നൻപകൽ നേരത്തെ എഴുത്ത് ‘
✍️ Arunima Krishnan
“ഒരു നല്ല പ്രഭാതത്തിൽ അസ്വസ്ഥമായ സ്വപ്നങ്ങളിൽനിന്നുണർന്ന ഗ്രിഗർ സാംസ കിടക്കയിൽ താനൊരു ഭീമാകാരനായ ഭീമാകാരനായ കീടമായി മാറിയതായി കണ്ടു…’മാർക്കേസിനെ എഴുത്തുകാരനാക്കി രൂപാന്തരപ്പെടുത്തിയ കാഫ്കയുടെ ലോകപ്രശസ്ത നോവലെറ്റ് ‘രൂപാന്തര’ത്തിലെ വരികളാണിത്.
കുടുംബത്തെ അഗാധമായി സ്നേഹിക്കുന്ന ട്രാവലിങ് സെയിൽസ്മാൻ ഗ്രിഗർ സാംസയാണ് രൂപാന്തരത്തിലെ നായകൻ. അതേപോലെ കുടുംബത്തെ സ്നേഹിക്കുന്ന ജെയിംസിൻ്റെയും സുന്ദരത്തിൻ്റെയും കഥയാണ് ‘നൻപകൽ നേരത്ത് മയക്കം’. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഉച്ചമയക്കത്തിൽ ജെയിംസിൻ്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്.
മാർച്ച് 18, ലോക ഉറക്ക ദിനത്തിലാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കത്തിൻ്റെ’ രസകരമായ ടീസർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ സൂചിപ്പിച്ചതും ഉറക്കത്തിന് കഥയിൽ വളരെയേറെ പ്രാധന്യമുണ്ട് എന്നാണ്. ഒരേസമയം നായകനാവനും വില്ലനാവാനും സാധ്യതയുള്ള ഒന്നാണ് ഉറക്കം എന്നാണ് ആ ടീസറിൽ നിന്നും ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയാനുദ്ദേശിച്ചത് എന്നും തോന്നി. (ചിലപ്പോൾ എൻ്റെ തോന്നൽ മാത്രമാകാം.)
ബോധത്തിന്റെയും ഉപബോധത്തിന്റെയും പിടിവലിയുടെ ഭാഗമായുള്ള ഭ്രമാത്മകത നാമെല്ലാം അനുഭവിച്ചിട്ടുള്ളതാണ്. പകൽ മയക്കം വിട്ടുണരുന്ന കുഞ്ഞുങ്ങൾ ചിലപ്പോൾ രാവിലെയായെന്ന് കരുതി പരക്കം പായുന്നത് കണ്ടിട്ടില്ലേ. ഏതാണ്ട് അതേപോലെ ഒരു ഭ്രമാത്മക ലോകത്ത് നമ്മുടെ നായകൻ ജെയിംസ് (മമ്മൂട്ടി) എത്തിപ്പെടുന്നിടത്താണ് നൻപകൽ നേരത്ത് മയക്കം അതിൻ്റെ കഥയിലേക്ക് കടക്കുന്നത്.
മയക്കം
പകൽ മയക്കത്തിൽ ഒരു സെക്കൻഡ് മുതൽ അരമിനിറ്റ് വരെ നീളുന്ന ഒരു കുഞ്ഞു സ്വപ്നം പോലെ പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യം ജെയിംസിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ കാതൽ ആയി ഞാൻ മനസ്സിലാക്കിയത്.
ഭ്രമാത്മകത
അനായാസമായി ജെയിംസ് സുന്ദരമായി. നോക്കിലും നടപ്പിലും ഭാഷയിലും എല്ലാം. ഒരു യാത്ര കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലുന്ന സുന്ദരമായി വളരെ സ്വാഭവികമായി ജെയിംസ് മാറുന്ന കാഴ്ച, തമിഴ്നാടിൻ്റെ ഗ്രാമീണ ഭംഗിയിലൊരുക്കിയപ്പോൾ, അതിനോടൊപ്പം തന്നെ ആ നീണ്ട യാത്ര ജെയിംസിൻ്റെ ഓർമ്മയുടെ അറകളിലേക്ക് നീളുന്നത് പോലെ അനുഭവപ്പെട്ടു.
