നിങ്ങളുടെ കാമുകിയോ കാമുകനോ പെട്ടെന്നൊരു ദിവസം മരണപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ ?

52

Arv Anchal

നിങ്ങൾക്ക് മുഖത്തൊരു ചിരിയോടെയല്ലാതെ ഭാസ്‌കരനെ ഓർക്കാൻ കഴിയുമോ? ഒരു മഞ്ഞ കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു ചന്ദനത്തിരിയും കയ്യിൽ പിടിച്ചു എവിടെയും ആരുടേയും അനുവാദം ചോദിക്കാതെ കയറി ചെല്ലുന്ന, നമ്മൾക്ക് ആർത്തു ചിരിക്കാനുള്ള വക നൽകി കടന്ന് പോയ ഭാസ്കരൻ…!!ഇനിയൊന്ന് ചിന്തിച്ചു നോക്കു നിങ്ങളുടെ കാമുകിയോ കാമുകനോ പെട്ടെന്നൊരു ദിവസം മരണപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ !? വർഷങ്ങളുടെ പ്രണയത്തെ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒന്നിച്ചു ജീവിച്ചു തുടങ്ങുന്ന ദിവസത്തിലേക്ക് എത്തിച്ച് ആ നിമിഷത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ നിങ്ങൾ കണ്ട സ്വപ്‌നങ്ങളെയും പ്രിയപ്പെട്ട നിങ്ങളുടെ പ്രണയത്തെ തന്നെയും മരണം കവർന്നെടുക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ?
” അവന്റെ കല്യാണത്തിന്റെയന്ന് അവന്റെ പെണ്ണ് മരിച്ചുപോയി, അന്ന് തുടങ്ങിയതാ മൂന്ന് ചന്ദനത്തിരിയും കത്തിച്ചുകൊണ്ടുള്ള ഈ നടപ്പ് ”
ഭാസ്കരന്റെ ഭൂതകാലത്തെ പറ്റി ഇത്രയും മാത്രമാണ് സിനിമയിൽ പറഞ്ഞു വെക്കുന്നത്.

May be an image of 6 people, people standing and indoorമനസിന്റെ താളം തെറ്റി, അയാൾ നമ്മൾക്ക് ഓർത്തു ചിരിക്കാനൊരു വകയായി മാറും മുന്നേ അയാൾ എത്രവട്ടം ആർത്തലച്ച് കരഞ്ഞിട്ടുണ്ടാവുമെന്നോ എത്രവട്ടം തളർന്നു വീണിട്ടുണ്ടാവുമെന്നോ നമ്മളെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതങ്ങനെയാണ് നമ്മൾക്ക് ഏത് രീതിയിൽ ആണെങ്കിലും, എങ്ങനെയാണെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ,അത്‌ തരുന്നയാളുകളുകൾ കടന്നു പോയതും പോകുന്നതുമായ അവസ്ഥകളെ പറ്റി നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. ഏറ്റവും പ്രധാനമായി നമ്മൾക്ക് സന്തോഷം ലഭിക്കുക എന്നത് തന്നെയാണല്ലോ എപ്പോഴും നമ്മുടെ കൺസേൺ. ഭാസ്കരനെ തേടി വരാനോ അയാളുടെ കാര്യങ്ങൾ അന്വേഷിച്ചു വരാനോ ആരുമുള്ളതായി എവിടെയും നമ്മൾ കാണുന്നില്ല.അയാൾക്ക് ഒരു പക്ഷേ അയാളുടെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരേയൊരാളെ ആയിരുന്നിരിക്കണം ആ കല്യാണദിവസം മരണം കവർന്നെടുത്തത്.ജീവിതത്തിനൊരു കൂട്ടായി കൂടെയുണ്ടാവേണ്ട,അവസാനത്തെ പ്രതീക്ഷയും നഷ്ട്ടമായ നിമിഷത്തിലും അതിനു ശേഷവും അയാൾ കടന്നുപോയ വേദനയും,മനസ്സിന്റെ താളം തെറ്റിക്കാൻ പോന്നത്ര ആഴത്തിലുണ്ടായിരുന്ന അയാളുടെ പ്രണയത്തെയും ഒരിടത്തും നമ്മൾ അടയാളപ്പെടുത്തിയതേയില്ല.

മറ്റുള്ളവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും അവർക്കൊപ്പം ചിരിച്ചു തിമിർത്തും ഒപ്പം നമ്മളെ ചിരിപ്പിച്ചും കടന്നു പോയ ഒരാളെന്നതിനപ്പുറം ഇങ്ങനെ കൂടി ഭാസ്കരനെ പറ്റി നമ്മൾ ചിന്തിച്ചു നോക്കണം.ഏതൊരാളുടെ ജീവിതത്തിനും നമ്മളറിയാത്ത, നമ്മൾ കാണാൻ ശ്രമിക്കാത്ത ഒരു മറുപുറം കൂടിയുണ്ടെന്ന ഓർമ്മപെടുത്തൽ കൂടിയാണ് എനിക്ക് ഭാസ്കരൻ…!! ❤

അനുബന്ധം : കല്യാണത്തിന് ബാക്കിയായ ബിരിയാണിയും ബിരിയാണി ചേമ്പും ഇന്നും അയാളുടെ മനസിൽ ഉണ്ട്… ആ ബാക്കിയായ ബിരിയാണി അവിടെ ഉണ്ടെന്നും, ഭക്ഷണം വേസ്റ്റാക്കരുത് എന്ന ബോധവും ഉള്ളിൽ ഉള്ളതിനാലാണ് കൂടെയുള്ളവരെ അയാൾ ബിരിയാണി ഉണ്ടെന്നും പറഞ്ഞു ഗേറ്റിന് അടുത്തേക്ക് പറഞ്ഞുവീടുന്നത്…