ഒാട്ടോ കൂലിയും കറന്റ് ചാർജ്ജും പിരിക്കാൻ മന്ത്രിയോടും പാർട്ടിയോടും ആലോചിക്കാത്തത് സഖാവിന്റെ കുറ്റമാണ്

203

Asha Rani എഴുതുന്നു

ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് വിപ്ളവം നടന്ന മണ്ണാണ് ചേർത്തല താലൂക്ക്…. തികച്ചും അടിസ്ഥാന വർഗ്ഗ വിഭാഗം നയിച്ച വിപ്ളവം.ആ വിപ്ലവത്തിന്റെ അനന്തര തലമുറയാണ് വർഷാവർഷം വെള്ളം കയറുന്ന ടിൻഷീറ്റ് മറച്ച വീട്ടിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തുന്നത്….

ആ വിപ്ളവത്തിന്റെ സമരനായകൻ പത്രോസ് സഖാവിനെ പോലെ മുഖ്യധാരയിൽ അടയാളപ്പെടാത്ത പത്രത്തിലും ചാനലിലും പാർട്ടി പരിപാടികളുടെ ഒപ്പം ചേർക്കാത്തവർ‍‍. പാർട്ടിക്ക് ബഹുനില ഒാഫീസുകളും, ചാനലും പത്രവും സ്ഥാപനങ്ങളും അധികാരവും കിട്ടി.. അതിന് തറ പണിതവർക്കോ ??? ചതുപ്പും വെളളകെട്ടും മൂന്നു സെന്റ് കോളനിയും, ദുരിതാശ്വാസ റേഷൻ കഞ്ഞിയും. അഗ്രഹാരങ്ങൾ ചേരിക്ക് സമാനമെന്ന് കരയുന്നവർക്ക് ചേരി ജീവിതങ്ങളല്ല വിഷയം.

കോർപറേറ്റ് സ്ഥാപനങ്ങളിലെ ശീതികരിച്ച മുറികളിലും , സർവ്വകലാശാലകളിലെ മധ്യവർഗ്ഗ പുരോഗമന വിദ്യാർത്ഥികളിലുമാണ് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ പ്രതീക്ഷകളിരിക്കുന്നത് എന്ന് കരുതുന്ന, ജനനം കൊണ്ട് തന്നെ ഹിന്ദുത്വ ഫാസിസത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകൾ കെെകോർത്തപ്പോൾ അവരെ ജ്ഞാനസ്നാനം ചെയ്തെന്ന് വിചാരിക്കുന്ന ബുദ്ധിജീവികളുമൊക്കെ തിളങ്ങുന്ന മധ്യവർഗ്ഗത്തിന്റെ പുരോഗമന പ്രദർശന ഇടം മാത്രമായി അതിവേഗം പുരോഗമിച്ച ഇടതുപക്ഷത്തിന് മുപ്പത്തിയഞ്ചു വർഷളായി സ്ഥിരം ദുരിതാശ്വാസ ക്യാമ്പായ ഒരു സ്ഥലത്ത് കഞ്ഞി വയ്ക്കാനുളള അരി കൊണ്ടുവരാൻ ​എഴുപത്തി അഞ്ച് രൂപ പിരിച്ചത് അത്ഭുതമാണ്, അവശ്വസനീയമാണ്, ആ അവശ്വസനീയതയാണ് യാതൊരു ആലോചനയും ഇല്ലാതെ നടപടിയെടുക്കാം എന്ന തീരുമാനം… ഒാട്ടോ കൂലിയും , കറന്റ് ചാർജ്ജും അടക്കാനുളള രൂപ പിരിക്കാൻ മന്ത്രിയോടും പാർട്ടിയോടും ആലോചിക്കാതെ മുപ്പത്തി അഞ്ചുവർഷം കൊണ്ടുനടന്നത് ഒാമനക്കുട്ടൻ സഖാവിനെ പോലെയുളളവരുടെ കുറ്റമാണ്. സഖാവ് ഇടതുപക്ഷത്തിന് അപമാനം വരുത്തി.

ശരിയാണ്…

ഫ്യൂഡൽ ഹുങ്കിന്റെ നാറ്റം കൊണ്ടു നടക്കുന്ന തൊഴിലാളിവർഗ്ഗ പാർട്ടി നേതാക്കന്മാരുടെ മുമ്പിൽ മൂക്കും പൊത്തി മാറി നിൽക്കാനെ ഒാമനക്കുട്ടൻ സഖാവിനെ പോലെയുളളവർക്ക് സാധിക്കൂ….

ഇനി ഒന്നുകൂടി കേൾക്കണം ,

നിങ്ങളുടെ ചോറുപൊതികളും പഴംന്തുണികളുമല്ല ഒരു ജനതയുടെ ആവശ്യം … വെള്ളം കയറാത്ത സുരക്ഷിതമായ വീടുകൾ, ഭൂമി, തൊഴിൽ, വരുമാനം, വിദ്യാഭ്യാസം, തുല്യ നീതി , തുല്യ അവസരങ്ങൾ .. ഇവയാണ്.. അതിനുവേണ്ടിയാണ് ആളുകൾ നിരായുധരായിട്ട് പോലും തോക്കിന് മുമ്പിൽ നിന്നത്. അല്ലാതെ കുമ്പിളിൽ കുത്തിയ കഞ്ഞി ഇപ്പോൾ കമ്യൂണിറ്റി ഹാളിലും പളളിക്കൂടത്തിലും വർഷവർഷം വിളമ്പാനും, പൊതികെട്ടി വാങ്ങാനുമല്ല…

ഞങ്ങളുടെ കുടുംബത്തിന്റെ കണ്ണീരിലും ദാരിദ്ര്യത്തിലും നിന്ന് ഇറങ്ങി വന്നവരാണ് നിങ്ങളുടെ അധികാര ഹർമ്മ്യങ്ങൾക്ക് തറ പണിതത്…. പോലീസും പട്ടാളവും ഒക്കെ കയറി മറിച്ചിട്ട അവരുടെ കുടുംബത്തിന്റെ ഇപ്പോഴും തീർന്നിട്ടില്ലാത്ത ഭീതികളിലാണ് അധികാരത്തിന്റെ കസേരകാലുകൾ.

ഇടതുപക്ഷം നിങ്ങൾക്ക് അത് തന്നില്ലെ ഇത് തന്നില്ലെ എന്നൊക്കെ ചോദിക്കുമ്പോൾ ഒാർക്കേണ്ടത് ഇടതുപക്ഷം എങ്ങനെ ഉണ്ടായി എന്നാണ്. നവോത്ഥാന ഉണർവ്വിന്റെ ദലിത് പിന്നാക്ക പക്ഷമാണ് അവരുടെ പുരോഗമനത്തിന്റെ തുടർച്ചകളെ പ്രതീക്ഷയോടെ ഇടതുപക്ഷത്ത് ചേർത്തത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരങ്ങളിലും ‘പശ തേപ്പ്’ കാരെന്ന് പരിഹസിച്ചിട്ടും പണിയെടുക്കുന്നത് അവരാണ്.. വേരും , വളവുമായി ഈ സമൂഹത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളെ പിടിച്ച് നിർത്തുന്നവർ….

ഒാർമ്മകൾ ഉണ്ടായിരിക്കട്ടെ….

Advertisements