ബീഫ് നിരോധിച്ചാൽ ബീഫ് ഫെസ്റ്റ് എന്നപോലെ കാലു കാണിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളിയാൽ കാലുകൾ കാണിച്ചുതന്നെ പ്രതിഷേധിക്കണം

0
52

Asha Susan

പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാർത്തയുടെ താഴെ വന്ന ഭൂരിഭാഗം കമന്റും തുണിയഴിച്ചു ഐക്യദാർഢ്യം നടത്തിയവളുമാരൊന്നും ഇപ്പൊ എന്താ മിണ്ടാത്തത്? അവളുമാരൊക്കെ എവിടെ? എന്നൊക്കെയാണ്.

എത്ര പറഞ്ഞാലും കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്ന പോലെയാണെന്ന് അറിഞ്ഞു കൊണ്ട് വീണ്ടും പറയുന്നു, സ്ത്രീ ശരീരങ്ങളെ ‘കാണപ്പെടുന്ന ഒരു വസ്തുവായി’ മാത്രം കാണുന്ന പൊതുബോധം ഇവിടെയുണ്ട്, അതുകൊണ്ടാണ് കാലു കാണുന്ന വസ്ത്രം അശ്ലീലമായി മാറുന്നത്.

ഭരണഘടനയിൽ വസ്ത്രസ്വാതന്ത്ര്യം മൗലീക അവകാശമായി അംഗീകരിച്ചു കിട്ടിയ രാജ്യത്തു കാലുകൾ പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിക്കരുത് എന്നൊരുകൂട്ടർ പൊതുസമൂഹത്തിൽ പറഞ്ഞാൽ അതിനെതിരെ പ്രതിഷേധിക്കേണ്ടത് ചാക്കിൽ മൂടിക്കെട്ടിയല്ല, പകരം കാലു കാണിച്ചു കൊണ്ട് തന്നെയാണ്.ബീഫ് കഴിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ അത് തടഞ്ഞാൽ ബീഫ് വിളമ്പി തന്നെയാവണം അതിനെ എതിർക്കേണ്ടത്. അതിനി എനിക്ക് ബീഫ് കഴിക്കാൻ ആഗ്രഹമില്ലെങ്കിൽ കൂടിയും ഞാനതിനോട് ചേർന്ന് നിൽക്കും. ശബരിമലയിലെ യുവതിപ്രവേശം മുതൽ ഹോമോസെക്സ്വലായവരുടെ വിവാഹം മുതൽ കാലു കാണിക്കൽ വരേയുള്ള എല്ലാ ചേർന്ന് നിൽപ്പുകളും അങ്ങനെത്തന്നെയാണ്. അത് മനസ്സിലാക്കാതെ തുണി ഉരിയാൻ കിട്ടിയ അവസരം മുതലാക്കി എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾക്കിഷ്ടമില്ലാത്തതു നിങ്ങൾ ചെയ്യണ്ട, മറ്റുള്ളവർ ചെയ്യരുതെന്നു പറയാനും പോവരുത്.

ഇതാണ് നാടിന്റെ അവസ്ഥയെങ്കിൽ അന്യരുടെ വ്യക്തിപരമായ കാര്യത്തിൽ തലയിടാൻ അതിൽ അഭിപ്രായം പറയാൻ നമുക്ക് അവകാശമില്ലെന്ന് നമ്മുടെ ആളുകൾക്ക് മനസ്സിലാവാൻ ഇനിയും എത്ര കാലം വേണ്ടിവരുമെന്ന് ഊഹിക്കാൻ കൂടി പറ്റുന്നില്ല.ഒരു പെൺകുട്ടിയും വെർബൽ റേപ്പിനു പോലും ഇരയാവാതിരിക്കാനാണ് ദിനേന എന്നോണം ഫെമിനിസ്റ്റുകൾ സംസാരിക്കുന്നത്. സ്ത്രീ ശരീരത്തിനുള്ളിൽ അവൾക്കൊരു വ്യക്തിത്വമുണ്ടെന്നും പുരുഷന് ഭോഗിക്കാനുള്ള വസ്തുവായി മാത്രം നോക്കരുതെന്നുമാണ് സമൂഹത്തോട് പറയുന്നത്. എന്നിട്ടും അത്യാഹിതങ്ങൾ ഉണ്ടാവുമ്പോ തുണി ഉരിഞ്ഞവളുമാർക്ക് തന്നെ വീണ്ടും കുറ്റം ചാർത്തപ്പെടുന്നത് വല്ലാത്തൊരു ഇതാണ് കേട്ടോ.

സ്ത്രീയായാൽ അടങ്ങിയൊതുങ്ങി ഇന്നരീതിയിൽ മാത്രം വസ്ത്രം ധരിച്ചു ഇന്നരീതിയിൽ മാത്രം പെരുമാറണം എന്ന് ചിന്തിക്കുന്ന ഭൂരിഭാഗം പേരും നീതിമാന്മാരും(അവർക്ക് അത്യാഹിതങ്ങളിൽ യാതൊരു പങ്കുമില്ല) അതല്ല സ്ത്രീയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവർ കുറ്റക്കക്കാരും. എന്താല്ലേ!