പ്രമുഖ ചാനലിനെ പൊളിച്ചടുക്കി യുവാവിന്റെ നർമ്മ കുറിപ്പ് വൈറലാകുന്നു

1345

Aseeb Puthalath എഴുതുന്നു 

ഞാൻ വൈകീട്ടുള്ള ഷിഫ്റ്റിന് ഡെസ്ക്കിൽ കയറി. എം ഡി കാബിനിലിരിപ്പുണ്ട്. ന്യൂസ് ഡിബേറ്റിനായി പ്രദീപ് മേക്കപ്പിടുന്നുണ്ടായിരുന്നു. ഇന്ത്യാ- അഫ്ഗാനിസ്ഥാൻ മൽസരം നടന്നുകൊണ്ടിരിക്കുന്നു. സ്കോർ ഇടക്ക് സ്ക്രോൾ വിടണം. ടൊവിനോയുടെ പ്രസംഗം ഒന്ന് കേട്ടു. അതിനിടയിൽ തേവര SH കോളേജ് എസ് എഫ് ഐ പിടിച്ചെന്ന് അനുപമ എന്നോട് പറഞ്ഞു. ആ വാർത്ത പുറത്ത് വിടെണ്ടതില്ലയെന്ന് ഞാൻ മനസിലുറപ്പിച്ചു. വെളുപ്പിന് കോപായിൽ അർജന്റീന – വെനസ്വല കളി കാണണമല്ലോ എന്നോർത്തു.

Aseeb Puthalath
Aseeb Puthalath

ഒരു രസമില്ല. ഒരു പുകയെടുക്കാൻ ഞാൻ ടോയിലറ്റിലേക്ക് പോയി‌. പോക്കറ്റിൽ നിന്ന് ജോയിന്റെടുത്ത് കത്തിച്ച് അത് ആഞ്ഞു വലിച്ചു. ഒരു പുകയെടുത്ത് അത് കെടുത്തി. സ്മെൽ വരാതിരിക്കാൻ ഞാൻ ജനലിനരികിലെ ഹാർപിക്കിനരികിലിരിക്കുന്ന ഫ്രഷ്നറെടുത്ത് ഒന്നടിച്ചു. പോക്കറ്റിൽ നിന്ന് ചൂയിംഗമെടുത്ത് വായിലിട്ട് ഞാൻ പുറത്തേക്കിറങ്ങി. ലഹരി എന്റെ തൊഴിലിനെ ബാധിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

ഞാൻ വീണ്ടും ഡെസ്കിൽ വന്നിരുന്നു. ഇന്ത്യാ അഫ്ഗാൻ മൽസരം പുരോഗമിക്കുന്നു. എം ഡി ഇപ്പോഴും മേക്കപ്പിട്ടുകൊണ്ടിരിക്കുന്നു. അനുപമ അപ്പുറത്ത് ഒരു സ്റ്റോറിക്കുള്ള സ്ക്രിപ്റ്റ് എഴുതുന്നു.
ടൊവിനോയുടെ പ്രസംഗം വാർത്തയാക്കാം. ‘സിനിമയില്ലെങ്കിൽ കിളച്ച് ജീവിക്കും’ എന്ന് കാപ്ഷനിട്ട് ഞാൻ വാർത്ത അപ്ലോഡ് ചെയ്തു. വെളുപ്പിനുള്ള കോപാ മൽസരത്തിൽ അർജന്റീന ജയിക്കേണ്ടതുണ്ട്.

ഒരു രസമില്ല. വീണ്ടും ഞാനൊരു പുകയെടുക്കാൻ ടോയിലറ്റിലേക്ക് നടന്നു. ജോയിന്റ് കത്തിച്ച് വീണ്ടും ഞാനൊരു പുക നീട്ടി വലിച്ചു. സ്മെൽ വരാതിരിക്കാൻ ഹാർപ്പിക്കിനരികിലിരിക്കുന്ന ഫ്രഷ്നറെടുത്ത് ഞാൻ കക്ഷത്തിലടിച്ചു. ചൂയിംഗം വായിൽ നിന്നെടുത്ത് പോക്കറ്റിലിട്ട് ചവച്ച് ഞാൻ പുറത്തേക്കിറങ്ങി. ലഹരി എന്റെ തൊഴിലിനെ ബാധിക്കില്ല എന്നെനിക്കുറപ്പുണ്ട്.

ഞാൻ ഡെസ്കിൽ വന്നിരുന്നു. ഇന്ത്യാ- അർജന്റീന മൽസരം പുരോഗമിക്കുന്നു. അർജന്റീന ജയിക്കാനുള്ള സാധ്യത കാണുന്നു. ‘ഇന്ത്യ തോല്വിയിലേക്ക്’ എന്നൊരു സ്ക്രോൾ ഞാൻ വിട്ടു.

ഞാൻ അനുപമയെ വിളിച്ചു.

