ഇമോഷണൽ അറ്റാച്ച്മെന്റ് എന്ന വൈകല്യം

446

Asha Susan എഴുതുന്നു 

ഇമോഷണൽ അറ്റാച്ച്മെന്റ് എന്ന വൈകല്യം…

പറയാൻ പോവുന്നത് എന്നത്തേയും പോലെ എന്നിലൂടെയാണ്.

ഒറ്റയ്ക്കു സമ്പാദിക്കുന്നവരായാലും, സ്വാതന്ത്ര്യത്തിന്‍റെ കാറ്റു ശ്വസിക്കുന്നവരായാലും വൈകാരികമായി നമ്മൾ ഒരാളിൽ കെട്ടപ്പെട്ടു പോയാൽ ലോകത്തിലെ എല്ലാ സന്തോഷവും ആ ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കും. അവരുടെ സാമീപ്യത്തെക്കാൾ നമ്മളെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യവുമുണ്ടാവില്ല. ആകാശം ഇടിഞ്ഞു വീണാലും പുതിയതൊന്ന് എങ്ങനെ നിർമ്മിക്കാമെന്നു ചിന്തിക്കുന്നത്രയും കൂളായ നമുക്ക്, പതിവിൽ കൂടുതലായുള്ള അവരുടെ അസാന്നിധ്യം മാത്രം മതി ടെൻഷൻ അടിക്കാൻ, കണ്ണ് നിറയ്ക്കാൻ.

നമ്മുടെ ഇമോഷണൽ അറ്റാച്മെന്റിന്‍റെ ഭാഗമായി നമ്മൾ അവരോട് കാണിക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങളും അതേ അളവിലോ അതിന്‍റെ പകുതിയെങ്കിലും നമ്മൾ പ്രതീക്ഷിക്കും, അതു കിട്ടിയില്ലേൽ പരാതിയുടെ പെരുമഴ ഇടിവെട്ടി പെയ്യാൻ തുടങ്ങും. മറ്റെല്ലാ കാര്യങ്ങളും കൃത്യമായി നടക്കുമ്പോളും ജീവിതം കൈക്കുമ്പിളിൽ നിന്ന് ഊർന്നു പോവുന്നത് നമുക്ക് നോക്കി നിൽക്കേണ്ടി വരും. ആരോടും കൂട്ട് കൂടാൻ താല്പര്യമില്ലാതെ , എല്ലാ ബഹളങ്ങളിൽ നിന്നും ഓടിയൊളിച്ചു മറ്റൊരു സന്തോഷത്തിനും മുഖം കൊടുക്കാതെ നമ്മൾ ആഗ്രഹിക്കുന്ന വാതിലിലേക്ക് മാത്രം കണ്ണും നട്ടിരിക്കും .

നമ്മുടെ ഇൻസെക്യൂരിറ്റിയും, മെന്റൽ ട്രോമയും എന്നു തുടങ്ങി നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെ മാത്രം പ്രശ്നമാണെന്നും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി മറ്റൊരാളിൽ വൈകാരിക ആശ്രയത്വം തേടുന്നത് അയാളെ പ്രതിസന്ധിയിലാക്കുമെന്നു തിരിച്ചറിയാനും അത് അംഗീകരിച്ചു ആ പ്രവണത അവസാനിപ്പിക്കാനും കഴിയണമെങ്കിൽ നമ്മൾ നന്നേ ബുദ്ധിമുട്ടണം.

ആ കടമ്പ മറികടക്കാനായാൽ അന്ന് വരെ കണ്ടിരുന്ന ഒരേ ഒരു നിറം മാത്രമായിരുന്നല്ല ലോകത്തുള്ളതെന്നു തിരിച്ചറിയും, എന്തിനു വേണ്ടിയായിരുന്നു കരഞ്ഞിരുന്നെന്നാവും പിന്നീട് ചിന്തിക്കുക. അതുവരെയും നമ്മൾ കാണാതിരുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഒന്നായ ‘ നമ്മളെ ‘ കാണാനാവും. അതിന്‍റെ മുന്നിൽ അത്രയും കാലം നമ്മൾ ചുറ്റിത്തിരിഞ്ഞ ലോകം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ നിസാരമാണെന്നു മനസ്സിലാവും.

ഒരാൾക്ക് പുറത്തേയ്ക്കു പോവാനുള്ള വാതിൽ തുറന്നിട്ടിട്ട് അതിന്‍റെ മുന്നിൽ കാവൽ കിടക്കുന്നതു പോലെയാണ് അമിതമായ ഇമോഷണൽ അറ്റാച്ച്മെന്റ്. അതിൽ നിന്ന് കരകേറിയപ്പോഴാണ് മനസ്സിലാവുന്നത് അതൊരു അലങ്കാരമല്ല വൈകല്യമാണെന്ന്. സോഷ്യൽ കണ്ടീഷിനിങ്ങിന്‍റെ ഭാഗമായി ഉണ്ടാവുന്ന നമ്മുടെ മറ്റെല്ലാ പ്രശ്നങ്ങളെയും ഒറ്റയ്ക്ക് നേരിടാമെങ്കില്‍ ഇതിനും നമുക്ക് പറ്റുമെന്ന് മനസ്സിലായി.
നമ്മുടെ മാറ്റത്തിന്‍റെ ക്രെഡിറ്റ്, അതു നല്ലതായാലും മോശമായാലും നമ്മുടേത്, അതിന്‍റെ പങ്ക് ആർക്കും കൊടുക്കേണ്ടതില്ല. സുന്ദരമെന്നു നമ്മൾ കരുതിയിരുന്ന രൂപത്തിനു നേരെ ആത്മവിശ്വാസത്തിന്‍റെ കണ്ണാടി പിടിക്കുമ്പോഴാണ് തൂവലുകൾ പൊഴിച്ച്, നഖമൊടിച്ചു ചുണ്ടുരച്ചു വികൃതമായി പോയ രൂപത്തെയാണ് അലങ്കാരമായി കൊണ്ടുനടന്നതെന്നു തിരിച്ചറിയുക.
പൊഴിഞ്ഞ തൂവലൊക്കെ വീണ്ടും മുളച്ചു, കൊക്കും നഖവും ഒന്നൂടി മൂർച്ച കൂട്ടി സ്വയം തീർത്ത തടവറയിൽ നിന്നു പുറത്തേയ്ക്കിറങ്ങി ഉയരത്തിൽ പറക്കണമെങ്കിൽ വൈകാരികമായ ഒരു കെട്ടും നമ്മിൽ ഉണ്ടാവരുത്.

കബാലി സിനിമയിൽ രജനി പറയുന്നത് പോലെ –
കബാലി: എതുക്കെടാ ഇന്ത പറവയെ എല്ലാം കൂട്ടുക്കുള്ളെ വച്ചിരുക്കറുത്?
“അണ്ണാ, അതെയെല്ലാം വെളിയെ വിട്ടാ കാക്കയും പരുന്തും എല്ലാം സേര്‍ന്ത്‌ കൊന്നിടുവാങ്കെ”

കബാലി: പറവയുടെ ഗുണമേ പറക്കറത് താന്‍ ഡാ. അതെ തൊറന്തു വിട്, വാഴ്വാ സാവാ എന്ന് അതേ മുടിവ് പണ്ണട്ടും.

ഞാൻ വാഴാൻ തീരുമാനിച്ചവളാണ്, വാഴും