Asha Susan എഴുതുന്നു
സോഷ്യൽമീഡിയ എന്ന കൊലയാളി
“പണ്ടൊന്നും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് എത്രയെത്ര പെൺകുട്ടികളെയാണ് അഗ്നിക്ക് ഇരയാക്കുന്നത്! എന്നിട്ടും തന്റെ പോസ്റ്റൊന്നും കണ്ടില്ലല്ലോ?”
ഇന്നലെ പാർക്കിൽ കണ്ടുമുട്ടിയ ഒരു മലയാളിയിതു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു “എനിക്കിതൊക്കെ നമ്മുടെ നാട്ടിൽ സംഭവിക്കുന്നതിൽ വലിയ അതിശയമൊന്നുമില്ല. പ്രബുദ്ധ മലയായികൾക്കിടയിലാണ് രാത്രിയിൽ ഏറ്റവും കുറവ് സ്ത്രീസഞ്ചാരമുള്ളതു”.

ഇത് കേട്ടപ്പോൾ ആ മനുഷ്യന്റെ മറുപടിയാണ് ഞാൻ മുകളിൽ പറഞ്ഞിരിക്കുന്നത്, അതായത് നമ്മുടെ നാട്ടിലെ സ്ത്രീകൾ സോഷ്യൽമീഡിയ ഉപയോഗിക്കുന്നതാണ് എല്ലാത്തിന്റെയും അടിസ്ഥാനകാരണമെന്ന്! പിന്നീടുള്ള അതിന്റെ വിശദീകരം രണ്ടു മിനിറ്റിൽ കൂടുതൽ കേൾക്കാൻ ഞാൻ നിന്നില്ല.
അയൽവക്കത്തുള്ളവരെയും ബന്ധുക്കളെയുമല്ലാതെ മറ്റൊരു പുരുഷനെ പരിചയപ്പെടാനോ അവരുമായി സംസാരിക്കാനോ സ്ത്രീയ്ക്ക് അവസരമില്ലായിരുന്നു. അതുകൊണ്ടു സ്വന്തം വീട്ടിലെ പുരുഷനായിരുന്നു എല്ലാത്തരത്തിലുമുള്ള അവളുടെ ശരി. ജോലിക്ക് പോവുന്ന സ്ത്രീകൾക്ക് കൂടെ ജോലിചെയ്യുന്ന ചിലരെ അറിയാമെന്നതൊഴിച്ചാൽ അവരുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല.
പക്ഷേ സോഷ്യൽമീഡിയ ഉപയോഗിക്കാൻ തുടങ്ങിയപ്പോ വീട്ടിലെ നാല് ചുവരിന് പുറത്തുള്ള ഒരുപാട് മനുഷ്യരോട് മിണ്ടാനും ഒരുപാട് ചർച്ചകളുടെ ഭാഗമാവുവാനും അങ്ങനെ കിട്ടുന്ന തിരിച്ചറിവുകളിൽ നിന്നും അനുവാദമില്ലാതെ തന്നിലേക്ക് നീളുന്ന അപരന്റെ അധികാര ബോധങ്ങളോട് ‘നോ’ പറയാനുള്ള ധൈര്യം തുടങ്ങി പലതും പെൺകുട്ടികൾക്ക് പകർന്നു കൊടുത്തതിൽ സോഷ്യയൽമീഡിയയുടെ പങ്ക് ചെറുതല്ല.
പക്ഷെ അപ്പോഴാണ് ശരിക്കുള്ള പ്രശ്നം തുടങ്ങുന്നത്. ജന്മിത്വം നിലനിന്നിരുന്ന സമയത്തു തമ്പ്രാനെ ഓഛാനിച്ചു നിന്നവർക്ക് ഒരു പോറൽ പോലും പറ്റിയിരുന്നില്ല. മാത്രവുമല്ല ജീവിച്ചു പോവാൻ എളുപ്പവുമായിരുന്നു (ഞാൻ ഫെമിനിസ്റ്റല്ല എന്നൊരൊറ്റ തലക്കെട്ട് മതി ഇന്നത്തെ തമ്പ്രാൻമാരെ പ്രീതിപ്പെടുത്താൻ . പിന്നെയവൾ ‘നല്ലപെണ്ണായി’ അംഗീകരിക്കപ്പെടും)
വിവാഹശേഷമാണേൽ !!!
