വാളയാറിലെ മൂന്നാമത്തെ ഇര- ആരൊക്കെയോ സംസാരിക്കാൻ മടിക്കുന്ന മറ്റൊരു ഭരണകൂടകൊലപാതകം

239

Arun Somanathan

വാളയാറിലെ മൂന്നാമത്തെ ഇര- ആരൊക്കെയോ സംസാരിക്കാൻ മടിക്കുന്ന മറ്റൊരു ഭരണകൂടകൊലപാതകം

വാളയാറിലെ ഇരകൾക്ക് വേണ്ടി നാം ശബ്ദിക്കുമ്പോൾ ഭരണകൂടത്തിന്റ് അനാസ്ഥമൂലം നീതിനിഷേധിക്കപ്പെട്ട ആ രണ്ട് കുരുന്നുകളെക്കുറിച്ച് മാത്രമേ നാം ഓർക്കാറുള്ളൂ…ആരുടെയും വാവ അല്ലാത്തതിനാൽ അതിക്രൂരമായ് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, മർദ്ദിക്കപ്പെട്ട്, ആരും ശബ്ദിക്കാനില്ലാതെ ആത്മഹത്യ ചെയ്ത വേറൊരു ജീവനുണ്ട് വാളയാറിൽ.. ആ കുഞ്ഞുങ്ങളുടെ അയൽവാസിയായ പ്രവീൺ..
നമ്മുടെ ധാർമ്മികബോധത്തെയെങ്ങും സ്പർശിക്കാത്ത ബഹളങ്ങളുണ്ടാകാത്തതിനാൽ മാത്രം നമ്മൾ അധികമാരും അറിയാതെ പോയൊരു കേസ്.. അല്ലെങ്കിലും കൂട്ടത്തിൽക്കൂവുന്ന കുറുക്കനായ് മാത്രം ധാർമ്മികത പറയുന്ന നമ്മൾ മലയാളികൾക്കും നമ്മുടെ മാദ്ധ്യമങ്ങൾക്കും വടക്കേയിന്ത്യൻ നീതിനിഷേധങ്ങളുടെ അത്ര വില സ്വന്തം നാട്ടിലെ ഒരു ഭരണകൂട കൊലപാതകത്തിനുണ്ടാവണം എന്ന് ശഠിക്കാൻ പാടില്ലല്ലോ…
വാളയാർ റേപ്പ് കേസിന്റ് ഒരു കേസ് റെകോർഡിലും ജോൺ പ്രവീൺ എന്ന പേരുണ്ടാകില്ല. ലഭ്യമായ മാദ്ധ്യമവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവീണിന്റ് ദുരന്തകഥ ഇങ്ങനെയാണ്.

