ക്രിസ്തീയസഭകളിലെ സ്ത്രീവിരുദ്ധത

228

‘പുരോഗമന’ സഭയിലെ സ്ത്രീവിരുദ്ധത

ശബരിമലയിലെ യുവതി പ്രവേശന കാര്യമോ അല്ലെങ്കിൽ ഇസ്ലാമിലെ സ്ത്രീവിരുദ്ധതയോ പറയുമ്പോൾ പൊതുവേ നമ്മൾ കേൾക്കാറുള്ള ഡയലോഗാണ് “അതൊക്കെ ഞങ്ങൾ കൃസ്ത്യാനികളെ കണ്ടുപഠിക്ക്. ബൈബിളിൽ അങ്ങനെ പലതുമുണ്ടാവും പക്ഷേ ഞങ്ങൾ അച്ചായന്മാർക്ക് അതൊന്നും ബാധകമല്ല”. അല്ലേൽ ഞങ്ങൾക്കിടയിൽ സ്ത്രീവിരുദ്ധയില്ലാ എന്നൊക്കെ. പക്ഷെ സത്യത്തിൽ അവിടെയുള്ള സ്ത്രീവിരുദ്ധതയ്ക്ക് കൈയ്യും കണക്കുമില്ല.
എന്റെ ഓർമ്മയിൽ ഉള്ളത് മാത്രം പെറുക്കിക്കൂട്ടി പറഞ്ഞാൽ…

യാക്കോബായ സഭയിലാണ് ജനിച്ചതും വളർന്നതും, കൂടാതെ തലയിൽ ബൾബ് കത്തിയപ്പോൾ മതമെന്ന പൊട്ടത്തരത്തിൽ നിന്ന് പുറത്തേയ്ക്ക് പോന്നതും അവിടെനിന്നു തന്നെ.

• ആദ്യ ചടങ്ങു മാമോദീസ

1) ആൺകുട്ടിയാണേൽ നാല്പതാം ദിവസം മുക്കാം, ‘അമ്മ കൈമുത്താൻ പോവാതിരുന്നാൽ മതി (അശുദ്ധി).
ഇനി പെണ്കുഞ്ഞു ആണെങ്കില് മിനിമം അമ്പത്തിയാറു കഴിയണം. എങ്കിലും മിക്കവാറും രണ്ടോ മൂന്നോ മാസം കഴിയാതെ മുക്കില്ല. അല്ലെങ്കിൽ പിന്നെ വലിയനോമ്പു വരികയാണ്, പിന്നീട് വീണ്ടും കൊറേ നീണ്ടുപോകും, അല്ലേൽ മുക്കി വിദേശത്തേയ്ക്ക് കൊണ്ടുപോകണം എന്നൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കില് രണ്ടുമാസത്തിനുള്ളിൽ മുക്കികൊടുക്കപ്പെടും (ചിലപ്പോൾ).

2) മാമോദീസ ദിവസം പത്തു പെൺകുഞ്ഞുങ്ങളും ഒരു ആണ്കുട്ടിയുമാണെന്നിരിക്കട്ടെ മുക്കാനുള്ളത്, രാവിലെ കുർബാനയ്ക്ക് മുന്നേയാണ് ചടങ്ങെങ്കിൽ പെൺകുട്ടികളുടെ വീട്ടുകാർ കൃത്യസമയത്തു സമയത്തു ഹാജരായാലും ഈ ആൺകുട്ടി വരാതെ ചടങ്ങു നടക്കില്ല. കാരണം ഒരേ ദിവസം ആണിനേയും പെണ്ണിനേയും മുക്കാനുണ്ടേൽ മാമോദീസ തൊട്ടിയിൽ ആദ്യം ആണിനെ മുക്കണം. അതിനു ശേഷമേ പെൺകുഞ്ഞിനെ മുക്കൂ!
(നിങ്ങൾക്ക് എന്തേലും തോന്നുന്നുണ്ടോ 🙂)

3) ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള നിങ്ങളുടെ പൊന്നോമനകളെ വെള്ള ടർക്കിയിൽ പൊതിഞ്ഞു ഭക്തിപുരസം എല്ലാവരും ഏവഗേലിയോൻ മേശയ്ക്ക് മുന്നിൽ നിരന്നു നിൽക്കുമ്പോൾ, അതിൽ നിന്ന് ആൺകുട്ടികളെ മാത്രം വൈദികൻ എടുത്തു മദ്ബഹായിലേക്ക് കൊണ്ടുപോയി ത്രോണോസ് ചുറ്റിച്ചു ബലിപീഠത്തിൽ മുത്തിച്ചു തിരികെ കൊണ്ടുവന്നു തലതൊട്ടപ്പന്റെ കൈയ്യിൽ കൊടുക്കും.
തൊട്ടടുത്ത് അതെ പ്രായത്തിലുള്ള നിങ്ങളുടെ കുഞ്ഞു പെൺകുഞ്ഞാണോ, എങ്കിൽ ഈ അധിക പുണ്യം അതിന് നിഷിദ്ധം 🙂

4) ദനഹാ പെരുന്നാളിന് ശേഷമാണ് നിങ്ങളുടെ പെൺകുഞ്ഞിനെ മുക്കാൻ തീരുമാനിച്ചതെങ്കിൽ അന്നേ ദിവസമോ അതിനു മുന്നെയോ ഒരു ആൺകുട്ടിയെ മാമോദീസ തൊട്ടിയിൽ മുക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ അതിൽ മുക്കില്ല. പകരം ഒരു വലിയ ബേസിനിൽ വെള്ളം ഒഴിച്ച് അതിൽ മുക്കിതരും. കാരണം ദനഹായ്ക്ക് ശേഷം ആദ്യം ആൺകുട്ടിയെ മുക്കണം 🙂
(നമ്മുടെ കുഞ്ഞിനെ രണ്ടാം കിടക്കാരിയായി പാത്രത്തിൽ മുക്കി വാങ്ങിയിട്ടുണ്ടോ? ഭയങ്കര രസമാണ് 🙂)

• പൈതങ്ങളുടെ നേർച്ച :

1) മൂന്നുപൈതങ്ങളുടെ നേർച്ചയ്ക്ക് നിങ്ങളുടെ വീട്ടിൽ പത്തു വയസ്സിൽ താഴെയുള്ള മൂന്നു പെൺകുഞ്ഞുങ്ങൾ ഉണ്ടെന്നിരിക്കട്ടെ. പൈതങ്ങളാവാൻ അയല്പക്കത്തു നിന്ന് വേറെ ആൺകുട്ടികളെ വിളിച്ചിട്ടു വരണം. മനസ്സിലായില്ലേ? പൈതങ്ങൾ എന്നതിൽ പെൺകുഞ്ഞുങ്ങൾ ഉൾപ്പെടില്ല!.

2) സ്വന്തം വീട്ടിലെ വിഭാസമൃദ്ധമായ ചടങ്ങിൽ നിന്ന് ഇതൊന്നും അറിയാതെ ചാടികേറിയിരുന്നിട്ട് എണീറ്റ് മാറേണ്ടി വന്നിട്ടുണ്ടോ അത് അതിലും രസമാണ് 🙂

• ആര്ത്തവം

1) ആർത്തവം ആരംഭിക്കുന്നതിനു മുന്നേ ജെൻഡർ എന്ന ഒറ്റ വ്യത്യാസത്തിലാണ് ചേരിതിരിവെങ്കിൽ, ആർത്തവം ആരംഭിക്കുന്നതോടെ ഈ വിവേചനകൾ അതിന്റെ പേരിലായി. ആ ആഴ്ച പള്ളിയിൽ പോവരുത്, പോയാലും അകത്തു കയറാനോ കൈമുത്താനോ പോവരുത്, സണ്ടേക്‌ളാസ്സിൽ ഇരിക്കാം പക്ഷേ ബൈബിളിൽ തൊടരുത്, പ്രാർത്ഥനാ പായയയിൽ ഇരിക്കരുത്! കുടുംബത്തിലെ സ്ത്രീകളുടെ ഡേറ്റ് അനുസരിച്ചായിരിക്കും വീട് കൂദാശയോ, നേർച്ചയോ, കല്യാണദിവസമോ തീരുമാനിക്കുന്നത്!

• മറ്റുള്ളവ

1) പള്ളിയിലെ പൊതുയോഗങ്ങളിൽ സ്ത്രീകൾ ഇരിക്കില്ല. സെക്രട്ടറി, ട്രസ്റ്റി, ഖജാൻജി, ജോയിൻസെക്രട്ടറി തുടങ്ങി ഭാരവാഹികളായി പുരുഷന്മാർ മാത്രം.

