മൂന്നാം ക്ലാസ്സായിരുന്നു. ‘പരിശുദ്ധ കുടുംബ ‘ത്തിൻ്റെ പേരുള്ള സ്ക്കൂളായിരുന്നു. അച്ഛൻ തന്ന നൂറു രൂപാ നോട്ട് ഞാൻ നിധി പോലെ കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു…… എൻ്റെ കയ്യിനു ളളിൽ അതുണ്ടെന്ന് ഉറപ്പിക്കാൻ ഞാനിടക്കിടെ ഉള്ളം കയ്യിൽ തിരുമ്മി…. ഇന്ന് ഈ ക്ലാസ്സിലെ റാണി ഞാനായിരിക്കും. സോഷ്യൽ സർവീസിന് ഏറ്റവും കൂടുതൽ പൈസ തന്നത് ആര്യയാണെന്ന് ആൽബർട്ട് സിസ്റ്റർ ഇപ്പോൾ പറയും… എനിക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ആ ക്ലാസ്സിൽ എൻ്റെ തലയുയരാൻ പോവുകയാണ്…. എൻ്റെ നെഞ്ചിടിപ്പ് കൂടി.ലിസിയുടെ കയ്യിലെ മുഷിഞ്ഞ രണ്ട് രൂപാ നോട്ട് വാങ്ങിച്ച് സിസ്റ്റർ ഉണ്ണീശോയുടെ പടമൊട്ടിച്ച പെട്ടിയിലിട്ടു. ലിസി എൻ്റെ കൂട്ടുകാരിയായിരുന്നു. അവളുടെ അമ്മയ്ക്ക് കട്ലറ്റ് കച്ചോടമായിരുന്നു.എന്നും ഉച്ചക്ക് ഒരു കുഞ്ഞിക്കഷ്ണം കട്ലറ്റ് ലിസി എന്നെ പാത്രത്തിലേക്കിടും….മാങ്ങ ഉപ്പും, മുളകും, വെളിച്ചെണ്ണയും ചേർത്ത് നനച്ചെടുത്തത് ഞാൻ അവളുടെ പാത്രത്തിലേക്കിടും….. പുഴുപ്പല്ലു മുഴുവൻ കാണിച്ചു കൊണ്ട് അവൾ ചിരിക്കും.
“നീ എത്രയാ കൊണ്ടന്നിരിക്കണ്”?
” നൂറു രൂപ……”
അഭിമാനം കൊണ്ട് എൻ്റെ നെഞ്ച് പൊട്ടിപ്പോകുമെന്ന് എനിക്കു തോന്നി.ഇന്നലെ അച്ഛനത് തന്നപ്പോൾ ഞാൻ വിറച്ചു പോയി. എല്ലാ മാസവും ഞാനച്ഛനോട് ചോദിക്കാറുണ്ട്. എനിക്കു കിട്ടാറുള്ള ഏറ്റവും കൂടുതൽ പൈസ ഒരു രൂപയായിരുന്നു.
” ഉള്ള സർവീസൊന്നും പോരാഞ്ഞിട്ടാണ് കന്യാസ്ത്രീകളുടെ വക വേറെ….. ”
അച്ഛനും അവിടെയാണ് പഠിച്ചിരുന്നത്. അതു കൊണ്ട് ആ ഒരു രൂപ മുടങ്ങിയില്ല. അത്തവണയും വയലറ്റ് നിറത്തിലുള്ള ഒറ്റ രൂപാ നോട്ടും പ്രതീക്ഷിച്ചാണ് ഞാൻ പോയത്. അച്ഛൻ അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. എനിക്ക് എന്തെങ്കിലും സംസാരിക്കാനോ, ചോദിക്കാനോ പറ്റിയ ഒരാളാണ് അച്ഛൻ എന്ന് എനിക്കന്നൊന്നും തോന്നിത്തുടങ്ങിയിട്ടില്ല. അതു കൊണ്ട് ആ സന്തോഷത്തിൻ്റെ കാരണം അന്നെന്ന പോലെ ഇന്നും എനിക്കജ്ഞാതമാണ്.
