രാജ്യങ്ങളുടെ എണ്ണമോ കിലോമീറ്ററുകളോ ആകരുത്, സംസ്കാരങ്ങളിലലിഞ്ഞ് ജീവിക്കുക എന്നതാകണം യാത്ര

66

Arun Thadhaagath എഴുതുന്നു 

കൊച്ചിയെത്തീ, അങ്ങനെ കേരളത്തിൽ നിന്ന് ഒറ്റക്ക് വിദേശ രാജ്യങ്ങളിലൂടെ ബൈക്കിൽ 🚴🏿‍♀️സഞ്ചരിക്കുന്ന ആദ്യ മലയാളി ആയി വിജയകരമായി പര്യടനം പൂർത്തിയാക്കി തിരിച്ച് കൊച്ചിയിൽ എത്തി.ലോകരാജ്യങ്ങളിലൂടെ ഏകനായി ബൈക്കിൽ 🚴🏿‍♀️🚲 ഇങ്ങനെയൊരു യാത്ര ആലോചിക്കുമ്പോൾ എനിക്കൊരു ആശങ്കകളും ഉണ്ടായിരുന്നില്ല . എങ്കിലും പ്രിയപ്പെട്ട പല സുഹൃത്തുക്കളും പല ആശങ്കകളും പങ്കു വെച്ചിരുന്നു. ഞാനാകെ കണക്കിലെടുത്തത് , റിസ്ക് എന്നതാണെങ്കിൽ, അത് വെറുതേ വീട്ടിലിരുന്നാലും നമ്മുടെ റോഡിലൂടെ നടക്കുന്ന അത്ര പോലും ഉണ്ടാവില്ലല്ലോ എന്നാണ്. വിദേശത്തെല്ലാം അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി,സ്വാഭാവിക ജീവിതത്തിൽ പെട്ടതാണ് നീണ്ട യാത്രകൾ സ്കൂൾ തലം കഴിയുമ്പോൾ തന്നെ ,ഒരു സൈക്കിളിൽ അല്ലെങ്കിൽ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് വർഷങ്ങളോളം നീണ്ടു നിൽക്കുന്ന യാത്രകൾ നടത്തും. ചിലപ്പോൾ അതിനിടയിൽ അവർക്കോപ്പം പാർട്ട്ണർ ഉണ്ടാകാം. അങ്ങനെയാണവർ ജീവിതം പഠിക്കുന്നത്. അതിനിടക്ക് സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ചിലപ്പോൾ ആപ്പിൾ പ്ലക്കിങ്, അല്ലെങ്കിൽ വർക്ക് ഷോപ്പിലെ അസിസ്റ്റൻറ് ജോലി ,കൃഷിപ്പണി, തുടങ്ങിയവ ചെയ്ത് തുടർയാത്രക്കുള്ള ചെലവ് അവർ കണ്ടെത്തുന്നു. അതിനു ശേഷമാണവർ higher വിദ്യാഭ്യാസത്തിന് വരുന്നത് പോലും. അപ്പോഴേക്കും പല കഴിവുകളും അറിവും അവർ ആർജ്ജിച്ചെടുത്തിട്ടുണ്ടാവും.

