Aseeb Puthalath

1, ഒരാളെ നായകനാക്കി, നല്ലവനാക്കി എഴുതുന്നതിനൊരു പാറ്റേണുണ്ട്. അയാളുടെ ഇടപെടലുണ്ടായ ഒരു വിഷയമെഴുതുക, ആ വിഷയം പോളിസിയുടെ ഭാഗമോ സിസ്റ്റത്തിനെ നന്നാക്കലോ അല്ലെങ്കിൽപ്പോലും ഇമ്മീഡിയറ്റ് നന്മക്ക് ഊന്നൽ നൽകുക,വായിക്കുന്നവരുടെ വൈകാരികതയെ ഉത്തേജിപ്പിക്കുന്ന ഒരു എൻഡിംഗിൽ ആ വിഷയം നിർത്തുക, ശേഷം അയാളുടെ ദൈനംദിനചര്യായാണത്തരം ഇടപെടലെന്ന് അടിവരയിടുക, സാത്വികഭാവത്തിലൊരു ചിത്രം ചേർക്കുക, നെഞ്ചിൽ കൊള്ളുന്ന പഞ്ചിട്ട് കാര്യമവസാനിപ്പിക്കുക. ക്ലീൻ.!

2, ഉമ്മൻചാണ്ടിക്കത് ചെയ്യാൻ മനോരമയുണ്ടായി, മനോരമക്ക് ഫോട്ടോഗ്രാഫറുണ്ടായി. മുടി ചീകാതിരിക്കലും ട്രയിനിൽ കിടന്നുറങ്ങലും പട്ടിണിപ്പാവങ്ങളുടെ നിവേദനം വാങ്ങലുമായിരുന്നയാളുടെ മെയിൻ. കൂടെയുള്ളവന്റെ കുതികാൽ വെട്ടിയും ഗ്രൂപ്പായി തിരിഞ്ഞ് കൂട്ടത്തിൽ കുത്തിയും സാമുദായിക നേതാക്കൾക്ക് തിരുമ്മിക്കൊടുത്തും മുഖ്യമന്ത്രി കസേരയിലെത്തിയ അങ്ങേർ നിർഗുണപരബ്രഹ്മങ്ങൾക്കിടയിൽ ജനകീയനായതിലെ പ്രധാന സൂത്രവാക്യം മുകളിലെ ഇൻസിഡന്റ്സ് ബേസ്ഡ് ഇമോഷന്റെ നൈസായ കുത്തിവെക്കലുകളായിരുന്നു, വെൽ പ്ലാനഡ് സ്ക്രിപ്റ്റുകളുടെ എക്സിക്യൂഷനായിരുന്നു.

3, സ്വഭാവികമായും ഒരാളെ വില്ലനാക്കുന്നതിനൊരു പാറ്റേണുണ്ടാവണം. ആസൂത്രിതമായ നെഗറ്റീവ് വാർത്തകളൊരുക്കുക, അതേ ചേരിയിലെ മറ്റൊരാൾക്ക് ഹീറോ പരിവേശം നൽകി നല്ലവൻ-കെട്ടവൻ ദ്വന്തം സൃഷ്ടിക്കുക, നല്ലവനെ താങ്ങി കെട്ടവനെ കൊട്ടുക, കെട്ടവന്റെ ചിരിക്കാത്ത മുഖം ജനങ്ങളിൽ സട്ടിലായി പതിപ്പിക്കുക, നിഗൂഢത കൂട് കെട്ടുന്ന കഥകളെഴുതുക, കഥ പറയാൻ കാഥികരെ കാശ്‌ കൊടുത്തിറക്കുക.

4, പിണറായി വിജയനെതിരെ അത് ചെയ്യാൻ മനോരമയുണ്ടായി, മാതൃഭൂമിയുണ്ടായി, മംഗളമുണ്ടായി, അങ്ങ് തലസ്ഥാനം മുതൽ അക്ഷരനഗരി വഴി മലബാർ വരെ നിരക്കുന്ന അച്ചുകളുണ്ടായി. ഏഷ്യാനെറ്റ് മുതലിങ്ങോട്ട് പിറവിയെടുത്ത‌ ചാനൽകൂട്ടങ്ങളുണ്ടായി. നിരീക്ഷകർക്ക് കഥ പറയാൻ ചർച്ചകളുണ്ടായി.
ലാവ്ലിനും ഓട്ടോമാറ്റിക് ഗേറ്റുള്ള ബംഗ്ലാവും സിംഗപ്പൂരിൽ ബിസിനസുമുണ്ടായി.