മുത്തും അച്ഛനും
‘അമര’ത്തിൽ മുത്തിനെ അച്ഛൻ സ്നേഹിക്കുന്നതും അതിലൂടെ ഒരു മകളോടുള്ള അച്ഛൻ്റെ സ്നേഹവും കരുതലും നാം കണ്ടിട്ടുണ്ട്. അതേ ഫീലിൽ തന്നെയാണ് സുന്ദരം അയാളുടെ മുത്തിനെ വിളിക്കുന്നത്. എത്ര മനോഹരമായാണത് അദ്ദേഹം വർഷങ്ങൾക്കിപ്പുറം അവതരിപ്പിച്ചിരിക്കുന്നത്.
റേഷൻകടയും അശോകനും
ഏതൊരു കുടുംബയാത്രയിലും കാണാം ഒരു ടിപ്പിക്കൽ അശോകൻ കഥാപാത്രം. തിരക്കുകൂട്ടി പായാൻ നിന്നാലും ഒരാപത്ത് വരുമ്പോൾ ചേർന്നു നിൽക്കുന്ന ഒരാൾ.
നാട്ടുകൂട്ടം
തമിഴ് നാടിനെപ്പറ്റി “ഇങ്ങോട്ട് വന്നിടിക്കുന്ന ആളുകൾ ഉള്ള സ്ഥലമാണ്” എന്ന് പറയുന്ന ജെയിംസ്, സുന്ദരം ആയപ്പോൾ ‘ഇത് എങ്ക ഊര് ‘ എന്ന് പറഞ്ഞു നിലവിളിക്കുന്നതും പിന്നീട് അന്നാട്ടുകാരുടെ ചേർത്തു നിർത്തൽ ആസ്വദിക്കുന്ന ജെയിംസിനൊപ്പം വന്നവരും സത്യത്തിൽ നാമൊക്കെ കണ്ടിട്ടുള്ള, അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള ആരൊക്കെയോ പോലെയായിരുന്നു.
ചില കാഴ്ചകൾ
ഒരാളുടെ സ്വപ്നം മൂലം, ഒരേസമയം ഒരു ജോഡി അമ്മയും മക്കളും അനുഭവിക്കുന്ന തീവ്രമായ വേദന ഒപ്പിയെടുത്ത ഒരു രംഗമുണ്ട്. മാത്രമല്ല, അതോടൊപ്പം തന്നെ മറ്റൊരമ്മയുടെ നിർവൃതിയും നാം കാണുന്നു. അതേ, ചിലപ്പോൾ ഒരൊരോ ഫ്രെയിമും നമ്മെ പിടിച്ചിരുത്തുന്ന ഓരോരോ ജീവിത മുഹൂർത്തമാണ് എന്ന് തോന്നി പോവുന്നു. അതിനു ചേർന്ന തമിഴ് സിനിമാ സംഭാഷണ ശകലങ്ങളും സംവിധായകൻ ഉൾപ്പെടുത്തി. (അത്രമേൽ റഫറൻസ് 👌)
ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീരം..
തമിഴനും മലയാളിയും അല്ല, പകരം ഓരോ ജീവനും ഓരോ ദേഹിയാണ് എന്നും ചിത്രം പറയുന്നു. ദേഹി ദേഹം വിട്ടാലും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ പലരൂപത്തിൽ വന്നേക്കാം എന്ന മിത്തും ഇതിൽ സംവിധായകൻ പറയുന്നത് പോലെയും ചില രംഗങ്ങളിൽ നിന്നും എനിക്ക് അനുഭവപ്പെട്ടു. കാരണം സിനിമ എന്നത് ഓരോരുത്തരുടേയും കാഴ്ചയാണ്. അതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതും പല വിധത്തിലാണല്ലോ. തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടുണ്ടല്ലോ. വാച്യാർത്ഥത്തിൽ തന്നെയത് സത്യമാക്കുകയാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ‘നൻപകൽ നേരത്ത് മയക്ക’ത്തിലൂടെ.
NB:
പ്രേക്ഷകർക്ക് വേണ്ടി സിനിമ എടുക്കുക, അവരെ രസിപ്പിക്കുക എന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് മമ്മൂട്ടി കമ്പനിയുടെ ഉടയോൻ പറയുന്ന ഇൻ്റർവ്യൂ ഇന്നലെ കണ്ടിരുന്നു. അതേ, ഈ ചിത്രം ഐഎഫ്എഫ്കെയിൽ കാണാൻ കഴിയാത്തതിൽ ഇപ്പൊൾ വലിയ കുറ്റബോധം തോന്നുന്നു. അവസാന രംഗത്തെ മഹാഭാരത റഫറൻസ്, അതിമനോഹരമായി തോന്നി. അതേ ഒടുവിൽ തിരിഞ്ഞു നോക്കാൻ ഒരു നായയെങ്കിലും ഉണ്ടായാൽ അത് തന്നെ ഭാഗ്യം..