വളഞ്ഞു നിന്ന് റാൻ മൂളേണ്ടതിനു പകരം അവളൊന്നു നട്ടെല്ല് നിവർത്തിയാൽ അവളുടെ മുതുകത്തു വെച്ചുകെട്ടിയിരിക്കുന്ന കുടുംബം അതോടെ തകരും. ആ നട്ടെല്ല് വളഞ്ഞിരിക്കാൻ കെട്ടിവരിയുന്ന ചരടാണ് ദേവിയും, ലക്ഷ്മിയും, ‘അമ്മ മഹത്വവും, കൈപ്പുണ്യവുമെല്ലാമെന്നു ഇനിയും മനസ്സിലാവാത്ത സ്ത്രീകളുണ്ട്.
പ്രണയത്തിന്റെ കേസിലേക്ക് വന്നാൽ!!!
ആദ്യത്തെ സ്റ്റെപ്പിൽ നിന്നും മുന്നോട്ട് പോവുന്തോറും പ്രണയത്തിന്റെ പേരിൽ അയാൾ തന്നെ അടിമയാക്കാൻ ശ്രമിക്കുന്നുവെന്നു തിരിച്ചറിഞ്ഞാൽ, അല്ലേൽ ഒരിക്കൽ തോന്നിയ പ്രണയം പോകെ പോകെ ഇല്ലാതാവുമ്പോൾ പണ്ട് ഉണ്ടായിരുന്നതിന്റെ സ്മാരകമായി അതിനെ കൊണ്ടുനടക്കാതെ അതങ്ങു തുറന്നു പറഞ്ഞാൽ അവളൊരു തേപ്പുകാരിയായി…. അതോടെ
അവനിലെ പുരുഷൂന് മുറിവേൽക്കപ്പെടും. തമ്പ്രാന് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത ഇത്ര വലിയ തെറ്റ് ചെയ്തവളെ എങ്ങനെയും ശിക്ഷിക്കാനുള്ള അധികാരം അവനങ്ങെടുക്കും. ശിക്ഷിക്കാനുള്ള അധികാരത്തിന്റെയും ശിക്ഷയുടെയും
തോത് നിശ്ചയിക്കുന്നത് എത്രകാലത്തെ ബന്ധമുണ്ടായിരുന്നു എന്നതിനനുസരിച്ചിരിക്കും. സമൂഹമതിനെ ന്യായീകരിച്ചു വെളുപ്പിക്കുന്നത് പോലും ഈ തൂക്കം നോക്കിയായിരിക്കും!
മനുസ്മൃതി അബേദ്ക്കർ പരസ്യമായി കത്തിച്ചിട്ടും രഹസ്യമായി ജാതീയതയുടെ വ്രണങ്ങൾ ഇന്നും നമുക്കിടയിൽ ചീഞ്ഞു നാറുന്നുണ്ട്. അതുപോലെ
ഭരണഘടന നിലവിൽ വന്നതറിയാതെ ഇന്നും തമ്പ്രാന്റെ കുപ്പായമണിഞ്ഞിരിക്കുന്ന പുരുഷൂസ് ഉള്ളടിത്തോളം ഒരുപാട് അടിമസ്ത്രീകൾ ഇനിയും ചുട്ടു കൊല്ലപ്പെടും.
സമൂഹം എത്രകണ്ട് പുരോഗമിച്ചാലും പുരോഗമിക്കാൻ പാടില്ലാത്ത ഒന്നാണ് സ്ത്രീയുടെ ‘സ്വയം തിരഞ്ഞെടുപ്പ് ‘!!!
അതുകൊണ്ടു തന്നെ അക്രമ പരമ്പരകൾക്കൊരു അവസാനമെന്നത്
തമ്പ്രാക്കന്മാരില്ലാത്ത, മനുഷ്യനെന്നാൽ അല്ലേൽ പൗരനെന്നാൽ പുരുഷൻ മാത്രമല്ലന്നും ലിംഗഭേദമന്യേ ഏവരുമതിൽ ഉൾപ്പെടുമെന്നും ആരും ആരുടേയും മുകളിലോ താഴെയോ അല്ലെന്നു ഉത്തമബോധ്യമുള്ള ‘മനുഷ്യരായി’ ജീവിക്കുന്നവരുടെ പുതിയ തലമുറയിൽ പ്രതീക്ഷിച്ചാൽ മതി. അതുവരെയും കഥ തുടരും.
വീണ്ടുമൊരു സ്ത്രീ ആസിഡിനോ അഗ്നിക്കോ ഇരയാക്കപ്പെടാതിരിക്കട്ടെ… ഇരയാക്കപ്പെട്ടാൽ “എന്താണ് കാരണം? തേപ്പാണോ?” എന്നു ആളുകൾ ചോദിക്കാത്ത ഒരു സമൂഹത്തിനായി നമുക്ക് കാത്തിരിക്കാം.