Jihadudheen Areekkadan എഴുതുന്നു 

ത്രസിപ്പിക്കുന്ന ചരിത്രങ്ങളുടെ കേദാരമാണു സൗദി അറേബ്യ. ചരിത്രത്തെ അറിയാനുള്ള ത്വരയും യാത്രയും ഇഷ്ട്ടപ്പെടുന്നവർക്ക് എന്നും വിസ്മയമങ്ങളേ ഈ അറേബ്യൻ മണ്ണ് നൽകിയിട്ടുള്ളൂ. ജിദ്ദയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അസ്ഫാൻ എന്ന പ്രദേശവും ഒരു അന്വേഷിക്ക് മുംബിൽ തുറക്കുന്നത് നിരവധി കൗതുകങ്ങൾ നിറഞ്ഞ കലവറയാണു .
ധാരാളം കൃഷി സ്ഥലങ്ങളും നിരവധി ജല സ്രോതസുകളും കൊണ്ട് സംബന്നമായിരുന്നു അസ്ഫാൻ

Jihadudheen Areekkadan

പ്രദേശം. പർവ്വതങ്ങൾക്കിടയിലെ നിരപ്പാർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അസ്ഫാൻ എന്ന പ്രദേശത്തെ കുറിച്ച് ലോക സഞ്ചാരികളായ ഇബ്നു ബത്തൂത്തയും ഇബ്നു ജുബൈറും വരെ വർണ്ണിച്ചിട്ടുണ്ട്. അസ്ഫാനിലെ ഈത്തപ്പനകളെ കുറിച്ചും സുലഭമായ നീരുറവകളെ കുറിച്ചും കൃഷിയെക്കുറിച്ചും പരാമർശിച്ചിട്ടുള്ള ഇബ്നു ബത്തൂത്ത മക്കയിലേക്കു പച്ചക്കറികളും പഴ വർഗങ്ങളും കയറ്റി അയച്ചിരുന്നത് അസ്ഫാനിൽ നിന്നാണെന്നും എഴുതിയിട്ടുണ്ട്. പിൽക്കാലത്ത് അസ്ഫാനിന്റെ പഴയ പ്രതാപം ക്ഷയിച്ചെങ്കിലും ഇന്നും തങ്ങളുടെ പൂർവ്വീകരിലും പ്രദേശത്തിന്റെ മഹത്വത്തിലും അഭിമാനം കൊള്ളുന്നവരാണു അസ്ഫാൻകാർ.

പ്രവാചകനും (സ്വ) അനുചരൻ അബൂബക്കർ സിദ്ദീഖും (റ ) ശത്രുക്കളുടെ പീഠനം സഹിക്കാൻ വയ്യാതായപ്പോൾ മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്തത് അസ്ഫാനിലൂടെയായിരുന്നു എന്നതാണു ചരിത്രത്തിൽ അസ്ഫാനിന്റെ മുഖ്യ സ്ഥാനം.

ഹിജ്ര പാത എന്നതിലുപരി ഇസ്-ലാമിക ചരിത്രത്തിൽ അസ്ഫാനിനും വേറെയും ഒരു പാടു പ്രത്യേകതകളുണ്ട്. പ്രവാചകനും (സ്വ) അനുയായികളും മദീനയിൽ നിന്നും ഹജ്ജിനായി മക്കയിലേക്ക് പുറപ്പെടുകയും മാർഗ മദ്ധ്യേ അസ്ഫാനിലെത്തിയപ്പോൾ പ്രവാചകൻ (സ്വ) സഹചാരി അബൂബക്കർ സിദ്ദീഖിനോട് (റ) ഇതേതാണു സ്ഥലമെന്നു ചോദിക്കുകയും ചെയ്തു. ഇതു അസ്ഫാനാണെന്നു അബൂബക്കർ (റ) മറുപടി പറഞ്ഞപ്പോൾ ” പ്രവാചകരായ നൂഹും, ഹൂദും, ഇബ്രാഹീമുമെല്ലാം ഹജ്ജിനായി നടന്നു വന്ന വഴിയാണിതെന്നു” പ്രവാചകൻ (സ്വ) അബൂബക്കറിനോട് (റ) പറഞ്ഞതായി ഖുർ-ആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകരും അനുയായികളും ആദ്യമായി’ സ്വലാത്തുൽ ഖൗഫ്’ നിർവ്വഹിച്ചത് അസ്ഫാനിൽ വെച്ചായിരുന്നു എന്നാണൂ ചരിത്രം.(ശത്രുക്കൾ ഏതു സമയവും അക്രമിക്കും എന്നു ഭയപ്പെടുന്ന സമയത്ത് നമസ്ക്കാരങ്ങൾ പ്രത്യേക രീതിയിൽ നിർവ്വഹിക്കുന്നതിനെയാണു സ്വലാത്തുൽ ഖൗഫ് എന്നു പറയുന്നത് ).ഒരു മത ചിട്ട ആദ്യമായി നടപ്പിൽ വരുത്തിയ പ്രദേശം എന്ന രീതിയിൽ അസ്ഫാൻ നിവാസികൾ ഈ സംഭവത്തെ എടുത്തു പറയാറുണ്ട്.

