Harilal Rajendran
“ഒരു കഥ സൊല്ലട്ടുമാ?!”
തിയറ്ററിൽ കയ്യടികൾ നിറച്ച “വിക്രം വേത”യിലെ വിജയ് സേതുപതിയുടെ ഡയലോഗ്. പടം സൂപ്പർ ഹിറ്റ്. സിനിമാലോകത്ത് ഭാര്യയും ഭർത്താവും സംവിധായക ജോഡിയായി സൂപ്പർ ഹിറ്റ് സൃഷ്ടിച്ചു എന്നത് ആദ്യമോ അപൂർവ്വമോ ആയ സിനിമാവിശേഷമായി മാധ്യമങ്ങൾ എഴുതി. പുഷ്കർ-ഗായത്രി ജോഡി “വിക്രം വേത”യ്ക്ക് ശേഷം മറ്റൊരു ചുഴിയിലായിരുന്നു. സർഗ്ഗപ്രക്രിയയുടെ ചുഴിയിൽ. അതാണ് “സുഴൽ-The Vortex” എന്ന ചുഴി. ആമസോൺ പ്രൈമിന്റെ ആദ്യ തമിൾ ഒറിജിനൽ സീരീസായി 2022 ജൂൺ 17ന് എട്ട് എപ്പിസോഡുകളുള്ള “സുഴൽ” എത്തി. മന്ദമായിത്തുടങ്ങി ഉദ്വേഗപൂർണ്ണമായ കുറ്റാന്വേഷണത്തിന്റെ ഘട്ടം ഘട്ടമായ മുന്നേറ്റമാണ് കഥനരീതി. അമ്പരപ്പിന്റേയും അവിചാരിതമായ വഴിത്തിരിവുകളുടേയും മുഹൂർത്തങ്ങൾ. ദേശീയ-അന്തർദ്ദേശീയ സിനിമാ പുരസ്കാരങ്ങൾ നേടിയ സംവിധായകർ ബ്രമ്മയും അനുചരൺ മുരുകയ്യനുമാണ് എപ്പിസോഡ് സംവിധായകർ.
തമിഴ്‌ന്നാട്ടിലെ സാങ്കൽപിക മലയോര ഗ്രാമമായ സെമ്പലൂരിലെ തികച്ചും സാധാരണമായ സംഭവങ്ങളിൽ നിന്നാണ് ‘സുഴൽ’ വികസിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം അവിടുത്തെ അങ്കാള പരമേശ്വരിക്കോവിലിലെ “മായാനക്കൊല്ലൈ” എന്ന ഉത്സവവും ഓരോ ദിനങ്ങളിലായി പുരോഗമിക്കുകയാണ്. തമിഴ്‌ന്നാടിന്റെ വർണ്ണാഭമായ,പ്രാചീനമെന്നോ പ്രാകൃതമെന്നോ അന്ധവിശ്വാസമെന്നോ നിർവ്വചിക്കപ്പെടുന്ന ആചാരങ്ങളുടെ തനിമയാർന്ന അവതരണം കൂടി പ്രേക്ഷകന് അനുഭവവേദ്യമാകുന്നു.
കതിർ, പാർത്ഥിപൻ,ഐശ്വര്യ രാജേഷ്, ശ്രിയ റഡ്ഡി എന്നിവരെക്കൂടാതെ കുറേ മലയാളികളും പ്രധാന കഥാപാത്രങ്ങളായി “സുഴലി”ൽ എത്തുന്നുണ്ട്. ഇപ്പോൾ മലയാളികൾക്ക് സുപരിചിതനായ ഹരീഷ് ഉത്തമൻ,തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫിയായി അഭിനയിച്ച ഗോപിക രമേഷ്, നായാട്ടിലെ ഡി ജി പി ആയിരുന്ന അജിത് കോശി, ബയോസ്കോപ്പിലെ മേഘ രാജൻ എന്നിവരൊക്കെയാണ് സ്ക്രീനിൽ കാണുന്ന പ്രധാന മലയാളികൾ.
