ദുരൂഹതയിലേക്കു മുങ്ങിപ്പോയ കൈരളി വെള്ളിത്തിരയിൽ എത്തുമ്പോൾ

148
Arun Surendran
ജന്മദിനങ്ങൾ നമുക്ക് ആഘോഷങ്ങളാണ്. എന്നാൽ ശേഷിപ്പുകളില്ലാതെ ആഴക്കടലിൽ മറഞ്ഞുപോയ ഒരു യാനത്തിന്റെ പിറന്നാൾ ദിവസ്സം ഓർമ്മകളിൽപ്പോലും ആനന്ദമാവില്ല, അവളുടെ ചരമവാർഷികത്തിന് അഞ്‌ജലികളുമുണ്ടാവില്ല.
കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പലായായ എം.വി കൈരളിയുടെ അമ്പത്തിമൂന്നാം പിറന്നാൾ വർഷമാണിത്, ജൂലൈ മൂന്ന് അവൾ കടൽമറഞ്ഞതിന്റെ നാല്പത്തിയൊന്നാം വാര്ഷികദിനവും.നങ്കൂരമിടാനാവാത്ത സങ്കടക്കടലാണ് ഇന്നും കൈരളി. 1976 – ലെ പ്രണയദിനത്തിൽ ഓസ്ലോയിലെ ഒലേ ഷ്രോഡറിൽനിന്ന് സാഗസോഡ് എന്ന കപ്പൽ കൊടിയും നിറവും മാറ്റി എം.വി കൈരളിയായി മാറിയ കഥക്ക് ഒരു ത്രില്ലർ സിനിമയയുടെ എല്ല സാധ്യതകളും ഉണ്ട്.
അതെ, കേരത്തിലെ ഒരു പക്ഷേ ഇന്ത്യയിലെത്തന്നെ ഏറ്റവും അവിശ്വസനീയമായ ചരിത്രളിലെന്നായാണ് കൈരളിയെന്ന ചരക്കുകപ്പൽ അറബിക്കടലിൽ അപ്രത്യക്ഷയായത്. തെളിവിന്റെ നേരിയ എണ്ണപ്പാട പോലും തൂവിയിടാതെ കൈരളി തിരോധാനം ചെയ്തു.
നോർവെയിലെ തുറമുഖനഗരമായ ഹോർട്ടനിലെ മറൈനൻസ് ഹോവ്ഡ്വെഫ്ത്ത് ( Marinens Hovedverft ) യാർഡിൽ നിർമ്മിച്ച സാഗസോഡ് ( Saga sword ) ആണ് പിന്നീട് കൈരളിയായത്. 1967 ൽ കപ്പൽ നീററിലിറങ്ങി. 1975ൽ കപ്പൽ ഓസ്ലോയിലെ ഒലേ ഷ്രോഡർ കമ്പനിക്ക് വിററു. ഓസ്കോസോഡ് (Oscosword) എന്ന് പേരിട്ട ഈ കപ്പൽ 1976 ഫെബ്രുവരി 14 ന് കേരള സ്റേറററ് ഷിപ്പിംഗ് കോർപ്പറേഷൻ 5.81 കോടി രൂപക്ക് വാങ്ങി. കൊടിയും നിറവും മാററി കപ്പലിന് എം.വി. കൈരളിയെന്ന് പേരിട്ടു. 1976 മുതൽ 1979 വരെ ചരക്കുകളുമായി കൈരളി രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു.
1979 ജൂൺ 30 ന് മർമ്മഗോവയിൽ നിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമ്മനിയിലെ റോസ്റേറാക്കിലേക്ക് പുറപ്പെട്ടതാണ് കൈരളി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്ററനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്ററ്യൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികളുൾപ്പെടെ 51 പേരുണ്ടായിരുന്നു.
