ്സിന്റെ സ്റ്റാമ്പ്.