
Asha Susan എഴുതുന്നു
പുതിയ വാർധ്യക്യത്തിനു വേണം വൃദ്ധസദനങ്ങള്‍.
തലക്കെട്ട് കണ്ടതോടെ എന്നെ എറിയാൻ കല്ലെടുത്തവരോടും, മതത്തിന്റെയും ആർഷഭാരത സംസ്കാരത്തിന്റെയും കാവൽ മാലാഖമാരുമാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കിവിടെ വെച്ചു വായന നിർത്താം. അതല്ല, കാലത്തിന്റെ മാറ്റത്തെ അംഗീകരിക്കുന്നവരുണ്ടെങ്കിൽ നിങ്ങൾക്ക് തുടരാം.
ആധുനികരെന്നു കരുതി അഭിമാനിക്കുന്ന മലയാളിയുടെ സാംസ്കാരിക അധഃപതനത്തിന്റെ ചിഹ്നമായാണ് നാം വൃദ്ധസദനങ്ങളെ നോക്കി കാണുന്നത്. വാർധ്യക്യത്തിൽ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ അവസാന ആശ്രയമായി വൃദ്ധസദനങ്ങൾ പരിണമിക്കുമ്പോൾ ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാവുന്നതും സ്വാഭാവികമാണ്.

ഇതുപോലെ തന്നെയാണ് വൃദ്ധസദനങ്ങളുടെ കാര്യവും. വികസിത രാജ്യങ്ങളിൽ ഒരു നഴ്സറി സ്കൂളിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടോ അത്രത്തോളം തന്നെ പ്രാധാന്യം ഓൾഡേജ് ഹോമിനും, ക്ലബ്ബിനും കൊടുക്കുന്നുണ്ട്. അതായത് ഗർഭസ്ഥ ശിശു മുതൽ വൃദ്ധര്‍ വരെ ആ രാജ്യത്തിന്റെ സ്വത്താണ് എന്ന ബോധ്യം അവർക്കുണ്ട്.
നമ്മുടെ നാട്ടിൽ ഒരു മകനെ വിവാഹം കഴിപ്പിക്കുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കൾക്ക് ചൂടുവെള്ളം കാച്ചാനും, കുഴമ്പിടാനും, നേരത്തിനും കാലത്തിനും വെച്ചു വിളമ്പാനും ഒരാള്‍ ആവശ്യമായത് കൊണ്ടാണ് (ഭൂരിഭാഗവും). നമ്മുടെ പെണ്‍കുട്ടികളെല്ലാം തന്നെ പ്രൊഫഷണൽ കോഴ്സോ അതിനടുത്ത വിദ്യാഭ്യാസമോ നേടിയവരാണ്. എന്നാൽ ഇവരിൽ എത്രപേർക്ക് വിവാഹ ശേഷം ജോലിയിൽ തുടരാൻ സാധിക്കാറുണ്ട്? വളരെ ചെറിയൊരു ശതമാനം മാത്രം. അതു നിലനിർത്തണമെങ്കിലോ, അവൾ ഇരട്ടി ഭാരം ചുമക്കുകയും വേണം.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് നോക്കിയാൽ അതു ചെന്നെത്തുന്നത് പരമ്പരാഗത ചിന്തകളുടെ കെണിയിലായിരിക്കും. “കുടുംബത്തിൽ പിറന്ന” പെൺകുട്ടികളുടെ ലക്ഷണമാണ് ഇതെല്ലാമെന്ന അദൃശ്യചങ്ങലയിൽ പല പെൺകുട്ടികളുടെ ജീവിതവും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ എരിഞ്ഞു തീരുന്നു. എന്നാൽ അവരിൽ ചുരുക്കം ചിലർ ഇതിനെതിരെ ചിന്തിക്കുകയും, പുതു തലമുറയോടൊപ്പം ഓടിയെത്താത്ത പഴയതലമുറയെ അവഗണിക്കുകയും ഏതെങ്കിലും ഒരു പാതിരാത്രിയുടെ ഏഴാം യാമങ്ങളിൽ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കാൻ തീരുമാനം എടുക്കുകയും ചെയ്യുന്നു. അങ്ങനെ വൃദ്ധസദനത്തിൽ എത്തുന്ന മാതാപിതാക്കളുടെ കദനകഥ വിറ്റ് ചാനലുകാരും ,മതപ്രഭാഷകരും, ലൈക് സമ്പാദ്യക്കാരും ജീവിക്കുന്നു.
നമ്മുടെ നാട്ടിൽ മക്കൾ ഉപേക്ഷിക്കുന്നവർക്ക് വേണ്ടിയാണ് വൃദ്ധസദനങ്ങളെങ്കിൽ വികസിത രാജ്യങ്ങളിൽ അവർ അവരുടെ വാർദ്ധക്യം ആസ്വദിച്ച് തീർക്കാൻ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണത്. അതായത് രാവും പകലുമുള്ള വ്യത്യാസം. ഇവിടെ ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ചുണർന്ന്, ഒരുമിച്ചു കുഞ്ഞുങ്ങളെയും, വീട്ടുജോലിയും നോക്കി ഒരുമിച്ചു ജോലിക്ക് പോകുന്നു.
ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ നമ്മുടെ നാട്ടിൽ മാതാപിതാക്കളെ വീട്ടിലാക്കി പൂട്ടിയിട്ട് പോകേണ്ട ഗതികേട് ഇവർക്കില്ല. കാരണം കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനോടൊപ്പം മാതാപിതാക്കൾ ഓൾഡേജ് ക്ലബ്ബുകളിൽ പോകാനും ഒരുങ്ങും. കുഞ്ഞുങ്ങൾക്ക് സ്കൂൾ ബസ്സാണെങ്കിൽ ഇവരെ കൊണ്ടുപോകാനും, കൊണ്ടുവന്നാക്കാനും ക്ലബ്ബുകളിൽ നിന്നുള്ള വാഹങ്ങൾ ഉണ്ട്.
രാവിലെ പ്രഭാത ഭക്ഷണത്തിൽ തുടങ്ങി വൈകിട്ട് വരെയുള്ള ആരോഗ്യപ്രദമായ ആഹാരം അവിടെ റെഡിയായിരിക്കും. പലവിധ വ്യായാമങ്ങളും, നൃത്തം, സംഗീതം, വായനശാലകള്‍, വിവിധതരം കളികള്‍, നീന്തല്‍, പൂന്തോട്ട പരിചരണം, ചിത്രമെഴുത്ത് എന്ന് തുടങ്ങി എല്ലാത്തരം സജീകരങ്ങളും ഇത്തരമിടങ്ങളില്‍ ഉണ്ടാവും. കൂടാതെ ചെറിയൊരു ആശുപത്രിയും ബ്യൂട്ടി പാർലറും കാണും.
വാർദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ള തിരിച്ചു പോക്കായതു കൊണ്ട് തന്നെ പലപ്പോഴും പുത്തൻ തലമുറയെ ഉൾക്കൊള്ളാനോ അവരോടൊപ്പം ചേര്‍ന്നു സഞ്ചരിക്കാനോ കഴിഞ്ഞെന്നു വരികയില്ല.
ഞാൻ മലമറിച്ചതു പോലെ എന്റെ മക്കളും മരുമക്കളും മറിക്കണം, അതുപോലെ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നൊക്കെ വാശി പിടിക്കുമ്പോളാണ് തറവാടുകൾ ഏറ്റെടുക്കാൻ ഇന്ന് മക്കൾ മടിക്കുന്നതും വാർദ്ധക്യം വീട്ടുതടങ്കലാവുന്നതും ഏറെ താമസിയാതെ മാതാപിതാക്കളെ പടിയടച്ചു പിണ്ഡം വെക്കേണ്ടി വരുന്നതും.അങ്ങനെ നമ്മുടെ വൃദ്ധസദനങ്ങളെല്ലാം കണ്ണീരിന്റെയും നെടുവീർപ്പിന്റെയും കഥ പറയുമ്പോൾ ഇവിടെ ഇവർക്ക് സംസാരിക്കാനുള്ളത് അന്നത്തെ മാധ്യമവാർത്തകളും, തലേന്ന് കണ്ട സിനിമാ വിശേഷങ്ങളും, മാറി വരുന്ന ഫാഷൻ തരംഗങ്ങളെക്കുറിച്ചുമൊക്കെയാണ്.
മക്കളെ വളർത്തുമൃഗം പോലെ “പോറ്റി” വളർത്തുന്നവർക്ക് മക്കളുടെ യൗവ്വനകാലം ഞങ്ങൾക്ക് വേണ്ടി ചിലവഴിക്കണം എന്നു പറയാൻ വലിയ ബുദ്ധിമുട്ടൊന്നും കാണില്ല. എന്നാൽ അവരെ ഒരു വ്യക്തിയായി കാണുന്നവർക്കും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് പൂർണ്ണ ബോധ്യമുള്ളവർക്കും വേഗത്തിൽ കുതിച്ചോടാൻ ആഗ്രഹിക്കുന്ന മക്കളോട് നീ എന്റെ കൈപിടിച്ച് നടന്നാൽ മതിയെന്ന് പറയാനാവില്ല, പകരം അവരെ അവരുടെ ലക്ഷ്യത്തിലേക്ക് പോകാൻ അനുവദിക്കും. പോകും വഴിയിൽ അവരുടെ ഒരു തിരിഞ്ഞു നോട്ടം, അല്ലെങ്കിൽ ശ്രദ്ധ മതി ഞങ്ങൾക്ക് എന്ന് സ്വയം തീരുമാനിക്കാനും യാഥാർഥ്യത്തെ അംഗീകരിക്കാനും കഴിയും.