റേഡിയോ സന്ദേശങ്ങളിലൂടെ കരയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു കൈരളി. ജൂലായ് മൂന്ന് രാത്രി എട്ടുമണിക്കുശേഷം കപ്പലിൽ നിന്ന് സന്ദേശങ്ങളൊന്നും ലഭിക്കാതായി. എൻജിൻ മുറിയിൽ ഒരു ബോയ്ലർ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താതാക്കാലികമായി റിപ്പയർ ചെയ്തെന്നുമാണ് അവസാന സന്ദേശങ്ങളിലൊന്ന്. മർമ്മഗോവയിൽ നിന്ന് 500 മൈൽ അകലെ അറബിക്കടലിൽ 18 ഡിഗ്രി അക്ഷാംശത്തിലും 84 ഡിഗ്രി രേഖാംശത്തിലുമായിരുന്നു അപ്പോൾ കപ്പൽ. മൺസൂൺ കാലമായതിനാൽ കടൽ പതിവിലേറെ പ്രക്ഷുബ്ധമായിരുന്നു.
ജൂലായ് 11 ന് ആഫിക്കൻ തീരത്തെ ജിബൂത്തിയിലെ ഷിപ്പിംഗ് ഏജന്റായ മിററ്കോസ് കപ്പൽ അവിടെയെത്തിയില്ലെന്ന് അറിയിക്കുന്നു. നിശ്ചയിച്ച പ്രകാരം ജൂലായ് എട്ടിന് ഇന്ധനം നിറക്കാൻ കപ്പൽ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. അകത്തളങ്ങളിലെ കാര്യങ്ങളൊന്നും പുറംലോകമറിഞ്ഞില്ല, ‘മണത്തറിഞ്ഞ’ മലയാളപത്രങ്ങൾ വാർത്ത പുറത്തുവിടുന്നതു വരെ. ജൂലായ് 15 ലെ പത്രങ്ങൾ അച്ചു നിരത്തി-‘കൈരളിയെ കാണാനില്ല’.
അന്വേഷണങ്ങളുടേയും ജീവനക്കാരുടെ ബന്ധുക്കളുടെ തേങ്ങലുകളുടേയും പ്രവാഹമായി പിന്നെ. കൊച്ചിയിലെ ഷിപ്പിംഗ് കോർപ്പറേഷൻ ആസ്ഥാനത്തിന് ഇങ്ങനെ മറുപടി നൽകാനേ ആയുള്ളൂ: രണ്ട് സൂപ്പർസോണിക്ക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യൻ യുദ്ധക്കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്, കൂടുതലൊന്നുമറിയില്ല. ദിവസങ്ങളോളം തിരഞ്ഞിട്ടും കപ്പലിനേയോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. കിട്ടിയത്, സൊക്കോത്ര ദ്വീപിനടുത്തുകൂടെ കൈരളിയെപ്പോലൊരു കപ്പൽ നീങ്ങുന്നതുകണ്ടു, ബന്ധപ്പെടാനായില്ല എന്ന വിവരം മാത്രം.
ജീവനക്കാരുടെ ബന്ധുക്കൾക്ക് വിശദീകരണങ്ങൾ നൽകാനാവാതെ ഷിപ്പിംഗ് കോർപ്പറേഷൻ വലഞ്ഞു. കോർപ്പറേഷൻ ആസ്ഥാനത്തേക്ക് ബന്ധുക്കൾ കടന്നുകയറി. എം.ഡി.യെ കയ്യേററം ചെയ്യാൻ വരെ ശ്രമമുണ്ടായി.
സമ്മർദ്ദങ്ങൾക്കൊടുവിൽ അന്വേഷണത്തിന് കമ്മിററിയെ നിയോഗിക്കാൻ കോർപ്പറേഷൻ തയ്യാറായി. കൊച്ചിയിലെ മർക്കന്റയിൽ മറൈൻ ഡിപ്പാർട്ടുമെന്റിലെ സർവേയർ ഇൻ ചാർജ് കെ.ആർ.ലക്ഷ്മണ അയ്യരേയും ജീവനക്കാരന്റെ ബന്ധുവായ പ്രൊഫ.ബാബു ജോസഫിനേയും അന്വേഷണത്തിന് നിയോഗിച്ചു.
