മഹേഷിന്റെ പ്രതികാരം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനിനെകുറിച്ചുള്ള ഒരു സാമൂഹ്യ വീക്ഷണം

519

എഴുതിയത് : Arunkumar P S Puthoor

മഹേഷിന്റെ പ്രതികാരം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീനിനെകുറിച്ചുള്ള എന്റെ വീക്ഷണം ചിത്രങ്ങളുടെ സഹായത്തോടെ എഴുതുവാൻ ശ്രമിച്ചതാണ് (ടെക്നിക്കൽ terms തെറ്റാണെങ്കിൽ ക്ഷമിക്കുക)

ആദ്യ ചിത്രത്തിൽ മഹേഷിനോട് താൻ ചെയ്തതിലുള്ള കുറ്റബോധം സൗമ്യയിൽ കാണാവുന്നതാണ്
രണ്ടാമത്തെ ചിത്രത്തിൽ കാണുന്ന മഹേഷിന്റെ ആ പുഞ്ചിരിയാണ്, സന്തോഷം നിറഞ്ഞൊരു ഭാവി ജീവിതം സൗമ്യക്ക് ഉണ്ടാവുന്നതിന് വേണ്ടി മഹേഷിന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
മൂന്നാമത്തെ ചിത്രത്തിൽ സൗമ്യ സന്തോഷവതിയായി കാണപ്പെടുന്നു. അവളുടെ തുടർന്നുള്ള ജീവിതത്തിലേക്ക് മഹേഷിന്റെ പുഞ്ചിരി നൽകുന്ന ഊർജ്ജം വളരെ വലുതാണ്.
പക്ഷേ.. സൗമ്യ മറഞ്ഞു കഴിയുന്നത് വരെ മാത്രമാണ് മഹേഷ് അങ്ങനെ പുഞ്ചിരിച്ചു നിൽക്കുന്നത്.
ആ ചിരി അവൾക്ക് വേണ്ടി മാത്രമായിരുന്നു. അതിന് ശേഷം മഹേഷിന്റെ മുഖത്തു വിഷമവും ദേഷ്യവുമൊക്കെ വന്ന് പോകുന്നുണ്ട്. നാലാമത്തെ ചിത്രത്തിൽ നിങ്ങൾക്കത് കാണാൻ കഴിയും. അയാൾ ആ ചിരി അവൾക്ക് നൽകുവാൻ വേണ്ടി മാത്രം കരുതിവച്ചിരുന്നതായിരുന്നു…
….

Image may contain: 4 people, people smiling, close-upകുട്ടിക്കാലം മുതലേയുള്ള മഹേഷിന്റെയും സൗമ്യയുടേം പ്രണയബന്ധത്തിന്റെ അവസാന നിമിഷം ആണ് ഈ സീനെന്ന് നമുക്ക് പറയാം. ഇതിന് മുൻപ് ഒരു സീനിൽ താൻ വേറെ കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് സൗമ്യ മഹേഷിനോട് ഫോണിലൂടെ പറയുന്നുണ്ടെങ്കിലും. അവൾ മറ്റൊരാളുടേതായി തീരുന്ന നിമിഷം വരെ അയാളിൽ അവൾ എല്ലാം ഉപേക്ഷിച്ചു തന്നിലേക്ക് വരുമെന്നന്ന പ്രതീക്ഷയുടെ ഒരംശം എങ്കിലും ബാക്കിയുണ്ടാവാതിരിക്കില്ല. ഇവിടെ ഈ സീനിൽ അവൾ മറ്റൊരാളുടേതായി കഴിഞ്ഞിരിക്കുന്നു.

മിക്ക സിനിമകളിലും ബൊക്കയും മാലയുമായി പടിയിറങ്ങുന്ന കാമുകനെയോ കാമുകിയെയോ കാണിക്കുമ്പോൾ. ഇവിടെ ഭക്ഷണം കഴിച്ച് തൃപ്തിയായി കൈ കഴുകുന്ന സൗമ്യയെ ചിത്രീകരിച്ചിരിക്കുന്നു.
സിനിമയിൽ ബോധപൂർവ്വമോ അല്ലാതെയോ ആകാം ഈ സീൻ അങ്ങനെ ആക്കിയത്. എന്തായാലും സൗമ്യ കൈ കഴുകി നേരെ നോക്കുമ്പോൾ കാണുന്നത്. താൻ പാതി ഭക്ഷിച്ചു വച്ച കാമുകനെയാണ്.
സൗമ്യ പൂർണ്ണമായും മറ്റൊരാളുടേതായി കഴിഞ്ഞിരിക്കുന്ന ആ നേരമാണ് മഹേഷിന്റെ ഉള്ളിലെ, അല്ലെങ്കിൽ അവരുടെ പ്രണയബന്ധത്തിലെ അവസാന നിമിഷം.