വെറുതെ ഒരു അക്കാദമിക് സർട്ടിഫിക്കറ്റിൻറെ മേമ്പൊടി ആവശ്യം മാത്രമേ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലൂടെ അവർക്ക് ഉണ്ടായിരിക്കുകയുള്ളു. അതു കൊണ്ടായിരിക്കാം അവരുടെ ടെക്നോളജിയും മറ്റും ഏറ്റവും മികച്ചതായിരിക്കുന്നത്. ഇവിടെ നമുക്ക് 25 വയസ്സ് കഴിഞ്ഞാലും 30 വയസ്സ് കഴിഞ്ഞാലും അച്ഛനും അമ്മയും തന്നെ തീരുമാനങ്ങൾ എടുക്കുന്നു.ഒപ്പം Pear pressure ഉം Social pressure ഉം.കടുത്ത നിയന്ത്രണങ്ങൾ ഉള്ള ലോകത്ത് ആണ് നാം നില നിൽക്കുന്നത്.
എവിടെ പഠിക്കണം? എന്ത് പഠിക്കണം?എങ്ങനെ പഠിക്കണം?, എപ്പോൾ പഠിക്കണം? ആരോടൊക്കെ കൂട്ട് കൂടണം? തുടങ്ങി ആരെ കല്യാണം കഴിക്കണം,ഏതാശുപത്രിയിൽ പോകണം,എന്ത് കഴിക്കണം?തുടങ്ങി ഓരോ കാര്യത്തിലും മാതാപിതാക്കളും, ബന്ധുക്കളും,സമൂഹവും നിരന്തരം സമ്മർദ്ദം ചെലുത്തികൊണ്ടേയിരിക്കുന്നു. എനിക്ക് തോന്നുന്നത്,ചില രാജ്യങ്ങളിൽ നിർബന്ധിത സൈനിക സേവനം ഉള്ളത് പോലെ, കുറഞ്ഞത് ഒരു വർഷമെങ്കിലും ഇത്തരത്തിൽ അലഞ്ഞു തിരിഞ്ഞുള്ള യാത്രകൾ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കി നിർബന്ധിതമാക്കി മാറ്റിയാൽ തന്നെ,നമ്മൾ ലോകത്തെ, കുറേക്കൂടി വിശാലമായി കാണാനും എന്തും ചെയ്യുവാനും,
ഏത് പ്രതിസന്ധിയേയും നിസ്സാരമായി നേരിടാനും,ഇത് നമ്മെ പ്രാപ്തമാക്കും എന്നാണ്.

അതുകൊണ്ടാണ് ഞാൻ ഫോറിനേഴ്സിനെ മാത്രം മാതൃകയാക്കിയെടുത്തത്. യാത്രക്കായി ഒരു തയാറെടുപ്പും നടത്തേണ്ടതില്ല* , നേരെയങ്ങ്‌ യാത്ര ആരംഭിക്കുക. നിങ്ങൾ എന്തു തയാറെടുപ്പ് നടത്തിയാലും അതെല്ലാം യാത്രകളിൽ അനാവശ്യവും അപ്രസക്തവുമായി മാറും. നിങ്ങളെ അതൊന്നും സംരക്ഷിക്കില്ല. യാത്രയിൽ നീങ്ങി നീങ്ങി ഓരോ കാര്യങ്ങളും നിങ്ങൾ പഠിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് അങ്ങ് ആരംഭിക്കുക, പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പും ഇല്ലാതെ.ഓരോരുത്തരുടേയും സ്വഭാവവും ശൈലിയും ആവശ്യങ്ങളുംഎല്ലാം വ്യത്യസ്തമായിരിക്കും എന്നത് കൊണ്ട് തന്നെ യാത്രയിൽ ഒരിക്കലും മറ്റൊരാളുടെ ശൈലി ഈച്ചക്കോപ്പി ചെയ്തിട്ട് കാര്യമില്ല.അഥവാ ചെയ്താൽ മടുത്ത് വഴിയിൽ ഇട്ട് പോരുകയേ ഉള്ളൂ എന്നെനിക്ക് തോന്നി. അതിനാൽ ക്ലീൻ സ്ലേറ്റായി ഇറങ്ങി.സഞ്ചാരിക്ക് നെഗറ്റീവും പോസിറ്റീവുമില്ല,അനുഭവങ്ങൾ മാത്രമേയുള്ളൂ.വാഹന മോഷണമോ അപകടമോ ആക്രമണമോ അടക്കം എന്ത് സംഭവിച്ചാലും അതിനെ അനുഭവങ്ങളായി മാത്രം കണ്ട് സ്വീകരിക്കാൻ മനസ്സിനെ പഠിപ്പിച്ച് അങ്ങിറങ്ങി.

