ബിജെപി വാർഡ് മെമ്പർ ഫേസ്ബുക്കിൽ വീഡിയോ ഇട്ടതിനാൽ ജനങ്ങൾക്ക് വേറെ കൺഫ്യൂഷനൊന്നുമില്ലാതെ യാഥാർത്ഥ്യം കൃത്യമായ് അറിയാൻ കഴിഞ്ഞു, എന്ത് വിവരക്കേടാണ് ഹേ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ വന്നു വിളിച്ചുകൂവുന്നത്

144

Arun Somanathan

അക്ഷരനഗരി എന്നാണ് കോട്ടയം അറിയപ്പെടുന്നത്.. ആ പേരിനു കളങ്കം ഏർപ്പെടുത്തുന്ന, തികച്ചും അശ്ലീലം എന്നുപറയാവുന്ന സംഭവവികാസമാണ് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കാതിരുന്നതിലൂടെ കോട്ടയത്ത് അരങ്ങേറിയത്. എന്തായാലും “യാഥാർത്ഥ്യങ്ങൾ അറിയട്ടെ” എന്ന് പറഞ്ഞ് മുട്ടമ്പലത്തെ ബിജെപി വാർഡ് മെമ്പർ ഫേസ്ബുക്കിൽ വീഡിയോ ഇട്ടതിനാൽ ജനങ്ങൾക്ക് വേറെ കൺഫ്യൂഷനൊന്നുമില്ലാതെ യാഥാർത്ഥ്യം കൃത്യമായ് അറിയാൻ കഴിഞ്ഞു. എന്ത് വിവരക്കേടാണ് ഹേ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ വന്നു വിളിച്ചുകൂവുന്നത്.

പ്രസ്തുത സംഘി കൗൺസിലറുടെ ന്യായീകരണ വീഡിയോ

 

നിങ്ങൾ നിങ്ങളുടെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ടു പറയുന്നു, കോവിഡ് ബാധിച്ചു മരണപ്പെട്ടയാളുടെ മൃതദേഹം അടക്കുന്നതിൽ നിങ്ങളുടെ വാർഡിലെ ജനങ്ങൾക്കാശങ്കയുണ്ടെന്നും അതിനാലാണ് തടഞ്ഞതെന്നും. ജനങ്ങളെല്ലാം പാവപ്പെട്ടവരാണ്, അവർക്ക് വിദ്യാഭ്യാസം കുറവായതുകൊണ്ട് പുകയിലൂടെ പകരുമോ എന്ന അവരുടെ ആശങ്കകൊണ്ടാണ് ജനങ്ങളുടെ ഒപ്പം നിന്ന് പ്രതിഷേധിച്ചതെന്ന്.ജനങ്ങൾക്കങ്ങനെ ആശങ്കയുണ്ടെങ്കിൽ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം എന്താണ് ? അവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ആശങ്കയകറ്റി ആ സംസ്കാരം നടത്താൻ മുന്നിൽ നിക്കുക എന്നുള്ളതല്ലേ. എന്നിട്ട് നിങ്ങൾ ചെയ്തതെന്താണ് ?

അത് നഗരസഭാ പൊതുശ്മശാനമാണ്. അല്ലാതെ ഏതെങ്കിലും പള്ളിവക സ്വകാര്യ ശ്മശാനമോ അല്ലെങ്കിൽ നിങ്ങളുടെ വാർഡിലെ ജനങ്ങൾക്ക് മാത്രമായുള്ളതോ അല്ല. അങ്ങനിരിക്കേ ഇപ്പോളൊരു ശവസംസ്കാരം നടന്നാൽ ഇനിമുതൽ കോട്ടയത്തെ മുഴുവൻ കോവിഡ് ബാധിത ശവസംസ്കാരവും അവിടെ നടക്കും എന്നുപറഞ്ഞ് അതിനെ എതിർക്കുന്നതിലെ യുക്തി എന്താണ് ?
ശവസംസ്കാരത്തിനാണ് ഹേ ശ്മശാനം.. ശവം കത്തിച്ച പുകയിലൂടെ കോവിഡ് പകരും എന്ന അശ്ശാസ്ത്രീയതയ്ക്കൊപ്പം നിൽക്കുന്നെങ്കിൽ നിങ്ങളാ മെമ്പർ പദവി രാജി വയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ പൊതുശ്മശാനത്തിൽ ശവസംസ്കാരത്തിനുള്ള ഒരു മനുഷ്യന്റ് അവകാശത്തെ തടയുകയല്ല.‌

ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ മതം പറഞ്ഞുകണ്ടു.. അതിന്റെ വിശദാംശങ്ങൾ വ്യക്തമല്ല. ഇടവകാവിശ്വാസികളെ സംബന്ധിച്ച് പള്ളിയിൽ ശവമടക്കുക എന്നത് വിശ്വാസപരമായ ഒരു അവകാശമാണ്. അതുകൊണ്ടാണ് അവിശ്വാസിയായവർക്കും സഭയെതിരായവർക്കും തെമ്മാടിക്കുഴി വിധിച്ചിട്ടുള്ളത് എന്നാണറിവ്. അങ്ങനിരിക്കേ പൊതുശ്മശാനത്തിൽ ശവം “ദഹിപ്പിക്കുക” എന്ന തികച്ചും അക്രൈസ്തവമായ ഒരു ചടങ്ങിന് പരേതനെ വിധേയനാക്കുവാൻ കാരണമെന്താണെന്ന സംശയം ഉയരുന്നു.. ഈ ബിജെപി വാർഡ് മെമ്പറേയും അയാളെ ജയിപ്പിച്ച ആ വാർഡിലെ ജനങ്ങളേയും പോലെ പരേതന്റെ ഇടവകയും അശ്ശാസ്ത്രീയമായ കോവിഡ് ധാരണകളിൽ പെട്ടതായിരിക്കുമോ ?

അങ്ങനെയെങ്കിൽ സർക്കാർ ഗൗരവത്തോടെതന്നെ കാണേണ്ട വിഷയമാണിത്.‌ മൃതദേഹവുമായ് സമ്പർക്കത്തിലേർപ്പെടുന്നവർ വേണ്ടത്ര മുങ്കരുതലുകൾ സ്വീകരിച്ചാല്പ്പിന്നെ മൃതദേഹം കത്തിച്ചാലോ കുഴിച്ചിട്ടാലോ വൈറസ് പകരില്ലെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബോധവത്കരിക്കേണ്ടിയിരിക്കുന്നു.. അല്ലെങ്കിൽ സമാന സംഭവങ്ങൾ ഇനിയും ആവർത്തിക്കും. രാഷ്ട്രീയം പറഞ്ഞ് ഈ വിഷയം ക്ലോസ്സ് ചെയ്യാൻ വളരെ എളുപ്പമാണ്. പക്ഷേ ഉത്തരവാദിത്വപ്പെട്ട ജനത ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടി കൈക്കൊള്ളേണ്ടതുണ്ട്. ഇതിലും മാരകമായ പകർച്ചവ്യാധി വന്നുമരിച്ചവരെയും കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്തിട്ടുണ്ട്.. എന്നിട്ടാണ്.