2) വീട് കൂദാശയ്ക്ക് ‘വാഴ്ത്തിയ’ വെള്ളമുള്ള തളിക പിടിക്കാൻ സ്ത്രീയ്ക്ക് അനുവാദമില്ല.

3) പെസഹായ്ക്ക് അപ്പം ചുടുന്നതും അതിനു വേണ്ടി വീടിന്റെ മുക്കും മൂലയും തുടങ്ങി മച്ചിന്റെ മുകളിലെ പഴയ ഓട്ടുപാത്രങ്ങൾ വരെ കഴുകി വൃത്തിയാക്കി വീട് അതിനു വേണ്ടി ഒരുക്കുന്നത് സ്ത്രീകളാണെലും പെസഹാപാല് കാച്ചാൻ മാത്രം അടുക്കളയിൽ കാർന്നോരു വരണം 🙂

4) പെസഹാ അപ്പം മുറിക്കുന്നതും അത് പാലിൽ മുക്കി ഓരോരുത്തർക്ക് കൊടുക്കുന്നതും ആണുങ്ങൾ.

• കല്യാണം

1) പെണ്ണ് കാണൽ ചടങ്ങു മുതൽ കാലിക്കച്ചവടത്തെ ഓർമ്മപ്പെടുത്തും.
കാലിയെ കച്ചോടമാക്കുന്നയാൾ പുതിയ കയർ ഇട്ടു അതിനെ കൊണ്ടുപോവുന്ന പോലെ താലി കയറിട്ട്, അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടി വിരപ്പാവെന്ന (മന്ത്രകോടി) സാരി, കെട്ടുകഴിയുന്ന ഉടനെ പള്ളിയിൽ നിന്ന് (അന്ന് വീട്ടിൽ നിന്നുടുത്തു വന്ന സാരി മാറ്റിച്ചു ) ഉടുപ്പിക്കും. അതോടെ എല്ലാം ചെക്കന്റെ വീട്ടുകാരുടേതായി 🙂

ഓർത്തെടുത്താൽ ഇതുപോലെ പലതുമിനിയും പറയാനുണ്ടാവും .

സ്വന്തം പെൺകുഞ്ഞുങ്ങൾ മറ്റുള്ളവരുടെ ആണ്കുട്ടികള്ക്ക് മുന്നിൽ രണ്ടാം പൗരയായി മാറ്റിനിർത്തപ്പെടുന്നത് തിരിച്ചറിയപ്പെടാതെ പോവുന്നതിന്റെയോ, അറിഞ്ഞിട്ടും നിർവികമായി മൗനം പാലിക്കുന്നതിന്റെയും പേരാണ് മതാന്ധതയും – മതത്തിലെ പുരുഷാധിപത്യവുമെന്നത്.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പോലും ജന്മം കൊണ്ടുമാത്രം ആൺകുഞ്ഞിനു കിട്ടുന്ന ആ സ്വീകാര്യതയുടെ പേരാണ് ആൺപ്രിവിലേജ്.

ആഗ്രഹിക്കാതെ കിട്ടിയ പെൺജന്മം കൊണ്ട് കുഞ്ഞായിരിക്കുമ്പോ മുതൽ അവൾ അനുഭവിക്കുന്ന വിവേചനത്തിന്റെ പേരാണ് അസമത്വം , ലിംഗവിവേചനം.

പാരമ്പര്യ ക്രിസ്ത്യന് കുടുംബത്തിലെ അകത്തളങ്ങളിൽ ഇന്നും മുഴുങ്ങുന്നതു പുരുഷാധിപത്യത്തിന്റെ ഗർജ്ജങ്ങളാണ് .
എന്നിട്ടും സമൂഹത്തിന്റെ മുന്നിരയിലോട്ട് ഏതേലും അച്ചായത്തി പെൺകുട്ടി എത്തിയിട്ടുണ്ടെൽ അവിടെയൊന്നും ഈ കടമ്പകൾ ഇല്ലാ എന്നർത്ഥമില്ല. ഏറിയും കുറഞ്ഞും അവർ വെയ്ക്കുന്ന എല്ലാ ഹർഡിലുകളും ചാടികടന്നു പൊരുതി നേടുന്നതാണ് കൈ എത്തിപ്പിടിക്കുന്ന ഓരോ വിജയവും. അല്ലാതെ പുരോഗമന അച്ചായന്മാരുടെ ഉദാരമനസ്കതയല്ല.