രണ്ട് നിഗമനങ്ങളിലാണ് ഇവരെത്തിയത്: പ്രതികൂല കാലാവസ്ഥയിൽ 100 അടി ഉയരത്തിൽ തിരമാലകളടിച്ചപ്പോൾ ചരക്കുകൾക്ക് സ്ഥാനചലനം സംഭവിച്ച് കപ്പൽ തകർന്ന് മുങ്ങിയിരിക്കാം; കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ജീവനക്കാരെ ജനവാസമില്ലാത്ത ദ്വീപിൽത്തള്ളി കപ്പൽ സുരക്ഷിതമായിടത്തേക്ക് കൊണ്ടുപോയി.
സന്ദേശങ്ങൾ കിട്ടാതായപ്പോൾത്തന്നെ കപ്പലിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതിന് കോർപ്പറേഷനെ റിപ്പോർട്ടിൽ കുററപ്പെടുത്തി. ജൂലായ് 4,5,6 തിയതികളിൽ കോർപ്പറേഷൻ ആസ്ഥാനത്തുനിന്ന് കപ്പലിലേക്ക് സന്ദേശങ്ങൾ പോയിട്ടുണ്ടെങ്കിലും സ്വീകരിച്ചുകാണുന്നില്ല. ജിബൂത്തിയിലെത്തിയില്ലെന്ന് ജൂലായ് 11 ന് ഷിപ്പിംഗ് ഏജന്റ് അറയിക്കുകയും ചെയ്തു. എന്നിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് അന്വേഷണം തുടങ്ങിയത്.
എം.ഡി.യായ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി. വാസുദേവൻ നായരടക്കം കോർപ്പറേഷനിലുള്ളവരൊന്നും കടൽയാത്രകളേയും കപ്പലുകളേയും കുറിച്ച് അറിവുള്ളവരായിരുന്നില്ല. കപ്പലിലെ റഡാർ കേടാണെന്നും യാത്ര മാററിവെക്കണമെന്നും ക്യാപ്ററൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോർപ്പറേഷൻ ലെയ്സൺ ഓഫീസർ കെ.സദാശിവന്റെ നിർബന്ധത്തിനു വഴങ്ങി ജൂൺ 30നു തന്നെ യാത്ര പുറപ്പെടുകയായിരുന്നു-റിപ്പോർട്ടിൽ പറയുന്നു.
മർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം എറണാകുളം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേററ് കെ.എൻ. നാരാണമേനോനും സംഭവത്തെക്കുറിച്ച് അന്വഷിച്ചു. പ്രതികൂല കാലാവസ്ഥയിൽ പ്രക്ഷുബ്ധമായ കടലിൽ കപ്പൽ മുങ്ങിപ്പോയിരിക്കാമെന്നാണ് കമ്മീഷനും കണ്ടെത്തിയത്. ജീവനക്കാരുടെ വീഴ്ച മൂലമല്ല കപ്പൽ മുങ്ങിയത്. കരയുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോൾ സത്വരമായ അന്വേഷണത്തിന് കോർപ്പറേഷൻ മുതിർന്നില്ല. ഉടൻ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്താനും ജീവനോടെ ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷപ്പെടുത്താനും കഴിയുമായിരുന്നു-കമ്മീഷൻ നിരീക്ഷിച്ചു.