‘എസ് എഫ് ഐക്കാരൻ ആരെ കയറി പിടിച്ചെന്നാ നീ പറഞ്ഞത്.?’

‘സാറേ, SH കോളേജ് എസ് എഫ് ഐ പിടിച്ചെന്നാ ഞാൻ പറഞ്ഞത്.’

ഞാൻ ചുറ്റും നോക്കി. പ്രദീപ് സ്ക്രിപ്റ്റിന് സ്റ്റോറി ചെയ്യുന്നു. മേക്കപ്പ് കാബിനിലിരിപ്പുണ്ട്. ടൊവിനോ കിളക്കാൻ പോയെന്ന് തോന്നുന്നു. ആ പോട്ടെ. രാവിലെ അഫ്ഗാനും ഫുട്ബോളും തമ്മിലുള്ള വെനസ്വലയുണ്ട്. കാണണം.

ഒരു രസമില്ല. ഞാൻ ടോയിലറ്റിലേക്ക് നടന്നു. പോക്കറ്റിൽ നിന്ന് ചൂയിംഗമെടുത്ത് കത്തിച്ചു. ഒരു പുകയെടുത്തു. ഹാർപ്പിക്കെടുത്ത് വായുവിലടിച്ചു. ഫ്രഷ്നർ പോക്കറ്റിലിട്ട് ജോയിന്റെടുത്ത് ചവച്ച് ഞാൻ പുറത്തേക്കിറങ്ങി. തൊഴിലെന്റെ ലഹരിയെ ബാധിക്കില്ല എന്നെനിക്കുറപ്പുണ്ട്.

ഞാൻ ഡെസ്കിൽ വന്നിരുന്നു. നീലക്കുപ്പായക്കാരായ അർജന്റീന 9 പോയിന്റിന് വിജയിച്ചിരിക്കുന്നു. ‘ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്വി’ എന്ന് ഞാൻ സ്ക്രോൾ വിട്ടു. ഞാൻ ടൊവിനോയെ നോക്കി.

‘എസ് എഫ് ഐ നേതാവ് നിന്നെ കേറിപ്പിടിച്ചിട്ട് നീ ഒന്നും ചെയ്തില്ലേ’

‘സാറ് എന്തൊക്കെയാ ഈ പറയുന്നേ.? ഇന്നലത്തെ കെട്ട് വിട്ടില്ലേ.?’

ഞാൻ ഒന്ന് ചിരിച്ചു. തൊഴിലെന്റെ വലിയെ ബാധിക്കാറില്ല എന്ന് ഇവർക്ക് ഇതുവരെ മനസിലായില്ലേ.

ഞാൻ മേക്കപ്പ് ബോക്സിലേക്ക് നോക്കി. പ്രദീപ് SH കോളേജിലേക്ക് പോയിരുന്നു. സ്റ്റോറി അനുപമക്ക് ടൊവിനോയിടുന്നു. നാളെ വെളുപ്പിന് എം ഡിയും വെനസ്വലയും തമ്മിലുള്ള കളി കാണണം.

ഒരു രസമില്ല. ഞാൻ എണീറ്റ് കാബിനിലേക്ക് നടന്നു. മേക്കപ്പ് ബോക്സിൽ നിന്ന് ഫ്രഷ്നറെടുത്ത് കത്തിച്ചു. വായിൽ നിന്ന് ചൂയിംഗമെടുത്ത് കക്ഷത്തിലൊട്ടിച്ചു. ഹാർപിക് തുറന്ന് വായിലിട്ട് ഞാൻ പുറത്തേക്കിറങ്ങി. വലിയെന്റെ തൊലിയെ ബാധിക്കില്ല എന്നെനിക്കുറപ്പുണ്ട്.

ഞാൻ ഡെസ്കിൽ വന്നിരുന്നു. ‘എസ് എഫ് ഐ നേതാവ് ടൊവിനോയെ കയറിപ്പിടിച്ചു’ എന്ന് ഞാനൊരു സ്ക്രോൾ വിട്ടു. ഞാൻ ചുറ്റും നോക്കി. മേക്കപ്പ് ബോക്സിലിരുന്ന് അനുപമ കിളക്കുന്നു. ടോയിലറ്റിൽ നാളെ പ്രദീപും എം ഡിയും തമ്മിൽ കളിയുണ്ട്. കാണണം.

ഒരു രസമില്ല. ഞാൻ ഒന്നൂടെ എഴുന്നേറ്റ് നടന്നു. കിളയെന്റെ വലിയെ ബാധിക്കില്ലെന്നെനിക്കുറപ്പുണ്ട്.!!!

(ഓഷോ കഥയിൽ നിന്ന് പ്രചോദനം കൊണ്ട്, മാധ്യമ കഥകളാൽ പ്രകോപനം കൊണ്ടെഴുതിയത്)