അസ്ഫാനിലെ മറ്റൊരു ആകർഷകമായ കാഴ്ചയാണു അസ്ഫാൻ കോട്ട അഥവാ തുർക്കിക്കോട്ട.ഹാജിമാരുടെ സുരക്ഷിതത്വത്തിനായി ഉസ്മാനിയ ഖലീഫമാരാണു (ഒട്ടോമൻസ് ) ഇതിന്റെ നിർമ്മാണം നടത്തിയത്. മക്കയിൽ നിന്നും മദീനയിലേക്കുള്ള വഴിയിൽ- ഹിജ്ര റോഡിൽ- ഇടതു ഭാഗത്തായി ഒരു ചെറിയ കുന്നിൻ മുകളിലാണു ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സിറിയ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്ന ഹാജിമാർ മക്കയിലേക്കുള്ള യാത്രക്കിടയിൽ അവസാന വട്ട ഒരുക്കങ്ങൾക്കായി തംബടിച്ചിരുന്നത് ഈ കോട്ടക്കു ചുറ്റുമുള്ള താഴ് വരയിലായിരുന്നു എന്നാണു ചരിത്രം. അസ്ഫാനിലോ സമീപ പ്രദേശങ്ങളിലോ ലഭിക്കാത്ത കല്ല് കൊണ്ടാണു ഈ കോട്ടയുടെ നിർമ്മാണം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണു. ചതുരാകൃതിയിലാണു കോട്ടയുള്ളത്. കോട്ടകകത്ത് പഴയ കാലങ്ങളിൽ നില നിന്നിരുന്ന റൂമുകളുടെ ശേഷിപ്പിക്കുകളും നടുത്തളത്തിൽ നിന്നും താഴേക്കുള്ള പടികളും അടിയിലായി രണ്ടു നിലവറകളും കാണാൻ സാധിക്കും.

തീർത്തും അനാഥമായി തകർന്നു കൊണ്ടിരിക്കുകയായിരുന്ന ഈ കോട്ടയെ ഇപ്പോൾ അധികൃതർ മിനുക്കു പണികൾ നടത്തി ആകർഷകമാക്കിക്കൊണ്ടിരിക്കുകയാണൂ . തകർന്ന ഭാഗങ്ങളെല്ലാം പുനർ നിർമ്മിക്കുകയും , താഴെ നിന്നും കോട്ടയുടെ കവാടം വരെയുള്ള പടികൾ നന്നാക്കുകയും കവാടത്തിൽ വാതിൽ സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അസ്ഫാൻ മുനിസിപ്പാലിറ്റി കോട്ടക്കു ചുറ്റും സ്ഥാപിച്ച ബൾബുകളുടെ പ്രകാശത്തിൽ രാത്രി സമയങ്ങളിൽ കോട്ടയുടെ ദൃശ്യം അതി മനോഹരമാണു .കോട്ടക്ക് സമീപം തന്നെ അധികൃതർ മനോഹരമായൊരു പാർക്ക്‌ നിർമ്മിച്ചിട്ടുണ്ട്‌. സമീപ ഭാവിയിൽ തന്നെ സൗദിയിലെ ഒരു സുപ്രധാന ഹെറിറ്റേജ് ടൂറിസ്റ്റ് കേന്ദ്രമായി അസ്ഫാൻ മാറുമെന്നു പ്രത്യാശിക്കാം.
By Jihadudheen Areekkadan

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.