Share The Article

Asha Susan എഴുതുന്നു

“എന്‍റെ മോൻ കുടിക്കുകയും വലിക്കുകയൊന്നുമില്ല, പിന്നെ അവനൽപ്പം ദേഷ്യം കൂടുതലാണെന്നേ ഒള്ളൂ, ആള് ശുദ്ധനാ.

കേട്ടിട്ടില്ലേ?”പെട്ടെന്നു കോപിക്കുന്നവന്‍റെ മനസു ശുദ്ധമായിരിക്കും” (ശുദ്ധൻ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്ന ഡയലോഗു മാത്രമവർ കേട്ടിട്ടുണ്ടാവില്ല.)

വളരെ നിസ്സാരമായി തന്നെ ഇളിച്ചു പിടിച്ചു കൊണ്ടു പല മാതാപിതാക്കളും മകനെ ന്യായീകരിക്കുന്നതാണിത്. മാതാപിതാക്കൾ മാത്രമല്ല, പലരും അൽപ്പം അഹങ്കാരത്തോടെ പറയുന്ന കാര്യമാണ് എനിക്കു പെട്ടെന്നു ദേഷ്യം വരും, ദേഷ്യം വന്നാൽ ഞാൻ എന്താ പറയാ എന്താ ചെയ്യാന്നൊന്നും എനിക്ക് തന്നെ അറിയില്ലെന്നൊക്കെ.

പക്ഷേ ദേഷ്യം വരുന്നവർ ഒന്നു ചിന്തിച്ചാൽ ഒരുകാര്യം മനസ്സിലാവും, ദേഷ്യപ്പെടുന്നത് തന്നെക്കാൾ താഴെ തട്ടിൽ; (അതിനി ബലം കൊണ്ടായാലും, അധികാരം കൊണ്ടായാലും,) നിൽക്കുന്നവരോടായിരിക്കും. അവിടെയേ നമ്മളിതൊക്കെ പുറത്തെടുക്കൂ. അപ്പോ പ്രശ്നം അറിയാതെ വരുന്ന ദേഷ്യത്തിന്‍റെയല്ല, അറിഞ്ഞു വരുന്ന അഹംഭാവത്തിന്‍റെയും പലവിധ കാരണങ്ങളാൽ നമുക്ക് കിട്ടിയിരിക്കുന്ന പ്രിവിലേജിന്‍റെയുമൊയൊക്കെ കുഴപ്പമാണ്.

ദേഷ്യം വന്നാൽ ഭരണിപ്പാട്ട് പാടുക, സാധനങ്ങൾ വലിച്ചെറിഞ്ഞു പൊട്ടിക്കുക, തന്നേക്കാൾ ചെറിയവരെ ഉപദ്രവിക്കുക, മുഖത്തേയ്ക്കു തുപ്പുക ഇങ്ങനെയുള്ള കലാപരിപാടികൾക്ക് വർഷങ്ങളോളം കാണിയും പാത്രവുമായിട്ടുണ്ടോ? ഭയങ്കര രസമാണ്. ആ തുപ്പൽ കണ്ണീരിനൊപ്പം തുടയ്ക്കുമ്പോള്‍ കേൾക്കാം അകത്തു നിന്നൊരു ശബ്ദം, “അവനു ദേഷ്യം വന്നിരിക്കുമ്പോ മുന്നിൽ പോവാതിരുന്നാൽ പോരെ?” എട്ടും പൊട്ടും തിരിയാത്ത കുരുന്നു കുഞ്ഞുങ്ങളുടെ മേലും കരുണയില്ലാതെ ശക്തി പ്രകടിക്കുമ്പോഴും ഈ ശബ്ദത്തിനു മാറ്റമുണ്ടാവില്ല. ദേഷ്യം വന്നാല്‍ തിരിച്ചു തല്ലില്ല എന്നുറപ്പുള്ള ആരെയും തല്ലും.

നിയന്ത്രിക്കാനാവാത്ത ദേഷ്യങ്ങൾ പ്രകടിപ്പിക്കുമ്പോള്‍ ചികിത്സിക്കേണ്ട രോഗമാണെന്നു മനസ്സിലാക്കാതെ ആണുങ്ങളായാൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാണെന്ന വിവരക്കേടിന്‍റെ വളമിട്ടു വളർത്തുന്നതു കൊണ്ടാണ് “തേയ്ക്കുന്നവളെ” തല്ലാമെന്നും, കുത്താമെന്നും, കത്തിക്കാമെന്നും തോന്നുന്നതും പല കുടുബങ്ങളും പല ബന്ധങ്ങളും രണ്ടായി പിരിയുന്നതും പല ജീവനുകൾ പൊലിയുന്നതും.

മദ്യത്തിനോടും മയക്കുമരുന്നിനോടും അടിമത്തമുള്ളവര്‍ മാത്രമാണു പൊതുബോധത്തിന്‍റെ കണ്ണില്‍ മോശക്കാരും അപടകകാരികളും. എന്നാല്‍ അതിനെക്കാളൊക്കെ എത്രയോ കൂടുതല്‍ അപകടകരമാണ് അമിത കോപമെന്ന വ്യക്തിത്വ വൈകല്യമെന്നു തിരിച്ചറിഞ്ഞ് ചികിത്സ നല്‍കണമെന്ന അവബോധം നമുക്കുണ്ടാവണം, ഇനിയും എന്തിന്‍റെ പേരിലായാലും ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.