5, ആരോപണം‌ വന്നപ്പോൾ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്നും പാർട്ടിയിലെ‌ നല്ലവൻ താഴ്ത്തിയപ്പോൾ തലയുയർത്തി കേറി നിന്നും പാർട്ടിയെ കൊട്ടിയപ്പോൾ എതിരാളികൾക്ക് മുന്നിൽ ചീറിനിന്നും വിഭാഗീയത കാലത്ത് കെട്ടുപൊട്ടാതെ ചാരി നിന്നും അയാൾ പാർട്ടിയെയും, പാർട്ടിബോധം അയാളെയും നയിച്ചു. ഒഴിയുന്ന കാലം വരെ തന്റെ പക്ഷത്തെ പിണറായി പക്ഷമെന്നല്ല, ഔദ്യോഗികപക്ഷമെന്ന് വിളിപ്പിക്കാനും, ഒഴിയുന്ന നാളിൽ അങ്ങനൊരു പക്ഷത്തെ മാത്രമായി ബാക്കി വക്കാനും വിധം അയാൾ പാർട്ടിയോട് കൂറ് വച്ചു. പാർട്ടി ആ കൂറിന് അർഹമായത് പകരം‌ വച്ചു.

6, ഭരണം കിട്ടിയകാലം ചെങ്കോൽ കയ്യിൽ കൊടുക്കാൻ പാർട്ടി തീരുമാനിച്ചതയാളെയാകുന്നത്‌ കെട്ടകാലത്ത് പാർട്ടിയെ കൂട്ടിക്കെട്ടി നയിച്ചതിന്റെ നന്ദിക്കാണെന്നല്ല. ഇരിക്കുന്നതെവിടെയായാലും വേണ്ടത് വൃത്തിക്ക് ചെയ്യുമെന്ന്, സിസ്റ്റത്തിൽ ഇടപെടുമെന്ന്, പോളിസിയെ ഉടച്ച് വാർക്കുമെന്ന്, കാര്യം നടത്തുമെന്നയാൾ മുൻപേ തെളിയിച്ചതുകൊണ്ടായിരുന്നു.

7, എന്ന്വച്ചാൽ 96ൽ പിണറായി വൈദ്യുതിമന്ത്രിയാകുന്ന കാലത്ത് തൃശൂർ വിട്ട് മുകളിലേക്ക് കണ്ടമാനം ലൈനൊന്നും വലിച്ചിട്ടില്ല, വലിച്ചാലും കൊടുക്കാൻ വൈദ്യുതിയില്ല, വൈദ്യുതിയെത്തിയ വീടുകളിൽ വോൾട്ടേജില്ല. അതിപ്പോ കരണ്ടുണ്ടോ എന്നറിയാൻ കൈകൊണ്ട് തൊട്ട് നോക്കണം, ബൾബ് കത്തിക്കിടക്കുവാണോ എന്നറിയാൻ അരികിൽ ചെന്ന് നിക്കണം, ഫാൻ കറക്കിയെടുക്കാൻ കോല് കൊണ്ട് തട്ടിയാറ്റണം, കാര്യം നടക്കണെമെങ്കിൽ സ്റ്റെപ്പപ്പെന്നൊരു സെറ്റപ്പ് വക്കണം.

8, തൃശൂരെ മടക്കത്തറയിൽ നിന്ന് കാസറോട്ടെ മൈലാട്ടിയിലേക്ക് 220 കെ വി ലൈൻ വലിച്ചാ കാര്യം നടക്കും. വകുപ്പിലക്കാലത്ത് തറക്കല്ലിടാനുള്ള വെട്ടുകല്ലും ഉത്ഘാടനമായാൽ മുറിക്കാനുള്ള നാടയും മാത്രമുണ്ട്, കെട്ടിക്കിടക്കുന്ന ഫയലുണ്ട്, അതിന്റെ കെട്ടഴിക്കാത്ത മേലാളന്മാരുണ്ട്. വിഷയം പഠിച്ച്, കാലയളവ് എസ്റ്റിമേറ്റ് ചെയ്ത്, ലൈൻ വലിക്കാനുള്ള പദ്ധതി വിശദീകരിക്കേ “ഉദ്ദേശിച്ച സമയം കൊണ്ട് കാര്യം നടക്കില്ലെന്നും സമയം നീട്ടിനൽകണം” എന്ന് പറഞ്ഞ ഉദ്ദ്യോഗസ്ഥനോട് “ആ സമയം കൊണ്ട് നടത്താൻ പറ്റിയ ഏതെങ്കിലും ഉദ്ദ്യോഗസ്ഥരുണ്ടെങ്കിൽ കാബിനിലേക്ക് വിടാൻ” പിണറായി പറഞ്ഞതിന്റെ പിറ്റേന്ന് മുതൽ പണി നടന്നു, അവിടെ ലൈൻ വലിഞ്ഞു, കാണുന്ന‌ വെട്ടത്തിൽ മലബാറിലെ ബൾബൊക്കെ കത്തി നിന്നു.

