ബിഷപ്പ് കുപ്പായത്തിനുള്ളിൽ ഒളിഞ്ഞിരുന്ന പീഡകനെതിരെ സംസാരിച്ചതു മുതലാണ് സിസ്റ്റർ ലൂസി സഭയ്ക്ക് വെറുക്കപ്പെട്ടവളായത്

414

Asha Susan എഴുതുന്നു 

ഒരു സിസ്റ്റത്തിന് അകത്തു നിന്ന് അവർക്കെതിരെ സംസാരിക്കാതെ അതിൽ നിന്നിറങ്ങിപോയ്ക്കൂടെ? എന്നിട്ട് തോന്നുന്നത് പോലെ ജീവിക്കാലോ? ഇതാണ് നിഷ്പക്ഷതയുടെ മുഖമൂടിയിട്ടവരുടെ ആരോപണം..

ലൂസി കളപ്പുര സിസ്റ്റർ ലൂസിയായതു അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൂന്നര പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ആർക്കും പരാതിയില്ലാത്ത അവരുടെ പ്രവർത്തങ്ങളും നിലപാടുകളും സന്യാസത്തിനു ചേരാത്തതായി മാറിയത് ബിഷപ്പ് കുപ്പായത്തിനുള്ളിൽ ഒളിഞ്ഞിരുന്ന പീഡകനെതിരെ സംസാരിച്ചതു മുതലാണ്, അല്ലായെന്ന് സഭ എത്രയൊക്കെ പറഞ്ഞാലും അതാണ്‌ കാരണം.
പൗരോഹിത്യത്തിന്‍റെ അനീതികൾ ചോദ്യം ചെയ്യപ്പെടാതെ അവരുടെ ഇങ്കിതത്തിന് വഴങ്ങി, അടിമയായി, മൗനമായി ആ മതില്‍ക്കെട്ടിനുള്ളിൽ കഴിഞ്ഞോളം എന്നൊരു കരാർ ഒപ്പിടാത്തിടത്തോളവും, സന്യാസ വേഷം സ്വീകരിക്കുമ്പോൾ അവർ ഏറ്റെടുത്ത കടമയ്ക്കും ചുമതലയ്ക്കും നിയന്ത്രണത്തിനും അപ്പുറത്തുള്ള അധികാരവർഗ്ഗത്തിന്‍റെ ഓരോ പ്രവർത്തനത്തിന് എതിരെയും ശബ്ദമുയർത്താനുള്ള അവകാശം അവർക്കുണ്ട്.

അവരുടെ ചോദ്യങ്ങൾ ക്രിസ്തുമത വിശ്വാസത്തോടല്ല, അവർ വിരൽ ചൂണ്ടുന്നത് ആത്മീയതയിലെ പൊള്ളത്തരത്തോടല്ല, മറിച്ചു ദൈവത്തിന്‍റെ മുന്നിൽ എല്ലാവരും സമന്മാരാണെന്നും പ്രവർത്തിയില്ലാത്ത വിശ്വാസം നിർജീവമാണെന്നും കൊട്ടിഘോഷിക്കുകയും ചെയ്യുന്ന കിരീടം വെച്ച പൗരോഹത്യമെന്ന തമ്പ്രാക്കന്മാരോടാണ് .
അവരുടെ ഷൂവിന്‍റെ ഇടയിൽ ചവിട്ടിയരപ്പെടാനുള്ളതല്ല മഠത്തിനുള്ളിലെ ഒരു ജീവനും. പൗരോഹിത്യമെന്ന പുരുഷാധിപത്യത്തിനു അറുതി വരണമെന്നും ഓരോരുത്തർ അവരവരുടെ മാത്രം അധികാരിയാവണമെന്നും ഉറച്ചു പറയുന്ന സിസ്റ്റർ ലൂസിയുടെ നിലപാടുകൾക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്‌.

പുരുഷാധിപത്യവും, പണാധിപത്യവുമുള്ള ഒരു വ്യവസ്ഥിതിലെ അനീതിക്ക് എതിരെയും അസമത്വത്തിനു എതിരെയും അതിനുള്ളിൽ നിന്ന് പൊരുതുകയെന്നാൽ ജീവൻ പണയപ്പെടുത്തുന്നതിനു തുല്യമാണ്. ഇതറിഞ്ഞും അന്യന്‍റെ കണ്ണുനീർ സ്വന്തം കണ്ണുനീരായി കണ്ടു അവർക്ക് വേണ്ടി ശബ്‌ദിച്ച സിസ്റ്റർ ലൂസിയ്ക്ക് നീതി കിട്ടേണ്ടത് ഈ രാജ്യത്തിന്‍റെ പൗരൻ എന്ന നിലയിൽ അതവരുടെ അവകാശമാണ്.

മതാചാരങ്ങൾക്കും മതനിയമങ്ങൾക്കും മുകളിലാണ് ഒരു ജനാധിപത്യ രാജ്യത്തിലെ പൗരാവകാശം എന്നോർമ്മിപ്പിച്ചു കൊണ്ട് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് എല്ലാവിധ ഐക്യദാർഢ്യവും ആശംസയും നേരുന്നു. സാധിക്കുന്ന എല്ലാരും സിസ്‌റ്ററിന്റെ കൂടെ ഉണ്ടാവണം

NB: ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് “ഇന്ത്യക്കുള്ളില്‍ നിന്നുകൊണ്ട് ഇവിടുത്തെ ഭരണത്തെ എതിര്‍ക്കണ്ട, അങ്ങനെ എതിര്‍ക്കേണ്ടവര്‍ പാകിസ്താനില്‍ പോകൂ” എന്ന വാദത്തെ എങ്ങനെ അഡ്രസ്‌ ചെയ്യുന്നു എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്.

Image may contain: 1 person, smiling, text