എന്തുകൊണ്ടാണ് കുട്ടികൾ ഒളിച്ചോടി ചെറിയ പ്രായത്തിലെ വിവാഹത്തിനു ശ്രമിക്കുന്നത് ?

394

Asha Susan

പക്വതയെത്താതെ വിവാഹം കഴിക്കണമോ ?

പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ടികൾ വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചിന്തിക്കുന്ന കാര്യമാണ് “ഇതൊരു ആവേശപ്പുറത്തുള്ള ചാട്ടമായിരുന്നുവെന്നും പക്വതയെത്തുമ്പോള്‍, ജീവിതം പഠിക്കുമ്പോ മനസ്സിലാവുമെന്നും.”

പതിനെട്ടു വയസ്സിൽ ഒരു വ്യക്തി പ്രായപൂർത്തിയാവുകയും വോട്ടവകാശം മുതൽ നിയമപരമായ എല്ലാ കാര്യങ്ങൾക്കും അവകാശം കിട്ടുന്ന രാജ്യത്തു പക്വതയ്ക്കൊരു അളവുകോൽ നിശ്ചയിക്കാനൊന്നും ആർക്കുമാവില്ല. അപ്പോ പക്വതയല്ല പ്രശ്നം, പിന്നെയോ? അത്ര നേരത്തെയുള്ള വിവാഹത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നത് ഒരു ജോലി സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നതാണ്.
എന്തുകൊണ്ടാണ് കുട്ടികൾ ഒളിച്ചോടി ചെറിയ പ്രായത്തിലെ വിവാഹത്തിനു ശ്രമിക്കുന്നതെന്ന് ചിന്തിച്ചാൽ ഉത്തരം ചെന്ന് നിൽക്കുന്നത് മാതാപിതാക്കളുടെ വിവരക്കേടിന്‍റെ മുന്നിലാവും.

ഒരു പെൺകുട്ടിക്ക് പ്രണയമുണ്ടെന്നറിഞ്ഞാൽ (ആൺകുട്ടികളുടേത് അത്രയ്ക്കു പ്രശ്നമില്ല, കാരണം അവനു “നഷ്ടപ്പെടാൻ” ശരീരത്തിൽ ഒന്നുമില്ലല്ലോ) ഉടനെ ചോദ്യം ചെയ്യലായി, അടിയായി പറ്റുമെങ്കിൽ അവളുടെ അനുവാദം ചോദിക്കാതെ കെട്ടിക്കലായി. നാട്ടു നടപ്പനുസരിച്ചു ഇതൊക്കെയേ സംഭവിക്കൂ എന്നറിയാവുന്നതു കൊണ്ട് കുട്ടികളിതു മാതാപിതാക്കളിൽ നിന്നും മറച്ചു വെയ്ക്കും. പ്രണയിക്കുന്ന വ്യക്തികളുടെ മുന്നിലുള്ള ഒരേയൊരു ടാസ്ക്ക് എങ്ങനെയും ഒരുമിക്കുക എന്നതു മാത്രമാണ്, സാഹചര്യം അനുകൂലമാവുമ്പോ അവർ അതിലേക്ക് കൂടുതലൊന്നും ആലോചിക്കാതെ എടുത്തുചാടുകയും ചെയ്യുന്നു.

എന്നാൽ ഓരോരോ പ്രായത്തിലെ ഹോർമോൺ വ്യതിയാനങ്ങളില്‍ കുട്ടികളിൽ ഇങ്ങനെ ചില ആഗ്രഹങ്ങൾ ഉണ്ടാവുമെന്നും അതാരെയും പേടിക്കാതെ ആ പ്രായത്തിൽ തന്നെ ആസ്വദിക്കാനും അവരെ അനുവദിക്കുന്ന, എന്തും തുറന്നു പറയാനുള്ള സാഹര്യം ഉണ്ടാക്കിക്കൊടുക്കുന്ന വീടുകളിലേ കുട്ടികൾ ഒരു ഒളിച്ചോട്ടത്തിനും മുതിരില്ല.

പ്രണയമെന്നു കേൾക്കുമ്പോളെ ഇങ്ങനെയൊരു മോൾ നമുക്കില്ല, അവള് മയ്യത്തായി, അവളുടെ കബറടക്കം കഴിഞ്ഞെന്നും പറഞ്ഞു തള്ളിക്കളയാതെ അവളെ ഒപ്പം നിർത്തി പഠനം പൂർത്തിയായി ജോലി കിട്ടുന്നതു വരെ നിങ്ങൾ പ്രണയിച്ചോ, അതിനു ശേഷം വീട്ടുകാരായി വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിൽ അവരുടെ ഇഷ്ട്ടങ്ങൾക്ക് നടുവിൽ നമ്മളായി തടസ്സം ഉണ്ടാക്കാതിരുന്നാൽ ഇന്നീ പതിനെട്ടിലും ഇരുപത്തിലും നടന്ന ഭൂരിഭാഗം വിവാഹവും അവിടെ വരെ എത്താതെ ശുഭമായി പര്യവസാനിച്ചിട്ടുണ്ടാവും .

കൂടുതൽ ആളുകളെ പരിചയപ്പെടുമ്പോൾ, കൂടുതൽ അനുഭവങ്ങൾ ഉണ്ടാവുമ്പോ, കാഴ്ചപ്പാടുകൾക്ക് വ്യക്തത വരുമ്പോ, നിലപാടുകൾ രൂപം കൊള്ളുമ്പോ അവർക്ക് സ്വയമേ തോന്നും എടുത്ത തീരുമാനം തെറ്റോ ശരിയോ എന്നൊക്കെ. അതു തിരുത്താനുള്ള സാവകാശവും അതിനുള്ള അന്തരീക്ഷവും സൃഷ്ടിക്കാതെ സമ്പത്തിന്‍റെയും നിറത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും ദുരഭിമാനം പേറി നടക്കുന്ന, മക്കളെ തങ്ങളുടെ ഇഷ്ട്ടം നിറവേറ്റാനുള്ള വെറും കാലികളായി മാത്രം കാണുന്ന രക്ഷിതാക്കളാണ് ഇത്തരത്തിലുള്ള വിവാഹങ്ങളിലെ വില്ലൻമാര്‍.

സ്വന്തം കാലിൽ നിൽക്കാനായതിനു ശേഷം സ്വന്തം ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് മാത്രമുള്ളതാണെന്നുള്ള ഉറപ്പ് കൊടുക്കാൻ മാത്രം “പക്വത” നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്കായിട്ടില്ല, ആദ്യം അവരതു നേടട്ടെ, ബാക്കിയൊക്കെ തനിയെ നേരെയാവും.

Advertisements