“അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവും” എന്ന ചൊല്ലിൽ ഒളിഞ്ഞിരിക്കുന്ന കീഴാള അധിക്ഷേപം

197

Asha Susan

“അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവും” എന്ന പ്രയോഗം വാദമുഖത്തു പലരും മുഴക്കുന്നതു നമ്മൾ കേട്ടിട്ടുണ്ടാവും. അവർ അതുകൊണ്ടുദ്ദേശിക്കുന്നത് പറയുന്ന കാര്യം (ചിലപ്പോ പമ്പര വിഡ്ഢിത്തമായിരിക്കും) ബുദ്ധിയും ബോധവും ഉള്ളവർക്കു മനസ്സിലാവുമെന്നാണ്. അപ്പൊ വിചാരിക്കും അരിയാഹാരവും ബുദ്ധിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവുമെന്ന്. പ്രത്യക്ഷമായിട്ടല്ലങ്കിലും അങ്ങനെയൊരു ബന്ധമുണ്ട്.

നവോദ്ധാനത്തിന് മുന്നേ കീഴാളവർഗ്ഗത്തിൽ ഉള്ളവർക്ക് പാടത്തു പണിയും, വിയർപ്പിന്റെ അസുഖമുള്ള തമ്പ്രാൻമാർക്ക് നെല്ലും എന്നതായിരുന്നു അവസ്ഥ. അടിയാന്മാരുടെ പ്രധാനഭക്ഷണം കണ്ണികണ്ട കിഴങ്ങു വർഗ്ഗങ്ങളായിരുന്നു, അതുകൊണ്ട് “ബുദ്ധിയില്ലാത്ത അവരെ” അധിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു കിഴങ്ങന്മാർ എന്നത്.

അങ്ങനെ അരിയാഹാരവും എലീറ്റസവുമായി ഉള്ള ഈ ബന്ധത്തിന് ഓട്ടോമാറ്റിക്കായി ബുദ്ധിയും ബോധവുമായി ബന്ധം വന്നു (വരുത്തി.) കാരണം കറുത്തവനു ബുദ്ധിയില്ലെന്ന് അമേരിക്കയിലെ വെളുത്തവർ കരുതിയിരുന്നതു പോലെ പ്രമാണിത്വം ഉള്ളവർക്കേ വിവരവും വിദ്യാഭ്യാസവും ഉണ്ടാവൂ എന്ന പൊതു ബോധം.

ഇങ്ങനെ ഭക്ഷണം കൊണ്ടു പോലും മനുഷ്യനെ തരം തിരിച്ചിരുന്നൊരു കാലത്ത് ആളുകളെ അധിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്നൊരു വൃത്തികെട്ട ചൊല്ലിനെയാണ് നമ്മളിന്നു വലിയ സംഭവമായി വിളിച്ചു പറയുന്നത്. ആ പ്രയോഗത്തിൽ ഒരുപാടൊന്നും ദൂരത്തിലല്ലാത്തൊരു കാലത്തിലെ ജാതീയതയുടെ, അടിമത്വത്തിന്റെ, ചൂഷണത്തിന്റെ, ചവിട്ടിത്താഴ്ത്തലിന്റെ നിശ്ശബ്ദ തേങ്ങലുണ്ട്.

Advertisements