‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം.

Arunima Krishnan

അക്ഷരാർത്ഥത്തിൽ യുവത്വത്തിൻ്റെ ആഘോഷമായിരുന്നു ഇത്തവണത്തെ IFFK International Film Festival of Kerala – IFFK Official . വിദ്യാർത്ഥികൾക്കും യുവത്വത്തിനും കൂടുതൽ പ്രാധാന്യം നൽകിയൊരുക്കിയ ഇരുപതിയാറാമത് രാജ്യാന്തര ചലച്ചിത്ര മേള. സൗഹൃദത്തിൻ്റെ ഉത്സവപ്പറമ്പിൽ ഓർമ്മകളിലേക്ക് ചേക്കേറാൻ എത്തിയവരും കുറവല്ല. കോവിഡ്‌ സൃഷ്ടിച്ച അനിശ്ചിതത്വത്തിനു ശേഷം ഏകദേശം പതിനൊരായിരം പേർ പങ്കെടുത്ത മേള. കോവിഡ് നഷ്ടപ്പെടുത്തിയ ആരവങ്ങളും ആഘോഷങ്ങളും തിരിച്ചുപിടിക്കാനെന്ന പോലെ മേളയെ ആഘോഷമാക്കാൻ എത്തിയ ആസ്വാദകർ. അങ്ങനെ നീളുന്ന ഈ പട്ടികയിലാണ് മേള കലാശം കൊട്ടിയത്.

നീണ്ട ഒ.ടി.ടി കാലത്തിനു ശേഷമാണ് ഇക്കുറി IFFK ആരാധകർ ഒത്തൊരുമിച്ച് സിനിമകൾ ആസ്വദിക്കാൻ പോയത്. ഇക്കുറി പൊതുവെ നല്ല സിനിമകൾ കുറവാണെന്ന് ഒരുപാട് പേർക്ക് തോന്നിയത് പോലെ എനിക്കും തോന്നിയിരുന്നു. ഡിസംബർ മാസത്തിൽ നിന്നും മാർച്ചിലേക്ക് മേള മാറുമ്പോൾ വേനൽചൂടിന്റെ കാഠിന്യം ഇനിയും കൂടും എന്നോർമ്മിപ്പിക്കുന്ന തരത്തിലുള്ള അസഹനീയമായ കാലാവസ്ഥയാണ് ഓരോരുത്തരും നേരിട്ടത്. എന്നാൽ അതിൽ വാടുന്നവരല്ല ഞങ്ങളും സിനിമയോടുള്ള ഞങ്ങളുടെ സ്നേഹവും എന്നോർമ്മിപ്പിക്കുകയായിരുന്നു ഓരോ ഡെലിഗേറ്റും. തർക്കോവ്സ്കിക്കും ഗൊദാർദിനും ബുനുവലിനും കുറസോവയ്ക്കുമൊക്കെ ശേഷം സിനിമയില്ലെന്ന് വിശ്വസിക്കുന്നവരുടെ തലമുറ വഴിമാറുന്നതുപോലെ പുതിയ സിനിമയുടേത് കൂടെയാണ് കാലം എന്ന് പറയാതെ പറയുകയാണ് ഈ മേള. യുവത്വം പുതിയ സംവിധായകരെ ആഘോഷമാക്കുന്ന കാഴ്ചകൂടിയാണ് മേളയിലൂടെ കടന്നുപോയത്.

മേളയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അല്പം പ്രതീക്ഷയുണ്ടായതുമായ ചിത്രമാണ് ‘ക്ലാര സോള’. കോസ്റ്റാറിക്കയിലെ ഒരു ഗ്രാമത്തിലാണ് കന്യകയായ ക്ലാരയെന്ന മധ്യവയസ്ക താമസിക്കുന്നത്. മരിയയ്ക്ക് പ്രായപൂർത്തിയാകുന്നതോടെയാണ് ക്ലാര സ്വയം അവളിലെ സത്വം തിരിച്ചറിയുന്നത്. അവിടെ അവളുടെ അമ്മ ഫ്രെസിയയുടെയും കൗമാരക്കാരിയായ മരുമകൾ മരിയയോടുമോടൊപ്പമുള്ള ജീവിതം അവൾക്ക് ഒരു തടവറയായി മാറുകയാണ്. യൂക എന്ന വെളുത്ത കുതിരയെ പരിപാലിക്കുകയെന്നതാണ് അവളുടെ പ്രധാന വിനോദം.

യൂക്കായാകട്ടെ ക്ലാരയോടൊപ്പമുള്ള ഓരോ സമയവും ആസ്വദിക്കുകയുമാണ്. ക്ലാരയും യൂകയുമാണ് അവരുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ. യൂക വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരയാകുമ്പോൾ ക്ലാര, അവളെ തേടിയെത്തുന്നവരുടെ രോഗശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. യൂകയും ക്ലാരയും തങ്ങളുടെ പൂർണ്ണ മനസ്സോടെയല്ല ഇക്കാര്യങ്ങൾ ചെയ്യുന്നത്. അവരുടെ എതിർപ്പ് ഒരിക്കലും സ്വീകരിക്കാൻ സമൂഹമോ കുടുംബമോ തയ്യാറാവുന്നില്ല.

സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമായിരുന്നിട്ടും ‘കുടുംബത്തിന്റെ ഭാവി വരുമാനം’ നഷ്ടപ്പെടുമെന്നോർത്ത് ക്ലാരയുടെ ചികിത്സകൾ പോലും ആ കുടുംബം ഒഴിവാക്കുന്നത് ഭീകരമായ കാഴ്ചയാണ്. അവൾക്ക് പ്രിയപ്പെട്ട നീല ഗൗൺ പോലും നിഷേധിക്കപ്പെടുന്ന അവസ്‌ഥ. സ്വന്തം വീട്ടിൽ ലൈംഗിക അടിച്ചമർത്തലുകൾക്കുകൂടി ക്ലാര വിധേയയാവുന്നുണ്ട്. അതവളെ ഭ്രാന്തിയാക്കുന്നു. ‘സോള’ അഥവാ ‘ഏകാകി’ എന്നാണ് അവൾ തന്റെ രഹസ്യനാമമായി സ്വീകരിക്കുന്നതുപോലും.

സാമൂഹികവും മതപരവുമായ ചില ആചാരങ്ങളിൽ നിന്ന് മോചനം നേടാനും, തന്റെ ലൈംഗികതയുടെയും അതോടൊപ്പം പുതുതായി അവൾ കണ്ടെത്തിയ ശക്തികളുടേയും, പുതുമാനങ്ങൾ തേടാൻ ശ്രമിക്കുന്നതുമയ ഒരു യാത്രയാണ് ക്ലാരയുടേത്. സമൂഹം അവളുടെ വികാരങ്ങൾക്ക് നൽകുന്നത് ദിവ്യത്വമെന്ന മേലാടയാണ്. ദൈവീകതയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവളാണവൾ. അവളുടെ അമ്മ പ്രകൃതിയാണ്. അവിടെയുള്ള ഓരോ ജീവജാലങ്ങളും അവളുടെ സഹോദരങ്ങളാണ്. എങ്കിലും അവൾ ഈ ഭൂമിയിൽ ഏകയാണ്. മാറ്റങ്ങൾക്ക് വിധേയരാണ് മനുഷ്യ ജീവിതമെന്ന കൺസെപ്റ്റാണ് ഈ ക്ലാര പറയുന്നത്. വിശ്വാസമെന്ന പേരിൽ സമൂഹത്തിൽ നടക്കുന്ന ചില തെറ്റുകൾ ഈ ചിത്രം തുറന്നു കാണിക്കുന്നു.

