ഒരുപാത്രത്തിൽ വെള്ളം ഉൾക്കൊള്ളുന്നതിനു ഒരു പരിധിയുണ്ട്

304

Asha Susan

കൊലപാതകക്കുറ്റത്തിനു സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോ ചിലപ്പോഴൊക്കെ അവരിൽ ഞാനുൾപ്പെടുന്ന പലരേയും കാണാറുണ്ട്.

പതിനെട്ടു വയസ്സുമുതൽ മുപ്പതു വയസ്സ് വരെ കരണക്കുറ്റി മുതൽ പാദം വരെ ദിവസേന എന്നോണം ആജാനബാഹുവായ അയാളിൽ നിന്നും തല്ലലും കാർക്കിച്ചു തുപ്പലും കൊണ്ടിട്ടും തിരിച്ചു പ്രതികരിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല.

വിദേശത്തു രോഗികളുടെ മലവും മൂത്രവും കോരി, നാട്ടിൽ കാശിനധികം ആവശ്യം വരുന്ന ദിവസം ഒരുപാട് വീടുകളിൽ ക്ലീനിംഗിന് പോയി അവരുടെ കക്കൂസ് മുതൽ ഓരോ മുക്കും മൂലയും വൃത്തിയാക്കി കിട്ടുന്ന പണവും ചേർത്ത് നാട്ടിലേക്കയക്കുമ്പോള്‍ അതയാൾ കൃത്യമായി എണ്ണി കൈപ്പറ്റിയിട്ട് വെക്കേഷന് നാട്ടിൽ ഉള്ള ഒരു ദിവസം പൈസയുടെ കണക്കുകൾ പറഞ്ഞു കലഹിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു –

No photo description available.“നീയവിടെ വെള്ളക്കാരുടെ കൂടെ കിടന്നു നിന്‍റെ കടിമാറ്റി ഉണ്ടാക്കുന്ന പണമല്ലേ? കണക്കു പറയാൻ നീ വിയർത്തുണ്ടാക്കുന്ന പണമൊന്നുമല്ലല്ലോ?” ഇതു കേട്ടതും സങ്കടവും ദേഷ്യവും ഒരുമിച്ചു ഇരച്ചുവന്നപ്പോൾ കൈയ്യിലിരുന്ന പാത്രം വെച്ചവൾ അയാളുടെ തലയിൽ അടിച്ചു.

പാത്രത്തിനു പകരം കത്തിയായിരുന്നെങ്കിൽ ചിലപ്പോൾ ഇന്നവൾ ജയിലിലായേനെ. ശരീരത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തുന്നവരെ കുത്തിക്കീറാനും സ്വയം ചാവാനും തോന്നിയ പതിനായിരക്കണക്കിന് നിമിഷങ്ങൾ.

പലപ്പോഴും “അയ്യോ, നിയമം തെറ്റിക്കാൻ പാടില്ലല്ലോ എന്ന അതിയായ ഭരണഘടനാ സ്നേഹം കൊണ്ടല്ല ആരും പ്രതികരിക്കാത്തതും നിയമം തെറ്റിക്കാനല്ല പ്രതികരിക്കുന്നതും.

ഒരുപാത്രത്തിൽ വെള്ളം ഉൾക്കൊള്ളുന്നതിനു ഒരു പരിധിയുണ്ട്, പിന്നീട് ഒഴിക്കുന്നതൊക്കെ അതേയളവിൽ നിറഞ്ഞു തൂവുമെന്നത് സ്വാഭാവികമാണ്.

എവിടേലും ആരേലും ഒരു സ്ത്രീ നിലതെറ്റി സംസാരിക്കുമ്പോ, ആരെയെങ്കിലും ഉപദ്രവിക്കുമ്പോ അവരെ ചൂണ്ടി ഫെമിനിസത്തെയും ബാക്കിയുള്ള സ്ത്രീകളെയും “പെണ്ണൊരുമ്പെട്ടാൽ” എന്ന തലക്കെട്ടോടെ അധിക്ഷേപിക്കുമ്പോൾ ഒരു മണിക്കൂറിനുള്ളില്‍ 38ല്‍ അധികം സ്ത്രീയെന്ന കണക്കിൽ പീഡനത്തിന് ഇരയാവുന്ന (പുറത്തറിയുന്നത് – റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത് മാത്രം), കേസല്ലാത്ത മാരിറ്റൽ റേപ്പ് ദിനമെന്നോണം അനുഭവിച്ചു പുറംലോകം അറിയാതെ പുരുഷനാൽ വേവുന്ന ലക്ഷകണക്കിന് സ്ത്രീകളുണ്ടെന്ന പച്ചയായ യാഥാർഥ്യം പലരും മറക്കും.

നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2016ല്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന അക്രമങ്ങള്‍ 3,38,954 ആണ്! അതില്‍ തന്നെ ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ വീട്ടുകാരുടെയോ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 1,10,378 എണ്ണം ആണ്!!! മുകളില്‍ ആദ്യം പറഞ്ഞ സ്ത്രീയെപ്പോലെ, എത്ര പീഡനം നേരിട്ടാലും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ് കൊടുക്കാത്ത എത്രയോ ലക്ഷം സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവണം!!! ലൈംഗിക അതിക്രമം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 84,746 എണ്ണം ആണ്. സ്ത്രീകളെ തട്ടിക്കൊണ്ടു പോയിട്ടുള്ള കേസുകളുടെ എണ്ണം 64,519 ആണ്! റേപ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മാത്രം 38,947 എണ്ണത്തോളം വരും!

നിങ്ങള്‍ മുകളില്‍ കൊടുത്തിരിക്കുന്ന സഖ്യകളിലേക്ക് നോക്കൂ… ഭീതിദമായ എണ്ണം ആണത് എല്ലാം തന്നെ. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ മാത്രം ആണെന്ന് കൂടി ഓര്‍ക്കണം. സമൂഹത്തെയും വേട്ടക്കാരനെയും ഭയന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ ഇതിലും എത്രയോ അധികം വരുമെന്ന് കൂടി ഓര്‍ക്കുക. റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്നവരെ അപമാനിച്ചു വിടുന്ന നീതിനിഷേധങ്ങള്‍ വേറെ! സ്വന്തം വീട്ടില്‍, കയറുന്ന ബസ്സില്‍, ഓഫീസില്‍, ഭര്‍ത്താവിന്‍റെ വീട്ടില്‍ തുടങ്ങി എവിടെയാണ് സ്ത്രീ സുരക്ഷിതയായിട്ടുള്ളത്? അച്ഛന്‍, സഹോദരന്‍, കൂട്ടുകാരന്‍, ഭര്‍ത്താവ്, മകന്‍, അയല്‍വാസി, അപരിചിതര്‍ തുടങ്ങി മിക്ക ഇടങ്ങളിലും സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാണ് സാമൂഹ്യ യാഥാര്‍ത്ഥ്യം. ഇത്രയും ഭീമാകാരമായ എണ്ണമറ്റ അക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുമ്പോള്‍ നമ്മള്‍ അറിയുന്നതും പ്രതികരിക്കുന്നതും വിരലില്‍ എണ്ണാവുന്ന ഏതാനും കേസുകളില്‍ മാത്രമായിരിക്കും എന്നതാണ് വസ്തുത. സഹികെടുമ്പോഴോ, പ്രകോപിത ആയിട്ടോ സ്ത്രീകള്‍ തിരിച്ചു പ്രതികരിക്കുമ്പോഴോ, ജെനുവിന്‍ റീസണ്‍ ഇല്ലാതെ ഒരാളെ ആക്രമിക്കുംമ്പോഴോ അതിനെ ട്രോള്‍ ചെയ്യുവാന്‍ ഞാന്‍ തുനിയില്ല. കാരണം എന്‍റെ പ്രയോരിറ്റി മുകളില്‍ ഉള്ള എണ്ണമറ്റ അക്രമസംഭവങ്ങള്‍ തന്നെയാണ്.

പിന്നാമ്പുറങ്ങൾ എന്തു തന്നെയായാലും തെറ്റ് തെറ്റു തന്നെയാണ്. പക്ഷേ തെറ്റു ചെയ്തവരെ വിചാരണ ചെയ്യാനും ട്രോളാനും ട്രോൾ കണ്ടു ആസ്വദിക്കാനും വേണം ഒരു പ്രിവിലേജ്. മനസ്സ് കൊണ്ടാണേൽ പോലും ഒരുപാട് പേരെ കൊന്നു കുഴിച്ചുമൂടിയ എനിക്കീ വിചാരണ പ്രിവിലേജ് ഒട്ടുമില്ല. അതിനാല്‍ തന്നെ ഞാനീ വിചാരണയുടെ ഭാഗമാകാനും ഇല്ല.