ചേട്ടന്റെ ആഗ്രഹം പോലെ അങ്ങനെ വെള്ളമടിച്ചു വന്നു തൊഴിക്കാൻ നിന്നുതരാൻ തത്കാലം സൗകര്യം തീരെയില്ല

40

Arv Anchal

കേട്ടകഥകളിലെല്ലാം ഹീറോയായിരുന്ന ഇന്ദുചൂടനോട്‌ അനുരാധയുടെ മനസ്സിൽ എന്തെന്നില്ലാത്തൊരു ഇഷ്ട്ടം തോന്നിയിരുന്നു.തന്റെ അമ്മാവന്റെയും ഏട്ടന്റെയും അച്ഛന്റെയുമൊക്കെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്ത ഇന്ദുചൂടനെ മാത്രം അന്നോളം കണ്ടിരുന്ന അനുരാധയ്ക്ക് അങ്ങനെയൊരു ഇഷ്ട്ടം തോന്നിയതിൽ അത്ഭുതം തീരെ ഇല്ലായിരുന്നു.ഒടുവിൽ തന്റെ ഇഷ്ടങ്ങളെ ചങ്ങലയ്ക്കിടാൻ വന്ന വീട്ടുകാരോട് കലഹിച്ചു അവൾ വീടുവിട്ടിറങ്ങിയ അന്നാണ് ഇന്ദുചൂഡൻ,

“വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും, തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ കെട്ടി പിടിച്ചു സ്നേഹിക്കാനും,
എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും,
ഒടുവിൽ ഒരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയന്മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം..”
എന്നുപറഞ്ഞ് അവളെ പ്രപ്പോസ് ചെയ്തത്.
തിരിച്ചൊരു ഉത്തരമൊന്നും നൽകാതെ “അപ്പൊ ശെരി ആശാനെ നമുക്ക് കാണാം” എന്നൊരു മറുപടിയും നൽകി അവൾ ഹോസ്റ്റലിലേക്ക് പോയി.
എന്നിട്ട് തന്റെ മനസ്സിലെ വിഗ്രഹം തകർത്തെറിഞ്ഞ് അവൾ ഇന്ദുചൂടന് ഇങ്ങനെയൊരു മറുപടി എഴുതി.

” ചേട്ടൻ പറഞ്ഞ പ്രൊപോസലിലെ രണ്ടു മൂന്ന് ഡയലോഗുകൾ എനിക്കിഷ്ട്ടമായി നിങ്ങൾ മരിച്ചാൽ ഞാൻ എന്തായാലും തല തല്ലി കരയും, പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ ആർക്കാണ് അത്‌ സഹിക്കാൻ കഴിയുക? പിന്നെ തീർച്ചയായും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ കെട്ടി പിടിച്ചു സ്നേഹിക്കാനും എനിക്കിഷ്ട്ടമാണ്, പക്ഷെ അതൊഴികെ ചേട്ടൻ പറഞ്ഞതൊക്കെ എന്തൊരു ഊളത്തരമാണ് ചേട്ടാ..

ചേട്ടന്റെ ആഗ്രഹം പോലെ അങ്ങനെ വെള്ളമടിച്ചു വന്നു തൊഴിക്കാൻ നിന്ന് തരാൻ തത്കാലം സൗകര്യം തീരെയില്ല. ഇനി അഥവാ അങ്ങനെ തൊഴിച്ചാൽ തന്നെ ഞാൻ ഡൊമെസ്റ്റിക്ക് വയലൻസിന് കേസ് കൊടുക്കും..ചേട്ടൻ വീണ്ടും അകത്താവും.പിന്നെ ചേട്ടന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റുക എന്നതൊക്കെ ഒരു ഉടമ്പടി പോലെ പറഞ്ഞു വെക്കുന്നതൊക്കെ എന്ത് ബോർ പരിപാടിയാണ്,
അങ്ങനെ കുഞ്ഞുങ്ങളെ പെറ്റും പോറ്റിയും തൊഴികൊണ്ടുമൊക്കെ മാത്രം ജീവിക്കാൻ പറ്റുന്ന മറ്റാരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് ഇന്ദുചൂടേട്ടൻ നോക്കിക്കോളു, അങ്ങനെ ആരെയും ചേട്ടന് കിട്ടാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.ഒരു പെണ്ണും അങ്ങനെ ഡൊമെസ്റ്റിക്ക് വയലൻസ് അനുഭവിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ്..!അപ്പോ ശെരി ചേട്ടാ,എന്റെ വണ്ടിയിൽ എനിക്കിഷ്ട്ടമുള്ളപോലെ പെട്രോളോ ഡീസലോ അടിച്ചു ഞാൻ ഓടിച്ചോളാം, മറ്റുള്ളവരുടെ വണ്ടിയിൽ ചേട്ടനിഷ്ടമുള്ളപോലൊക്കെ ഇന്ധനമടിക്കണമെന്ന് തോന്നുന്നത് മോശമാണെന്ന് മനസിലാക്കാൻ ശ്രമിക്കു.ഗുഡ് ബൈ..എന്ന് നിങ്ങളുടേതല്ലാത്ത അനുരാധ..!!
ശുഭം!
Arv Anchal ✒️