താൻ പരിചയപ്പെട്ട ചില സ്ത്രീകളിൽ നിന്നാണ് ഇത്തരമൊരു ആശയമൊരുക്കിയതെന്ന് സംവിധായിക നഥാലി ആൽവരേസ് മെസെൻ പറയുന്നു. കോസ്റ്റാറിക്കയിലെ ഒരു വനമേഖലയിൽ മാത്രമൊതുങ്ങുന്നതല്ല ഈ ചിത്രം. മറിച്ച് നമുക്ക് ചുറ്റും എവിടെയൊക്കെയോ ക്ലാരമാരുണ്ട് എന്ന തിരിച്ചറിവ് കൂടെയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്ന തൂവാനത്തുമ്പികളിലെ ക്ലാര, അവൾ മഴയാണ്, പ്രണയമാണ്, വേദനയാണ്. പിന്നീട് പല പലരൂപത്തിലും ഭാവത്തിലും ക്ലാരയെത്തി. എന്നാൽ അതിൽ മിക്കതും എന്റെ ഓർമ്മയുടെ അറയിൽ ചേക്കേറിയോ എന്നു ചോദിച്ചാൽ ഒരു മറുപടി പ്രയാസമാണ്. എന്നാൽ ഇക്കുറി IFFK യിൽ പ്രദർശിപ്പിച്ച ‘ക്ലാര സോല’ യിലെ ക്ലാര എന്റെ മനസ്സിലിടം പിടിച്ചത് ക്ലാരയെന്ന ഏകാകിയുടെ ദുഃഖം എന്നെ വല്ലാതെ അലട്ടിയത് കൊണ്ടുമാവാം. കുടുംബവും സമൂഹവും ചാർത്തി കൊടുക്കുന്ന ദൈവികതയുടെ കുപ്പായം വലിച്ചെറിഞ്ഞോടുന്ന ക്ലാരയും നമ്മുടെ ക്ലാരയും സമൂഹത്തിന്റെ മറ്റൊരു വശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ചെമന്ന കണ്ണുകൾ ചിമ്മുന്ന സുവർണ ചകോരത്തിലേറി ‘ക്ലാരസോള’ നാട്ടിലേക്ക് പോകുമ്പോൾ എന്നെപ്പോലെ ചിലർ അവളെ മനസ്സിലേറ്റിയിട്ടുണ്ട് എന്ന് അവൾ അറിയുമോ ആവോ !

© Arunima Krishnan

Leave a Reply
You May Also Like

മലയാളത്തിൽ മഹാനടൻ എന്ന് വിശേഷിപ്പിക്കാൻ എന്നും ഒരേയൊരു സത്യൻ മാഷേയുള്ളൂ, പ്രണാമങ്ങൾ

ഇന്ന് സത്യന്‍മാഷിന്റെ ഓര്‍മ്മ ദിനം , കുറിപ്പുകൾ വായിക്കാം 1 Ambily Kamala ” സത്യന്‍…

നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കാൻ പറ്റുന്നില്ല. തുറന്നുപറഞ്ഞ് സാധിക. ഞങ്ങൾ സഹായിക്കണോ എന്ന് ആരാധകർ.

ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഹരിയെ പരിപൂർണമായി സഹതാപം അർഹിക്കുന്ന കഥാപാത്രമായും പോസറ്റീവ് കഥാപാത്രമായും ചിത്രീകരിക്കാരിക്കാതിരിന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത

Spoilers Ahead Nikhil Narendran വംശത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ഒരുപാട് പരിഹാസങ്ങളും അവഗണനയും ഏറ്റുവാങ്ങിയ…

കൊറിയയിൽ നിന്നും ഉഗ്രനൊരു കിളി പറത്തും സൈ ഫൈ ത്രില്ലെർ പടം

Vino John ഇതാ കൊറിയയിൽ നിന്നും ഉഗ്രനൊരു കിളി പറത്തും സൈ ഫൈ ത്രില്ലെർ പടം.…