എന്തായാലും ഒരു നെഗറ്റീവ് അനുഭവം പോലും,ഒരു മോഷണ ശ്രമം പോലും ,എന്തിനേറെ കയർത്ത് കൊണ്ട് ഒരു മനുഷ്യൻ പോലും ഈ ഒരു വർഷത്തിനിടയിൽ ഉണ്ടായില്ല.ആരൊക്കെയോ എന്നെ എല്ലായിടത്തും താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് പോലെ,അദൃശ്യനായി ആരോ എന്നെ സംരക്ഷിക്കാൻ എനിക്കൊപ്പം എപ്പോഴും വരുന്നത് പോലെ എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിരുന്നു. ചിലരതിനെ ദൈവം എന്ന് വിളിക്കുന്നു.ചിലപ്പോഴത് Survival of the fittest ഉംnatural selection ഉം ആയി പ്രകൃതി തന്നെ എനിക്കൊപ്പം നിന്നതാകാം.നന്മ നന്മയെ ആകർഷിക്കുന്നു എന്ന മന്ത്രവുമായാണ് ഞാൻ ഭയമൊന്നുമില്ലാതെ യാത്ര നടത്തിയത്. എന്നാലും ഒരു ക്വാളിറ്റി bike 🚲 ആവശ്യമാണെന്ന് മ്മക്ക് തോന്നി..ഏത് ചവിട്ടു വണ്ടിയിലും യാത്ര ചെയ്യാമെങ്കിലും ക്വാളിറ്റിയുള്ള bike 🚲 ഉണ്ടെങ്കിൽ നല്ലത് എന്നു തോന്നി. ഒരു നല്ല bike 🚲എടുത്തു, ഇറങ്ങാൻ തീരുമാനിച്ചു, സ്വപ്നം കണ്ടില്ല,അങ്ങിറങ്ങി. പക്ഷെ യാത്ര ആരംഭിച്ചപ്പോൾ മുതൽ ഊർജ്ജവും ആവേശവും ഓരോ നിമിഷവും കൂടിക്കൂടി വന്നു.

എന്തേദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ‘ എന്ന് മാത്രമായി ചിന്ത. എപ്പഴേ തുടങ്ങേണ്ടതായിരുന്നു. എന്തേ ഉണ്ണീ ഇത്ര വൈകിയത് എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഇതിനർത്ഥം എല്ലാം പെർഫെക്റ്റ് ആയിട്ടാണ് ഞാൻ ആരംഭിച്ചത് എന്നോ എല്ലാം വളരെ സുഖകരമായി നീങ്ങുന്നു എന്നോ ഒന്നുമല്ല, ഇത് നമ്മുടെ ആറ്റിറ്റ്യൂഡ് ആണ്. നിങ്ങൾ എങ്ങനെ കാണുന്നു എന്നതാണ് പ്രസക്തം. യാത്രയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കയ്യിൽ കിട്ടുന്നത് കെഎസ്എഫ്ഇ ചിട്ടി യുടെ അമ്പതിനായിരം രൂപയുടെ റവന്യൂ റിക്കവറി രജിസ്റ്റേഡ്ജപ്തി നോട്ടീസ് തപാൽ ആണ്. പണ്ട് ഒരു കാടുണ്ടാക്കാൻ നോക്കിയതിന്റെ ഫൈൻ.മാസം തോറും 15000 രൂപ ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു.ഇതിനിടയിലും ഇതൊക്കെ ഇങ്ങനെ എങ്ങനെയോ അടഞ്ഞു പോകുന്നത് എനിക്കടക്കം അദ്ഭുതമാണ്. ഈ RR നോട്ടീസ് മറ്റേതൊരാൾക്ക് ആണെങ്കിലും അശുഭ സൂചനയായി കാണുമ്പോൾ മ്മള് ചിന്തിച്ചത് കൊള്ളാലോ, അടിപൊളി യാത്രയ്ക്ക് , എന്നുംആരോടും ആവേശത്തോടെ പറയാവുന്ന നല്ല സൂപ്പർ തുടക്കം എന്നാണ് .

