അനൂപിന്റെ മരണം ചർച്ച ചെയ്യേണ്ടത് സത്യത്തിൽ ഡോക്ടർമാർ അല്ല, പൊതുസമൂഹം തന്നെയാണ്

46

✒️ Arun Sree Parameswaran

ക്യാപ്പിട്ടലിസ്റ്റ്.

ഡോക്ടർ അനൂപിന്റെ മരണത്തോട് ഉള്ളത് കേവലം വികാരപരമായ പ്രതികരണങ്ങൾ ആണെന്ന് കരുതരുത്. അനൂപിനെ ഏറെ സ്നേഹിച്ചവർ അതങ്ങനെ പറയുന്നു എന്ന് മാത്രം. അനൂപിന്റെ മരണം ചർച്ച ചെയ്യേണ്ടത് സത്യത്തിൽ ഡോക്ടർമാർ അല്ല, പൊതുസമൂഹം തന്നെയാണ്.

ഏറെ വർഷം പഠിച്ച കണക്കോ, മൂന്ന് എൻട്രൻസ് എഴുതിയ കഷ്ടപ്പാടോ പറയുന്നില്ല. അത് നിസ്സാരമായ കൊണ്ടല്ല, ജനാധിപത്യത്തിൽ വിദ്യാഭ്യാസയോഗ്യതയ്ക്ക് കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന പൗരന്റെ താല്പര്യങ്ങളെക്കാൾ മൂല്യമില്ല. അതങ്ങനെ തന്നെ വേണം താനും. ഞാൻ പറയാൻ പോകുന്നത് അനൂപിനെ പറ്റിയല്ല, ഈ സാധാരണപൗരനെ പറ്റി തന്നെയാണ്.
സമൂഹത്തിൽ ആരാണ് ഡോക്ടർമാർ എന്ന ഒരു ചോദ്യമുണ്ട്. ഇങ്ങനെ ഒരു ചോദ്യം തന്നെയുണ്ടോ എന്ന് മനസ്സിലാക്കാണെങ്കിൽ സമൂഹത്തിൽ ആരാണ് കർഷകർ എന്ന ചോദ്യം നിങ്ങൾ ചോദിച്ചിട്ടുണ്ടാവണം. ഇല്ലെങ്കിൽ മുന്നോട്ട് വായിക്കേണ്ടതില്ല.
ഒരു സമൂഹത്തിന്റെ നിലനിൽപ്പിനും നല്ല നിൽപ്പിനും വളരെ അത്യാവശ്യമായ ഒരു ഗ്രൂപ്പ്‌ ആണ് കൃഷിക്കാർ. ഞാൻ കഴിയ്ക്കുന്ന ചോറിന് അരിയുടെ വില കൊടുത്തിട്ടാണ് വാങ്ങിച്ചത്, അത് കൊണ്ട് കൃഷിക്കാരൻ ചെയ്യുന്നത് ഒരു സർവീസ് അല്ലെന്നും അയാൾ ഓപ്പൺ മാർക്കറ്റിലെ കേവലം ഒരു മെർച്ചന്റ് ആണെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ?

ആധുനിക പൗരൻ ആണെങ്കിൽ കർഷകർ ആത്‍മഹത്യ ചെയ്‌താൽ നമുക്കെന്താ എന്ന് ചോദിയ്ക്കില്ല. കർഷകർ ആരും തന്നെ സർക്കാർ ജോലിക്കാരല്ല, പക്ഷേ പൊതുതാല്പര്യത്തിൽ, പബ്ലിക് ഇമ്പോര്ടന്സ് ഉള്ള ഒരു തൊഴിൽ മേഖല ആണ് കൃഷി. പത്തും പതിനഞ്ചു വർഷത്തെ കഷ്ടപ്പാടുമുണ്ട്. ഇത് പോലെ തന്നെയാണ് ഡോക്ടർമാരും. ബഹുഭൂരിപക്ഷം ഡോക്ടർമാരും സർക്കാർ ജോലിക്കാരല്ല. അത് കൊണ്ട് ആ ജോലിയ്ക്ക് പബ്ലിക് ഇമ്പോര്ടന്സ് ഇല്ലെന്ന് കരുതരുത്.
ജനം ഇല്ലെങ്കിൽ എന്ത് ജനാധിപത്യം.