Bindu Manoj

ശ്ശെ…. കോട്ടയം കാരെ നാറ്റിച്ചല്ലോ . ലോകത്തെ കൊറോണ വാർത്ത ചിത്രങ്ങളിൽ മനസ്സിൽ നിന്ന് മായാത്ത ഒന്ന് ഇറ്റലിയിൽ കോവിഡ് ബാധിച്ചു മരിച്ച സ്വന്തം മാതാവിനെ, കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യ പ്രവർത്തകർ അടക്കുന്നത് ദൂരെ ഒരു മലയുടെ സൈഡിൽ നിന്ന് കണ്ട് വിതുമ്പുന്ന ഒരാളും അയാളുടെ കുടുംബത്തിൻ്റേതുമായിരുന്നു.മറ്റൊന്ന്… അമേരിക്കയിൽ ശീതികരണി സംവിധാനം കേടായി ട്രക്കിനുള്ളിൽ സൂക്ഷിച്ച (ആരോഗ്യ പ്രവർത്തകർ മടുത്ത്, തളർന്ന് പിന്നത്തേയ്ക്ക് സംസ്ക്കാരം മാറ്റി വെച്ച ) മൃതദേഹങ്ങൾ അഴുകി പുറത്തേയ്ക്ക് ഒഴുകിയ സാറ്റലൈറ്റ് ചിത്രം. ഇനിയുമുണ്ട് മനസ്സുലച്ച ചിത്രങ്ങൾ.ഇതൊന്നും കെട്ടു കഥകളല്ല യാഥാർത്ഥ്യം മാത്രം.വിശ്രമമില്ലാത്ത ജോലിക്കിടയിലും ചാനലുകളിലുടെയും, സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും നിരന്തരം പൊതു സമൂഹത്തെ ബോധവത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ഡോക്ടർസ്, മറ്റ് ആരോഗ്യ പ്രവർത്തകർ.അവരുടെ മുഖത്ത് നോക്കിയുള്ള ആചോദ്യം ഉണ്ടല്ലോ.താൻ ആരുവാ…?എന്നാൽ താൻ തൻ്റെ വീട്ടിലേയ്ക്ക് കൊണ്ടു പോടോ.ഹോ കുളിരണഞ്ഞി പോകും കേട്ടാൽ… ( ഒരു മാസ്സ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കൂടി ചേർക്കണായിരുന്നു)പിന്നെ അവിടെ കൂടിയവർ .പറഞ്ഞിളക്കാൻ ആളുണ്ടായാൽ ഇളകുന്ന പൊതുബോധം മാത്രം.അക്ഷര നഗരി എന്ന പട്ടം ഒക്കെ യുണ്ടെന്ന് വെച്ച് വെറുതെ പുളകം കൊണ്ടിട്ട് കാര്യമില്ല. എല്ലായിടത്തെപ്പോലെയും സകല കരട് മുള്ള്,മുരിക്ക് ,കാഞ്ഞിരം ,കുറുവടി, പാമ്പ് പാഷാണം എല്ലാം ഇവിടേയും ഉണ്ട്. പിന്നെ അതൊക്കെ വെളിയിൽ കാണണോങ്കിൽ ഇതുപോലെ ഓരോ സീൻ വരണം മക്കളെ.സമീപ ജില്ലകളടക്കം അഞ്ച് ജില്ലകളിലെ വളരെ സാധാരണക്കാരായ മനുഷ്യർക്ക് മികച്ച ചികിത്സ ലഭിക്കുന്ന കോട്ടയത്തിൻ്റെ അഭിമാനമായ ഒരു മെഡിക്കൽ കോളേജും, അവർ വളർത്തിയെടുത്ത നല്ലൊരു ആരോഗ്യ സംസ്ക്കാരവും ഉള്ള സ്ഥലമാണ്. അതാണ് ഇവർ പെരുവഴിയിൽ അവരെ തടഞ്ഞു കളഞ്ഞു കുളിക്കുന്നത്.ഇവിടെ കൂട്ടുകാർക്കിടയിലൊക്കെ തമാശ ആയിട്ട് പറയാറുള്ള ഒരു കാര്യമുണ്ട്.” മ്മടെ മെഡിക്കൽ കോളേജിൻ്റെ മോർച്ചറിലെത്തും വരെയുള്ള ജീവിതാല്ലേ… പിന്നെന്തിന് എന്ന്…”എല്ലായിടത്തും കുറച്ചു പാഴുകൾ ഇമ്മാതിരി വിവരക്കേടുകൾ കാണിച്ചു കൂട്ടുന്നുണ്ടെങ്കിലും, പാമ്പ് കടിയേറ്റ കുഞ്ഞിനെ വാരിയെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചും, സ്വന്തം സ്‌ഥലത്തു covid ബാധിച്ചു മരിച്ചവരെ അടക്കം ചെയ്യാൻ തയ്യാറെന്നു പറഞ്ഞു മുന്നോട്ട് വരുന്നവരും ഒക്കെ അടങ്ങുന്ന കാഴ്ച ഈ ഗതി കെട്ട കാലത്തും പ്രതീക്ഷ തന്നെയാണ്. വൈകിയെങ്കിലും അന്ത്യവിശ്രമം ലഭിച്ച മുട്ടമ്പലത്തെ ആ അപ്പച്ചനു ആദരാഞ്ജലികൾ.