2017- ൽ രണ്ടാമത്തെ കുട്ടി മരിച്ചതിനുശേഷം ഒന്നാം പ്രതിയുടെ സുഹൃത്ത് എന്ന നിലയിൽ അയൽവാസിയായ പ്രവീണിനെ കസബ സി.ഐ കസ്റ്റഡിയിലെടുക്കുന്നു..
അടുത്തദിവസം അമ്മ എലിസബത്ത് റാണി മകനെ അന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തുന്നു.. പക്ഷേ പോലീസുകാർ കസ്റ്റഡിവിവരം നിഷേധിച്ചു.
ഒടുവിൽ അവിടെ കരഞ്ഞു ബഹളമുണ്ടാക്കിയ അമ്മയോട് സി.ഐ വന്നതിനു ശേഷം മകനെ കാണിക്കാമെന്ന് പറയുന്നു.. സി.ഐ വന്നു… ഒരു റൂമിൽ അടച്ചിട്ടിരിക്കുകയായിരുന്ന മകനെ അമ്മയോടൊപ്പം പറഞ്ഞുവിട്ടു. മകന്റ് ദേഹത്തെ പോലീസ് മർദ്ദനങ്ങളുടെ തിരുവടയാളങ്ങൾ കണ്ട ആ അമ്മയ്ക്ക് കരയാനല്ലാതെ വേറൊന്നിനുമാകുമായിരുന്നില്ല.
“എനിക്കിനി പണിയെടുക്കാനാകില്ലമ്മേ” എന്ന് നീരുവച്ചുവീർത്ത കാലുനോക്കി മകൻ കരഞ്ഞത് പിന്നീട് മാദ്ധ്യമങ്ങളോടും റാണി പറഞ്ഞു..
കുറച്ചുദിവസങ്ങൾക്ക് ശേഷം ഒന്നാം പ്രതിയുടെ സഹോദരൻ വീട്ടിലെത്തുകയും പ്രവീണുമായ് പോകുകയും ചെയ്തു. മൂന്നുദിവസങ്ങൾക്ക് ശേഷം മാത്രമാണത്രേ മകൻ വീട്ടിലേക്ക് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ പ്രവീൺ പറഞ്ഞത് അവനോട് കുഞ്ഞുങ്ങളെ കൊന്ന ആ ഹീനമായ കേസിൽ കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ്.
അതേ,അടുത്തദിവസം പോലീസ് സ്റ്റേഷനിൽ പോകാനും കുറ്റം സമ്മതിക്കാനും അവർ ആവശ്യപ്പെട്ടു..
കുറ്റക്കാർക്കൊപ്പം പോലീസും ചേർന്ന് തന്നെ കുടുക്കുമെന്ന ഉത്തമബോദ്ധ്യത്താലാകാം അടുത്തദിവസം പണിക്കുപോയ് തിരിച്ചുവന്ന അമ്മ കണ്ടത് മകന്റ് ചേതനയറ്റ ശരീരമാണ്..
അവർക്കിപ്പോ അവരുടെ കൂടെയുള്ളത് മകന്റ് ആത്മഹത്യാക്കുറിപ്പ് മാത്രമാണ്.

“തെറ്റുകളൊന്നും ചെയ്തില്ലെങ്കിലും അയൽവാസികളുടെയും നാട്ടുകാരുടെയും മുന്നിൽ മാനം കെട്ടു. എനിക്കിത് താങ്ങാൻ കഴിയുന്നില്ല. എന്റ് മരണത്തിനുത്തരവാദിയായ് വേറാരുമില്ല. എന്റ് കുടുംബത്തെ ശല്യപ്പെടുത്തരുത്”.
അവന്റ് ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയായിരുന്നു.

ചെയ്യാത്തതെറ്റിന്, അതും അതുവരെ ദിവസവും കണ്ടിരുന്ന രണ്ട് കൊച്ചുകുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്ത് കൊന്നെന്ന് സമ്മതിക്കാഞ്ഞതിന്, പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത വിധത്തിൽ പോലീസിനാൽ മർദ്ദിക്കപ്പെട്ട്, നാട്ടുകാരാൽ വെറുക്കപ്പെട്ട് , പ്രതികളുടെയത്ര രാഷ്ട്രീയ ബന്ധമില്ലാത്തതുകൊണ്ട്,ഭരണത്തിൽ പിടിപാടില്ലാത്തതുകൊണ്ട് പ്രവീൺ ആത്മഹത്യ ചെയ്തു…

ഞാനാരുന്നെങ്കിലും ചെയ്തേനേ… എനിക്കിങ്ങനൊരു അവസ്ഥ താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല..

അപ്പോഴാണ് ഇതിലൊന്നും വേദന തോന്നാത്ത കുറേയെണ്ണം നമ്മളോട് വന്ന് മാതൃരാജ്യത്തിനെതിരെ പാക്കിസ്ഥാനും മാവോയിസ്റ്റുകൾക്കും ഒക്കെ ജയ് വിളിച്ച് നടന്നവന്മാരുടെ വായനാശീലത്തെക്കുറിച്ച് പറഞ്ഞ്, ചിന്തിക്കുന്നവരെ ഭരണകൂടം തടവിലാക്കുന്നു എന്നൊക്കെ കാല്പനികതയിറക്കുന്നത്..

