നാടിനും വീടിനും കൊള്ളാത്ത അരാഷ്ട്രീയവാദികൾ രൂപമെടുക്കുന്നത് എങ്ങനെ ?

110
Asha Susan
അരാഷ്ട്രീയവാദികൾ ഉടലെടുക്കുന്നതു പലവിധത്തിലാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
1) അൽപ്പ സ്വൽപ്പം പ്രിവിലേജുള്ളവന്റെ കൂടെപ്പിറപ്പാണ് അരാഷ്ട്രീയവാദം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ കഴിയുന്നതിന്റെ അല്ലേൽ അറിയുന്നതിന്റെ (ദുർ) ഗുണം.
ജീവിതത്തിൽ യാതൊന്നും പൊരുതി നേടേണ്ടതില്ലെങ്കിൽ, ഒന്നിന് വേണ്ടിയും ശബ്ദം ഉയർത്തേണ്ടതില്ലെങ്കിൽ, ആരിൽ നിന്നും അവഗണനകൾ ഏൽക്കേണ്ടി വരുന്നില്ലെങ്കിൽ അവർക്കൊരിക്കലും രാഷ്ട്രത്തിന്റെ രാഷ്ട്രീയമോ, ജാതിയുടെ രാഷ്ട്രീയമോ, നിറത്തിന്റെ രാഷ്ട്രീയമോ, ജെൻഡറിന്റെ രാഷ്ട്രീയമോ എവിടേയും സംസാരിക്കേണ്ടി വരില്ല, അവയൊന്നും നമ്മെ ബാധിക്കാത്ത കൊണ്ടു മനസ്സിലാകണമെന്നുമില്ല.
2) “തലയിൽ കിടന്നു തീ കത്തുമ്പോ മലയിലെ തീ അണയ്ക്കാൻ തോന്നുമോ” എന്ന കൂട്ടർ.
അതായത് സ്വന്തം ജീവിതത്തോട് തന്നെ അതിജീവനത്തിനായി സദാസമയവും പോരാടുന്നവർ. കഴുത്തറ്റം മുങ്ങി നിന്നു ശീലമായവർക്ക് എന്ത് പേമാരി?
3) വ്യക്തമായ രാഷ്ട്രീയ ചായ്‌വില്ലാത്ത കുടുംബങ്ങളിൽ ജനിക്കുന്ന പെൺകുട്ടികളിൽ രാഷ്ട്രീയബോധം തീരെ ഉണ്ടാവണമെന്നില്ല. പോറ്റി വളര്ത്തുന്നു, കെട്ടിച്ചു വിടുന്നു, പോത്തിനെന്ത്‌ എത്തവാഴ എന്ന രീതിയിലേക്ക് അവർ മാറുന്നു (ഉദാ: ഞാൻ). ദേശസ്നേഹമെന്നാൽ പട്ടാള സ്നേഹമാണെന്നു പറയുന്നവരുടെ കൂട്ടത്തിൽ വളരെ എളുപ്പത്തിലവർ ചേരും. രാജ്യം നിലനിൽക്കാൻ അഴുക്കുചാൽ വൃത്തിയാക്കുന്നവരും പട്ടാളക്കാരും ഒരുപോലെ പ്രധാന്യവും പരിഗണനയും ആവശ്യമാണെന്ന തിരിച്ചറിവിലെത്തുമ്പോ വളരെ വൈകുകയും ചെയ്യും.
4) പഠിക്കാൻ വിട്ടാൽ അതുമാത്രം പഠിച്ചു ജോലി വാങ്ങാൻ നോക്കണം എന്ന മന്ത്രത്തിന്റെ ശക്തിയിൽ പെടുന്നവർ.
രാഷ്ട്രീയം പറഞ്ഞു നടക്കുന്നവർ മോശമാണെന്ന ധാരണ, നല്ലകുട്ടി സർട്ടിഫിക്കറ്റിനായി അരാഷ്ട്രീയം ശരിവെയ്ക്കുന്നവർ , ആര് ഭരിച്ചാലും നമുക്ക് നല്ല ജോലിയുണ്ടേൽ ജീവിക്കാം ഇവന്മാരെ ജയിപ്പിച്ചാൽ അവർക്ക് മാത്രം ഗുണമെന്ന പൊതുബോധം (സിനിമ സ്വാധീനം) etc
ഫാസിസം ജനിക്കുന്നത് ചിലരിലൂടെയാണേലും അതു വളരുന്നത് നിശബ്ദത പാലിക്കുന്ന അരാഷ്ട്രീയവാദികളിലൂടെയാണ്. വരും തലമുറയെങ്കിലും വ്യക്തമായ കാഴ്ചപ്പാടുള്ള, രാഷ്ട്രീയ ബോധമുള്ളവരാവാൻ കലാലയ രാഷ്ട്രീയം ജനാധിപത്യമര്യാദയോടെ കൂടുതൽ ആഴത്തിൽ പ്രബലമാക്കുകയാണ് വേണ്ടത് (കലാലയ രാഷ്ട്രീയം കുട്ടികളെ വഴി തെറ്റിക്കുമെന്ന കാഴ്ചപ്പാട് അവസാനിപ്പിക്കണം ).
നാട്ടിലെ ഏറ്റവും സാധാരണക്കാരന്റെ കണ്ണീര് സ്വന്തം കണ്ണീരായി തോന്നുകയും അവനു വേണ്ടി ശബ്‌ദിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സ് നമ്മിൽ ജനിക്കുമ്പോൾ മാത്രമേ നമ്മൊളൊരു രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യനാവൂ .
Advertisements