ഓഫീസിൽ എല്ലാവരും നല്ല സഹകരണം ആയിരുന്നിട്ടും ഉത്തരവാദിത്തപ്പെട്ട ഒരാൾ മാത്രം ഇല്ലാത്ത ചുവപ്പുനാട വച്ച് നിസ്സഹകരിച്ചതിനാൽ എൻറെ വിസ നിഷേധിക്കപ്പെട്ട് ഒരു പാട് കാലം കാത്തിരിക്കേണ്ടിവന്നു. പക്ഷേ ആ ഒരാളോടും എനിക്ക് ഒരു ദേഷ്യവും ഇല്ല. അദ്ദേഹം ജീവിതത്തിൽ എന്നും ഓർമ്മകളിൽ ഉണ്ടായിരിക്കും, യാത്രയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ആദ്യം വരുന്ന പേരുകളിൽ ഒന്നായി.ഏറ്റവും എളുപ്പം എന്ന് നമ്മൾ കരുതുന്നത് ആകാം ഏറ്റവും ബുദ്ധിമുട്ടായി മാറുന്നതെന്ന് എന്നെ തിരിച്ച് അറിയിച്ചതിന് ആ ഒരാളോട് പ്രത്യേകം നന്ദി.

സർക്കാർ സർവീസ് ഇങ്ങനെയൊക്കെയാണ് എന്ന് വീണ്ടും വീണ്ടും നമ്മളെത്തന്നെഓർമിപ്പിക്കാൻ ഇത് സഹായിച്ചു. കയ്യിൽ പണം ഇല്ലാതിരുന്നതും ലോൺ കിട്ടാൻ വൈകിയതും എല്ലാം ചില അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിൽ പരിമിതികൾ ഉണ്ടാക്കിയെങ്കിലും യാത്രയിൽ അത് പോലും ഊർജ്ജം നിറഞ്ഞുനിൽക്കുന്ന അനുഭവമാണ്. യാത്രക്കിറങ്ങുമ്പോൾ മുതൽ എന്നെ പ്രോൽസാഹിപ്പിച്ച മുഴുവൻ പേരോടും നിറഞ്ഞ ഹൃദയത്തോടെ നന്ദി പറയുന്നു. ഓരോ പേരുകളും എടുത്തുപറഞ്ഞു പോകുന്നില്ല അതുപോലെ ഇങ്ങനെയൊരു യാത്രയെപ്പറ്റി അറിഞ്ഞപ്പോൾ ഓൺലൈനിലും ഓഫ് ലൈനിലുമായി bike സംശയങ്ങൾ ചോദിച്ച് വന്ന ധാരാളം സുഹൃത്തുക്കൾ,മഹാരാജാസ് കോളേജിലേയും ആർട്സ് കോളേജിലേയും ചങ്കുകൾ,പേരെടുത്ത് പറയുന്നില്ല- ഓരോരുത്തർക്കും നന്ദി അറീയിക്കുന്നു.ബുള്ളറ്റ് പ്രേമമെല്ലാം ഉപേക്ഷിച്ച്, bike 🚴🏿‍♀️🚲വാങ്ങണം എന്ന് ചിന്തിച്ച,വാങ്ങിയ ഒരുപാട് സുഹൃത്തുക്കൾ, അവരാണ് യഥാർത്ഥത്തിൽ ഈ യാത്രയെ മനോഹരമാക്കുന്നവർ. കാരണം ഇത് ഒരു അരുൺ തഥാഗത് -ന് മാത്രം പറ്റുന്ന ഒന്നല്ല, അരുൺ തഥാഗത്-ന് പറ്റുമെങ്കിൽ അതിനേക്കാൾ മനോഹരമായി തങ്ങൾക്കെല്ലാം സാധിക്കും എന്ന് തെളീയിച്ച അവരാണ് ഈ യാത്രയുടെ യഥാർത്ഥ വിജയം.