സൊല്ലാൻ വന്ന കഥ മറ്റൊരു മലയാളിയെക്കുറിച്ചാണ്. അരുൺ വെഞ്ഞാറമൂടിനെ നിങ്ങൾ സ്ക്രീനിൽ കാണുകയില്ല. പക്ഷേ, സുഴലിന്റെ ആദ്യാവസാനം അതിനെയൊരു ദൃശ്യവിസ്മയമാക്കുന്നതിൽ അരുൺ വെഞ്ഞാറമൂട് എന്ന പ്രൊഡക്ഷൻ ഡിസൈനറുടെ കലാബോധവും കഴിവും അറിവും വീക്ഷണവും വിജയകരമായി പ്രവർത്തിച്ചിട്ടുണ്ട്. ആട് 2, അലമാര, ജൂൺ, സുല്ല്,തൃശൂർ പൂരം തുടങ്ങി ധാരാളം മലയാള സിനിമകളിൽ കലാസംവിധായകനായിരുന്നു അരുൺ. തൃശൂർ പൂരത്തിലെ കലാസംവിധായകനായിരുന്ന അരുണിനോട് അതിലെ സ്റ്റണ്ട് മാസ്റ്റർ ദിലീപാണ് ഇത്തരമൊരു തമിഴ് പ്രോജക്റ്റിനെക്കുറിച്ച് പറയുന്നതും അരുണിനെക്കുറിച്ച് ‘സുഴലി’ന്റെ സംവിധായകരോട് ധരിപ്പിക്കുന്നതും. 2019ന്റെ അവസാനപാദത്തിൽ അരുൺ ചെന്നൈയിലെത്തി പുഷ്കർ-ഗായത്രി ടീമിനെക്കാണുന്നു. അപ്പോഴേക്കും പലരേയും പ്രൊഡക്ഷൻ ഡിസൈനറായി അഭിമുഖം ചെയ്തു കഴിഞ്ഞിരുന്നുവെങ്കിലും അരുണിന്റെ പ്രൊഫൈലിൽ തൃപ്തരായ അവർ അന്നുതന്നെ അരുണിനെ ഉറപ്പിക്കുന്നു. അവിടുന്നങ്ങോട്ട് കോവിഡിനു മുൻപും ശേഷവുമായി “സുഴൽ-The Vortex” പൂർത്തിയാകുമ്പോഴേക്ക് ഓരോ ദൃശ്യത്തിലും കലാസംവിധായകനെന്ന നിലയ്ക്ക് കൈമുദ്ര പതിപ്പിക്കുവാൻ അരുണിനു സാധിച്ചു.
വലിയൊരു സിമന്റ് ഫാക്റ്ററിയും പലതരം വീടുകളും തെരുവുകളും പോലീസ് സ്റ്റേഷനും ആശുപത്രിയും ശ്മശാനവും സ്കൂളുമൊക്കെ അരുൺ വെഞ്ഞാറമൂട് സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് പ്രേക്ഷകർ വിശ്വസിക്കാൻ പ്രയാസപ്പെട്ടേക്കും. കൊടൈക്കനാലിനടുത്തുള്ള ഒരു മലയിലെ തോട്ടത്തിലാണ് അരുൺ ഏക്കറുകളോളം വരുന്ന “സെമ്പലൂർ” എന്ന സാങ്കൽപികഗ്രാമം ഒരുക്കിയത്.
അതിലുമേറെ അത്ഭുതകരമായത് “മായാനക്കൊലൈ”യെന്ന ഉത്സവത്തിന്റെ ഭാഗമായ ആചാരങ്ങളും കോലങ്ങളും കോവിലുകളും കലാരൂപങ്ങളും ഘോഷയാത്രകളുമൊക്കെയാണ്. അതിനായി കൊടൈക്കനാലിൽ നിന്ന് നേരേ ചെന്നൈ റഡ് ഹിൽസിലെ എ ആർ റഹ്മാൻ ഫിലിം സിറ്റിയിലെത്തി. രജനീകാന്തിന്റെ “പേട്ട”യൊക്കെ ഷൂട്ട് ചെയ്ത സ്റ്റുഡിയോയിലെ പതിനാറേക്കറോളം വിശാലമായ മണ്ണിൽ “അങ്കാളപ്പരമേശ്വരി”യുടെ കോവിലും ഉത്സവപ്പറമ്പും തെരുവുകളും വീടുകളുമൊക്കെ അരുൺ വെഞ്ഞാറമൂട് സൃഷ്ടിച്ചു. “സുഴൽ” കണ്ടവസാനിപ്പിക്കുന്ന പ്രേക്ഷകന്റെ മനസ്സിൽ നിന്ന് മായാത്ത വിധം ഉത്സവദൃശ്യങ്ങളെ സൃഷ്ടിച്ചു. അസാമാന്യ വലുപ്പമുള്ള അമ്മൻ രൂപങ്ങളൊരുക്കി. വലിയ വേപ്പുമരങ്ങളെ ക്രയിനിൽ തൂക്കി പറമ്പിലെത്തിച്ച് തന്മയത്തോടെ ക്ഷേത്രാങ്കണമാക്കി. കാർണ്ണിവലും സ്റ്റേജ് പ്രോഗ്രാമുകളുടേയും ഘോഷയാത്രയുടേയും പൂർണ ദൃശ്യഭാഷയ്ക്കു പിന്നിൽ അരുൺ വെഞ്ഞാറമൂടും ഒപ്പമുണ്ടായിരുന്ന കലാകാരന്മാരുമായിരുന്നുവെന്ന് കേട്ടാൽ “അവിശ്വസനീയ”മെന്ന് “സുഴൽ” കണ്ടവർ പറയും. മലയാളി പൊളിയാണ്. നമ്മുടെ സിനിമകളുടെ പരിമിതികൾക്കപ്പുറത്തേക്ക് വിശാലമായ കാൻവാസുകളിലേക്ക് അവസരമെത്തുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാനവർക്കാകുമെന്ന് എല്ലാക്കാലവും തെളിയിച്ചിട്ടുമുണ്ട്. സാബു സിറിലും റസൂൽ പൂക്കുട്ടിയും പ്രിയദർശ്ശനുമൊക്കെ കാട്ടിയ വഴിയിലൂടെ അരുൺ വെഞ്ഞാറമൂടും ഉയരങ്ങളിലേക്ക് പറക്കട്ടെ. അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാൻ മലയാള സിനിമാലോകത്തിന് സാധിക്കട്ടെ.