ഇതിനിടെ, കുവൈത്ത് ആസ്ഥാനമായുള്ള ‘പാൻ അറബ് ഷിപ്പിംഗ് ആന്റ് ട്രാൻസ്പോർട്ടിംഗ് കോർപ്പറേഷ’ന്റെ മാനേജിംഗ് ഡയറക്ടർ ജോർജ് ഡാനിയലിൽ നിന്ന് കോർപ്പറേഷന് ഒരു സന്ദേശം ലഭിച്ചിരുന്നു. കപ്പൽ മുങ്ങിയിട്ടില്ലെന്നും കണ്ടുപിടിച്ചുതന്നാൽ മാത്രം പ്രതിഫലം മതിയെന്ന സമ്മതപ്രകാരം അന്വേഷണം നടത്താമെന്നും സന്ദേശത്തിൽ കുറിച്ചിരുന്നു. ലക്ഷ്മണ അയ്യർ-ബാബു ജോസഫ് കമ്മിററി ജോർജ് ഡാനിയലുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് പാൻ അറബ് കമ്പനി വ്യവസ്ഥകളിൽ നിന്ന് പിന്മാറിയെന്ന് പറഞ്ഞ് സർക്കാർ വാഗ്ദാനം നിരസിച്ചു. പഴയകപ്പലുകൾ പൊളിക്കുന്ന കമ്പനിയാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
എന്തായാലും 6.40 കോടി രൂപ കോർപ്പറേഷന് ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ജീവനക്കാരുടെ ബന്ധുക്കൾക്ക് പൊതുവായി 37,730 രൂപ വീതം നൽകി. കോടതിവിധികൾ വഴിയും പലരും കൂടുതൽ നഷ്ടപരിഹാരം നേടി.
കേരളം സ്വന്തമാക്കിയതുമുതൽ ആക്ഷേപങ്ങളും കാണാതായപ്പോൾ അഭ്യൂഹങ്ങളും കപ്പലിന് പിന്നിൽ വകഞ്ഞുമാറുന്ന വെളളച്ചാൽ പോലെ കൈരളിയെ പിന്തുടർന്നു- കപ്പൽ വാങ്ങുന്നതിൽ ഭരണ-രാഷ്ട്രീയതാത്പ്പര്യമുണ്ടായിരുന്നു. പി.കെ.വാസുദേവൻനായർ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ അടുപ്പക്കാരനാണ് കപ്പൽ വാങ്ങുന്നതിൽ ഇടനിലക്കാരനായത്. നോർവീജിയൻ കമ്പനിയിൽ നിന്ന് ഒരു സെക്കന്റ്ഹാന്റ് കപ്പൽ വാങ്ങാൻ കമ്മീഷനുകൾ കൈമറിഞ്ഞിട്ടുണ്ടാവാം. കപ്പൽ വാങ്ങുന്നതിന് സാധ്യതാപഠനം നടത്തിയില്ല. ഷിപ്പിംഗ് കോർപ്പറേഷനിൽ കടൽയാത്രാരംഗത്തെക്കുറിച്ച് അറിവുള്ളവരെ നിയമിച്ചില്ല.
നിർമ്മാതാക്കളുടെ നിർദ്ദേശത്തിനു വിരുദ്ധമായി കൈരളിയിലെ രണ്ടും അഞ്ചും ഹാച്ചുകളിൽ ചരക്കുകൾ കയററിയിരുന്നു. സാധാരണതൊഴിലാളികളെല്ലാം സാങ്കേതികമായി വൈദഗ്ദ്യം കുറഞ്ഞവരായിരുന്നു. ശാസ്ത്രീയമായല്ല ചരക്ക് കയററിയതെന്നതിനാൽ കപ്പലിന്റെ അടിത്തട്ടിൽ മുടിനാരിഴവിള്ളൽ വീണിരിക്കാം. മഴയുള്ള സമയത്തായിരുന്നു ഇരുമ്പയിര് കയററിയത്. 19,000 ടൺ വാഹകശേഷിയുള്ള കപ്പലിൽ കയററിയത് 20,538 ടൺ ഇരുമ്പയിര്.
കപ്പലുമായുള്ള വിനിമയബന്ധം അററുപോയാൽ 72 മണിക്കൂറിനകം ജീവനക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന മാരിടൈം നിയമം കോർപ്പറേഷൻ നടപ്പാക്കിയില്ല. കൈരളി മുങ്ങിയതല്ലെന്നും കടൽക്കൊള്ളക്കാർ തട്ടിയെടുത്തതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവർ തിരിച്ചുവരുമെന്നും വിശ്വസിച്ച ബന്ധുക്കളോട് സർക്കാർ നീതി കാണിച്ചില്ല. വിശദമായൊരു അന്വഷണം നടത്താനല്ല, നഷ്ടപരിഹാരം നേടിയെടുക്കാനാണ് അധികൃതർ തിടുക്കം കാണിച്ചത്.