ഒന്നുമില്ലായ്മയിൽ നിന്നാണ് യാത്ര.,നാടോടിക്കാറ്റ് സിനിമയിൽ ജോലി തെണ്ടി നടക്കുന്ന മോഹൻലാലിനോട് ഇന്നസെന്റ് ചോദിക്കുന്ന പോലെ,ആകപ്പാട് രണ്ട് പറ അരീടെ ചോറുണ്ണുന്ന വയർ മാത്രമായിട്ടങ്ങ് ഇറങ്ങിയേക്ക്വാണല്ലേ എന്ന് ചോദിക്കുന്ന പോലെ മ്മക്ക് ആകെയുള്ള രേഖ ബൈക്കിൽ 🚴🏿‍♀️🚲 പോകണം എന്ന ആഗ്രഹം മാത്രം.യാത്രയെ Cover ചെയ്ത ,ചെയ്യാൻ കാത്തിരിക്കുന്ന വിവിധ മാധ്യമ പ്രവർത്തകരോട്,പ്രത്യേകം നന്ദി പറയുന്നു.തുടക്കത്തിൽ ഇതെന്റെ മാത്രം fun ന് വേണ്ടിയുള്ള യാത്ര മാത്രം ആയിരുന്നെങ്കിൽ ഇപ്പോഴിത് മൊത്തം മലയാളികൾക്കായി,ഒരു മലയാളി അഭിമാനപൂർവ്വം നടത്തുന്ന യാത്രയായി അങ്ങനെ മാറി.കൊറോണ ലോക് ഡൗണിൽ പെട്ട് കുടുങ്ങിയപ്പോൾ ഇടപെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി. ശ്രീ.മുരളീധരൻ ,മുൻമന്ത്രിയും CPM PB അംഗവുമായ ശ്രീ.MA ബേബി,ശ്രീ. MA. ആരിഫ് MP, മുൻ MP യും ദേശാഭിമാനി ചീഫ് എഡിറ്ററും പ്രിയ സുഹൃത്തുമായ ശ്രീ.P രാജീവ്,ലാവോ ഇന്ത്യൻ എംബസി ,തുടങ്ങി എല്ലാവർക്കും നന്ദി ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഓൺലൈനിലും ഓഫ് ലൈനിലും ഉപദേശ നിർദ്ദേശങ്ങളും അന്വേഷണങ്ങളുമായി ഒപ്പം നിൽക്കുന്ന സിനിമാ താരങ്ങൾ, സെലിബ്രിറ്റികൾ മുതൽ ഏറ്റവും സാധാരണക്കാരായവർ
വരെയുള്ള പ്രിയപ്പെട്ടവർ,ബന്ധുക്കൾ ,സുഹൃത്തുകൾ , എല്ലാവർക്കും നിറഞ്ഞ നന്ദിയോടെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.യാത്രയുടെ ഈയൊരു ഘട്ടം കഴിഞ്ഞ് ഇന്നലെ തിരിച്ച് നാട്ടിലെത്തി,പക്ഷേ യാത്രകൾ അവസാനിക്കുന്നില്ല. ജീവിതം തന്നെ നിലയ്ക്കാത്ത യാത്രയാണല്ലോ.വിയറ്റ്നാമിൽ നിന്നുള്ള സ്പെഷ്യൽ ചാർട്ടർ ഫ്ലൈറ്റ് ഗഫൂർ ഭായ് ഇടപെട്ട് ,
എനിക്ക് വേണ്ടി ദുബായ് കടപ്പുറം വഴി ,ഛെ ലാവോ (Laos) വഴിതിരിച്ചുവിട്ട് അതിൽ ഡൽഹിയിൽ എത്തി , തുടർന്ന് അടുത്ത ഫ്ലൈറ്റിൽ തന്നെ ഇന്നലെ കൊച്ചിയിലെത്തി.റൂം ക്വാറന്റൈൻ മതിയെങ്കിലും അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. മ്മക്കൊപ്പം ഓളും വന്നു.ആര് ?മ്മടെ സേർളി ട്യൂറിംഗ് ബൈക്ക്. 🚲 SURLY DISC TRUCKER touring bike.🚴🏿‍♀️🚲