Rajesh Shiva

അശാസ്ത്രീയബോധം സംഘികളുടെ കൂടപ്പിറപ്പാണ്. ‘പഞ്ചഭൂതങ്ങളിൽ’ അഗ്നി എല്ലാത്തിനെയും എരിച്ചു ചാമ്പലാക്കി സ്വയം ശുദ്ധമായി നിലകൊള്ളും എന്നൊക്കെ വിശ്വസിക്കുന്നവർ ആണ് കത്തിച്ചു ചാമ്പലാക്കാൻ കൊണ്ടുവന്ന ഒരു മൃതശരീരത്തോടു പോലും അയിത്തം കാണിച്ചത്. അവർക്കു ശാസ്ത്രബോധത്തോടുള്ള അയിത്തമാണ് അവർ പുലർത്തുന്ന എല്ലാ അയിത്തങ്ങളുടെയും കാരണം. ശാസ്തീയബോധം ഉണ്ടാകണെമങ്കിൽ, വിമാനം കണ്ടുപിടിച്ചത് രാമായണകാവ്യത്തിലെ മായാസുരൻ അല്ല ഓർ‌വിൽ റൈറ്റ്, വിൽബർ റൈറ്റ് എന്ന സഹോദരങ്ങൾ ആണെന്നതുപോലെയുള്ള നിരവധി അറിവുകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ രാമക്ഷേത്രം കെട്ടിയാൽ ഒന്നും കൊറോണ മാറില്ലെന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു, ഈ മൃതശരീരത്തെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കാതെ കുഴിച്ചിട്ടു എന്നിരിക്കട്ടെ അപ്പോഴും ഈ ഭൂതഗണങ്ങൾ മതംപറഞ്ഞു രംഗത്തുവരും. ഇവന്മാർ ആചാരം പറഞ്ഞു ‘ഉപചാരത്തോടെ’ വാങ്ങിയ സ്ത്രീധനം കൊണ്ട് വാങ്ങിയ പറമ്പിലല്ല, നഗരസഭയുടെ പൊതുശ്മശാനത്തിലാണ് സംസ്കരിക്കാൻ കൊണ്ടുവന്നതെന്നും ഓർക്കണം. കോവിഡ് ബാധിച്ച, പാമ്പുകടിയേറ്റ കുഞ്ഞിനെ മാറോടു ചേർത്ത് ആശുപത്രിയിലേക്കോടിയ സിപിഎം കൗൺസിലർ ക്വറന്റൈനിൽ പ്രവേശിച്ച വാർത്തയും നാം അടുത്തദിവസങ്ങളിൽ കേട്ടിരുന്നു. അശാസ്ത്രീയത മാനവികതയെ തോൽപിച്ച വാർത്തയും സ്നേഹം കൊണ്ട് മാനാവികതയെ കൂടുതൽ ശക്തിപ്പെടുത്തിയ വാർത്തയും കേരളത്തിലാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ലജ്ജയാൽ പൂർണ്ണമായും താഴ്ത്താതെ എന്റെ ശിരസിനെ ഞാൻ അല്പം ഉയർത്തിപ്പിടിക്കുന്നു.


