Featured
ആണത്ത ആഘോഷങ്ങൾ
ആണാഘോഷങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ വീട്ടിലൊക്കെയും സ്ത്രീകളുണ്ട്, പക്ഷേ അവരിൽ എത്രപേർ പോവുമ്പോൾ അവരെ കൂടെ കൂട്ടും?
169 total views

Asha Susan എഴുതുന്നു
ആണത്ത ആഘോഷങ്ങൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്ത്രീകളാണ് പൊങ്കാലയിടുന്നത്, എന്തുകൊണ്ടു പുരുഷന്മാർ വരുന്നില്ലെന്നു ചോദിച്ചു കൊണ്ടൊരു പോസ്റ്റിട്ടു നോക്കിയാൽ ഉടനെ കമന്റ് ബോക്സ് ഒന്നോ രണ്ടോ പുരുഷന്മാർ പൊങ്കാല ഇടുന്നതിന്റെ ചിത്രങ്ങള്‍ കൊണ്ടു നിറയും. അവർ പറയാൻ ശ്രമിക്കുന്നത് പുരുഷനും വേണോങ്കി വരാമെന്നാണ്. (അതും സത്യമാണ്, ആണുങ്ങൾ കയറിയാൽ കുത്തുവിളക്ക് കേറ്റുമെന്നോ കൊല്ലുമെന്നോ ഉള്ള പെണ്ണുങ്ങളുടെ ഭീഷണി മൂലമല്ല ആറ്റുകാൽ സ്ത്രീകളുടെ ശബരിമലയായത്, പുരുഷൻ അത് അംഗീകരിച്ചു കൊടുത്തു മാറി നിൽക്കുന്നത് കൊണ്ടു മാത്രമാണ്.)
ഇതിനെയെല്ലാം മറികടന്നു പുറത്തിറങ്ങാൻ മാത്രം പ്രിവിലേജുള്ള ചുരുക്കം ചില സ്ത്രീകളെ ചൂണ്ടിക്കാട്ടി കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ലന്നും, നെഞ്ചത്തും ചന്തിയിലും വന്നു വീഴുന്ന കൈകൾ പറിച്ചെറിഞ്ഞു ഞെട്ടലോടെ തിരിഞ്ഞു നോക്കിയാൽ ഇതൊക്കെ സഹിക്കാൻ പറ്റാത്തവർ എന്തിനിങ്ങോട്ട് കെട്ടി എഴുന്നുള്ളണമെന്നും, നമ്മുടെ നിസഹായാവസ്ഥയിൽ കൂടെ വന്നിരിക്കുന്ന ആണിനെ നോക്കിയാൽ ഇങ്ങോട്ടേക്ക് എഴുന്നുള്ളാഞ്ഞിട്ട് വല്ലാത്ത കഴപ്പല്ലായിരുന്നോ, ആ സൂക്കേടങ് മാറട്ടെ എന്നൊക്കെയുള്ള ഗർജ്ജനങ്ങൾ വരുന്നത് അവരുടെ ആൺധാർഷ്ട്ട്യത്തിൽ നിന്നാണ്.
ആൺകൂട്ടങ്ങൾക്കിടയിൽ നിൽക്കുന്ന പെണ്ണിന്റെ ശരീരത്തിൽ കൈവെയ്ക്കാനുള്ള അവകാശം അവർക്കുന്നുണ്ടെന്നു കരുതുന്ന പുരുഷൂസ് ഒരു യാഥാർഥ്യമാണെന്നിരിക്കെ സേമിയപ്പായസത്തിലെ മുന്തിരിയെ പോലെ അങ്ങിങ് നിൽക്കുന്ന പെണ്ണിനെ ചൂണ്ടി ഇത് പെണ്ണിന്റെയും ആഘോഷമാണെന്നൊക്കെ തള്ളുന്നതിന് പോലും വേണം പുരുഷാധിപത്യ സമൂഹത്തിൽ ഞെളിഞ്ഞിരിക്കാനുള്ള പ്രിവിലേജ്.
ഇവിടെങ്ങളിലൊക്കെ കടലിൽ കളിക്കാനോ, പൂളിൽ നീന്താനോ വരുന്നവരുടെ കൂടെ അവരുടെ മൂന്നും നാലും വയസ്സായ കുട്ടികളെ കാണാം. ലോകം കാണാനും പഠിക്കാനും ആസ്വദിക്കാനും അവർ മനുഷ്യരെ (ആണിനെ മാത്രമല്ലെന്ന്) ശീലിപ്പിക്കുന്നതു കുട്ടിക്കാലത്താണ്. ചെണ്ടപ്പുറത്തു കോൽ വെയ്ക്കുന്നിടത്തെല്ലാം പെണ്ണുങ്ങൾ പോകണ്ടായെന്നു കൽപ്പിച്ച് അവളെ തടഞ്ഞും അവനെ തടയാതിരിക്കുന്നിടത്തും മുളയ്ക്കുന്നതാണ് ഈ ആണ് ധാര്‍ഷ്ട്യങ്ങളും ആൾക്കൂട്ടങ്ങളോടുള്ള അവളുടെ പേടിയും. ആൺ കൂട്ടങ്ങൾ “മനുഷ്യരുടെ” ആൾക്കൂട്ടമാവണമെങ്കിൽ സ്വതന്ത്രവ്യക്തിയായി പെണ്ണിനെ കാണണമെന്ന അടിസ്ഥാന ബോധമുള്ള തലമുറ ഉണ്ടായി വരണം.
ഒരു ഈർക്കിലിക്ക് ഇടമില്ലാതെ, അടുത്തു നിൽക്കുന്നത് ആണോ പെണ്ണോ എന്നു നോക്കാതെ പാട്ടിന്റെ താളത്തിനൊത്തു കൈ കോർത്ത് പിടിച്ചു തുള്ളിയും ആടിയും ജീവിതം ആഘോഷമാക്കുന്ന ഒരു ജനതയുടെ നടുവിൽ നിന്നുകൊണ്ട് പറയുന്നതാണ്, നല്ലതൊക്കെ നമ്മുടേതായി കാണണമെന്ന ആഗ്രഹത്താൽ പറഞ്ഞു പോവുന്നതാണ്.
170 total views, 1 views today