കോവിഡ് കാലത്ത് കൂടുതൽ വിശദീകരണം വേണ്ടല്ലോ. ആരോഗ്യം അടിസ്ഥാനമാണ്.
നമ്മുടെ ആരോഗ്യ മേഖലയിൽ പകുതിയും സ്വകാര്യ ആശുപത്രികളിൽ അധിഷ്ഠിതമാണ്.
(സ്റ്റേറ്റിൻറെ സപ്പോർട്ട് ഇല്ലാതെ, പരിമിതമായ ഇടത്തരം സൗകര്യങ്ങളിൽ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിയ്ക്കുന്ന ഡോക്ടർമാർ ആണ് സത്യത്തിൽ കൂടുതൽ സേവനം ചെയ്യുന്നത്. പാവപ്പെട്ട രോഗികൾക് വേണ്ടി ഇൻസെന്റ്റീവ്സ് വേണ്ടെന്ന് വെയ്ക്കുന്നവർ കോർപറേറ്റിൽ ഉണ്ടെങ്കിൽ അവരും ചെയ്യുന്നത് സർവീസ് ആണ്.)

പറഞ്ഞ് വന്നത് കർഷക ആത്‍മഹത്യ നിങ്ങളെ ഉൾക്കിടിലം കൊള്ളിയ്ക്കുന്നെങ്കിൽ ഡോക്ടറുടെ ആത്‍മഹത്യയും നിങ്ങൾ ഭയപ്പെടണം. പൊതുജനത്തിന്റെ വെൽ ബീയിങ്ലേക്കുള്ള റിസോഴ്സ് ആണ് നഷ്ടപ്പെടുന്നത്. ഈ മുന്നറിയിപ്പ് വെറും ഒരു ഐഡിയ അല്ല. ഡോക്ടർ അനൂപ് എന്ന ഓർത്തോപെഡീഷ്യന് (അദ്ദേഹത്തെ പോലെ പലർക്കും ) ഒരു രാഷ്ട്രീയമുണ്ട്. അത് സ്കിൽഡ് ആൻഡ് സ്പെഷ്യലിസ്ഡ് സർവീസ് പൊതുജനത്തിന് ഭേദപ്പെട്ട നിരക്കിൽ സമയബദ്ധമായി ലഭ്യമാക്കുക എന്നതാണ്. സ്കിൽ എന്ന വാക്ക് ശ്രദ്ദിയ്ക്കുക, കാരണം ആരോഗ്യം എന്നത് ജീവിച്ചിരിയ്ക്കുക എന്നത് മാത്രമല്ല, ആകുന്നത്ര ക്വാളിറ്റിയോടെ ജീവിയ്ക്കുക എന്നതാണ്. വളരെ സങ്കീർണ്ണമായ ഒരു ഒപ്പറേഷന് സാധാരണക്കാരന് ഒരു ചോയ്സ് ആണ് ഡോക്ടർ അനൂപ്. സർക്കാർ മെഡിക്കൽ കോളേജിൽ സ്കിൽ ഉണ്ട്, പക്ഷേ സമയബദ്ധിതമായി ചെയ്യാൻ കഴിയണം എന്നില്ല.(ആരുടേയും കുറ്റമല്ല, അവിടുത്തെ ലോഡ് അറിയാമല്ലോ ). കോർപറേറ്റിലും സ്കിൽ ഉണ്ടാവും, പക്ഷേ അത്രയും പൈസ എല്ലാർക്കും ഉണ്ടാവണം എന്നില്ല. ഇത് ജീവനരക്ഷ ഓപ്പറേഷൻ മുതൽ കോസമീറ്റിക് സർജറി വരെ ഉള്ള കാര്യങ്ങളാണ്. നിങ്ങൾക്ക്, അതായത് എല്ലാ തട്ടിലുള്ളവർക്കും ഏറ്റവും നല്ല ചികിത്സ (എന്തെങ്കിലും സർവീസ് അല്ല, സ്കിൽഡ് സർവീസ് ) ലഭിയ്ക്കുമെന്ന് ഉറപ്പാക്കുന്ന സാർവ്വത്രികതയുടെ, സോഷ്യലിസ്റ്റിക് ആയ ഒരു ഐഡിയയിൽ പ്ലേസ് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല മോഡൽ ആണ് ഡോക്ടർ അനൂപ്.