എല്ലാ ആക്ഷേപാരോപണങ്ങൾക്കിടയിലും ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടായില്ല-കപ്പൽ തകർന്നിട്ടുണ്ടെങ്കിൽ അവശിഷ്ടങ്ങളെവിടെ? വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലൈഫ്ജാക്കററുകളും ലൈഫ്ബോട്ടുകളുമെവിടെ? എണ്ണപ്പാടകളെവിടെ?
ആഴങ്ങളിൽപ്പോയി, അതിനാണ് സാധ്യത, കപ്പൽ മുങ്ങിയതാവാനാണ് ഏററവും സാധ്യതയെന്ന് കൈരളിയിൽ വിവിധകാലങ്ങളിൽ എൻജിനീയർമാരായിരുന്നവർ പറയുന്നു. വലിയ തിരമാലകളെ മറികടക്കാനായില്ലെങ്കിൽ ഏതുകപ്പലും പിളർന്ന് മുങ്ങും. ജൂലായ് ആദ്യആഴ്ചയിൽ അറബിക്കടലിൽ 75-80 അടി ഉയരത്തിൽ തിരമാലകളുയരുന്നതിന്റെ ചിത്രം ഒരു അമേരിക്കൻ ഉപഗ്രഹം പകർത്തിയിട്ടുണ്ട്. തിരമാലകളിൽ നിന്ന് രക്ഷപ്പെടാൻ 25 ഡിഗ്രിയിൽ കൂടുതൽ കപ്പൽ വെട്ടിച്ചെടുക്കാനുമാവില്ല. അങ്ങനെചെയ്താൽ ജനറേററർ സിസ്ററം തകരാറിലാവും. കപ്പൽ നടുവ് പിളർന്ന് അതിവേഗം മുങ്ങും.
അന്വേഷണം വൈകിയതിനാലാവും അവശിഷ്ടങ്ങൾ ലഭിക്കാഞ്ഞതെന്ന് കൈരളിയിൽ നാലാം എൻജിനീയറായിരുന്ന തൃശ്ശൂർ പുതുക്കാട് സ്വദേശി തോമസ് മംഗലൻ കരുതുന്നു.1977 മുതൽ തുടർച്ചയായി 22 മാസം കൈരളിയിൽ ജോലി ചെയ്തിട്ടുണ്ട് തോമസ്. യന്ത്രത്തേക്കാൾ വിലയേറിയതാണ് മനുഷ്യജീവൻ. കപ്പൽ മുങ്ങിയാൽ മനുഷ്യനെ രക്ഷിക്കാൻ ശ്രമിക്കും. കപ്പലിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയതുകൊണ്ട് ഗുണമൊന്നുമില്ല-അദ്ദേഹം പറയുന്നു.
