കുട്ടികളില്‍ ഇത്രയും മതവിഷം കുത്തിവച്ചു തെരുവില്‍ ഇറക്കുവാന്‍ അല്‍പമെങ്കിലും ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്?

290

Asha Susan

എന്‍റെ നാടും, ഞാന്‍ മുന്‍പ് പോയിരുന്ന ഇടവകപ്പള്ളിയും ആണ് ഈ വാര്‍ത്തയില്‍ കാണുന്നത്. കൊച്ചു കുട്ടികളുടെ കൈവിരല്‍ മുറിച്ചിട്ട് ആ രക്തത്തില്‍ സത്യം ചെയ്യിക്കുന്ന ഏര്‍പ്പാട് ഒക്കെ എത്രമാത്രം വൈകൃതവും ക്രൂരവും ആണെന്ന് നോക്കൂ. കുട്ടികളില്‍ ഇത്രയും മതവിഷം കുത്തിവച്ചു തെരുവില്‍ ഇറക്കുവാന്‍ അല്‍പമെങ്കിലും ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്?

മതത്തിന്‍റെ പേരിൽ എന്ത് തോന്നിവാസം കാണിച്ചാലും അതിനെ ചോദ്യം ചെയ്യുവാനോ പ്രതികരിക്കുവാനോ നിയമപരമായി നേരിടുവാനോ ആരും മുന്നോട്ടു വരില്ല എന്ന് കരുതി നിങ്ങളുടെ അധികാരമോഹത്തിന് കുരുതി കൊടുക്കാനുള്ളതല്ല കുട്ടികളുടെ ജീവിതവും ഇമോഷൻസും. നിങ്ങളുടെ സഭയെന്ന അതിവൈകാരികതയുടെ വിഷവിത്ത് ഭാവി തലമുറയിലേക്ക് പാകരുത് .

ദൈവം സ്നേഹമാണെന്നും, നിന്നെപ്പോലെ നിന്‍റെ അയൽക്കാരെ സ്നേഹിക്കണമെന്നു പറയുകയും, അയൽക്കാര്‍ ഓർത്തഡോക്സ് ആണെങ്കിൽ അവരെ വെറുക്കണമെന്നും പഠിപ്പിക്കുന്ന വൃത്തികെട്ട മതധാർമ്മികത സഭ ഒറ്റയ്ക്ക് ചുമക്കണം. അല്ലാതെ ഭാവി തലമുറയെ അതിനു കരുവാക്കരുത്.
ചൈല്‍ഡ് ലൈനിലെ ഉത്തരവാദിത്വപെട്ടവർ കേസ് എടുക്കേണ്ട കാര്യമാണ് മീഡിയ ആഘോഷമാക്കുന്നത്. നിങ്ങൾക്ക് തട്ടിക്കളിക്കാൻ കുട്ടികൾ മതത്തിന്‍റെയോ സഭയുടെയോ കുടുംബക്കാരുടെയോ സ്വകാര്യസ്വത്തല്ല. ആത്യന്തികമായി അവരുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണ്. കുട്ടികളുടെ ചോരയ്ക്ക് സഭയും മാതാപിതാക്കളും മറുപടി പറയണം. പറയിപ്പിക്കണം.