എഴുതിയത് : Asha Susan

ആഘോഷങ്ങളിൽ നിന്നും ഓടിഒളിക്കുന്നവർ

ഇന്നലെ ഒരു ഫ്രണ്ട് വിളിച്ചിട്ട് ഓണത്തിന്‍റെയന്നെങ്കിലും നിനക്കൊന്നു പുറത്തിറങ്ങി ഓണപ്രോഗ്രാമിന് വന്നൂടേന്നു ചോദിച്ചു. പനിയാണെന്നു കള്ളം പറഞ്ഞു ഞാനതിൽ നിന്ന് ഒഴിഞ്ഞു മാറി. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങാതെ എല്ലാ മലയാളിപ്രോഗ്രാമിനും എനിക്കു ഞാൻ പനി വരുത്തും. അതിന്‍റെ കാരണമെന്താച്ചാ
ഒരിക്കൽ ഒരു ഓണപരിപാടിയിൽ ഞങ്ങൾ ഫ്രണ്ട്സ് കൂട്ടം കൂടിയിരുന്നു സംസാരിക്കുന്നതിന്‍റെ ഇടയിൽ നിന്നും ഡിവോഴ്‌സ്ഡ് ആയൊരു പെൺകുട്ടി എണീറ്റ് പോയപ്പോ അവളെ നോക്കിക്കൊണ്ട് ഒരുത്തൻ പാസാക്കിയ കമന്റാണ് “അവളുടെ കെട്ട്യോൻ ഒരു ഉണ്ണാക്കനാണു, ഇവൾക്ക് അയാളെ കൊണ്ടൊന്നും ഒന്നുമാവാഞ്ഞിട്ടാണ് ഇവള് കെട്ടു പൊട്ടിച്ചത്.” ചുമ്മാ ഒരു മനസ്സുഖത്തിനു അയാൾ പറഞ്ഞ അതേ കാര്യങ്ങൾ എന്‍റെ മുഖത്ത് നോക്കി ചോദിച്ച കുടുംബക്കാരുണ്ട്, വളച്ചുകെട്ടി ഇതേ കാര്യത്തിൽ എത്തുന്ന സുഹൃത്തുക്കളുണ്ട്. നേരിട്ട് ചോദിച്ചാലും ഇല്ലേലും ആളുകൾ എന്നെ കാണുന്നത് ഇതേ കണ്ണ് കൊണ്ടാണല്ലോ എന്ന ചിന്തയാണ് ഡിവോഴ്സ് എന്ന് തീരുമാനിച്ച നാള് തൊട്ടേയെന്നെ ആൾകൂട്ടങ്ങൾക്കിടയിൽ നിന്ന് അകറ്റുന്നത്.

മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കാനായി മാത്രം മാതാപിതാക്കൾ ‘പോറ്റിവളർത്തുന്ന’, വളർച്ചയുടെ ഓരോ ഘട്ടത്തിലും മന്ത്രോച്ചാരണം പോലെ “ഒരുത്തന്‍റെ വീട്ടിലേക്ക് പറഞ്ഞുവിടാനുള്ള പെണ്ണാണ്” എന്നു കേട്ട്‌ വളർന്നു ജന്മസാഫല്യം പോലെ വിവാഹം കഴിഞ്ഞ പെണ്ണൊരുത്തി വീട്ടുകാരെയും മതത്തെയും സമൂഹത്തെയും അവരുടെ ചോദ്യങ്ങളേയും ഭീഷണിയെയും പരിഹാസങ്ങളെയും മറികടന്നു വിവാഹ മോചനത്തിനുള്ള ധൈര്യം കാണിക്കുന്നുവെങ്കിൽ അതിന്‍റെ പിന്നിലുള്ള അവൾ അനുഭവിച്ച കണ്ണീരിന്‍റെയും ഭീതിയുടെയും നെടുവീർപ്പിന്‍റെയും ഉറക്കമില്ലാത്ത രാത്രിയുടെയും അവസ്ഥകൾ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. പിന്നീടെത്ര സുന്ദരമായ ജീവിതം കയ്യെത്തിപ്പിടിച്ചാലും ഉറക്കം കളയുന്ന പേടിപ്പെടുത്തുന്ന ദുഃസ്വപ്നമായി ജീവിതാവസാനം വരേയും അത് കൂടെപോരും. പക്ഷേ ഉപദേശ കമ്മറ്റിക്കാർക്കും സമൂഹത്തിനും ഒറ്റയടിയ്ക്ക് അവൾ ശരീര സുഖം തേടി പോവുന്നവളാകുന്നു!

മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ എത്രയോ രാത്രികളിൽ ആരും കാണാതെ പുറത്തിറങ്ങി പടിക്കെട്ടിൽ കുത്തിയിരുന്ന് തേങ്ങിയിട്ടുണ്ടാവും. ഇനിയും സഹിക്കാൻ വയ്യാതെ മരണത്തിലേക്ക് പോവുന്നവരെ നോക്കി നിങ്ങൾ “അയ്യോ പാവം, ചാവാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടായിരുന്നോന്നു” പറയും. ഇനി രണ്ടും കൽപ്പിച്ചു ജീവിക്കാൻ തീരുമാനിച്ചാലോ, ഇതേ ആളുകൾ തന്നെ ലൈംഗികതയുമായി ബന്ധപ്പെടുത്തി എത്രത്തോളം പഴി ചാരാവോ അത്രയും കൊട്ടും. ഇനി കുഞ്ഞുങ്ങളുള്ള സ്ത്രീകളാണേൽ അതും കൂടി ചേർത്ത് കേൾക്കേണ്ടി വരും.

പെണ്ണൊരുത്തി പൊതുബോധങ്ങൾക്കെതിരെ നിന്നാൽ അവൾക്ക് “കഴപ്പിന്‍റെ” അസുഖമാണെന്ന് കരുതുന്ന ആണത്തബോധങ്ങളോടും അവരുടെ നിഴലിൽ നിന്ന് അതേറ്റു പാടുന്ന ചുരുക്കം ചില കുടുംബത്തിൽ പിറന്ന സ്ത്രീകളോടുമായി പറയുവാ, സ്ത്രീയുടെ എല്ലാ പ്രശ്നങ്ങളും നിങ്ങൾ വിചാരിക്കുന്നത് പോലെ അവളുടെ തുടയിടുക്കിൽ നിന്നല്ല ഉൽഭവിക്കുന്നത്. ലൈംഗികത എന്നത്‌ ഏതൊരു ജീവിക്കുമുണ്ടാവുന്ന ജൈവിക ചോദന മാത്രമാണ്. പക്ഷേ ലൈംഗികതയ്ക്കു വേണ്ടി മാത്രം ജീവിക്കുന്ന ജീവിയല്ല മനുഷ്യൻ. സമൂഹ ജീവിയായ മനുഷ്യന് ജീവിക്കാൻ സ്വാതന്ത്ര്യം, സ്നേഹം, ബഹുമാനം, പരിഗണന എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആവശ്യമാണ്‌. രതി ഒരു മനുഷ്യന്‍റെ സ്വകാര്യതയാണ്. അതു വേണമെന്ന് വെയ്ക്കാനും വേണ്ടെന്നു വെയ്ക്കാനുമുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ആ വ്യക്തിക്ക് മാത്രമാണുള്ളതും. ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യത്തിൽ അവരുടെ ശരീരത്തുള്ളിലേക്ക് നുഴഞ്ഞു കയറി അതിനെക്കുറിച്ച് ആലോചിച്ചു ആത്മരതി അടയുന്നവർ അത് പുറത്തേയ്ക്ക് ഛര്‍ദ്ദിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം.

‘പറയുന്നവർ പലതും പറയും ഇതൊന്നും കാര്യമാക്കണ്ടാന്നു’ പറഞ്ഞു പോവാൻ എളുപ്പമാണ്. ഇതൊക്കെ എത്രയാവർത്തി സ്വയം പറഞ്ഞു മനസ്സിലാക്കിയാലും ആൾക്കൂട്ടങ്ങളിൽ പെടുമ്പോഴുള്ള കൈ വിയർക്കലിനും വിറയലിനും ഒരു കുറവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സമൂഹം മുഴുവന്‍ പുരോഗമിച്ചിട്ട് ഒരു സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ സാധിക്കില്ല എന്നത് പകല്‍ പോലെ എനിക്കും വ്യക്തമാണ്. പലരോടും ഇങ്ങോട്ട് കിട്ടുന്ന അതേ ടോണില്‍ തന്നെ “വെട്ടൊന്ന് തുണ്ട് രണ്ട്” എന്ന രീതിയില്‍ മറുപടി പറഞ്ഞു ശീലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം ചോദ്യ ശരങ്ങള്‍ ഉയര്‍ന്നു വരാവുന്ന വേദികളില്‍ പോകാതിരിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ഇത് പുരോഗമനപരമായ ഒരു നീക്കമല്ല എന്നറിയാം. എന്നിലെ പൊതുബോധ നിര്‍മ്മിതികളാകാം എന്നെയിങ്ങനെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നതും. ആ പൊതുബോധ നിര്‍മ്മിതികളെ തച്ചുടയ്ക്കാന്‍ ഞാന്‍ എന്‍റെ അന്തപ്രജ്ഞയോട് തന്നെ യുദ്ധം ചെയ്യുകയാണ്. പലരുടെയും ചോദ്യങ്ങളെയും പരിഹാസങ്ങളെയും അവഗണിച്ചും മൃദുലമായ മറുപടികളിലൂടെയും മുന്നോട്ടു പോവുകയാണ്. എന്‍റെ യാത്രയില്‍ ഞാന്‍ എന്നേലും മുന്നേറ്റം നടത്തുമെന്ന് പ്രത്യാശിക്കുന്നു.

എല്ലാവര്‍ക്കും സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും നിറഞ്ഞ നല്ലൊരു ഓണം ആശംസിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.