“ഇപ്രാവശ്യം ഞാൻ നൂറു രൂപയാ തരണേ…. പോട്ടെ ആ കാശ്….”
വിശ്വാസം വരാതെ ഞാനച്ഛനെ മിഴിച്ചു നോക്കി.
“കൊണ്ടോയി കൊടുക്ക്….. നിൻ്റെ സിസ്റ്ററ് ഞെട്ടട്ടെ……”
ഞാൻ വേഗം എൻ്റെ പുതിയ കണക്കു പുസ്തകത്തിൻ്റെ ആദ്യത്തെ പേജിനുള്ളിൽ ആ നൂറു രൂപാനിധി നിക്ഷേപിച്ചു. ക്ലാസ്സിൽ ഒരാളാണ് നൂറു രൂപാ നോട്ട് കൊണ്ടു വരാറുള്ളത്. അത് റിഷ രാമകൃഷ്ണനാണ്. റിഷ നോട്ടുബുക്കിൻ്റെ ഒരു വശത്ത് മാത്രമേ എഴുതൂ. മറുവശത്ത് എഴുതരുതെന്ന് അവളുടെ അമ്മ പറഞ്ഞിട്ടുണ്ട്. അവളുടെ തൂവാലക്കും, ബാഗിനും, പുസ്തകങ്ങൾക്കും, അവൾക്കു തന്നെയും എപ്പോഴും ഒരു പുതുമണമാണ്. എല്ലാ മാസവും കൂടുതൽ പൈസ സോഷ്യൽ സർവീസിലേക്ക് നൽകിയതിൻ്റെ പേരിൽ റിഷ എഴുന്നേറ്റ് നിൽക്കും. സിസ്റ്റർ ആൽബർട്ടിൻ്റെ നിർദ്ദേശപ്രകാരം ഞങ്ങളല്ലാവരും കയ്യടികൾ മുഴക്കും. വിശുദ്ധമായ ഒരു നോട്ടത്തോടെ സിസ്റ്റർ ആൽബർട്ട് റിഷയെ സീറ്റിലിരുത്തും. ഇത്തവണ എനിക്കും അത് കിട്ടാൻ പോവുകയാണ്. ശരീരത്തിലൂടെ ആവേശത്തിൻ്റെ ഒരു തീവണ്ടി ചൂളം വിളിച്ചു കൊണ്ട് ഓടിത്തുടങ്ങി….
“നിനക്കെവിടന്നാ നൂറ് രൂപ…?”
എന്തൊരു മണ്ടൻ ചോദ്യമാണ് സിസ്റ്ററിൻ്റേത്? ജീവിതത്തിൽ രണ്ടു പേരേ എനിക്ക് കാശ് തരാറുള്ളൂ….. ഒന്ന് എൻ്റെ അമ്മാമ്മയാണ്…. പിന്നെ എൻ്റെച്ഛനും….
” എൻ്റച്ഛൻ തന്നതാ സിസ്റ്ററേ ”
” പിന്നേ നിൻ്റച്ഛന് ലോട്ടറിയടിച്ചാ? സത്യം പറഞ്ഞോ നീയെവിടുന്നാ ഇത് കട്ടേ?”
എൻ്റെ കണ്ണിൽ ഇരുട്ടു കയറി. ആരെങ്കിലും എന്തെങ്കിലും തന്നാൽ പോലും ഞാനാദ്യം അച്ഛനെ നോക്കുമായിരുന്നു.’വാങ്ങിച്ചോ’ എന്നൊരു തലയാട്ടൽ കിട്ടിയാൽ മാത്രം ഞാൻ കൈകൾ നീട്ടി. ഇന്ന് ഞാൻ ഈഗോ എന്ന് വിളിക്കാനിഷ്ടപ്പെടുന്ന ഈ അങ്ങേയറ്റത്തെ അഭിമാനബോധം നേട്ടങ്ങളേക്കാൾ നഷ്ടങ്ങളേ എനിക്കെപ്പോഴും ഉണ്ടാക്കിയിട്ടുള്ളൂ.
