സ്വന്തം അമ്മ പ്രതിക്കെതിരെ മൊഴി കൊടുത്തിട്ടും അവരുടെ വാക്കുകൾക്ക് വിലയില്ലാതായി പോയതിന്‍ പേരാണ് ‘കീഴ്‌ജാതി’

289

Asha Susan

ഇന്നലെ രാത്രി “ഇച്ചീച്ചി” കവിതയാണ് (ലിങ്ക് > ഇച്ചീച്ചി -കവിത, ധര്‍മരാജ് മടപ്പള്ളി) ആദ്യം വായിച്ചത്. അതു വായിക്കുമ്പോ എഴുതിയ ആളോട് ദേഷ്യം പതഞ്ഞു വരുവായിരുന്നു, വേറൊന്നുമല്ല, ഇങ്ങനെയൊക്കെ രണ്ടു കുഞ്ഞുങ്ങളെ പിച്ചി ചീന്തുന്ന ‘കഥ’ വച്ചാണോ ഇങ്ങേർക്ക് കവിത എഴുതാൻ കിട്ടിയത്?! എന്നു വെച്ചാൽ ഒരിക്കലും നടക്കാത്ത ഒരു കഥ മാത്രമായായിട്ടാണ് ഞാനിതിനെ കണ്ടത്. പിന്നീടങ്ങോട്ട് ന്യൂസ്ഫീഡ് മുഴുവനും വാർത്തകളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞപ്പോൾ ഉള്ളം കാൽ മുതൽ ഉച്ചിവരെ ഒരുതരം മരവിപ്പായിരുന്നു.

ആ അച്ഛനും അമ്മയും ഭിത്തിയും ചാരിനിൽക്കുന്ന ഫോട്ടോ കണ്ടപ്പോ ഞാൻ ആലോചിക്കുവായിരുന്നു, അവർ എന്താവും ഈ ലോകത്തോട് പറയുന്നതെന്ന്. ഒരുപക്ഷെ അതിങ്ങനെയാവും.

കോടതി മുറിയിൽ ഏറ്റവും ശക്തമുള്ള തെളിവ് ദൃക്സാക്ഷിയാണ്. സ്വന്തം അമ്മ പ്രതിക്കെതിരെ മൊഴി കൊടുത്തിട്ടും അവരുടെ വാക്കുകൾക്ക് വിലയില്ലാതായി പോയതിന്‍റെ, ആ വാക്കുകൾ നിശബ്ദമായി തേഞ്ഞു മാഞ്ഞു പോയതിന്‍റെ പേരാണ് ‘കീഴ്‌ജാതി’.

ഒരേ വീട്ടിലെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊത്തിത്തിന്നാനുള്ള ധൈര്യം പ്രതികൾക്ക് കിട്ടിയതും, ഒന്നിനെ കുഴിച്ചു മൂടിയിട്ടും മറ്റൊന്നിനെ വെറുതെ വിടാതെ തുരത്തി അതിനെയും മണ്ണിൽ പൊതച്ചാലും ആരും ചോദിക്കാനുണ്ടാവില്ലെന്ന തോന്നലിന്‍റെ പേരാണ് ‘ജാതി’.

ജന്മം കൊണ്ടും ചുരുങ്ങിയ ജീവിതം കൊണ്ടും കിട്ടാത്ത നീതി കൊല്ലപ്പെട്ടതിനു ശേഷം കിട്ടുമെന്ന ചിന്തപോലുമില്ലാതെ വിധി വരുന്ന ദിവസം എന്നത്തേയും പോലെ സാധാരണ ദിവസം മാത്രമായി കടന്നു പോവാൻ പാകത്തിന് നിർവ്വികാരമായി തീർന്ന അവരുടെ ജീവിതത്തിന്‍റെ പേരാണ് ‘ജാതി’.

പണവും സാമൂഹ്യ പ്രിവിലേജുമില്ലാത്തവന്‍റെ ജീവിതങ്ങൾക്ക് പുഴുവിന്‍റെ വില പോലും കൽപ്പിക്കാതെ, നാടിന്‍റെ വികസനമെന്നാൽ അല്‍പമെങ്കിലും ഉള്ളവനു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണെന്ന് ചിന്തിച്ചു സാമൂഹ്യ വികസനത്തിന്‍റെ അടിത്തറയ്ക്കും ഒരുപാട് താഴെയുള്ള, മുഖ്യധാരാ സമൂഹത്തിന്‍റെ ഭാഗമായി ആർക്കും തോന്നാത്ത, ആരും കാണാത്ത, വഴിയേ പോവുന്ന പട്ടിയെ കാണുമ്പോ കല്ലെടുത്തെറിയാൻ തോന്നുന്ന നിസ്സാരതയോടെ ആർക്കും പിച്ചിപറിച്ചെടുക്കാൻ ധൈര്യം തോന്നുന്ന, മനുഷ്യരായിപോലും ആർക്കും തോന്നാത്ത മനുഷ്യകൂട്ടങ്ങളുടെ പേരാണ് ‘ജാതി’.

ഏതു പാർട്ടി ഭരിച്ചാലും നീതി എന്നത് അവർക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന യാഥാർഥ്യത്തിന്റെ പേരാണ് ‘ജാതി’.

രണ്ടു ജീവിതങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. സാമ്പത്തികമായും സാമൂഹ്യമായും പ്രിവിലേജുള്ളവരും, ഇതൊന്നും ഒട്ടുമേ ഇല്ലാത്തവരും.അതുകൊണ്ടുതന്നെ വിതരണം ചെയ്യപ്പെടുന്ന നീതിയും ന്യായവും അവസരവും ഈ രണ്ടുകൂട്ടർക്കും രണ്ടു തട്ടിലായിരിക്കും.

മനുഷ്യരെല്ലാം സ്റ്റേറ്റിന് ഒരുപോലെയാണ്, പക്ഷേ മനുഷ്യരായി അംഗീകരിക്കുന്നവരിൽ ആരൊക്കെയുണ്ട് എന്നതാണു ചോദ്യവും. ഈ സ്റ്റേറ്റ് എന്ന സംവിധാനത്തില്‍ ശിശു വകുപ്പിലെ ചെയര്‍മാന്‍ ആയ പാര്‍ട്ടി മെമ്പര്‍ ആണ് ഈ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ എത്തിയത്. ടി വക്കീല്‍ ഇതിനു മുന്നേ ഇരുപത്തഞ്ചു പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആളും. അയാളുടെ ജോലി ചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല, പക്ഷെ ഇവിടെ ഒരു കോണ്‍ഫ്ലിക്റ്റ്‌ ഓഫ് ഇന്‍റെറെസ്റ്റ് ഉണ്ട്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്.

വൈകി എത്തുന്ന നീതി അനീതിയ്ക്ക് തുല്യമാണെങ്കിലും, ജീവനോടെയിരുന്നപ്പോ അവർക്ക് സ്റ്റേറ്റ് കൊടുക്കേണ്ട നീതി കൊല ചെയ്യപ്പെട്ടതിനു ശേഷമെങ്കിലും കൊടുക്കണം. ആ നീതിയിലൂടെയെങ്കിലും അവരും മനുഷ്യരാവട്ടെ.