ദളിതനായതുകൊണ്ട്, കയ്യിൽ പണമില്ലാത്തതുകൊണ്ട്, വേണ്ട പിടിപാടില്ലാത്തതുകൊണ്ട് ഭരണകൂടത്തിന്റ് പിണിയാളുകളായ പോലീസിനാൽ മർദ്ദിക്കപ്പെട്ട് മരണത്തെ പുൽകിയ വിനായകനും ശശിയും പ്രവീണും ഒക്കെയുള്ള നാട്ടിൽ, ഇതേ ഭരണത്തിൽ ഉഭയസമ്മതപ്രകാരം സെക്സ് നടന്നു റേപ്പ് നടന്നില്ല എന്നുപറഞ്ഞ് രണ്ട് കുരുന്നുകൾക്ക് നീതിനിഷേധിച്ചവരോട് , ഇവരുടെ നീതിനിഷേധങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത് നിർത്തി ഭീകരവാദികൾക്ക് ഓശാനപാടിയവന്റ് മോചനത്തിനായ് ശബ്ദിക്കണമത്രേ..
ഭീകരവാദികളായ മാവോയിസ്റ്റുകളായ് ഇരിക്കുന്നത് കുറ്റമല്ലത്രേ.. പക്ഷേ മതം മാറിയാൽക്കൂടി ദളിതനായിരിക്കുന്നത് പ്രമുഖപാർട്ടിയിൽ പിടിപാടില്ലാത്തിടത്തോളം കാലം കുറ്റമാണ്.. പണവും പിടിപാടും എല്ലാം നിശ്ചയിക്കുന്ന നമ്പർവൺ കേരളം..‌

ഈ കെട്ടകാലത്ത് പ്രവീണിനു വേണ്ടിയോ അവനുമുൻപേ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടിയോ ശബ്ദിക്കാൻ ആളില്ലെങ്കിലും അവർക്കുവേണ്ടി പിണറായിഭരണകൂടത്തെ വിമർശിക്കാൻ ചിലർ തയ്യാറല്ലെങ്കിലും മാവോയിസ്റ്റുകൾക്കും തീവ്രവാദികൾക്കും അവരുടെ മനുഷ്യാവകാശങ്ങൾക്കും വേണ്ടി സംസാരിക്കാനും അവരെ ഗ്ലോറിഫൈ ചെയ്യാനും അവർക്കെതിരെ നടപടിയെടുത്തതിനു പിണറായിയ്ക്കെതിരെ നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനും ഇവിടെ ഒരു ആൾക്കൂട്ടം ഉണ്ടെന്നുള്ളത് പ്രത്യേകം നോട്ട് ചെയ്യേണ്ടതാണ്..

പ്രവീണിനെ കൊന്നവരും പ്രതികളുടെയൊപ്പം നിന്ന് കുട്ടികളെ കൊന്നവരും എല്ലാം പ്രബുദ്ധകേരളത്തെ നോക്കി പല്ലിളിച്ചുകൊണ്ട് ഇന്നും പോലീസ് സർവ്വീസിൽ ഇരിക്കുന്നു.. നിസ്സഹായതയുടെ അങ്ങേത്തലയ്ക്കലാണ് ഓരോ മലയാളിയും.. അതുകൊണ്ട്, പാർട്ടി സ്വത്വബോധം കൊണ്ടു നിശ്ശബ്ദമായിപ്പോയ ഒരു തലമുറയുടെ മുന്നിൽ വീണ്ടും വീണ്ടും ഉറക്കെപ്പറയുകയല്ലാതെ വേറെന്ത് ചെയ്യാൻ പറ്റും