Arunima Krishnan

ഒരിക്കൽ സിനിമ നിർമ്മിക്കുന്നതിനായി ഒരു ചെറുപ്പക്കാരൻ ആഗ്രഹിച്ചു. അതിൻ്റെ ഭീമമായ നിർമ്മാണ ചിലവുകൾ മനസ്സിലാക്കിയപ്പോൾ അതിനുള്ള പണം കണ്ടെത്താനായി അയാൾ ചില്ലറ മോഷണങ്ങൾ നടത്തി. ആ മോഷണം പിടിക്കപ്പെട്ടപ്പോൾ അയാൾക്ക് വാശിയായി. ഏത് വിധേനെയും പണം കണ്ടെത്തണം എന്നയാൾ അതിയായി ആഗ്രഹിച്ചു. ആയിടയ്ക്കാണ് അയാളുടെ നാട്ടിൽ ഒരു അണക്കെട്ട് നിർമ്മാണം നടക്കുന്നത് അയാൾ അറിയുന്നത്. അണക്കെട്ട് നിർമ്മാണത്തിൽ പങ്കാളിയായി അതിലൂടെ പണം കണ്ടെത്താൻ അയാൾ ശ്രമം തുടങ്ങി. അവിടെ പലതരത്തിലുള്ള ജോലികൾ ചെയ്ത് പണം ഉണ്ടാക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് അയാൾ സ്വന്തമായി ഒരു ക്യാമറ വാങ്ങി. അത് തൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഉപയോഗിക്കുകയും ചെയ്തു.’ കിറുക്കനാണ് ആയാളെന്ന് ചുറ്റും നിന്നവർ ഉറപ്പായും പറഞ്ഞിട്ടുണ്ടാവും.

വ്യവസ്ഥാപിതത്വങ്ങളെ മറികടക്കാൻ തീവ്രമായ അനുഭവങ്ങളുടെ തീച്ചൂട് തന്നെയാകും അദ്ദേഹത്തെ സഹായിച്ചത്. ഇതാ ഇപ്പൊൾ അയാൾ മരണം പോലും സ്വന്തമായി ഡിസൈൻ ചെയ്ത് നടപ്പിലാക്കിയിരിക്കുന്നു. തൻ്റെ സഹചരരിലൂടെ അതും ലോകത്തെ അറിയിച്ചിരിക്കുന്നു. ‘അസ്സലൊരു തന്നിഷ്ടക്കരൻ’. ഇപ്പൊൾ തന്നെ ആരെപ്പറ്റിയാണ് ഞാൻ പറയുന്നത് എന്ന് സിനിമാ പ്രേമികൾക്ക് മനസ്സിലായിട്ടുണ്ടാവണം. അവർക്ക് മാത്രമല്ല, ഓരോ മേഖലയിലേയും കാതലായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഓരോ പഠിതാവിനും ആളെ മനസ്സിലാകും. അതെ, ഗോദാർദ് എന്ന വിശ്വ വിഖ്യാതനായ ചലച്ചിത്രകാരനെപ്പറ്റിയാണ് ഞാനിപ്പോൾ ഈ മുഖവുര ഇവിടെ എഴുതിയത്. ഫ്രഞ്ച് നവ തരംഗ സിനിമയുടെ അമരക്കാരിൽ ഒരാളായിരുന്നു ഗോദാർദ്.

നവീകരണത്തിന് വിധേയമാണ് എല്ലാ മേഖലകളും. അതുകൊണ്ട് തന്നെ മാറ്റത്തിൻ്റെ ന്യൂവേവുകൾ എല്ലായിടത്തും പലപ്പോഴായി സംഭവിക്കുകയും ചെയ്യും. അത്തരത്തിൽ സിനിമാ മേഖലയിൽ തൻ്റേടത്തോടെ തൻ്റേതായ ഇടം കണ്ടെത്തിയ പ്രതിഭാശാലിയാണ് ഗോദാർദ്. രാഷ്ട്രീയ സിനിമാപരീക്ഷണങ്ങളായാലും വ്യക്തിപരമായ സിനിമകളായാലും ഗൊദാർദിയൻ സിനിമകൾക്ക് ലോകമെങ്ങും വലിയ സ്വീകാര്യതയാണുള്ളത്.

