Arun T Vijayan
യൂടൂബില്‍ പഴയ മലയാള സിനിമകള്‍ തപ്പിയപ്പോള്‍ കിട്ടിയത് ചാമ്പ്യന്‍ തോമസ് എന്ന സിനിമ. ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. കഥ, തിരക്കഥ, സംഭാഷണം ജഗതി ശ്രീകുമാര്‍. മണിച്ചിത്രത്താഴ് ഇറങ്ങുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1990ല്‍ പാരാസൈക്കോളജിയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ സിനിമയാണ് ഇത്.
ക്ഷയരോഗ വിമുക്തനായ വേലായുധന്‍ എന്ന സാധാരണക്കാരന്റെ ശരീരത്തില്‍ പ്രവേശിച്ച തോമസ് ജോര്‍ജ്ജ് എന്ന അത്‌ലറ്റിന്റെ പ്രതികാരത്തിന്റെ കഥയാണ് ചാമ്പ്യന്‍ തോമസ്. മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ ആഗ്രഹം ശങ്കരന്‍ തമ്പിയെ കൊല്ലുക എന്നതാണെങ്കില്‍ തോമസ് ജോര്‍ജ്ജിന്റെ ആഗ്രഹം ആന്റോയെ തോല്‍പ്പിക്കണം എന്നതായിരുന്നു. ആന്റോയെ വെല്ലുവിളിച്ച ആ ദിവസം രാത്രിയാണ് തോമസ് ജോര്‍ജ്ജ് ബൈക്ക് അപകടത്തില്‍ മരിക്കുന്നത്. ഒരു വര്‍ഷത്തിനിപ്പുറം ക്ഷയരോഗാശുപത്രിയിലെ ചികിത്സപൂര്‍ത്തിയാക്കി അപകടം നടന്ന അതേ ബസ് സ്റ്റോപ്പിന് സമീപമെത്തിയ വേലായുധന്റെ ശരീരത്തില്‍ തോമസ് ജോര്‍ജ്ജ് പ്രവേശിക്കുന്നു. ആന്റോയെ തോല്‍പ്പിക്കണമെന്ന തന്റെ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ വേണ്ടി. ദുര്‍ബലമായ ഒരു ശരീരത്തിലെ ദുര്‍ബലമായ മനസ്സിലേക്ക് ഇത്തരം ആത്മാക്കള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന ആശയമൊക്കെ കൊണ്ടുവന്നിട്ടുണ്ട്.
വൈരുദ്ധ്യങ്ങളുള്ള ചില നിമിഷങ്ങളില്‍ മാത്രം തോമസ് ജോര്‍ജ്ജ് ആയി മാറുന്ന വേലായുധനെ സഹോദരന്‍ ഭ്രാന്താശുപത്രിയിലെത്തിക്കുന്നതോടെ പാരാസൈക്കോളജി കടന്നുവരുന്നു. ഒടുവില്‍ തോമസ് ജോര്‍ജ്ജിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കോച്ചിന്റെ സഹായത്തോടെ ഡോക്ടര്‍ സംഘടിപ്പിക്കുന്ന അത്‌ലറ്റിക് മീറ്റില്‍ വേലായുധന്‍ ചാമ്പ്യനാകുന്നതോടെ തോമസ് ജോര്‍ജ്ജിന്റെ വെല്ലുവിളി പൂര്‍ണ്ണമാകുന്നു. മറുവശത്ത് വേലായുധന്റെ അച്ഛനും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ഹോമം കൂടിയാകുമ്പോള്‍ മന്ത്രവാദക്കളത്തിന്റെ അന്തരീക്ഷവും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. അതേസമയം അവതരണത്തില്‍ പല രീതിയിലും കല്ലുകടിയുമാണ് ഈ ചിത്രം. വേലായുധനെ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാന്‍ നടത്തുന്ന പരിശീലനമൊക്കെ ഇതിലെ അനാവശ്യ രംഗങ്ങള്‍ക്കുള്ള ഒരു ഉദാഹരണമാണ്.
ജഗതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഏകചിത്രം എന്നതിന് അപ്പുറം മലയാള സിനിമാ ചരിത്രത്തില്‍ യാതൊരു വിധത്തിലുമുള്ള അടയാളപ്പെടുത്തലുകള്‍ ഈ ചിത്രം നടത്തിയിട്ടില്ല. പക്ഷെ, പ്രേതബാധയ്ക്ക് അപ്പുറം പാരാസൈക്കോളജി എന്ന പദപ്രയോഗത്തിലേക്ക് മലയാള സിനിമയെ നയിച്ചതില്‍ റെക്‌സ് സംവിധാനം ചെയ്ത ഈ സിനിമയ്ക്കും പങ്കുണ്ട്.