തങ്ങളെ മനസ്സിലാക്കുന്ന സമപ്രായക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനാവുന്നു എന്നതാണ് ഇതിന്റെ ഏറ്റവും നല്ല വശം. മക്കളോടൊപ്പം കഴിയുന്നവർക്ക് വൈകുന്നേരം തിരികെ പോകാവുന്നതാണ്. അതല്ലാത്തവർക്ക് ഓൾഡേജ് ക്ലബ്ബുകളോട് ചേർന്ന് തന്നെ ഓൾഡേജ് ഹോമുകളുമുണ്ട്. രണ്ടു മുറികളും അടുക്കളയും ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഓരോ ഫ്ലാറ്റ് ഓരോരുത്തർക്കും ഉപയോഗിക്കാം. മക്കൾക്ക് ഒഴിവു കിട്ടുന്നതിനനുസരിച്ച് അവരെ സന്ദർശിക്കാവുന്നതും ,അവരെ കൂടെ കൂട്ടാവുന്നതുമാണ്.
കുറച്ചു കാലത്തേക്ക് മക്കൾക്ക് വീട് വിട്ടു നിൽക്കേണ്ടുന്ന അവസ്ഥ വരുമ്പോൾ മാതാപിതാക്കളെ ഏൽപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗമായാണ് ഓൾഡേജ് ഹോമുകളെ കാണുന്നത്. ഇതിനു മാസം നിശ്ചിത സംഖ്യ ഫീസായി അടക്കുന്നു. വരുമാനമുള്ളവർ സ്വന്തമായും അല്ലാത്തവരെ ഗവണ്മെന്റും സഹായിക്കുന്നു. ഓരോ സിറ്റിക്കും മനോഹരമായ ഓൾഡേജ് ഹോമുകളുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താൻ ഗവണ്മെന്റ് തന്നെ അവരെ നിർബന്ധിക്കുന്നു എന്നതാണ് വാസ്തവം.
രത്ന ചുരുക്കം: വാർദ്ധക്യം എന്നത് പുത്തൻ തലമുറയെ പുച്ഛിച്ചും, സ്വയം ശപിച്ചും, പിറുപിറുത്തും തീർക്കേണ്ട ഒന്നല്ല. വേഗത്തിൽ പായാൻ ആഗ്രഹിക്കുന്ന മക്കളുടെ വണ്ടിക്ക് ഒരിക്കലും നമ്മൾ വിലങ്ങാവരുത്. അവരെ അവരുടെ ജീവിതങ്ങള്‍ ആസ്വദിക്കാൻ അനുവദിക്കണം. കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയാലും മക്കൾ തങ്ങളുടെ ചൊല്പടിയിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആ വൃത്തികെട്ട പാരമ്പര്യമൊക്കെ അന്യം നിൽക്കണം.
മതങ്ങൾക്കും, ഗൃഹാതുരത്വം പാകിമുളപ്പിക്കുന്ന സാഹിത്യകാരന്മാർക്കും കാരണവന്മാരെ മക്കളുടെ ആട്ടും തുപ്പും ഏൽക്കാൻ വീട്ടിൽ കെട്ടിയിട്ടേ മതിയാവു എന്ന വാശിയാണ്.
എന്നാൽ ദുരഭിമാനത്തിന്റെ പേരിൽ ഇരുകൂട്ടരും ജീവിതം നശിക്കുന്നതിലും നല്ലത് ആരോഗ്യകരമായി പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമുകൾ തന്നെയാണ്.
നമ്മുടെ സർക്കാർ മേഖലയിൽ ഗുണനിലവാരമുള്ള സ്ഥാപനങ്ങൾ ഉണ്ടാവുക എന്നത് വിദൂരസ്വപ്നമായതിനാൽ സഹകരണ സംഘങ്ങളായോ, പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലോ ഗുണനിലവാരമുള്ള ഓൾഡേജ് ഹോമുകൾ നിലവിൽ വരണം.ഒരു വ്യക്തിയുടെ വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഒരു നഴ്സറി സ്കൂളിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അതേ പ്രാധാന്യം അവസാന ഘട്ടത്തിലെ വാർദ്ധക്യം ചിലവിടുന്നതിനുള്ള വൃദ്ധസദനങ്ങള്ക്കുമുണ്ട്. അതുകൊണ്ടു തന്നെ, വിവേകമുള്ള പുത്തൻ വാർധ്യക്യത്തിന് വേണമൊരു പുതിയ തണൽ.
NB: ഞാനീ പറഞ്ഞത് അത്രയും ഇന്നത്തെ യുവതലമുറയോടാണ്. അവർ വാർധ്യക്യത്തിൽ എത്തുമ്പോൾ അത് ആസ്വദിച്ച് ജീവിക്കാനാവണം. ഇതെല്ലാം പാശ്ചാത്യ സംസ്കാരമല്ലേ, നമുക്കതു വേണോ എന്നൊക്കെ ചിന്തിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നമ്മുടേതെല്ലാം നല്ലത് എന്ന മൂഡസ്വർഗ്ഗത്തിൽ നിന്നും നല്ലതിനെ എല്ലാം നമ്മുടേതാക്കുക എന്ന യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരിക.