Share The Article

Asha Rani

സ്ത്രീകൾ ജന്മനാ സൗമ്യ സ്വഭാവം ഉളളവരോ, അക്രമം കാണിക്കാത്തവരോ, ക്ഷമാ ശീലം ഉളളവരോ അല്ല, മറിച്ച് മനുഷ്യ സഹജമായ അക്രമ വാസനകൾ സ്ത്രീകളിലും മറ്റ് ലിംഗങ്ങളിലെ പോലെ തന്നെയുണ്ട്.

സാമൂഹ്യമായ അടിച്ചമർത്തലുകൾ ആൺകോയ്മ സാമൂഹ്യമൂല്യങ്ങൾ ഇവ സൃഷ്ടിച്ചു വച്ച രീതികളിലും ചട്ടകൂടുകളിലും ജീവിക്കാൻ വിധിക്കപ്പെടുന്നത് കൊണ്ട് സ്ത്രീയുടെ സ്വഭാവം ക്ഷമ, സഹനം, സൗമ്യത ഇവ നിറഞ്ഞതാകാൻ പരിശീലിപ്പിക്കപ്പെടുന്നു. ഇത്തരം പരിശീലന സ്വഭാവങ്ങളുടെ അപ്പുറം പോകാൻ സാധിക്കാത്തത് പലപ്പോഴും സമൂഹം കുടുംബം ഇവയിൽ നിന്ന് നേരിടേണ്ടി വരുന്ന തിരിച്ചടികളെ ഭയന്നാണ്.

സ്ത്രീ ഇത്തരം അച്ചടക്കത്തിന്റെ വേലികെട്ടുകളിൽ അടങ്ങുകയും അവ പൊളിക്കുന്നത് സ്വഭാവമഹിമ ഇല്ലാത്തവളും കുലഗുണം ഇല്ലാത്തവളും ആയ ചീത്ത സ്ത്രീയായി പരിഗണിക്കപ്പെടും എന്ന ഭീതിയിലാണ്. തനിക്ക് നേരെ വരുന്ന അനീതികളെയും ചൂഷണങ്ങളേയും ഒന്നുകിൽ നിശ്ശബ്ദമായി സഹിക്കുക, തന്ത്രപരമായി നേരിടുക, അല്ലെങ്കിൽ പുരുഷനിൽ രക്ഷപ്രാപിക്കുക എന്നതല്ലാതെ അതിനെ പരസ്യമായി ചോദ്യം ചെയ്യാൻ കുടുംബത്തിലെ സ്ത്രീക്ക് സാധ്യമല്ല. മതപരമായും, സാമൂഹ്യമായും സ്ത്രീക്ക് പിന്തുടരേണ്ട പാഠം ഇത്തരം കീഴ്പെടൽ ജീവനത്തിന്റെ കലകളാണ്. അത് ഉന്നത വിദ്യാഭ്യാസം കൊണ്ടോ വരുമാനം കൊണ്ടോ മാറ്റപ്പെടുന്നില്ല. കാരണം പാട്രിയാർക്കി കാലാകാലം ഈ മൂല്യങ്ങൾ നിലനിർത്താനുളള സ്വയം നവീകരണ ടൂളുകളുമായി ജാഗരൂകമായി ഇരിക്കുന്നു. ഈ ജാഗ്രതയാണ് പല സംതൃപ്ത കുടുംബങ്ങളുടേയും ആണിക്കല്ല്. അതിനെ സ്നേഹം പരസ്പര വിശ്വാസം എന്നിങ്ങനെ കാല്പനികവത്കരിച്ച് സംരക്ഷിക്കാം എന്നല്ലാതെ സ്ത്രീയുടെ ഭാഗത്ത് നിന്നുളള ചെറിയ ഒരു അനുസരണ കേട് പോലും സഹിക്കാൻ പ്രാപ്തമല്ല ഇത്തരം സംതൃപ്ത കുടുംബങ്ങൾ.

അതുകൊണ്ട് തന്നെ അത്തരം അച്ചടക്ക ചട്ടകൂടുകളിലെ സ്ത്രീകളുടെ വ്യക്തിത്വത്തിൽ ഇത്തരം സമരസപ്പെടലുളുടെ ഏറ്റക്കുറച്ചിലുകൾ കാണാം എന്നാല്ലാതെ ഒരു വ്യക്തി എന്ന നിലയിൽ അവരുടെ തിരഞ്ഞെടുപ്പുകൾ, ഇഷ്ടങ്ങൾ, സ്വാതന്ത്ര്യം ഇവയൊക്കെ സത്യസന്ധതമായി പ്രതിഫലിപ്പിക്കാനോ, അങ്ങനെ ജീവിക്കാനോ സാധ്യമല്ല. പിന്നെ ഉളള പോം വഴികൾ ഇത്തരം മതചട്ടകൂടുകളേയും സമൂഹത്തിന്റെ ‘നല്ല സ്ത്രീ’ ഇമേജുകളേയും തനിക്ക് അനുകൂലമാകും വിധം ഉപയോഗിക്കുകയാണ്. അത് പലപ്പോഴും ചെന്നത്തുക ഒട്ടും ജനാതിപത്യപരമല്ലാത്ത രീതികളിലേക്കാവും. സ്ത്രീകളുടെ ഇത്തരം ജനാധിപത്യ വിരുദ്ധത പ്രവർത്തനങ്ങളോ അക്രമങ്ങളോ അല്ല ഫെമിനിസം എന്ന രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത്.

പുരുഷാധിപത്യം ഇല്ലായ്മചെയ്ത് അവിടെ സ്ത്രീ മേധാവിത്വം കൊണ്ടുവരുന്നതല്ല ഫെമിനിസം. അല്ലെങ്കിൽ പുരുഷന്മാർ ചെയ്യുന്ന എല്ലാം പ്രവർത്തികളും അതുപോലെ മറ്റുളളവരും അനുകരിക്കുന്നതല്ല ഫെമിനിസം. മറിച്ച് അത് ലിംഗസമത്വം എന്ന ആശയത്തെ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ്. ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളുടെ ഈ സമൂഹത്തിലെ സ്ഥാനവും അവർ നേരിടുന്ന ചൂഷണങ്ങളും, പാർശ്വവത്കരണവും അഡ്രസ്സ് ചെയ്യുക എന്ന പ്രവർത്തനമാണ് അല്ലാതെ പുരുഷന്മാർ ഇപ്പോൾ സ്ത്രീകളുടെ നേരെ കാണിക്കുന്ന ചൂഷണവും വയലൻസും തിരിച്ച് കാണിക്കലല്ല അതിന്റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ ഫെമിനിസ്റ്റിന്റെ വീട്/സാമൂഹ്യപരിസരം/ബന്ധങ്ങൾ ഇവ സ്ത്രീ മേധാവിത്ത ഇടങ്ങളായിരിക്കും എന്നത് തെറ്റിദ്ധാരണയാണ് മറിച്ച് അവ കൂടുതൽ ജനാധിപത്യമുളള ലിംഗസമത്വമുളള ഇടങ്ങൾ മാത്രമാണ്.

ഒരു ഫെമിനിസ്റ്റ് സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിനോ, ഇഷ്ട വേഷം ധരിക്കുന്നതിനോ, ഇഷ്ട ഭക്ഷണം കഴിക്കുന്നതിനോ, ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ സമൂഹത്തെ പേടിക്കുന്നില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പാർട്ട്ണറെ ഒഴിവാക്കാൻ സ്നേഹം അഭിനയിക്കുകയോ, കുലസ്ത്രീ ചമയുകയോ സയനെെഡ് കലക്കുകയോ ചെയ്യുന്നതിനെ ശരിയായി കാണുന്നില്ല മറിച്ച് മാന്യമായി ബെെ പറഞ്ഞു പോകുന്നതായിരിക്കും. അനീതികളോട് ഉളള പോരാട്ടം ജനാധിപത്യപരവും ആയിരിക്കും. (ഇതിനർത്ഥം ഫെമിനിസം സമം നോൺവയലൻസ് എന്നല്ല. മാനവീകതയുടെ പക്ഷത്ത് നിന്ന് ചൂഷണത്തിന് എതിരെയാണ് പ്രവർത്തിക്കുന്നത്.)

അക്രമത്തിന്റേയും ചതിയുടേയും വഴികളിലൂടെ അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയത്തിന് നിലവിവുളള പുരുഷാധിപത്യ സമൂഹമൂല്യങ്ങളോടാണ് സാമ്യം. അതിനാൽ തന്നെ സ്ത്രീകളുടെ അത്തരം വയലൻസുകൾ സ്ത്രീ മുന്നേറ്റമായോ സ്ത്രീ സ്വാതന്ത്ര്യമായോ ഒക്കെ എഴുതിപിടിപ്പിക്കുന്നത് ആ പേരിൽ ഫെമിനിസത്തേയും രണ്ട് തെറിവിളിക്കാം എന്ന ഉൾപ്പുളകം അല്ലാതെ മറ്റൊന്നും അല്ല. കാരണം ചെറുതായെങ്കിലും പൊളിഞ്ഞ് വീണത് സ്വഭാവം, കുലമഹിമ, ഭക്തി, മതവിശ്വാസം ഇവയെല്ലാം ആവശ്യത്തിന് ചേർത്തു വച്ച മാതൃക ബിംബങ്ങളിലൊന്നാണല്ലോ.

ചേട്ടന്മാർക്ക് നോവുന്നുണ്ട്… നിങ്ങൾക്ക് മനസ്സിലാകാത്തതാണ്.. 

(ഇത്രയും പറഞ്ഞത് രണ്ട് ദിവസമായി സ്ത്രീ മുന്നേറ്റം , സ്ത്രീ സ്വാതന്ത്ര്യം etc ഒക്കെ ഇട്ട് കൂട്ടകൊലപാതക സംഭവത്തിന്റെ ട്രേളുകളും വാർത്തകളും ഇടുന്ന സുഹൃത്തുക്കൾക്ക് വേണ്ടിയാണ്. )

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.