പട്ടി ഷോയും(ബോഡി പൊളിറ്റിക്‌സും) ഞാനും

97

Asha Susan

പട്ടി ഷോയും(ബോഡി പൊളിറ്റിക്‌സും) ഞാനും.

പതിനെട്ടു തികയാൻ മൂന്നു മാസം ഉള്ളപ്പോഴായിരുന്നു എന്റെ വിവാഹം, അതിനായിരുന്നു ആദ്യമായി സാരി ഉടുത്തതും പെറ്റിക്കോട്ടിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടി ബ്രാ ഇട്ടതും. സാരി ഉടുപ്പിക്കാൻ നേരം ആന്റിമാർ പിറുപിറുത്തത് സ്പോഞ്ചിനുള്ളിൽ രണ്ടു ചിരട്ട കൂടി വെയ്ക്കാതെ ഇതിനെയെങ്ങനെ പെണ്ണിന്റെ കോലത്തിൽ ആക്കുമെന്നായിരുന്നു (39 കിലോ ആയിരുന്നു വെയ്റ്റ്) അതായത്
കാണപ്പെടുന്ന ഒന്നും ശരീരത്തിൽ ഇല്ലായിരുന്നുവെന്ന് എങ്കിലും അതിന്റെ തലേ ആഴ്ച വരെ സ്കൂളിലൂടെ നടക്കുമ്പോൾ ആണിന്റെ മുന്നിലെത്തിയാൽ ഒന്നുകിൽ കൂനി നടക്കും അല്ലേൽ ഷർട്ട് മുന്നിലേക്ക് വലിച്ചു പിടിക്കും, റെക്കോർഡോ കുടയോ മുന്നിൽ പിടിച്ചല്ലാതെ ഓടില്ലായിരുന്നു. ഒട്ടും ശരീരമില്ലാഞ്ഞിട്ടും എനിക്ക് പേടിക്കേണ്ടുന്ന എന്തൊക്കെയോ എന്നിലുണ്ടെന്ന ധാരണയായിരുന്നു.
കാലം പലതു കഴിഞ്ഞപ്പോൾ യുദ്ധം വെട്ടി എന്നെ കെട്ടിയിട്ട ചങ്ങലകൾ ഓരോന്നായി പൊട്ടിച്ചിട്ടും ശരീരത്തോടുള്ള പേടിയ്ക്ക് യാതൊരു മാറ്റവും വന്നില്ല. ഇഷ്ട്ടമുള്ള ഏതു വസ്ത്രവും ധരിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എത്തിയിട്ടും “അയ്യേ എനിക്കിതൊന്നും ചേരില്ലെന്ന” തോന്നൽ മാത്രം ബാക്കിയായി മാത്രവുമല്ല പ്രായവും തടിയും കൂടുന്നതിന് അനുസരിച്ചു അപകർഷതയും ബോണസായി കടന്നു കൂടി

അങ്ങനെയിരിക്കെ ഡേറ്റിങ് ഗ്രൂപ്പിൽ നിന്നാണ് രഹ്നഫാത്തിമയുടെ ബോഡി പൊളിറ്റിക്സ് പോസ്റ്റൊക്കെ വായിക്കുന്നതും ‘മനോഹരമല്ലാത്ത’ നിറഭേദമില്ലാത്ത, പ്രായഭേദമില്ലാത്ത എല്ലാ ശരീരങ്ങൾക്കും സമൂഹത്തിൽ ദൃശ്യമാവാൻ പറ്റണമെന്നും എല്ലാത്തരം ശരീരങ്ങൾക്കും ഇവിടെ അവരുടേതായ സ്ഥാനമുണ്ടാവണമെന്നൊക്കെ മനസ്സിലാക്കിയത്; സ്ത്രീയുടെ ശരീരത്തിന്റെ അവകാശം കരസ്ഥമാക്കാതെ സ്ത്രീ ഒരിക്കലും സ്വതന്ത്ര്യ ആവില്ലെന്ന വലിയൊരു സത്യത്തെ ഞാൻ പിന്നീട് മനസ്സിലാക്കി.
കാലിൽ രോമമുള്ള പെണ്ണ് അമിതമായ കാമം ഉള്ളവളാണെന്നു കുട്ടിക്കാലത്തു എപ്പോഴോ കേട്ടിട്ടുള്ളത് കൊണ്ട് ‘പേടിച്ചിട്ട്’ രോമം ഒന്നുകിൽ കളയും അല്ലെങ്കിൽ കാൽ പുറത്തു കാണിക്കില്ലായിരുന്നു അതുവരെ. പിന്നെ പിന്നെ ഞാനെന്നെ തന്നെ പറഞ്ഞു തിരുത്താനുള്ള ശ്രമമായി; അങ്ങനെ മാറ്റിയെടുത്ത ചിന്തയുടെയും ധൈര്യത്തിന്റെയും ഭാഗമായി രോമത്തെ നിലനിർത്തികൊണ്ട് തന്നെ മുട്ടിനു താഴെ കാൽ കാണുന്ന തരത്തിലുള്ള ഡ്രസിടാനും കാലിന്റെ ഫോട്ടോ തൂക്കുന്ന പോസ്റ്റിലൊക്കെ കാലും ഒട്ടിക്കാനുള്ള ധൈര്യമായി.

ഇത്രയും പറഞ്ഞത് ആരേയും പേടിക്കാനില്ലാത്ത ആരോടും മറുപടിപറയേണ്ടതില്ലാത്ത ലിറ്റർലി ‘സ്വാതന്ത്ര്യയായ’ എനിക്ക് പോലും ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനോ, ഫോട്ടോ പോസ്റ്റാനോ ധൈര്യം ഇല്ല(2020 ജനുവരിയിലാണ് ഫുൾ സൈസ് ഫോട്ടോ ആദ്യമായി ഇട്ടത് അതുവരെ എനിക്ക് മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ) അത്രയ്ക്കുണ്ട് സ്വന്തം ശരീരത്തോടുള്ള പേടി
ലൈക്കിനു വേണ്ടിയല്ലേ ഇത്തരം ചീപ്പ് ഷോ എന്ന് ചോദിച്ചാൽ ഞാൻ പറയും എനിക്കിത് വിലയില്ലാത്ത വെറും ലൈക്ക് മാത്രമല്ല എന്നിൽ വലിഞ്ഞു മുറികിയിരിക്കുന്ന; എന്റെ ശരീരത്തിന്റെ അവകാശി ഞാനല്ലെന്നു എന്നെ ഓർമ്മിപ്പിക്കുന്ന പേടിയുടെ ചങ്ങലകൾ പൊട്ടിക്കാനുള്ള ശ്രമം കൂടിയാണ്, എന്റെ ശരീരത്തിന്മേൽ ഞാൻ നടത്തുന്ന അവകാശ പ്രഖ്യാപനമാണ്.
നീണ്ട 32 വർഷത്തെ ചങ്ങല പാടിനോടാണ് യുദ്ധം; ഒട്ടും എളുപ്പമല്ലത്‌.