ജോളിയെ കണ്ടാൽ ഇത്രയും കൊലപാതകങ്ങൾ ചെയ്തയാളാണെന്ന് തോന്നുന്നില്ലെന്ന് പറയുന്നവരോട്

235

Arya Padma എഴുതുന്നു 

കൂടത്തായ് കൊലപാതകക്കേസിലെ പ്രതിയായ ജോളിയെ കണ്ടാൽ ഇത്രയും കൊലപാതകങ്ങൾ ചെയ്തയാളാണെന്ന് തോന്നുന്നില്ല എന്നതാണ് ചിലരുടെ പരാതി. സമ്പന്നയും ദൈവ വിശ്വാസിയും സ്നേഹനിധിയും ഉപദേശിയും സർവ്വോപരി ”നല്ല കുടുംബത്തിൽ പിറന്നവളുമായ” ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്നതാണ് പലരുടെയും ‘ധർമ്മ’സങ്കടം.

കുറ്റവാളികളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന ഇത്തരം സാമൂഹ്യ ധാർമിക ബോധങ്ങളെ സമ്മതിക്കണം. ചിലരെ കാണുമ്പോൾ ”ഇവനെ കണ്ടാലെ അറിയാം, അവനത് ചെയ്യും” എന്നൊക്കെ ദീർഘവീക്ഷണം നടത്തുന്നതിലും ഇവർക്ക് അസാമാന്യ കഴിവുണ്ട്. മധുവിന്റേതുൾപ്പെടെ ആൾക്കൂട്ടകൊലപാതകങ്ങൾ തെളിവുകൾക്കുപരി ഇത്തരം ലക്ഷണശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി നിറവേറ്റിയവരാണവർ. നീട്ടിവളർത്തിയ മുടിയിൽ ചായം തേച്ച വിനായകനെ കഞ്ചാവ് വലിക്കാരനാണെന്ന് ഉറപ്പിച്ചവരും ഇതേ പൊതുബോധ നിർമിതികൾ നീതിന്യായ വ്യവസ്ഥയിലും അന്തർലീനമാണ് എന്നതിന്റെ തെളിവാണ്. വർഷങ്ങളോളം കൂടത്തായ് കൊലപാതകങ്ങളിൽ പൊലീസിന് ഇത്തരം സംശയങ്ങളും നടപടികളും ഉണ്ടാവാതിരുന്നതും ഇതുകൊണ്ടൊക്കെ തന്നെ.

പൊതു നിർമിതിയായ ചില അലിഖിത സമവാക്യങ്ങളിലാണ് സമൂഹം ഇന്നും ഒരു കൃത്യത്തെയോ കുറ്റവാളിയെയോ വിലയിരുത്തുന്നത്. ഗോവിന്ദച്ചാമി അവരുടെ കുറ്റവാളി സങ്കല്പത്തെ തൃപ്തിപ്പെടുത്തുന്നതിനാൽ അയാൾക്കു ലഭിച്ച ശിക്ഷ പോരെന്നു ഉറക്കെ പറയാൻ ഇക്കൂട്ടർക്കാവും. രൂപത്തിന്റെയോ നിറത്തിന്റെയോ ജാതിയുടെയോ പേരിൽ കുറ്റവാളിയാക്കപ്പെട്ട് ജയിലറയിൽ ജീവിതമൊടുങ്ങിയ എണ്ണിയാലൊതുങ്ങാത്ത നിരപരാധികളെ അവർ കണ്ടില്ലെന്ന് വയ്ക്കും. തോന്നിയ കോലം കെട്ടാതെ നടന്നിരുന്നെങ്കിൽ വിനായകന് ഈ ഗതി വരുമായിരുന്നില്ല എന്നു അപലപിക്കും. എന്നാൽ വർഷങ്ങളോളം യാതൊരു സംശയങ്ങൾക്കും ഇടനൽകാത്ത അതി വിദഗ്ദമായ കൊലപാതകക്കേസിലെ പ്രതി തങ്ങളുടെ കുലീന സങ്കൽപത്തിലുള്ളൊരാളാകുന്നത് അവിശ്വസനീയവും, നാളെ അവർ കുറ്റവാളിയായി വിധിക്കപ്പെട്ടാൽ അത് ഒറ്റപ്പെട്ട സംഭവവുമായി മാറുന്ന അതി മനോഹര ലോകമാണിത്…

Advertisements