Usha S Nayar

സ്പർശിച്ചാൽ, നേർക്കുനേരേ നിന്നാൽ മരണം ഉറപ്പാവുന്ന ഒരു രോഗമാണോ കൊ വിഡ് 19? ലോകമെമ്പാടും പടർന്നു കയറിയ ഈ മഹാമാരി വലിയ വിഭാഗംജനതയെ അവശരാക്കുകയും അങ്ങനെ ജനജീവിതം സ്തംഭിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിനാൽ ഇതിനെ തടയേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ, ഇന്നു വാരി വിതറുന്ന ഭീതി’ രോഗബാധയേക്കാൾ മാരകമാവുകയാണ്. നിരീക്ഷണത്തിലിരിക്കുന്നവരുടെ ആത്മഹത്യകൾ ഈ ഭയത്തെ യാണ് വെളിവാക്കുന്നതു്.ആറ്റിങ്ങലിലെ പ്രവാസി സുൾഫിക്കർ മരിച്ചു പോയ വിവരംപുറം ലോകം അറിഞ്ഞത് ദുർഗന്ധം വന്നശേഷമാണ്.നിരീക്ഷണത്തിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവർക്ക് അനുഭവിക്കേണ്ടി വരുന്ന സ്നേഹ രാഹിത്യം അവരെ മരണം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു.പല രോഗങ്ങളേക്കാളും മരണ നിരക്ക് തുലോം കുറഞ്ഞ രോഗമാണ് കോവിഡ് 19. കൈ കഴുകിയും മാസ്ക്കു വച്ചുമൊക്കെ പകരാതെ സൂക്ഷിക്കാവുന്നതും പകർന്നാൽ തന്നെ ഭൂരിഭാഗത്തിനും രോഗമുക്തി യുണ്ടാവുന്നതുമാണ്. മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന തരത്തിലുള്ള മരണ വിവരണപ്പട്ടിക നിരന്തരം കേൾപിച്ച് മനസ്സുമര വിപ്പിക്കുകയാണ് മാധ്യമങ്ങ8.

ശവശരീരത്തിൽ ഇരുന്നു പെരുകാൻ ഈ വൈറസിന് സാധിക്കുകയില്ല എന്ന് ശാസ്ത്രജ്ഞർക്കറിയാം. എന്നിട്ടും പൊതിഞ്ഞു കെട്ടി സുരക്ഷിതമാക്കിഅതു സംസ്ക്കരിക്കാൻ കൊണ്ടുവരുമ്പോഴുള്ള ഭീതി മനുഷ്യരുടെ മനുഷ്യത്വം തന്നെ ഇല്ലാതാക്കുകയാണ്. എന്തുകൊണ്ടാണിതു്?കോവി ഡിനെതിരേയുള്ള ബോധവല്ക്കരഞത്തിൽ നമുക്കു പിഴവുകളുണ്ട്. സാമാന്യ ജനങ്ങ8ക്ക് മനസ്സിലാകാത്ത ഭാഷയിലുള്ള വിവരണങ്ങ8 പ്രധാന കാരണമാണ്. പോസിറ്റീവ് ആണ് ഫലം എന്നറിയുമ്പോൾ തന്നെ പാതി മരിച്ച നിലയിലാകുന്നു: ഉറ്റവർ പോലും അകലുന്നു.അറിവു നൽകി ഭയം അകറ്റുമ്പോഴാണ് രോഗത്തെ അതിജീവിക്കാനുള്ള ശക്തിയുണ്ടാകുന്നത്.
ലോകമാകെയുണ്ടാകുന്ന കോവിഡ് മരണത്തിന്റെ കണക്കെടുപ്പാണ് 24 മണിക്കൂറും ചാനലുകൾ നൽകുന്നത്. നിരീക്ഷണത്തിലിരിക്കുന്നവരുടെ പരാധീനതകൾ അന്വേഷിക്കാനാവണം. ശരിയായ റിപ്പോർട്ടുകൾ അധികാരികളിലെത്തിക്കുവാനുള്ള സന്നദ്ധത കാണിക്കണം. രോഗം ഭേദമായ വ രു ടെ അ നു ഭ വ ങ്ങ8 പകർന്നു കൊടുക്കുന്നതും ഭീതി കുറയ്ക്കാൻ സഹായകമാകും.