9, അതിന് പാരലലായി കായംകുളത്ത്, ബ്രഹ്മപുരത്ത്, കളമശേരിയില്, കോഴിക്കോട്, കക്കാടിൽ, പെരിങ്ങൽക്കൂത്തില്, ലോവർ പെരിയാറ്റില് വിപ്ലവമുണ്ടായി, വൈദ്യുതിയേറ്റമുണ്ടായി. രണ്ടരക്കൊല്ലം മാത്രം വകുപ്പ് നോക്കി പാർട്ടി സെക്രട്ടറിയാവാൻ മന്ത്രിസ്ഥാനം രാജിവച്ച പിണറായിക്ക് കീഴിൽ 1083 മെഗാവാട്ട് ഊർജ്ജം സംസ്ഥാനത്ത് അധികമുണ്ടായി. അതിന്റെ പുറത്ത്‌ കേരളം കുതിക്കുകയുണ്ടായി.

10, ഇന്നിപ്പോ പിണറായി കേരളത്തിന്റെ മുഖ്യനാണ്. ഇന്നെന്ന് പറഞ്ഞാ ഇന്നലെകളിൽ ഇല്ലാത്ത, വല്ലാത്ത ഇന്നാണ്. കേന്ദ്രത്തിൽ സംഘ് വന്നു, നോട്ട് ബന്ധി വന്നു, കെടുതികൾ വന്നു, കലാപങ്ങൾ വന്നു. നാട് പലപ്പോഴും പെട്ട് നിന്നു. പക്ഷേ, ഓഖിക്കാലത്തയാൾ പാറിപ്പോവാതെ കരിങ്കല്ലായി, പ്രളയക്കാലത്ത് കരക്കെത്തിച്ച കപ്പിത്താനായി, മണ്ഡലക്കാലത്ത് കയർ പൊട്ടിച്ചോടിയ കാളകളെ പൂട്ടിയ കാട്ടാളനായി, സിസ്റ്റത്തെ ചലിപ്പിക്കുന്ന കാര്യസ്ഥനായി, നാടിനെ മുന്നോട്ട് നയിക്കുന്ന കമ്യൂണിസ്റ്റായി.

11, കമ്പനി ഇട്ടിട്ട് പോയ ഗെയിൽ, പുതുപ്പള്ളിയിലെ എസ്റ്റേറ്റിലെ റബർ പോകാതിരിക്കാൻ മുൻപ് ഒഴിവാക്കിയ, ഇച്ഛാശക്തികൊണ്ട് പൂർത്തിയാക്കി ഇന്നുൽഘാടനം ചെയ്യുന്ന ഇടമൺ-കൊച്ചി പവർ ഹൈവേ, ജലപാത, തീരദേശ/മലയോര ഹൈവേ, ദേശീയപാതാ വികസനം എന്നിങ്ങനെ തീർന്നതും തീരാനായതുമായ പ്രവർത്തനങ്ങൾക്ക് പിന്നിൽ പണ്ട് ‘പണി പറഞ്ഞ സമയത്ത് തീർക്കാൻ പറ്റുന്നയാരേലും കാബിനിലേക്ക് വിടാൻ’ പറഞ്ഞ അതേ‌ കാർക്കശ്യത്തിന്റെ കരുത്തുണ്ടായിരുന്നു, കാര്യം നടത്താനുള്ള കഴിവുണ്ടായിരുന്നു.

