ഒരു സ്ത്രീയ്ക്ക് മതം ഉപേക്ഷിക്കൽ എളുപ്പമാണെന്ന് കരുതുന്നവരോട് പറയട്ടെ…

0
274

Asha Susan

‘കറതീർന്ന പുരോഗമനക്കാർ’ മതവിശ്വാസികളായ സ്ത്രീകളെ കാണുമ്പോൾ, പർദ്ദയിട്ട സ്ത്രീകളെ കാണുമ്പോൾ, വിശ്വാസങ്ങൾക്ക് വേണ്ടി പൊരുതുന്നവരെ കാണുമ്പോൾ ഇവർക്കീ അടിമത്വം പേറി നടക്കാൻ നാണമില്ലേന്നും സ്ത്രീയ്ക്ക് ബുദ്ധിയില്ലാഞ്ഞിട്ടാണ് അവളിന്നും മതത്തിൽ നിന്നും പുറത്തു കടക്കാത്തതെന്നും തുടങ്ങി ആക്ഷേപങ്ങളുടെ പെരുമഴതീർക്കുന്നതു കാണാം.

ഒരു സ്ത്രീയ്ക്ക് മതം ഉപേക്ഷിക്കൽ എളുപ്പമാണെന്ന് കരുതുന്നവരോട് പറയട്ടെ
മതവും മതത്തിന്‍റെ ആടയാഭരണങ്ങളും പെണ്ണിന്‍റെ ശരീരത്തിൽ നിന്ന് പറിച്ചെറിയാൻ അത്ര എളുപ്പമല്ല. പെണ്ണിന് ബുദ്ധിയില്ലാത്തതോ സോ കോൾഡ് ശാസ്ത്ര ബോധമില്ലാത്തതോ അല്ല കാരണം. പെണ്ണിന്‍റെ ഏതൊരുകാര്യത്തിന്‍റെയും അവകാശം അവളുടെ മാത്രം കൈയ്യിലല്ല, അത് കുടുംബവും സമൂഹവുമായി ബന്ധപ്പെട്ടത് കൂടിയാണ്.

പെണ്ണ് കയറുപൊട്ടിക്കുന്നതു കുടുംബത്തിലെ ആണുങ്ങൾക്ക് കൈയ്ക്ക് എല്ലില്ലാത്ത കൊണ്ടാണെന്ന മന്ത്രം കേട്ടുവളരുന്ന ആണുങ്ങൾ അടക്കി നിർത്തലിന്‍റെ ആദ്യപടിയായി അവളുടെ ശരീരത്തിൽ അവരുടെ ‘ആണത്തം’ തെളിയിക്കും. മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കൊടുവിൽ “എന്‍റെ ചിലവിൽ കിടന്നു കൊണ്ട് നീ അഴിഞ്ഞാടണ്ട, തോന്നും പോലെ ജീവിക്കണമെങ്കിൽ കുടുംബത്തിന് വെളിയിൽ പോയിട്ട് ആവാം” എന്നാവും അവസ്ഥ. അതോടെ ചുറ്റിലും നിന്ന് സ്നേഹിക്കാൻ ഒരുപാട് പേരുള്ള ലോകത്തു നിന്ന് അനാഥത്വത്തിന്‍റെ കൂട്ടിൽ ഒറ്റയ്ക്കാവും (അനുഭവം ).ജോലിയും കിടപ്പാടവും ഉണ്ടായാലും ആ അവസ്ഥ കൊടൂരമാണ്‌

No photo description available.മതവിശ്വാസമില്ലത്ത സ്ത്രീകളുടെ വീട്ടിലുള്ള പുരുഷൻ (ഭർത്താവോ അച്ഛനോ) വിശ്വാസിയാണെങ്കിൽ കുടുംബം അതോടെ നഷ്ടപ്പെടും. കുടുംബത്തിൽ നിന്ന് പുറത്താവുന്നതു ഇതിന്‍റെ പേരിൽ ആണേലും നാട് നീളെ പരക്കുന്ന വാർത്ത ‘അവൾക്ക് തോന്നുന്നപോലെ അഴിഞ്ഞാടാനും തുണിയുരിഞ്ഞു നടക്കാനും വേണ്ടിയാണെ’ന്നാവും. തേവിടിശ്ശി, കൂത്തിച്ചി വിളികൾ വേറെയും. അന്ന് മുതൽ അവളുടെ ദേഹത്ത് വീഴുന്ന പുരുഷാശ്വാസം പോലും CCTV നിരീക്ഷണത്തിലായിരിക്കും.

