പ്രിവിലേജില്ലാത്തവരുടെ ജീവിതം നൂറ്റാണ്ടുകൾ മാറിയാലും വലിയ വിത്യാസമില്ലാതെ തുടരുന്നു

226
Asha Susan
ഒരു കുഞ്ഞിനു വേണ്ടി മറ്റൊരു പുരുഷന്റെയടുത്തു പോവുന്ന ലാജ്ജോ എന്ന പെൺകുട്ടിയുടെ കാലിൽ അയാൾ പതിയെ തൊടുമ്പോ, ആ കാലുകളിൽ നമസ്കരിക്കുമ്പോ, ചുംബിക്കുമ്പോഴൊക്കെ പൊട്ടിക്കരയുന്ന ലാജ്ജോയെ കാണുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും. ഭർത്താവടുത്തേയ്ക്കു വിളിക്കുമ്പോ, അയാളുടെ കൈയ്യൊന്നു പൊങ്ങുമ്പോ ഞെട്ടിവിറയ്ക്കുന്ന അവളെ കാണാം; മുടിക്കുത്തിനു പിടിക്കുമ്പോ അവളെക്കാൾ മുന്നേ ഞാൻ കണ്ണുകൾ മുറുക്കി അടയ്ക്കും.
അയാളേൽപ്പിക്കുന്ന മുറിവുകളിൽ എണ്ണ തടവാൻ കൂട്ടുകാരി റാണിയുടെ അരികിൽ എത്തുമ്പോ അവൾക്കു പകരം മരുമകളായ പതിനഞ്ചു വയസ്സുകാരി ജാനകി ചോദിക്കാതെ തന്നെ അവൾക്കു വെള്ളം കൊടുക്കയും എണ്ണ പുരുട്ടുകയും ചെയ്യുന്നു. ജാനകിയുടെ മുറിപ്പാടുള്ള ചുണ്ടുകളും അടികൊണ്ടു വീർത്ത കവിളുകളും കാണുമ്പോ ലാജ്ജോ അവളെ കെട്ടിപ്പിടിച്ചു കരയുന്നതു കാണുമ്പോ നെഞ്ചിലൊരു കല്ലിന്റെ ഭാരം എനിക്ക് തോന്നി.
Parched - movie: where to watch streaming onlineഭർത്തൃവീട്ടിലെ പീഡനങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞിട്ടും അവളെ ആ നരകത്തിലേക്ക് വീണ്ടും പറഞ്ഞയക്കേണ്ടി വന്ന നിസ്സഹായയായ അമ്മയുടെ കണ്ണുകളിലേക്ക് അൽപ്പം ദയയ്ക്ക് വേണ്ടി നോക്കുന്ന പെൺകുട്ടിയെ കാണുമ്പോ ഒരടിയല്ല ആയിരം അടികൊണ്ടാലും ചെന്നുകേറാൻ ഇടമില്ലാത്ത, ചേർത്തു പിടിക്കാൻ ആളില്ലാത്ത പെണ്ണിന്റെ വേദനയ്ക്കും ആത്മാഭിമാനത്തിനും വലിയ വിലയൊന്നുമില്ലെന്നു മനസ്സിലാവും.
പെണ്ണിനെ കീഴ്‌പ്പെടുത്താനുള്ള ആരോഗ്യവും റേപ്പ് ചെയ്യാനുള്ള “കഴിവുമാണ്” സ്ത്രീയുടെ തലയിൽ ചവിട്ടി നിൽക്കാനുള്ള പുരുഷന്റെ യോഗ്യതയെന്നു വിളിച്ചോതുന്നതാണ് സിനിമയിലെ ആൺകഥാപാത്രങ്ങൾ. നേരത്തെ വിവാഹിതയാവുന്ന, വീട്ടുജോലികൾ അറിയാത്ത ജാനകിയും, ജീവിതത്തിൽ തനിച്ചാവുന്ന മുപ്പത്തിരണ്ടുകാരി റാണിയും ഭർത്താവിന്റെ നിഴൽകണ്ടാൽ ഞെട്ടിത്തെറിക്കുന്ന ലജ്ജോയുമൊക്കെ എന്റെ ജീവിത നാടകത്തിലെ ഞാൻ പകർന്നാടിയ വേഷങ്ങളായതു കൊണ്ടാവും Parched എനിക്കൊരു വിങ്ങലായി അനുഭവപ്പെടുന്നത്.
രാജസ്ഥാനിലെ വിണ്ടുകീറിയ മണ്ണിൽ പാട്രിയാക്കിയുടെ തിക്തഫലങ്ങളാൽ ശരീരവും മനസ്സും അതിലും ആഴത്തിൽ കീറിമുറിഞ്ഞ നാലു സ്ത്രീകളുടെ കഥയാണ് “Parched.” “Thappad” എന്ന സിനിമയിൽ നിന്നും വ്യത്യസ്ഥമായി നീളൻ സംഭാഷണങ്ങളെ ആശ്രയിക്കാതെ ലളിതമായ ദൃശ്യാവിഷ്കാരങ്ങൾ കൊണ്ടു ശക്തമായി ആശയവിനിമയം നടത്തി എന്നതാണ് ഇതിൽ ഞാൻ കാണുന്ന ഒരു മേന്മ.
അനുഭവങ്ങളുടെ വെളിച്ചത്തിൽ ഓരോന്നും പറയുമ്പോ താനിത് ഏതു നൂറ്റാണ്ടിലെ കാര്യമാണു പറയുന്നതെന്നു ചോദിക്കുന്നവർക്ക് ഈ സിനിമ നൽകുന്ന സന്ദേശം പ്രിവിലേജില്ലാത്തവരുടെ ജീവിതം നൂറ്റാണ്ടുകൾ മാറിയാലും വലിയ വിത്യാസമില്ലാതെ തുടരുന്നുണ്ടെന്നാണ്.