12, കേരളാബാങ്ക്, പൊതുവിദ്യാഭ്യാസ-ആരോഗ്യനയം, പൊതുമേഖലാ കമ്പനികൾ, ക്ഷേമപെൻഷൻ, ഇൻഷുറൻസ്, ലൈഫ് പദ്ധതി, മിനിമം വേജ്, ട്രാൻസ്ജെൻഡർ പോളിസി, ഇരിപ്പവകാശം എന്നിങ്ങനെ അടിസ്ഥാനവികസനത്തെ തൊടുന്നതും സാധാരണക്കാർക്ക് കൊണം കിട്ടുന്നതുമായ നീക്കങ്ങൾക്ക് ഇടതുനയത്തിന്റെ പിൻബലവും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയുണ്ടായിരുന്നു.

13, അങ്ങനെ പിണറായിക്കാലത്തെ പറ്റി വാഷിംഗ്ടൺ പോസ്റ്റിൽ വാർത്ത വന്നു, ലാറ്റിനമേരിക്കയിലെ ടെലിസുറിൽ വന്നു. യൂറോപ്പിലെ ബിബിസിയിലും, മിഡിൽ ഈസ്റ്റിലെ ഖലീജിലും, ജസീറയിലും, അങ്ങ് കിഴക്ക് ജപ്പാൻ ടൈംസിലും, താഴെ ഓസ്ട്രേലിയയിലെ എബിസിയിലും വന്നു. നല്ല വാർത്തക്ക് സ്പേസുള്ള എല്ലാ പത്രങ്ങളിലും, എല്ലാ ഭൂഖണ്ഡങ്ങളിലും ചിരിക്കുന്ന അയാളുടെ ചിത്രം വന്നു. അപ്പോഴും നമ്മടെ നാട്ടിലെ പത്രങ്ങൾക്ക് മാത്രമയാളെ‌ പിടിക്കാതെ നിന്നു.

14. നാട്ടിലെ‌ ഭരണയന്ത്രം ജർമ്മൻ ടെക്നോളജി വികസിപ്പിച്ചെടുത്ത ഒന്നല്ലാത്തതുകൊണ്ടും കയ്യാളുകൾ ഇടതുനയം പ്രോഗ്രാം ചെയ്ത് പാലിച്ചുപോരുന്ന റോബോട്ടുകളല്ലാത്തതുകൊണ്ടും അതിൽ വീഴ്ച്ചകളുണ്ടാവും. വീഴ്ചയുണ്ടായാൽ ഏറ്റു പറയണം, തിരുത്തണം. അങ്ങനെ ഏറ്റുപറയാൻ അയാൾക്ക് മടിയില്ലാതാവുന്നത് താൻ ജനങ്ങളോട് ബാധ്യതപ്പെട്ടിരിക്കുന്നുവെന്ന ബോധത്തിൽ നിന്നാണ്. ‘എനിക്ക് തെറ്റ് പറ്റിയാൽ എന്നെ കത്തിക്കൂ’ എന്ന് പറയാൻ ഞാൻ എപ്പോഴും ശെരിയായിരിക്കുമെന്ന ഭാവം വേണം, തെറ്റ് പറ്റിയെന്ന് ലോകം മൊത്തം പറഞ്ഞാലും പിന്നെയും നിന്ന് കൊനയടിക്കാൻ ഉളുപ്പില്ലാതെ മോദിയാവണം. ഭരിച്ചിരുന്ന 365 ദിവസോം വീണ് മെഴുകണമെങ്കിൽ അത് ഫ്രാഡുകളുടെ നേതാവാകണം, ഏത് ചോദ്യത്തിന് മുന്നിലും ബബബ അടിക്കണമെങ്കിൽ ചാണ്ടിയാവണം. പിണറായി ഇത് രണ്ടുമല്ല.

15, കേരളത്തിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയഭൂമികയിലയാളുണ്ട്. തലശേരിക്കലാപകാലത്ത് ആളെക്കൂട്ടി ആപത്തൊഴിച്ചിട്ടുണ്ട്, ആയുധമെടുക്കരുതെന്ന് അപേക്ഷിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തയാൾ അടികൊണ്ടിട്ടുണ്ട്, ആഭ്യന്തരമന്ത്രിയുടെ മുഖത്ത് നോക്കി ആക്രോശിച്ചിട്ടുണ്ട്. ആത്മീയവ്യാപാരികളെ ആട്ടിയിട്ടുണ്ട്, അധികാരമുഖത്ത് നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്.

16. ഇക്കാലത്തയാൾ നാടിന്റെ നന്മക്കായി കത്തെഴുതലുണ്ട്, കാത്തിരിക്കലുണ്ട്. മാധ്യമങ്ങളെ കയ്യകലത്ത് നിർത്തലുണ്ട്, വേണ്ടിടത്ത് ക്ലാസെടുക്കലുണ്ട്. ഫെഡറൽ വ്യവസ്ഥയോട് കടപ്പാടുള്ളപ്പോൾ തന്നെ കണ്ണുരുട്ടിക്കാണിക്കുന്നവർക്ക് കരണത്ത് കൊടുക്കലുണ്ട്, ഭരിക്കുന്ന സംസ്ഥാനം ഒരുദിനമൊഴിവില്ലാതെ അന്താരാഷ്ട്ര സൂചികയിൽ ഇടം പിടിക്കുന്നുണ്ട്.

17. ഇരുപതുകൊല്ലം എഴുതിത്തൊലക്കാൻ നോക്കിയ ഒരാളിങ്ങനെ ഓർഗാനിക്ക് ഹീറോയായി മുന്നിൽ നിൽക്കുന്നെങ്കിൽ, പത്ത് ഹേറ്റേർസിനെക്കൊണ്ട് അയാൾ കൊള്ളാമെന്ന് പറയിപ്പിക്കുന്നെങ്കിൽ അയാളിലൊരു ടാലന്റ് വേണം, ആത്മധൈര്യം വേണം, ആശയദൃഢത വേണം, കയ്യിൽ കറയില്ലാതിരിക്കണം. ഇപ്പഴും ഇടതുപക്ഷത്തിന് ഫ്രാഡിനെ നായകനാക്കി എഴുതാൻ പോന്ന മനോരമയില്ല, അജണ്ടക്കൊത്ത് വെള്ളപൂശാൻ കഴിവുള്ള മാതൃഭൂമിയില്ല. കയ്യിലുള്ള ദേശാഭിമാനിക്ക് ഒരു ലെയർ വിട്ട് റീച്ചില്ല. അപ്പോ പിന്നെ അപ്പാവികളെഴുതും, പോസ്റ്റാക്കും. കാമറ മാധ്യമപ്രമുഖരുടെ മാത്രം കയ്യിലിരുന്ന പഴേ കാലമല്ല, അവരുടെ നേതാവ് ചിരിക്കുന്ന ചിത്രങ്ങളെടുക്കും, ട്രെൻഡാക്കും. അതിന് ദെണ്ണിച്ചിട്ട് കാര്യമില്ല.

18, ഇതയാളെ നായകനാക്കി എഴുതിയ പോസ്റ്റാണ്. പക്ഷേ, ഇത് നിവേദനം വാങ്ങി കണ്ണീരൊപ്പിയ കളവല്ല, പ്രകടനപരതയുടെ വാഴ്ത്തുപാട്ടല്ല, ഇൻസിഡന്റ് ബേസഡ്‌ ഇമോഷന്റെ ഇഞ്ചക്ഷനല്ല, കൂടെ ജനസമ്പർക്കത്തിനിടയിലെ ഹൈ റെസൊല്യൂഷൻ ചിത്രമില്ല. ഇതിനൊരു പഞ്ച് ലൈനിട്ട് അവസാനിപ്പിക്കുന്നത് നടപ്പുരീതി. പക്ഷേ, അയാൾ പറയുന്ന വാക്കുകളുടെ പഞ്ചോളം പോന്നത് എഴുതൽ എളുപ്പമല്ല. അതോണ്ട് ആ പഞ്ചുമില്ല.

സോ, ഇത് സിസ്റ്റത്തെ ചലിപ്പിക്കുന്ന അയാളുടെ മികവിനെ പറ്റിയാണ്, ഇന്നയാൾ നയിക്കുന്ന ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയിൽ നാടിനെ ഒരു പത്തുകൊല്ലം മുന്നോട്ടെത്തിക്കുന്ന പദ്ധതിയുടെ ഉത്ഘടനമാണെന്ന് ഓർമ്മിപ്പിക്കാനാണ്, പിണറായി വിജയനെന്റെ മുഖ്യമന്ത്രിയാണെന്ന് പിന്നെയും പിന്നെയും ആവർത്തിക്കാൻ അഭിമാനമാണെന്ന് വിളിച്ച് പറയാനാണ്..!

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.