“വേറെ ആരൊക്കെയാ നൂറു രൂപ കൊണ്ടന്നിരിക്കണ്?”
സിസ്റ്ററിൻ്റെ ചോദ്യത്തിന് മറുപടിയെന്നോണം റിഷ എഴുന്നേറ്റു.
” നിൻ്റെ കാശ് ബാഗിലില്ലേന്ന് നോക്ക്യേ…. ”
തൻ്റെ മിക്കി മൗസ് ബോക്സ് പരിശോധിച്ച ശേഷം റിഷ സിസ്റ്ററിനെ നോക്കി തലയാട്ടി.
കണ്ണടക്കുള്ളിലൂടെ സിസ്റ്റർ എന്ന നോക്കുന്നുണ്ടാവണം….. ആ നൂറു രൂപ ഞാൻ കട്ടതു തന്നെയാണെന്ന് എനിക്കു തോന്നി…. ഇല്ലെങ്കിൽ എൻ്റെ തല കുനിയുന്നതും, കണ്ണുകൾ നിറയുന്നതും, ചെവി ചൂളം വിളിക്കുന്നതും എന്തു കൊണ്ടാണ്? ഞാനാകെ വിയർത്ത് കുളിച്ചിരുന്നു. ആനന്ദ നീല പാവാടയും, വെള്ള ഷർട്ടും മേലിലൊട്ടുന്നതു പോലെ എനിക്കു തോന്നി.
“ഉം …. സീറ്റിപ്പോയിരുന്നോ…. ”
അത്തവണ കണക്കെടുപ്പുകളും കയ്യടികളും ഉണ്ടായില്ല. ലിസി പതുക്കെ എൻ്റെ കയ്യിലമർത്തി. എനിക്കവളുടെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
അന്നു വൈകീട്ട് വീട്ടിലെത്തിയിട്ടും അകാരണമായൊരു പേടി എന്നെ ചുറ്റിപ്പറ്റി നിന്നു.അമ്മ ചിന്നുവിന് കുറുക്ക് വായിലൊഴിച്ചു കൊടുക്കുന്നു. അവൾ കാലുകളിട്ടിളക്കി എന്നെ നോക്കി ചിരിക്കുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള നേരമാണത്….. കരയാതിരിക്കാൻ ഞാൻ മുഖം വക്രിച്ചു പിടിച്ചു.അച്ഛൻ്റെ ബുള്ളറ്റിൻ്റെ ശബ്ദം കേട്ടപ്പോഴേക്കും ഞാൻ മുറിയിലേക്ക് വലിഞ്ഞു.ഇരുട്ടിൽ ഒളിച്ചു നിന്ന് ഞാനച്ഛനെ നോക്കി….. അച്ഛൻ ഷൂ ഊരുന്നു….. അമ്മയോട് വർത്തമാനം പറയുന്നു……. സങ്കടം തൊണ്ടയിൽക്കുടുങ്ങി ഞാൻ മരിച്ചു പോവുമെന്ന് എനിക്കു തോന്നി…… അവരോടത് പറയണമെന്ന് എനിക്കു തോന്നിയില്ല…… ഞാൻ മുറിയിലെ ഇരുട്ടിൽ തനിച്ചു നിന്ന് കരച്ചിലിനെ വിഴുങ്ങി…..
നാളെ അദ്ധ്യാപക ദിനമാണ്….. ആശംസകളും, പൂച്ചെണ്ടുകളും, ഗുരുസ്തവങ്ങളും എല്ലായിടത്തും മുഴങ്ങും…. ഞാനും ഒരദ്ധ്യാപികയായി….. എങ്ങിനെ ആവണം ഒരു ടീച്ചർ എന്ന് ഞാനാലോചിച്ചിട്ടേ ഇല്ല…… എങ്ങിനെയെല്ലാം ആവരുത് എന്നാലോചിക്കാറുണ്ട്…..
അതെന്നെ പഠിപ്പിച്ചത് പരിശുദ്ധകുടുംബവും, ഒരു നൂറു രൂപാ നോട്ടുമാണ്………

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്