ഒരു മുപ്പതു കൊല്ലം കഴിയുമ്പോ ഇന്നത്തെ എഫ്ബി പോസ്റ്റുകൾ കണ്ട്‌ അന്നത്തെ കുട്ടികൾ ഞെട്ടാൻ പോവുന്ന ചില കാര്യങ്ങൾ

164

Asha Susan

മുപ്പതു കൊല്ലം മുന്നേയുള്ള ദാമ്പത്യ സിദ്ധാന്തത്തിന്റെ തുണ്ടു പേപ്പറുകൾ വായിച്ചിട്ട് ഇന്നത്തെ സ്ത്രീകൾ “എനിക്കും വ്യഭിചാര വാസനയുണ്ടെന്നു” വളരെ സിമ്പിളായി പറയുന്നത് പോലെ ഇനി ഒരു മുപ്പതു കൊല്ലം കഴിയുമ്പോ ഇന്നത്തെ Fb പോസ്റ്റുകൾ കണ്ട്‌ അന്നത്തെ കുട്ടികൾ ഞെട്ടാൻ പോവുന്ന കാര്യങ്ങളിൽ ചിലത്.

1) ആർത്തവം അശുദ്ധിയായിരുന്നൂത്രേ.

2) 18 വയസ്സിൽ പെൺകുട്ടികളെ ‘കെട്ടിച്ചു’ വിട്ടിരുന്നൂത്രേ.

3) സഹോദരൻ ഉണ്ടെങ്കിൽ വിവാഹത്തോടെ സ്ത്രീകൾക്ക് സ്വന്തം വീടും മുറിയും അന്യമാവുമായിരുന്നൂത്രേ.

4) വിവാഹശേഷം കുട്ടി ഉണ്ടാവുന്നത് വരെ മാത്രമേ സ്ത്രീയ്ക്ക് ജോലിക്ക് പോവാൻ അനുവാദം ഉണ്ടായിരുന്നൊള്ളൂ പോലും; ഇനി ജോലി ചെയ്താലും ഭൂരിഭാഗം പേരുടെയും ഡെബിറ്റ് കാർഡ് ഭർത്താവിന്റെ കൈയ്യിൽ ആയിരുന്നു പോലും.

5) ജോലിയുള്ള ഭാര്യാഭർത്താക്കന്മാർക്കിടയിൽ പോലും രാവിലെ എണീക്കാനുള്ള സമയം രണ്ടുവിധമായിരുന്നു പോലും.

6) ഭർത്താക്കന്മാർ കുട്ടികളെ നോക്കുന്നതിന്റെയും വീട്ടു ജോലി ചെയ്യുന്നതിന്റെയും പേര് ‘സഹായം’ എന്നായിരുന്നു പോലും.

7) ഭാര്യയ്ക്കും മക്കൾക്കും അമ്മയ്ക്കുമൊക്കെ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കുന്ന കാര്യം പൊതുയിടത്ത്‌ യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്ന വിശാലമനസ്ക്കർ ഉണ്ടായിരുന്നു പോലും.

8) ചെയ്യരുത് എന്ന നിയമത്തിൽ ‘മനുഷ്യൻ’ എന്ന ഒറ്റ വാക്കില്ലായിരുന്നു പോലും. പകരം പെണ്ണ് ചെയ്യരുതാത്തതാണ് ചെയ്യരുതാത്തത് എന്നിങ്ങനെയായിരുന്നു പോലും.

9) രാത്രിയിൽ പുറത്തിറങ്ങുന്ന, ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്ന, മദ്യപിക്കുന്ന, കാമുകനോടൊപ്പം പുറത്തു പോവുന്ന സ്ത്രീകളെയൊക്കെ പീഡിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു പോലും.

10) നഗ്നവീഡിയോസും ഫോട്ടോസും സ്ത്രീകളെ ഭീഷണിപ്പെടുത്താനുള്ള ആയുധമായിരുന്നു പോലും. ഒരുപാട് സ്ത്രീകൾ അതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട് പോലും.

11) സ്ലീവ് ലെസ്സ് ടോപ് ഇടുന്നതും കാലു കാണുന്ന വസ്ത്രം ധരിക്കുന്നതും സംസ്കാരത്തിന് ചേരാത്തതായിരുന്നു പോലും. അതിനു വേണ്ടി സ്ത്രീകൾ സോഷ്യൽ മീഡിയായിൽ കാലുകൾ കാണിച്ചു ക്യാമ്പയിൻ പോലും നടത്തിയത്രെ 😲

12) പെൺകുട്ടികളെ വളർത്തുന്നത് കെട്ടിച്ചു വിടാനും ആൺകുട്ടികളെ വളർത്തുന്നത് സമ്പാദിക്കാനുമായിരുന്നു പോലും.

13) 20 വയസ്സിൽ പെൺകുട്ടികൾ ഭാര്യയാവുമ്പോ അമ്മയാവുമ്പോ അതേ പ്രായമുള്ള ആണുങ്ങൾ ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടി മാത്രമായിരുന്നു പോലും.

14) നെല്ലിക്ക ചതച്ചിട്ട് മീൻകറി വെയ്ക്കാൻ അറിയാത്ത പെണ്ണുങ്ങൾ എന്ത് ജോലി നേടിയിട്ടും നൊബേൽ സമ്മാനം വാങ്ങിയിട്ടും കാര്യമില്ല എന്നായിരുന്നു പോലും.

15) ഭർത്താവും കുട്ടികളും മാത്രമായിരുന്നു പോലും സ്ത്രീകളുടെ ലോകം.

16) സ്ത്രീകളുടെ ലൈംഗികത തീരുമാനിച്ചിരുന്നതും എഴുതിയിരുന്നതും പുരുഷന്മാരായിരുന്നൂത്രേ 😲

17)സ്ത്രീകൾക്ക് സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടാവാൻ പാകത്തിന് ബുദ്ധിയും അറിവും ലോകവിവരവും ഇല്ലായിരുന്നു പോലും

അയ്യോ എഴുതിയിട്ടും എഴുതിയിട്ടും തീരുന്നില്ലല്ലോ ഡിങ്കാ ബാക്കി നിങ്ങൾക്ക് പൂരിപ്പിക്കാം…