കേരളത്തിലെ റയിൽവേ റൂട്ടിൽ ആദ്യമായി ഒരു ഡബിൾ ഡെക്കർ ഈ പുതുവർഷത്തിൽ വരാൻ പോകുകയാണ്. ചെന്നൈ-ബാംഗ്ലൂർ റൂട്ടിൽ ഡബിൾ ഡെക്കർ അങ്ങനെ ചീറിപ്പായുമ്പോൾ അതുകാണുന്ന ചിലരെങ്കിലും ഇത് കേരളത്തിലൊക്കെ എന്നാണു വരുന്നത് എന്നു ചിന്തിച്ചിരിക്കാം. എന്നാൽ ആ കാത്തിരുപ്പിനു ഭാഗികമായ് വിരാമമായതായ് ആണ് റയിൽവേ നൽകുന്ന സൂചനകൾ. ഭാഗികം എന്നുപറയാൻ കാരണം മുഴുവനായ് ഡബിൾഡെക്കർ ട്രയിൻ ഓടിക്കാതെ അത്തരം കോച്ചുകൾ നിലവിലോടുന്ന ട്രയിനുകളിൽ അറ്റാച്ച് ചെയ്യുക ആണ് ചെയ്യുന്നത് എന്നതുകൊണ്ടാണ്.
നിലവിലെ ഡേ ട്രയിനുകളിൽ അതായത് 12 മണിക്കൂറിനുള്ളിൽ സേവനം പൂർത്തിയാക്കുന്ന ട്രയിനുകളിൽ ഇപ്പോഴുള്ള a/c ചെയർ കാറുകൾക്ക് പകരമായാണ് ഡബിൾ ഡെക്കർ ഘടിപ്പിക്കുക. കൂടുതൽ സീറ്റുകൾക്കൊപ്പം മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് RCF കപൂർത്തലയിൽ നിർമ്മിച്ച ഈ കോച്ചുകൾ. ചെന്നൈ-ബാംഗ്ലൂർ റൂട്ടിൽ ഓടുന്നവയുടെ തെറ്റുകുറ്റങ്ങൾ പരിഹരിച്ച, ഏറ്റവും ആധുനീകരിച്ച, കൂടുതൽ സ്പേഷ്യസ് ആയ ഈ കോച്ചുകളിൽ എല്ലാ വശങ്ങളിലും ചാര്‍ജര്‍ പോയിൻ്റുകള്‍, സ്റ്റേഷനേതാണെന്നറിയിക്കുന്ന എല്‍ഇഡി ബോര്‍ഡുകള്‍, സിസിടിവി ക്യാമറ, സ്നാക്ക് ടേബിൾസ് എന്നിവയുണ്ടാകും. നിലവിലെ എസി ചെയർകാറുകളിൽ 78 സീറ്റൊക്കെ മാക്സിമം ആകുമ്പോൾ പുതിയ ഡബിൾ ഡക്കറിൽ ഇത് 120 സീറ്റുകളാണ്. 50 എണ്ണം മുകളിലും 48 എണ്ണം താഴെയും ആകുമ്പോൾ ഒരറ്റത്ത് 16 ഉം മറ്റേ അറ്റത്ത് 6 എണ്ണവും സജ്ജീകരിച്ചിരിക്കുന്നു.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലോടിക്കാൻ കഴിയുന്ന കോച്ചുകളാണെങ്കിലും നമ്മുടെ കേരളാ സെക്ഷനിലെ മാക്സിമം സ്പീഡ് 110 കിലോമീറ്റർ ആയതുകൊണ്ട് ഒരു ഫുൾ ഡബിൾഡെക്കർ ട്രയിൻ തന്നെ വന്നാലും സ്പീഡ് കൂടുമെന്ന് കരുതേണ്ടതില്ല. അപ്പോൾ വേണാടിനെ എന്തുകൊണ്ട് ഒരു ഫുൾ ഡബിൾ ഡെക്കർ ട്രയിൻ ആക്കിക്കൂടാ എന്നൊരു സംശയം ഇതുവായിക്കുന്ന പലരിലും ഉണ്ടാകാം.
അതിനുകാരണം എയർകണ്ടീഷൻഡ് അല്ലാതെ ഓപ്പൺ വിൻഡോയുമായി ഈ ഡബിൾ ഡെക്കർ വന്നാൽ അതൊരു പരാജയമായിരിക്കും എന്നതാണ്. പ്ലാറ്റ്ഫോം ലവലിനുകീഴെ സീറ്റിംഗ് പൊസിഷൻ ലോവർ ഡെക്കിൽ വരുമ്പോൾ യാത്രയ്ക്കിടയിൽ പൊടിയടിച്ചുകേറുന്ന പ്രശ്നം ഉണ്ടാകും. പ്രത്യേകിച്ചും പ്ലാറ്റ്ഫോമിലെ മാലിന്യങ്ങളൊക്കെ. വർഷങ്ങൾക്കുമുന്നേ എയർകണ്ടീഷൻഡ് അല്ലാതൊരു ബോഗി ICF ൽ ഉണ്ടാക്കി ട്രയൽ റണ്ണിൽ ഈ മോശം അനുഭവമുണ്ടായി ഉപേക്ഷിച്ചതായി കേട്ടിട്ടുണ്ട്. ആ അനുഭവം മുൻ നിർത്തിയാരിക്കണം പിന്നീട് റയിൽവേ എസി ഡബിൾഡെക്കറുകൾ നിർമ്മിച്ചത്. അതുകൊണ്ട് എ/സിയില്ലാതെ ഇത്തരം കോച്ചുകൾ ചിന്തിക്കുകയേ വേണ്ട. എന്നാൽ വേണാടങ്ങനെ മുഴുവൻ എസി ട്രയിൻ ആയാൽ അതിന്റെ വർദ്ധിച്ച ഫെയർ കൊടുക്കാൻ നമുക്ക് താല്പര്യവും ഉണ്ടാകില്ല. റിസർവ്വേഷൻ ചെയ്തു പോകണമെന്ന കടമ്പയും ദിവസയാത്രക്കാർക്ക് താല്പര്യമുണ്ടാകില്ല.
അതുകൊണ്ട് മുഴുവൻ കോച്ചും ഡബിൾ ഡെക്കറല്ലാതെ നിലവിലെ എസി ചെയർകാറുകൾ മാറ്റിയുള്ള ഈ പരീക്ഷണം വിജയിക്കുമെന്നു തന്നെയാണ് കരുതുന്നത്. RDSO യുടെ പരിശോധന കഴിഞ്ഞ് അനുമതി കിട്ടിയാലുടൻ ഈ ജനുവരി മുതൽ ഇത് വേണാടിൽ ഘടിപ്പിച്ച് ഓടുമെന്നുതന്നെയാണ് പ്രതീക്ഷ.