ഇന്ത്യയിലെ ഏത് വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്നത്രയും ഉന്നതമായ ഒരു അക്കാഡമിക് ജീവിതം, പക്ഷേ പോരാളിയുടെ ജാതകം എന്നൊന്നുണ്ടല്ലോ.. അയാള്‍ തന്നെ നിശ്ചയിക്കേണ്ടത്

87

Arunlal Lenin

1950കളില്‍ ഒരു എന്‍ജിനീയറുടെയും ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുടെയും മകനായി പിറന്ന് സിബിഎസ്ഇ പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് വാങ്ങി, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ബിരുദവും ജെഎന്‍യുവില്‍ നിന്നും പിജിയും നേടി അവിടെത്തന്നെ ഗവേഷകനുമായിരുന്ന ഒരു യുവാവിന് കരിയറെന്ന നിലയ്ക്ക് കൈയ്യെത്തിപ്പിടിക്കാവുന്ന നേട്ടങ്ങളുടെ പട്ടിക എത്രയുണ്ടാവും.?

എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റില്ല അല്ലേ?

ഇന്ത്യയിലെ ഏത് വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്നത്രയും ഉന്നതമായ ഒരു അക്കാഡമിക് ജീവിതം. പക്ഷേ പോരാളിയുടെ ജാതകം എന്നൊന്നുണ്ടല്ലോ.. അയാള്‍ തന്നെ നിശ്ചയിക്കേണ്ടത്.
അടിയന്തിരാവസ്ഥക്കാലത്ത് അനുമതിയില്ലാതെ ഇന്ദിരയുള്ളിടത്തേക്ക് നയിച്ച് പോയി അവരുടെ മുന്നില്‍ നിന്ന് ജെഎന്‍യുഎസ്‌യുവിന്റെ പ്രമേയം വായിച്ച് മുദ്രാവാക്യം വിളിച്ച യെച്ചൂരിയില്‍ നിന്ന്
കഴിഞ്ഞ ദിവസം മണ്ഡിഹൗസില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം നയിച്ച് അറസ്റ്റ് വരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ജന്തര്‍മന്തറില്‍ ആയിരങ്ങള്‍ക്കിടയിലേക്ക് ഉയര്‍ത്തിയ മുഷ്ടിയുമായി വന്നിറങ്ങിയ യെച്ചൂരിയിലെത്തുമ്പോള്‍ മാറിയത് കാലം മാത്രം.

ജീവിതമിനി സമരം തിരിച്ചറിഞ്ഞ, അടിയന്തിരാവസ്ഥക്കാലം മുഴുവന്‍ സമരം മാത്രം ചെയ്ത പിഎച്ച്ഡി പൂര്‍ത്തിയാക്കാത്ത ജെഎന്‍യുവിലെ ആ പഴയ വിദ്യാര്‍ത്ഥി ഇടവേളകളില്ലാതെ, അനുമതി തേടാതെ തെരുവില്‍ നിന്ന് തെരുവിലേക്ക് സഞ്ചരിക്കുന്നുണ്ട്. അല്‍പം മുന്‍പ് ജാമിയയില്‍ ആയിരങ്ങള്‍ അദ്ദേഹത്തെ കേട്ടു.

നീ മാത്രം എവിടെയുമെത്തിയില്ലല്ലോ എന്ന് എപ്പോള്‍ കണ്ടാലും ചോദിക്കുന്ന അമ്മയുടെ മകനാണെന്ന് കഴിഞ്ഞ ദിവസമാണ് വായിച്ചത്. രാജ്യത്തെല്ലായിടത്തും ഇപ്പോഴും അമ്മമാര്‍ അവരുടെ മക്കളോട് ഈ ചോദ്യം ചോദിക്കാറുണ്ട്. ”നീ മാത്രം എവിടെയും എത്തിയില്ലല്ലോ..”
നമ്മളാരും ഇവിടുന്ന് കെട്ടുകെട്ടിപ്പോകാതിരിക്കാന്‍ ആയിരക്കണക്കിന് പോരാളികളായ മക്കള്‍ തെരുവില്‍ തൊണ്ടകീറുന്നത് ഇപ്പോള്‍ അമ്മമാര്‍ അറിയുന്നുണ്ട്. അനുമതികള്‍ക്ക് നമ്മള്‍ കാത്ത് നില്‍ക്കരുത്. ട്രിപ്പ് കഴിഞ്ഞെത്തിയവര്‍ വിശ്രമിക്കട്ടെ. അനുമതിക്കായി കാത്തിരിക്കട്ടെ. ഒന്നിന് വേണ്ടിയും കാത്തുനില്‍ക്കാത്തവര്‍ ഉണ്ടാക്കിയതാണ് ഇന്ത്യ. അത് തിരിച്ചുപിടിക്കാനും ആരുടെയും അനുമതിയും തളികയില്‍ താമ്രപത്രവും വേണ്ട.

 

Advertisements