ഞാൻ പറഞ്ഞിട്ടുള്ളതാണ്- സോഷ്യലിസ്വും സമത്വവും പുരോഗമനവും കൊണ്ട് വരുന്നത് രാഷ്ട്രീയക്കാരും ബുദ്ധിജീവികളും അല്ല. കർഷകരും ഡോക്ടർമാരും എഞ്ചിനിയർമാരും പോലെയുള്ള സയന്റിഫിക് കമ്മ്യുണിറ്റി ഉള്ളത് കൊണ്ടാണ്. കുടിയാന്മലയയിലെ ആദിവാസിയ്ക്ക് ഇന്റർനെറ്റ്‌ കിട്ടുന്നത് റോക്കറ്റും സാറ്റലൈറ്റും കണ്ട് പിടിച്ചത് കൊണ്ടാണ്. ജന്മനാ വൈകല്യം ഉള്ള കുഞ്ഞിനെ ഭേദമാക്കുമ്പോൾ പാപദോഷങ്ങൾ നിഷ്പ്രഭമാകുന്നു. അങ്ങനെ സയൻസ് പ്രാക്ടീസ് ചെയ്യുന്ന ഒരാളെ അരക്ഷിതാവസ്ഥയിൽ ആക്കി ആത്‍മഹത്യയിലേയ്ക്ക് തള്ളി വിടുമ്പോൾ ഈ വികസന മാതൃകയാണ് ഡിസ്രപ്റ്റ് ആകുന്നത്.

ഇതിന്റെ ഫലം ഇനി കണ്ടോളൂ. ഇടത്തരം ആശുപത്രികൾ വളരെ ചെറിയ, റിസ്ക് ഒട്ടും ഇല്ലാത്ത സർജറികളെ ചെയ്യൂ. അവർ എന്തിന് റിസ്ക് എടുക്കണം, ആർക്ക് വേണ്ടി എടുക്കണം? നോക്കൂ, ഒരു ഡോക്ടർ കഷ്ടപ്പെട്ട് പഠിച്ചു സ്കിൽ സമ്പാദിച്ചു വരുമ്പോൾ അത് ജനങ്ങൾക്ക് ഉപയോഗിയ്ക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാക്കുകത്തിലും റെഗ്രെസ്സീവ് ആയി എന്തുണ്ട്? മനുഷ്യനന്മയ്ക്ക് ആണ് സയൻസ്. സയൻസിനെ പരിപൂർണ്ണ നിസാഹായതയിലേയ്ക്ക് തള്ളി വിടുന്ന നിങ്ങൾ എന്ത് ആധുനികരാണ്? ഇടത്തരം ആശുപത്രികൾ തന്നെ പൂട്ടിപ്പോകാം. അതിന് നമുക്കെന്താ.. ല്ലേ?

ഒരു ജീവനരക്ഷാ ഓപ്പറേഷൻ ചെയ്യാൻ മാസങ്ങൾ കാത്ത് നിൽക്കുക, അല്ലെങ്കിൽ കിടപ്പാടം വിറ്റ് ഉടനെ കോർപറേറ്റിൽ ചികിത്സിയ്ക്കുക, ഈ ചോയ്സ് മാത്രമേ നിങ്ങൾക്ക് ബാക്കി കാണൂ. രണ്ടായാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ മരിയ്ക്കും എന്നത് മറക്കേണ്ട. നിങ്ങളുടെ, പരിപൂർണ്ണ നിസ്സഹായതയുടെ ഈ ശ്വാസം മുട്ടിയ്ക്കുന്ന അവസ്ഥയിൽ നിന്ന് കൊണ്ടാണ് അനൂപിനെ ചർച്ച ചെയ്യേണ്ടത്. അത് നിങ്ങൾ തന്നെ ഉണ്ടാക്കി വെയ്ക്കുന്നു എന്നത് ഏറെ വിചിത്രം.