ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് പുരുഷന്മാർക്കും വിരലിൽ എണ്ണാവുന്ന സ്ത്രീകൾക്കും മാത്രമാണ്

81

Asha Susan

താല്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല അല്ലെങ്കിൽ ഉണ്ട് എന്ന ഒറ്റ ഉത്തരം അപ്പോ കൊടുത്തിരുന്നേൽ ആ വിഷയം അവിടെ കഴിയില്ലായിരുന്നോ? ടീച്ചർ-വക്കീൽ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം ഇതായിരുന്നു.ഇവരോടൊക്കെ എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്; നമ്മുടെ നാട്ടിൽ സ്വന്തമായി തീരുമാനം എടുക്കാനും പ്രാവർത്തികമാക്കാനും അവകാശമുള്ള എത്ര ഭാര്യമാരുണ്ട്? വീട്ടിൽ ആരേലുമുണ്ടോ എന്ന മുറ്റത്തു നിന്നുള്ള ചോദ്യത്തിന് “ചേട്ടൻ ഇവിടെയില്ല” എന്ന ഉത്തരം കൊടുത്തു കൊണ്ടിരുന്ന ഭാര്യമാരുടെ മക്കളാണ് ഇന്നത്തെ ഭൂരിഭാഗം വരുന്ന തലമുറ. ലാൻഡ് ഫോണുകളുടെ കാലത്ത്‌ സ്ത്രീകൾ കോൾ അറ്റന്റ് ചെയ്യുന്നത് പോലും വീട്ടിലെ പുരുഷന്മാർ അവിടെ ഇല്ലാത്തപ്പോൾ ഇന്നയാൾ ഇന്നതിന് വേണ്ടി വിളിച്ചെന്നു പറയാൻ വേണ്ടി മാത്രമാവും, അല്ലാതെ അവരെ തേടി മാത്രമായി കോളുകൾ വന്നിരുന്നില്ല.

കാലം മാറി, എല്ലാവര്ക്കും സ്വന്തമായി മൊബൈൽ വന്നിട്ടും അതിനു ലോക്കിട്ട് സ്വന്തമായി മാത്രം ഉപയോഗിക്കാനും ഭർത്താവിന് അറിയാത്ത സുഹൃത്തുക്കളെ ഉണ്ടാക്കാനുമുള്ള അവകാശമൊന്നും ഭൂരിഭാഗം സ്ത്രീകൾക്കുമില്ല എന്നതാണ് സത്യം. എന്തിനേറെ പറയുന്നു, മിക്കവർക്കും അനുവാദം വാങ്ങാതെ ആകെ പോവാൻ പറ്റുന്ന ഇടം ജോലി സ്ഥലവും പള്ളി/അമ്പലം തുടങ്ങിയവ മാത്രമായിരിക്കും; സ്വന്തം വീട്ടിൽ പോണമെങ്കിൽ പോലും രണ്ടാഴ്ച മുന്നേ അപേക്ഷ സമർപ്പിച്ച് അതിൽ ഒപ്പിട്ടു കിട്ടാൻ പിന്നാലെ നടക്കേണ്ടുന്ന ഗതികേടുള്ള ഭാര്യമാരും ഇവിടെയുണ്ട്.

സ്വന്തമായി അഭിപ്രായമുള്ള, തീരുമാനമെടുക്കാൻ കഴിവുള്ള വ്യക്തികളായല്ല പെൺകുട്ടികളെ വളർത്തുന്നത്, വിവാഹത്തിനു മുൻപ് സ്വന്തം വീട്ടുകാരും അതിനു ശേഷം ഭർത്താവുമാണ് സ്ത്രീയുടെ കാര്യങ്ങൾ പൊതുവേ തീരുമാനിക്കുന്നത്. തീരുമാനങ്ങൾ സ്വയം എടുത്തു ശീലിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള അവകാശം കിട്ടിയാൽ പോലും ഉപയോഗിക്കാനും പേടിയായിരിക്കും. എന്താ ചെയ്യണ്ടേ, എന്താ പറയണ്ടേ എന്നവർ ചോദിക്കുന്നത് പോലും എന്തേലും കാരണത്താൽ അതിൽ തെറ്റുകൾ വന്നാൽ ഉണ്ടാവാൻ പോവുന്ന വിചാരണയെ ഭയന്നു കൂടിയാണ്.പറഞ്ഞുവന്നത് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് പുരുഷന്മാർക്കും വിരലിൽ എണ്ണാവുന്ന സ്ത്രീകൾക്കും മാത്രമാണ്. അത്തരം പ്രിവിലേജിൽ ഇരുന്ന് എന്തുകൊണ്ട് അപ്പൊ തന്നെ തീരുമാനം എടുത്തില്ല മറുപടി പറഞ്ഞില്ല എന്നൊക്കെ പറയുന്നത് അർഥശൂന്യമാണ്‌.