12-14 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിച്ച കൈരളി കാണാതായി പത്തുപന്ത്രണ്ട് ദിവസങ്ങൾക്കുശേഷമാണ് അന്വേഷണം നടത്തുന്നത്. അപ്പോഴേക്കും കപ്പലോ അവശിഷ്ടങ്ങളോ എത്രയോ മൈൽ അകലെയെത്തിയിരിക്കും. അന്വേഷണം നടന്നത് ഈ പരിധികളിലാവാനിടയില്ല എന്നതുകൊണ്ടാവാം ഒന്നും തെളിവായി ലഭിക്കാഞ്ഞത്. ഏതൊരു അപകടം കഴിഞ്ഞാലും അത് പുറംലോകത്തിന് ബോധ്യപ്പെടുത്താൻ ഒരു തെളിവെങ്കിലും ബാക്കിയുണ്ടാകും പക്ഷേ കൈരളിയുടെ കാര്യത്തിൽ ഒരു തെളിവും ശേഷിക്കപ്പെട്ടില്ല, കൈരളി കാണാതായതിനെക്കുറിച്ച് അന്വേഷണരേഖകളും റിപ്പോർട്ടുകളും ഇപ്പോൾ ലഭ്യമല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയുക്കുന്നത്.1974 ലെ കേരള ഷിപ്പിംഗ് കോർപ്പറേഷനും 1975 ലെ കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനും ലയിച്ച് 1989 ൽ രൂപവത്കൃതമായ കേരള ഷി്പ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനാണ് ഈ വിവരമറിയിക്കുന്നത്. ഹ്യൂമൻ റൈററ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി ഡി.ബി.ബിനു 2012 ൽ വിവരാവകാശനിയമപ്രകാരം സമർപ്പിച്ച ഹർജിയിലാണ് കോർപ്പറേഷന്റെ മറുപടി.
ഒരു പക്ഷെ ഇവിടെ എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അൻപത്തിയൊന്ന് വായസ്സായേനെ കേരളത്തിന്റെ ദത്തുപുത്രിക്ക്, ബാക്കിയുണ്ടായേനെ അന്ന് നഷ്ടപ്പെട്ടവരിൽ ആരെങ്കിലുമൊക്കെ.
‘കൈരളി വെള്ളിത്തിരയിൽ എത്തുമ്പോൾ’
2017 ജൂലൈയിൽ കൈരളിയുടെ അമ്പതാം പിറന്നാൾ വാർഷികത്തിൽ കപ്പലിന്റെ കഥ വെള്ളിത്തിരയിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിദ്ധാർത്ഥ് ശിവയുടെ തിരക്കഥയിൽ ക്യാമറാമാൻ ജോമോൻ ടി ജോൺ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു, നിവിൻ പോളി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാവും നിവിൻ തന്നെ. മാത്രമല്ല കൈരളിയുമായി നിവിനും ഒരു ആത്മബന്ധത്തിന്റെ കഥ പറയാൻ ഉണ്ട്, അദ്ദേഹത്തിന്റെ പിതാവ് കൈരളിയിലെ സ്റ്റാഫ് ആയിരുന്നു, പക്ഷേ ഭാഗ്യവച്ചാൽ കൈരളിയുടെ അവസാന യാത്രയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.
കൈരളിയുടെ ഈ നിഗൂഢമായ ചരിത്രമല്ലാതെ സിനിമക്ക് കാത്തിരിക്കാനുള്ള പ്രധാന കാരണമാണ് ജോമോൻ ടി ജോൺ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.
ജോമോനും നിവിനും വേണ്ടി ഏത് ആംഗിളിലാണ് കൈരളി ഇൻസിസിഡന്റിനെ സിദ്ധാർഥ് ശിവ സമീപിക്കുന്നതെന്ന് എനിക്കറിയില്ല. എങ്കിലും അതൊരു സംഭവ കഥയെന്ന യാഥാർത്ഥ്യബോധത്തോടെയാവും(സെന്റിമെന്സോടുകൂടി) എന്ന്‌ കരുതാനാണ് എനിക്ക് ഇഷ്ടം. കൂടാതെ ജോമോന്റെ വിഷ്യവൽ എക്‌സ്പിരിയൻസ് കൂടിയാവുമ്പോൾ(അത് നല്ല രീതിയിൽതന്നെ ഉപയോഗിക്കാൻ സാധിച്ചാൽ) ലോക സിനിമയിലെയ്ക്ക് വെക്കാൻ ഒരു ഇന്ത്യൻ സിനിമ, ടെക്‌നിക്കലി & എസ്തെറ്റിക്ലി.(ഇത് എന്റെ മാത്രം ആഗ്രഹമാണ്).
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്.
തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. മലയാളത്തിൽ ഞാൻ ഇത്രയധികം കാത്തിരിക്കുന്ന സിനിമ വേറെയില്ല..!!
Advertisements