എന്തായാലും നായിക കുളത്തിലേക്ക് എടുത്തു ചാടുകയല്ലേ ,അപ്പൊ പിന്നെ ക്യാമറയും ഒപ്പം ചാടിക്കോട്ടെ എന്ന് പറഞ്ഞ പോലെ ബൈക്കും ഒപ്പം പോന്നു.ഒരു പഞ്ചർ (flats) കൊണ്ട് പോലും ബുദ്ധിമുട്ടിക്കാതെ,വല്ലപ്പോഴും നൽകിയ വായു മാത്രം ഭക്ഷിച്ച്, യാതൊരു പരിഭവവും പിണക്കവുമില്ലാതെ കൊടും തണുപ്പിലും മഞ്ഞിലും മഴയിലും പൊരിവെയിലിലും ചെളിയിലും പൊടിയിലും കുഴിയിലും തോട്ടിലും എല്ലായിടത്തും ഇത്രയും കാലം രാപകലില്ലാതെ എന്നെ ചുമന്ന് എനിക്കൊപ്പം 13000 – 14000 കിലോമീറ്റർ സഞ്ചരിച്ച ഓളെ ഉപേക്ഷിക്കാനോ?ക്വാറന്റൈനിലും എനിക്കൊപ്പം മുറിയിൽ ഓളുണ്ട് .അവിടന്ന് വേറേം കുറേ കുറെ സുന്ദരി പെണ്ണുങ്ങളെ കൊണ്ടുവന്നാൽ കൊള്ളാം എന്നുണ്ടായിരുന്നു , പിന്നെ എത്രയെണ്ണം എന്ന് വച്ചാ കൊണ്ടുവരിക,അതുമല്ല,
ബാക്കിയുള്ള ആരാധികമാർക്ക് ഒരു വിഷമം ആകുമല്ലോ,എന്ന് കരുതി മാത്രം വിശാലഹൃദയനായ ആശാൻ എല്ലാവരോടും ക്ഷമിച്ച് ആരേയും കൊണ്ടുവരാതെ എല്ലാവരും ഉപേക്ഷിച്ചു പോരുകയാണ് ഉണ്ടായത് എന്ന് കദനകഥ ഇവിടെ നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ് സൂർത്തുക്കളേ.

അപ്പോ ഞങ്ങൾക്കൊപ്പം യാത്ര ചെയ്തതിന് എല്ലാവരോടുമുള്ള നന്ദി ഹൃദയത്തിൽ സൂക്ഷിക്കുന്നു. തുടർന്ന് അടുത്ത യാത്രയ്ക്കും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു . കൊറോണ ഇല്ലായിരുന്നെങ്കിൽ മീഡിയകളും ആരവങ്ങളുമായി വലിയ ആവേശത്തോടെ അവസാനിക്കേണ്ടതായിരുന്നു .ഇത് ആരും അറിയാതെ , ആരുമില്ലാതെ തനിച്ച് എത്തി ,വീടനടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിലാണ് താമസം. പബ്ലിസിറ്റി കളിൽ ഒന്നും ഇപ്പൊ താൽപര്യമേയില്ല . അതിനുപ്പുറമുള്ള പലതും നേടിക്കഴിഞ്ഞു എന്ന് തന്നെയാണ് കരുതുന്നത്.കൃത്യം ഒരു വർഷത്തെ അദ്ഭുതകരമായ,അനുഭവങ്ങൾ,ഒരു സെക്കന്റ് പോലും മടുക്കാത്ത ,എനിക്ക് , എന്നേട് തന്നെ അസൂയ തോന്നുന്ന , ഈ യാത്ര.എല്ലാവരുടേയും സ്വപ്നമാണീ യാത്ര.പക്ഷേ ഞാൻ സ്വപ്നം കണ്ടില്ല,അങ്ങിറങ്ങി ജീവിച്ചു,എത്രയെത്ര രാജ്യങ്ങൾ, എത്രയെത്ര ആളുകൾ,സംസ്കാരങ്ങൾ ,എത്രയെത്ര വീടുകൾ,എത്രയോ ഹോട്ടലുകൾ,എത്രയോ സൗഹൃദങ്ങൾ എത്രയോ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ,എനിക്കെല്ലാവരും സ്നേഹവും പരിഗണനയും മാത്രമേ തന്നുള്ളൂ.നിങ്ങൾ ഓരോരുത്തരുമടക്കം കണ്ടിട്ടേയില്ലാത്ത എത്രയോ മനുഷ്യരുടെ സ്നേഹവും കരുതലുമാണ് ഈ അവസാന നിമിഷത്തെ ഫ്ലൈറ്റ് ടിക്കറ്റ് അടക്കമായി എന്നിലേക്കെത്തിയത്.നന്ദി പറഞ്ഞ് നന്ദി കേടാക്കുന്നില്ല.. നിമിഷംപോലും മടുക്കാത്ത അങ്ങേയറ്റം ജീവിതം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആവേശം നൽകുന്ന അനുഭവങ്ങളുടെ പാഠവുമായി ,ഭാണ്ഡവുമായി ,കാലിപ്പോക്കറ്റെങ്കിലും അതീവ സമ്പന്നനായി സംതൃപ്തനായി എത്തി.യാദൃശ്ചികമായാണെങ്കിലും ഓണത്തിന് നാട്ടിൽ എത്താൻ പറ്റി.അതുകൊണ്ടുതന്നെ പോക്കറ്റിലൊന്നും ഇല്ലാത്തതിലോ മീഡിയ ഇല്ലാത്തതിലോ ഒരു വിഷമവും ഇല്ല .സ്നേഹവുംസ്വാതന്ത്ര്യവും സന്തോഷവുംഅനുഭവങ്ങളും വിട്ട്
തിരിച്ച് പോരേണ്ടി വന്നതിൽ മാത്രമേ ദു:ഖമുള്ളൂ.അതിനാൽ തന്നെ അടങ്ങിയിരിക്കാനാവില്ലല്ലോ.ഉടൻ അടുത്ത യാത്രയ്ക്കിറങ്ങുകയാണ്. യാത്രകൾ അവസാനിക്കുന്നില്ല.ഉടൻ തന്നെ ദക്ഷിണ ഉത്തര അമേരിക്കൻ ഭൂഖണ്ഡങ്ങളിലൂടെയും തുടർന്ന് യൂറോപ്പിലേക്കും മണിനാദവുമായി രാജ്യത്തിന്റെ പതാകയുമായി ഓരോ മലയാളിക്കും അഭിമാനമായി നീങ്ങുകയാണ്.

രാജ്യങ്ങളുടെ എണ്ണങ്ങളോ വെറുതേ കിലോമീറ്ററുകളോ ആകരുത് മറിച്ച് സംസ്കാരങ്ങളിൽ അലിഞ്ഞ് ചേർന്ന് ജീവിക്കുക എന്നതാകണം യാത്ര എന്ന് തീരുമാനിച്ചിരുന്നു.അതിനോട് നൂറ് ശതമാനവും നീതി പുലർത്താൻ സാധിച്ചു.നിലവിൽ ലോണെടുത്താണ് യാത്ര ചെയ്തത്,ഇനിയങ്ങോട്ട് പക്ഷേ സ്പോൺസർമാരെ കണ്ടെത്തണം,സാധിക്കും എന്ന് കരുതുന്നു.ആർക്കും പറയാംഞാനിങ്ങനെ ചെയ്യും ,അങ്ങനെ ചെയ്യും എന്ന് .പക്ഷേ ചെയ്യുക എന്നത് വേറേയാണ്.ഒരു വർഷം മുമ്പ് യാത്രക്കിറങ്ങുമ്പോൾ അതു കൊണ്ടാണ് അധികം പബ്ലിസിറ്റി കൊടുക്കാതിരുന്നതും.പക്ഷേ ഇന്ന് Proven ആയതിനാൽ അടുത്ത ഘട്ടത്തിന് സ്പോൺസർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടില്ല.നമ്മുടെ ethics ഉം സ്വാതന്ത്ര്യവും അനുവദിക്കുന്നintegrity ഉള്ളreputed സ്പോൺസർമാരെ മാത്രമേ സ്വീകരിക്കൂ.അറിഞ്ഞതേറെ സുന്ദരം,അറിയാനുള്ള തതിലേറെ മനോഹരം.
“woods are lovely dark and deep,
but I have promises to keep,
and miles to go before I sleep,
and miles to go before I sleep”,
ഒരു ദിവസത്തേക്കല്ലാതെ എന്നെന്നും ഓണത്തിന്റെ സന്തോഷം നിറഞ്ഞ് നിൽക്കട്ടെ എന്നാത്മാർത്ഥമായി ആശംസിക്കുന്നു.  സമൃദ്ധിയും സമഭാവനയും സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്ന ഓണമായാലും പരിസ്ഥിതി ദിനമായാലും ഒരു ദിവസത്തേക്കല്ല, ജീവിതത്തോടൊപ്പം ഓരോ നിമിഷവും ഉണ്ടാകണം. ഉണ്ടാകട്ടെ .എല്ലാവർക്കും സ്നേഹം. .