വിവാഹത്തിന് ശേഷം ഭർത്താവ് മതം ഉപേക്ഷിച്ചാൽ അവനിൽ നിന്ന് മതം മാത്രമേ പോവൂ. നിനക്ക് അവനെയൊന്നു ഉപദേശിച്ചു നന്നാക്കിക്കൂടെന്നു ഭാര്യയോട് ചോദിക്കുന്ന കുടുബക്കാരുടെ ആശ്വാസം കുട്ടികളെ നേർവഴിക്ക് നടത്താൻ അവളൊരു വിശ്വാസിയാണെന്നുള്ളതാണ്. ഭർത്താവ് അവിശ്വാസിയാണേലും ഭാര്യയിൽ നിന്നതു പോവാത്തതും അതിന്‍റെ ചങ്ങലകൾ സമൂഹവും പൊതുബോധവുമായി ബന്ധിച്ചു വെച്ചിരിക്കുന്നത് കൊണ്ടാണ്.

പക്ഷെ ഭർത്താവിനും കുടുംബത്തിനും മതം ഉണ്ടായിരിക്കെ സ്ത്രീ അതിനു ശ്രമിച്ചാൽ അവളുടെ പ്രാർത്ഥനയിലും, ഐശ്വര്യത്തിലും, അച്ചടക്കത്തിലും തുടങ്ങി അവളുടെ മുതുകിൽ കെട്ടിപൊക്കിയിരിക്കുന്ന കുടുംബം അതോടെ നിലം പൊത്തും.
രാജ്യം ജനാധിപത്യമാണെന്നു പറയുകയെങ്കിലും ചെയ്യാം പക്ഷെ കുബത്തിനകത്തേയ്ക്ക് ആ ജനാധിപത്യം വന്നിട്ടില്ല എന്നത് തന്നെ കാരണം.

സിന്ദൂരവും, താലിയും, പർദ്ദയും, തട്ടവും എന്ന് തുടങ്ങി ‘അന്യ’പുരുഷന്‍റെ കണ്ണുകളിൽ കാമം ജനിപ്പിക്കാത്ത വസ്ത്രവുമിട്ട് പുറത്തേയ്ക്ക് ഇറങ്ങാമെങ്കിൽ ഇറങ്ങിക്കോ എന്നൊരു മൗനാനുവാദം ഉണ്ടെന്നു അറിയാവുന്നതു കൊണ്ട് തന്നെ അവയൊക്കെ സ്ത്രീയുടെ ശരീരത്തിന്‍റെ ഭാഗവുമായി.

ആദ്യം നിറവേണ്ടത് ‘പുറത്തേയ്ക്ക് ഇറങ്ങുക’ എന്ന ലക്ഷ്യമായതു കൊണ്ടാണ് ബീച്ചിലും ഹോട്ടലിലും തിയേറ്ററിലും എന്ന് തുടങ്ങി രാഷ്ട്രീയ പാർട്ടികളുടെ കൊടി പിടിക്കാനുമൊക്കെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മതത്തിന്‍റെ ആടയാഭരണങ്ങൾ അണിയുന്ന സ്ത്രീകളെ കാണേണ്ടി വരുന്നത്.
അത് കാണുമ്പോൾ അവരെ പരിഹസിക്കാൻ തോന്നുന്നത് സാമൂഹ്യബോധമില്ലായ്മയാണ്.

മതത്തിന്‍റെ/ പുരുഷാധിപത്യത്തിന്‍റെ/ പൊതുബോധത്തിന്‍റെയൊക്കെ ഇരയായവരെ ‘എല്ലാ ചങ്ങലയും പൊട്ടിച്ചിട്ടു ആളിടങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ മതി’ എന്നാണു നിങ്ങളുടെ വാദമെങ്കില്‍ ആളിടങ്ങളൊക്കെ ആണിടങ്ങളാവുകയേ ഉള്ളൂ.