ഇനി നമുക്ക് വർത്തമാന കാലത്ത് നമ്മുടെ ഇടയിൽ കണ്ടു വരുന്ന കാമുക സങ്കല്പങ്ങളോട് മഹേഷിനെ ചേർത്ത് വയ്ക്കാം . നമുക്ക് മഹേഷിന്റെ കയ്യിൽ ഒരു കത്തിയും പെട്രോളും കൊടുക്കാം. അയാൾ ആ കത്തി അവളുടെ ഹൃദയത്തിലേക്ക് കുത്തിയിറക്കട്ടെ. കയ്യിലുള്ള പെട്രോൾ അവളുടെ ദേഹമാസകലം ഒഴിച്ച് കത്തിക്കട്ടെ. അതുമല്ലെങ്കിൽ എല്ലാത്തിനും കാരണം അവൾ ആണെന്ന് എഴുതി വച്ചിട്ട് അവളുടെ വീടിന് മുന്നിൽ കെട്ടി തൂങ്ങി ചാകട്ടെ.. എന്ത് കൊണ്ടും ഈ ഒരു സങ്കല്പത്തിലേക്ക് കൊണ്ടുവരാൻ പറ്റിയ ആൾ തന്നെയാണ് മഹേഷ്. കാരണം…
സൗമ്യ വേറൊരു കല്യാണത്തിന് സമ്മതിച്ചു എന്ന ഫോൺ സംഭാഷണത്തിന് ശേഷം അയാൾ പോകുന്നത് തന്റെ നായക്ക് ഭക്ഷണം നല്കാൻ ആണ്. ഏറ്റവും ഒടുവിൽ നായയും അപ്പച്ചനും മാത്രമാണ് തന്റെ കൂടെയുള്ളതെന്നും. ആ നാട്ടിൽ ഒട്ടുമിക്ക ആൾക്കാർക്കും അറിയാവുന്ന ആ സ്നേഹബന്ധം ഇല്ലാതാകുന്നു എന്നറിഞ്ഞപ്പോൾ ബാക്കിയുള്ളവരിൽ നിന്നൊക്കെ സഹതാപവും പരിഹാസവും മാത്രമാണ് തനിക്ക് കിട്ടുന്നത് എന്ന വിഷമം. തന്റെ വീടിന്നു വെളിയിൽ തനിക്ക് അനുഭവപ്പെടുന്ന ഒറ്റപ്പെടൽ. അതിനും മുൻപ് തനിക്ക് ജിൻസനോട് പ്രതികാരം വീട്ടാൻ പറ്റാത്തതിലുള്ള അമർഷം. ഇത്രയേറെ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോകുന്ന മഹേഷിന് ആ ദേഷ്യം മുഴുവൻ സൗമ്യയോട് തീർക്കുകയോ സ്വയം ഇല്ലാതെയാവുകയോ ചെയ്യാവുന്നതെയുള്ളൂ..
പക്ഷേ അതിനേക്കാൾ എത്രയോ സുന്ദരമാണ് മഹേഷിന്റെ ആ പുഞ്ചിരി.
ആ നോട്ടത്തിലൂടെ അതിനിടയിൽ മിന്നിമായുന്ന പുഞ്ചിരിയിലൂടെ മഹേഷ് വർത്തമാന കാലത്തിന് പകർന്ന് നൽകുന്നത് വലിയൊരു സന്ദേശം തന്നെയാണ്
……
അടുത്ത സീനിൽ അയാൾ കരഞ്ഞു കൊണ്ട് ആ വിഷമം തീർത്തു പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു. കടയിലേക്ക് പോകാനിറങ്ങുമ്പോൾ മഴ തോർന്നിട്ടു ഇറങ്ങാം എന്നാണ് അപ്പച്ചൻ പറയുന്നത്. അവിടെ മഴയെ അയാളുടെ വിരഹം ആയോ പ്രണയമായോ കാണിക്കുന്നു. കൂടാതെ അത് കടയല്ലടാ സ്റ്റുഡിയോ ആണെന്ന് തിരുത്തുന്നതിലൂടെ അപ്പച്ചൻ പറയാതെ പറയുന്നത് മഹേഷിന്റെ ജീവിതത്തെ കുറിച്ച് തന്നെയാണ്. ഇത് വരെ തന്റെ ജീവിതം വെറും ഒരു കടമുറി ആയിരുന്നെന്നും ഇനിയത് നിറങ്ങളുടെ ലോകമായ സ്റ്റുഡിയോ ആണെന്നും തിരിച്ചറിഞ്ഞ്.. മഴ തോർന്ന് അയാൾ പുതിയൊരു ജീവിതത്തിലേക്ക് ചുവട് വയ്ക്കുന്ന നിമിഷം.
ഇവിടെ ഈ പുഞ്ചിരിക്ക് പകരം കത്തിയെടുത്തിരുന്നുവെങ്കിൽ. സ്വയം ജീവൻ ഒടുക്കിയിരുന്നുവെങ്കിൽ.
സ്നേഹ സുന്ദരമായ മറ്റൊരു ജീവിതം അയാൾക്കും സൗമ്യക്കും ലഭിക്കുമായിരുന്നോ??