ചരിത്രത്തില്‍ ആദ്യമായാവണം ബാബാസാഹേബിന്റെ വീടിന് മുന്പില് ഒരു കരിങ്കൊടി ഉയരുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗവും (പേരക്കുട്ടിയുടെ ജീവിതപങ്കാളി) ഇന്ത്യയിലെ എണ്ണംപറഞ്ഞ ഇന്റലക്ച്വലുമായ ഡോ. ആനന്ദ് തെല്‍തുംഡെ അറസ്റ്റിലായിരിക്കുന്നു. രണ്ടായിരത്തി പതിനെട്ട് ഓഗസ്റ്റ് മുതല്‍ തുടങ്ങിയ വേട്ടയാടലില്‍ ആ സ്കോളര്‍ വീണുപോയിരിക്കുന്നു. ഭരണകൂടം ഒരു ഇസ്രയേലി spyware അദ്ദേഹത്തിന്റേതടക്കം നിരവധി ആക്ടിവിസ്റ്റുകളുടെ മൊബെെല്‍ഫോണില്‍ ഉപയോഗിച്ചു എന്ന ”ഞെട്ടിക്കുന്ന” കണ്ടെത്തല്‍ നമ്മളാരെയും ഞെട്ടിച്ചില്ല.
അവരുടെ നിയമയുദ്ധത്തില്‍ നമ്മളടങ്ങുന്ന സിവില്‍ സൊസെെറ്റി ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.വിരല്‍ ചൂണ്ടാന്‍ പഠിപ്പിച്ച ഡോ.ബി.ആര്.അംബേദ്കറുടെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ബൗദ്ധികപാരമ്പര്യം പിന്തുടരുന്ന മനുഷ്യന് ജയിലിലായിരിക്കുന്നു.
മുപ്പതിലേറെ പുസ്തകങ്ങളും നൂറുകണക്കിന് പ്രബന്ധങ്ങളും ഇന്ത്യയിലെ ദളിത് ജീവിതത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ ആനന്ദ്, ഇനിയെന്നെങ്കിലും അഴികള്‍ക്ക് പുറത്തെത്തുമോ എന്നുപോലും ഉറപ്പില്ല.
രണ്ടായിരത്തിപ്പതിനഞ്ചില്‍ RSS മുഖപത്രം പാഞ്ചജന്യം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ”മായാവി അംബേദ്കര്‍വാദി” എന്നാണ്. ഡോ.ആനന്ദിനെ നിശ്ശബ്ദനാക്കേണ്ടത് ആരുടെ താത്പര്യപ്രകാരമായിരുന്നെന്ന് മനസ്സിലായല്ലോ. – ”നിങ്ങളുടെ ഊഴം എത്തും മുന്‍പ് നിങ്ങള്‍ ശബ്ദമുയര്‍ത്തുമെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു” – ഇന്നലെ NIA കസ്റ്റഡിയിലേക്ക് പോകും മുന്‍പ് ഡോ.തെല്‍തുംഡെ എഴുതിയ ഓപ്പണ്‍ ലെറ്റര്‍ അവസാനിക്കുന്നതിങ്ങനെയാണ്. ശബ്ദമുയര്‍ത്തുമോ നമ്മള്?
ഭീമകൊറേഗാവ് ഇഷ്യു – Dr.ആനന്ദ് തെൽതുംബ്ഡേ കീഴടങ്ങി
അംബേദ്ക്കറുടെ പേരമകളുടെ ഭർത്താവും രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിജീവിയും എഴുത്തുകാരനുമായ പ്രഫസർ തെൽതുംബ്ഡേ, ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 14 ന് കോടതിയിൽ കീഴടങ്ങി. ഭീമ- കൊറേഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുമായി ഡോ.തെൽതുംബ്ഡേയ്ക്ക് ബന്ധമുണ്ടെന്ന പോലീസ് ആരോപണത്തെ തുടർന്നാണ് നടപടി.
IIM ബിരുദധാരിയും ഗോരഖ്പൂർ ഐ.ഐ.ടി പ്രഫസറുമായ തെൽതുംബ്ഡേ അംബേദ്ക്കർ – മാർക്സ്യൻ സൈന്താന്തിക രംഗത്ത് മുപ്പതിൽപ്പരം കൃതികളുടെ കർത്താവാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വേട്ടയാടപ്പെടുന്ന, തെൽതുംബ്ഡേയുടെ പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉള്ളടക്കത്തിൽ വിധ്വംസക – തീവ്രസ്വഭാവ നിലപാടുകളിൽ സമ്പൂർണ്ണമായും മോചിതമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കോളേജ് അധ്യാപനം, പുസ്തക രചന എന്നിവയിലൂടെ ഉപജീവനം നടത്തി കഴിഞ്ഞിരുന്ന തന്നെ ബോധപൂർവ്വം UAPA കേസിൽ കുരുക്കുകയായിരുന്നു എന്ന് തെൽതുംബ്ഡേ അഭിപ്രായപ്പെട്ടു.
ഒരു ദിനം അവർ നിങ്ങളേയും തേടിവരും. ‘”ഇനി എന്ന് നിങ്ങളുമായി സംവദിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. നിങ്ങളുടെ ഊഴം എത്തും മുൻപേ മൗനം വെടിഞ്ഞ് നിങ്ങൾ പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് പറയുന്ന ഒരു കുറുപ്പ് തലേന്ന് തെംതുംബ്ഡേയുടേതായി പുറത്തുവന്നു.ഓർക്കുക, നിശബ്ദമാക്കപ്പെടുന്ന നാവുകളോരോന്നും അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ഗർജ്ജിച്ചവയായിരുന്നു. ചങ്ങലയ്ക്കിട്ട മുഷ്ടികളെല്ലാം ചൂഷിതർക്കായി ഉയർന്നതായിരുന്നു. വെടിയുണ്ടയിൽ ചിതറിയ നെഞ്ചുകളൊക്കെയും ഇരകൾക്കായി തുടിച്ചവയായിരുന്നു.