നന്നായി സമ്പാദിച്ചാലും ‘പോറ്റിപ്പുലർത്തി’ അവളെ സംരക്ഷിക്കുന്നു എന്നതുൾപ്പെടെ പാട്രിയാർക്കിയുടേയും മതത്തിന്റേയും മാമൂൽ അധികവും ബാധിക്കുന്നത് മിഡിൽ/അപ്പർ സ്ത്രീകളെയാണ്

62
Asha Susan
കാർന്നോമ്മാരുടെ ഭൂമി ആണിനും പെണ്ണിനും ഒരുപോലെ പങ്കിടണമെന്നു പറഞ്ഞാൽ ഉടനെ ഉയരുന്ന വാദമാണ് – രണ്ടു സെന്റിലും മൂന്നു സെന്റിലുമൊക്കെ മക്കളെ വളർത്തുന്നവരുടെ നാടാണ്, സോ നിങ്ങൾ പറയുന്നത് എലീറ്റിസമാണ്.അതായത് മക്കളേ;ഇവിടെ എല്ലാവരുടേയും കുടുംബസ്വത്തു മൂന്നു സെന്റല്ല, എന്നിട്ടും മൂന്നു സെന്റ്‌ ഭൂമി പോലും സ്വന്തം പേരിൽ ഇല്ലാത്ത (സഹോദരൻ ഉള്ളവർ) ഒരുപാടു സ്ത്രീകളുണ്ട്. വിവാഹത്തോടെ സ്വന്തം വീട് അന്യവീടാവുന്നവർ, ഭൂമിയുടെ അവകാശം ആണ്മക്കൾക്ക് മാത്രം കൈമാറുന്നവർ; അവരോടാണ് പറയുന്നത്, ഭൂമി പെണ്ണിനും അവകാശപ്പെട്ടതാണെന്ന്.
വി. ടി. ഭട്ടതിരിപ്പാട് സദ്യവട്ടത്തിലെ പപ്പടത്തിന്റെ വട്ടം ഇത്തിരി കുറച്ചും കാളന്റെ നീളം കൂട്ടിയും ചെലവ് ചുരുക്കി ആ പണം കൊണ്ട് പെൺകിടാങ്ങളെ പള്ളിക്കൂടത്തിൽ വിടണമെന്ന് പറയുമ്പോ കാളൻ ഇല്ലാതെ കഞ്ഞി കുടിക്കുന്നവരുടെ നാടാണ്, ദേ എലീറ്റിസം പറയുന്നേ എന്നാണോ പറയേണ്ടത്, അതോ പപ്പടവും കാളനും കൂട്ടാനുള്ളവർക്ക് സ്വാതന്ത്ര്യവും അവകാശമൊന്നും വേണ്ടേ?
മനസ്സിലാക്കേണ്ട കാര്യം, അപ്പർ/മിഡിൽ ക്ലാസ്സിലുള്ള സ്ത്രീകളൊക്കെ ചരടില്ലാ പട്ടം പോലെ സ്വാതന്ത്ര്യമനുഭവിച്ചല്ല ഇവിടെ ജീവിക്കുന്നത്. ഒന്നൂടി പറഞ്ഞാൽ, ലോവർ ക്ലാസ്സിൽ ഉള്ളവരേക്കാൾ ആചാരത്തിന്റെയും സംസ്കാരത്തിന്റെയും മാറാലക്കെട്ടിൽ തളച്ചിടപ്പെട്ടിരിക്കുന്നത് അവരെയാണ്, ഇതൊക്കെ പൊട്ടിക്കാൻ അവനവനോട് തന്നെ യുദ്ധം ചെയ്യാൻ ലോവർ ക്ലാസ്സിലുള്ളവരേക്കാൾ ബുദ്ധിമുട്ട് അവർക്കുണ്ട്.
മുറ്റത്തൊരു തുണിക്കാരൻ വന്നാൽ ആരുടേയും അനുവാദം നോക്കാതെ അതുവാങ്ങാൻ തൊഴിലുറപ്പിനു പോവുന്ന സ്ത്രീകളുടെ പേഴ്സ്ൽ പണം കാണും, എന്നാൽ മാസം കനത്ത ശമ്പളം വാങ്ങുന്ന സ്ത്രീയ്ക്ക് അനുവാദത്തിനകത്തേയ്ക്ക് നോക്കേണ്ടി വരും, അവളുടെ ഡെബിറ്റ്കാർഡ് അയാളുടെ കൈയ്യിലായിരിക്കും(മിക്കവരുടെയും)സ്ത്രീകൾ സമ്പാദിച്ചാലും ‘പോറ്റിപ്പുലർത്തി’ അവളെ സംരക്ഷിക്കുന്നു എന്നതുൾപ്പെടെ പാട്രിയാർക്കിയുടേയും മതത്തിന്റേയും മാമൂൽ അധികവും ബാധിക്കുന്നത് മിഡിൽ/അപ്പർ സ്ത്രീകളെയാണ് ( അത്യാവശ്യം സ്വാതന്ത്യമൊക്കെ പെണ്ണുങ്ങൾക്ക് കൊടുക്കുന്ന ഈ ടീമിനെയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ ഏറ്റവും ബുദ്ധിമുട്ടും )
സോഷ്യൽ പ്രിവിലേജുകൾ ഉള്ളപ്പോഴും വീടിനകത്തു ചരടിൽ കോർത്ത പാവയാണ് മിക്കവരും (not all) അതുകൊണ്ട് കാളന്റെ നീളം കൂട്ടിയാണെങ്കിലും പെൺകുട്ടികളെ കൂടി പഠിപ്പിക്കണം എന്നു പറഞ്ഞാൽ ചർച്ചിക്കേണ്ടത് കാളനെക്കുറിച്ചല്ല, വിദ്യാഭ്യാസത്തെക്കുറിച്ചാണെന്നും കാളൻ കൂട്ടുന്നവർ എല്ലാം തികഞ്ഞവരല്ലെന്നും ഓർക്കുക