മുകളിൽ സൂചിപ്പിച്ചത് പോലെ സ്വന്തമായി അധ്വാനിച്ച് വാങ്ങിയ 35 എം എം ക്യാമറയുപയോഗിച്ച് ആണ് ‘ഓപ്പറേഷൻ ബീറ്റൺ’ എന്ന ഹ്രസ്വചിത്രം ഗോദാർദ് നിർമ്മിച്ചത്. ‘ബ്രത്ത്ലെസ്സ്’ എന്ന മുഴുനീള ഫ്രഞ്ച് സിനിമയിൽ ജമ്പ്കട്ടുകളെ ആദ്യമായി സർഗാത്മകമായി ഉപയോഗിച്ച് പരീക്ഷണം നടത്തി. അതിലൂടെ മാറ്റത്തിൻ്റെ പാതയിലാണ് താൻ നടക്കാൻ തുടങ്ങുന്നത് എന്ന് അദ്ദേഹം ഈ ലോകത്തെ അറിയിപ്പിക്കുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് സ്ക്രിപ്റ്റ് ഇല്ലാതെയാണ് അദ്ദേഹം തൻ്റെ ചിത്രങ്ങൾക്ക് ചലച്ചിത്ര ഭാഷ്യം നൽകിയിരുന്നത്. തൻ്റെ ഇഷ്ടത്തിന് ചിത്രത്തിൻ്റെ പലയിടങ്ങളിൽ കത്രിക വച്ച് അവയെ പരീക്ഷണ വസ്തുവാക്കി ലോകത്തിന് മുന്നിൽ സധൈര്യം അവതരിപ്പിച്ചു. സിനിമയിലൂടെയാണ് അദ്ദേഹം ജീവിതം നോക്കിക്കാണാൻ ശ്രമിച്ചതും. പലപ്പോഴും മാറിയ കാലത്തെ അടയാളപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചുകൊണ്ടെയിരുന്നു. സിനിമ തട്ടിപ്പാണ് എന്നുറക്കെ പറയുകയും അതോടൊപ്പം സിനിമയെ തൻ്റെ ശ്വാസമായി കാണുകയും ചെയ്ത ഗോദാർദ് എക്കാലത്തെയും സിനിമാ പ്രവർത്തകരുടെ ഗുരുസ്ഥാനീയനാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

രാഷ്ട്രീയമാണ് അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാഷ്ട്രീയ സിനിമ എന്നാൽ രാഷ്ട്രീയം മാത്രം വിഷയമാക്കുന്നതിനേക്കാൾ സിനിമ തന്നെ രാഷ്ട്രീയമായി നിർമ്മിക്കപ്പെടുക എന്ന് പറഞ്ഞുകൊണ്ട് തൻ്റെ സിനിമാ കാഴ്ചപ്പാടുകൾ ഈ ചലച്ചിത്രകാരൻ പലപ്പോഴും പങ്കുവയ്ച്ചിരുന്നതും.
ഗോദാർദ് ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി നിർമ്മിച്ചു. എന്നിട്ട് തന്റെ തന്നെ ഒരു ആത്മപരിശോധനയാണതെന്ന് അദ്ദേഹം അവകാശപ്പെട്ടു. (ഡോക്യുമെൻ്ററി : സെൽഫ് പോർട്ടറേറ്റ് ഇൻ ഡിസംബർ). ആത്മകഥാംശങ്ങൾ സിനിമയിൽ ഉപയോഗിക്കുമ്പോൾ പോലും രോഷം കൊള്ളുന്ന ജനതയ്ക്ക് അത് ഒരു വലിയ വെല്ലുവിളി ഉയർത്തി എന്നു പറഞ്ഞാൽ അത് തെറ്റാവില്ലെന്ന് തോന്നുന്നു. അദ്ദേഹം പലപ്പോഴും സിനിമയ്ക്കുള്ളിലെ നിയമങ്ങൾ പൊളിച്ചെഴുതി. അവയെല്ലാം പിന്നീട് പുതിയ നിയമങ്ങൾ ആയി അറിയപ്പെടാനും തുടങ്ങിയത് ചരിത്രം.

സിനിമയിൽ കൈവച്ച ആദ്യ സംരംഭം തന്നെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടി. പിന്നീട് അങ്ങോട്ട് തൻ്റെ സിനിമാ ജീവിതം ഒരു പരീക്ഷണക്കാലമാക്കി മാറ്റാൻ ഗോദാർദ് മടിച്ചില്ല. തൽഫലമായി സമഗ്ര സംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരവും നേടി. ‘സിനിമയിൽ പരീക്ഷണങ്ങൾ നടത്തികൊണ്ടെയിരിക്കൂ’ എന്ന ആഹ്വാനം ചെയ്ത കലാകാരൻ വിട പറയുമ്പോൾ അത് ഏറ്റെടുക്കുന്ന ഒരു തലമുറ നമ്മുടെ നാട്ടിലുമുണ്ട് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. മാറ്റത്തിൻ്റെ തരംഗങ്ങൾ സമ്മാനിക്കാൻ ഇടയുള്ള ഒട്ടേറെ പ്രതിഭകളും നമുക്ക് ചുറ്റുമുണ്ട് എന്ന് വിശ്വസിക്കാം.

Leave a Reply
You May Also Like

സാജൻ ,’80കളിലെ ഹിറ്റ്മേക്കർ 

സാജൻ ,’80കളിലെ ഹിറ്റ്മേക്കർ  Roy VT ’70കളുടെ രണ്ടാം പകുതിയിൽ ക്രോസ്ബെൽറ്റ് മണിയുടെ സംവിധാന സഹായിയായി…

തിലകൻ എന്ന നടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം

Sunil Kumar തിലകൻ എന്നനടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം.കുടമൺ പിള്ള/കുലം.…

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം Nishadh Bala 1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന്…

ശിവ ദാമോദർ,അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം ബാബ, കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി”

“പേപ്പട്ടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീം…